
എഡിജിപി എം.ആർ. അജിത് കുമാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു; എഡിജിപി പമ്പയിൽ നിന്നു സന്നിധാനത്തേക്കു ട്രാക്റ്ററിൽ യാത്ര ചെയ്തതിനെ ഹൈക്കോടതി വിമർശിച്ചു; തൃശൂർ പൂരം വിവാദത്തിൽ അജിത് കുമാറിനെതിരേ നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ടും നൽകി.
ഇതോടെ, സർക്കാരിനു പ്രിയപ്പെട്ട പൊലീസ് ഉന്നതൻ അഴിയാക്കുരുക്കിലാണ് കുടുങ്ങിയിരിക്കുന്നത്. വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടും സർക്കാർ സംരക്ഷണം ലഭിച്ച അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാനുള്ള ശ്രമങ്ങളും സജീവമായിരുന്നു. ഡിജിപി റാങ്ക് ഇല്ലാത്തവരെ പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കേണ്ടെന്ന് യുപിഎസ്‌സി നിലപാടെടുത്തതോടെയാണ് ഇതു മുടങ്ങിയത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും വിളിച്ചു വരുത്തി കോടതി പരിശോധിക്കണമെന്നാണ് അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജിന്‍റെ ഹർജിയിൽ വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം വിലയിരുത്താനും വസ്തുതാ റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കണ്ടെത്താനും കേസ് ഡയറി പരിശോധിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ശബരമലയിലേക്കു ട്രാക്റ്ററിൽ പോയതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയും തിരുവിതാംകൂർ ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. സന്നിധാനത്തേക്ക് ചരക്ക് കൊണ്ടുപോകുന്ന ട്രാക്റ്ററുകളിൽ യാത്ര പാടില്ലെന്ന് 2021ൽ തന്നെ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ഇതു ലംഘിച്ചുള്ള യാത്ര ദൗർഭാഗ്യകരമെന്നു ശബരിമല സ്പെഷ്യൽ കമ്മിഷണർ, ഫോട്ടോ സഹിതം നൽകിയ റിപ്പോർട്ട് പരിശോധിച്ച കോടതി പറഞ്ഞു.
ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പൊലീസ് ഉന്നതൻ തന്നെ നിയമം ലംഘിച്ചു. സ്വാമി അയ്യപ്പൻ റോഡ് വഴി ആരും നിയമവിരുദ്ധ യാത്ര ചെയ്യരുതെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി എഡിജിപിയോട് വിശദീകരണം തേടിയതായി സർക്കാരും അറിയിച്ചിട്ടുണ്ട്. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞയാഴ്ചയായിരുന്നു വിവാദമായ യാത്ര.
തൃശൂർ പൂരം അലങ്കോലമായിട്ടും എഡിജിപി വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്നും ഗുരുതര വീഴ്ച സംഭവിച്ചെന്നുമാണ് മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുന്‍ ഡിജിപി എസ്. ദര്‍വേഷ് സാഹിബിന്‍റെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെ നടപടി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും.
സ്ഥലത്തുണ്ടായിരുന്നിട്ടും പ്രശ്നത്തിൽ ഇടപെട്ടില്ലെന്നു ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മന്ത്രിമാര്‍ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. രാത്രി ഉറങ്ങിപ്പോയതു കൊണ്ടാണു ഫോണെടുക്കാത്തതെന്നായിരുന്നു അജിത് കുമാറിന്‍റെ മറുപടി. എഡിജിപിക്കെതിരേ റവന്യൂ മന്ത്രി കെ. രാജനും മൊഴി നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ച് വിരമിക്കുന്നതിനു തൊട്ടുമുന്‍പാണ് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് നല്‍കിയത്.