ഏതു ശങ്കരൻ? ഏതു ചങ്കരൻ?

ഹിമഗിരി​​​ വിഹാരം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയിട്ടും ഒരു പാവപ്പെട്ട ഗഡ്‌‌വാൾ​​​ കുടുംബം ആദിശങ്കരന്‍റെ പേരിൽ അജ്ഞാതരായ ഞങ്ങളോടു കാട്ടിയ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും കഥ മറക്കാനാവുന്നില്ല
adi sankaran quarantine special story
ഏതു ശങ്കരൻ? ഏതു ചങ്കരൻ?
Updated on

രാവിലെ നല്ല തണുപ്പുള്ള സമയം. ഞങ്ങൾ ഹിമാലയ ​​​യാത്ര തുടങ്ങിയിരിക്കുകയാണ്. കയറ്റങ്ങളും വളവുകളും നിറഞ്ഞ ഹിമവാന്‍റെ മടിത്തട്ടിലൂടെ കാർ നീങ്ങി. പലയിടത്തും മലയിടിഞ്ഞിട്ടുണ്ട്. മഞ്ഞു വീഴുന്നുണ്ട്.

ഒരു വളവു ​​​തിരിഞ്ഞപ്പോൾ റോഡിൽ തടസം! മലയുടെ മുകളിൽനിന്നു കല്ലുകൾ വീണുകിടക്കുന്നു! അവ മാറ്റാതെ യാത്ര തുടരാനാവില്ല. അതിനു സമയമെടുക്കും. എല്ലാവർക്കും നല്ല വിശപ്പും ദാഹവുമുണ്ട്. എന്തു​​​ ചെയ്യും?

കാറിന്‍റെ ഡ്രൈവർ അടുത്ത വളവു​​​ വരെ നടന്നിട്ട് തിരികെ​​​ വന്നു. ഒരു വീടും കടയും സമീപത്തുണ്ടെന്ന് അയാൾ പറഞ്ഞു. പക്ഷെ, വീടിനോടു​​​ ചേർന്നുള്ളത് ചെറിയ സ്റ്റേഷനറിക്കടയാണ്. ചായപ്പീടികയല്ല. വിശപ്പും ദാഹവും മാറ്റാൻ ഒരു മാർഗവുമില്ല.

എങ്കിലും ഒന്നു​​​ ശ്രമിക്കാമെന്നു കരുതി ഞങ്ങൾ കല്ലുകൾക്കിടയിലൂടെ നടന്നു വളവുതിരിഞ്ഞ് റോഡരികിലുള്ള കടയിലെത്തി. ഗഡ്‌‌വാൾ പ്രദേശത്തെ ഒരു സാധാരണ വീട്. അതിന്‍റെ മുമ്പിലത്തെ ഒരു ഭാഗം കടയാക്കി മാറ്റിയിരിക്കുകയാണ്.

ചെറുപ്പക്കാരനായ ഗൃഹനാഥനും ഭാര്യയും കടയിലുണ്ട്. തൊട്ടുത്ത മുറിയിൽ രണ്ടു കുട്ടികൾ പുസ്തകം വായിക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ വീട്ടുകാരനും ഭാര്യയും പുറത്തേക്കിറങ്ങിവന്നു. നല്ല അഴകും ആരോഗ്യവും ചൈതന്യവുള്ള മനുഷ്യർ. അവർ പുഞ്ചിരിയോടെ ഡ്രൈവറോട് കാര്യമന്വേഷിച്ചു.

തങ്ങൾ ഹോട്ടൽ നടത്തുന്നില്ലെന്നും വേണമെങ്കിൽ ചൂടുവെള്ളം തയാറാക്കി തരാമെന്നും ഗൃഹനാഥൻ ഭവ്യതയോടെ പറഞ്ഞു. ചൂടുവെള്ളമായാലും കിട്ടിയാൽ മതിയെന്നായി ഞങ്ങൾ.

അതിനിടയിലാണ് വീടിന്‍റെ ഭിത്തിയിലെ ഒരു പടം ഞങ്ങൾ ശ്രദ്ധിച്ചത്. മറ്റാരുടേതുമല്ല, ആദിശങ്കരന്‍റെ ചിത്രമാണത്!

ഞങ്ങളിലൊരാൾക്ക് പെട്ടെന്നൊരു ബുദ്ധി തോന്നി. അയാൾ പറഞ്ഞു: "നോക്കൂ! ഞങ്ങൾ ഈ ശങ്കരാചാര്യരുടെ നാട്ടിൽ നിന്ന് ഹിമാലയം കാണാൻ ഇറങ്ങിത്തിരിച്ചവരാണ്!'

ഇതു കേട്ടമാത്രയിൽ ഗൃഹനാഥൻ ഒന്നു ഞെട്ടി. അദ്ദേഹം ഞങ്ങളെ തെല്ലുനേരം നോക്കിനിന്നു. എന്നിട്ട്, ചോദിച്ചു: "ഭഗവദ്പാദരുടെ കാര്യമാണോ നിങ്ങൾ പറയുന്നത്?'

ഞങ്ങൾ തലകുലുക്കി.

പിന്നെയുണ്ടായ പുകിലൊന്നും പറയേണ്ട!

കുടുംബനാഥനും ഭാര്യയും ഒട്ടും ​​​മടിക്കാതെ ഞങ്ങളെ വീട്ടിനകത്തേക്കു ക്ഷണിച്ചു.

നാലു​​​ മണിക്കൂറുകൾക്കു ശേഷമാണ് റോഡിലെ തടസം നീങ്ങിയത്. അത്രയും​​​ സമയം അവർ ഞങ്ങളെ പരിചരിച്ചു. ഭക്ഷണം മാത്രമല്ല, വിശ്രമിക്കാൻ ഇടവും കുടിക്കാൻ ചൂടുവെള്ളവും തന്നു. തണുപ്പിൽ മരവിച്ചു ​​​പോയ കാലുകളിൽ പുരട്ടാൻ പച്ചമരുന്നുകൾ കൊണ്ടുവന്നു.

ഇതിനൊന്നും ഒരു ചില്ലിക്കാശു​​​ പോലും പ്രതിഫലം വാങ്ങിയുമില്ല!

അവരുടെ സ്നേഹത്തിനു പകരം എന്തു നൽകണമെന്നറിയാതെ ഞങ്ങൾ അന്തിച്ചുനിന്നു.

യുഗങ്ങൾക്കു മുമ്പ് കാലടിയിൽ നിന്നു പുറപ്പെട്ട്, പർവതവഴികൾ കടന്നുപോയി ഭാരത​​​ സംസ്കാരത്തെ ഏകീകരിച്ച ഒരു മഹാമനുഷ്യന്‍റെ അദൃശ്യ​​​ സാന്നിധ്യം ആ ഗൃഹാങ്കണത്തിലും അനുഭവിച്ച് ഞങ്ങൾ അഭിമാനപുളകിതരായി.

അവർക്ക് കാലടിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ഏറെ വിവരങ്ങൾ പകർന്നു കൊടുത്ത ​​​ശേഷമാണ് എല്ലാവരും മടങ്ങിയത്.

കാലത്തിന്‍റെ കാലടിപ്പാടുകൾ

ഹിമഗിരി​​​ വിഹാരം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയിട്ടും ഒരു പാവപ്പെട്ട ഗഡ്‌‌വാൾ​​​ കുടുംബം ആദിശങ്കരന്‍റെ പേരിൽ അജ്ഞാതരായ ഞങ്ങളോടു കാട്ടിയ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും കഥ മറക്കാനാവുന്നില്ല.

ഒരിടത്തു ​​​മാത്രമല്ല, പത്തിരുപതു ​​​ദിവസത്തെ യാത്രയ്ക്കിടയിൽ പല സ്ഥലങ്ങളിലും ശങ്കരന്‍റെ കാലടിപ്പാടുകൾ ഞങ്ങൾ കണ്ടു. ശങ്കരകൃതികളുടെ ആലാപനം കേട്ടു. ഹരിദ്വാറിൽ, ഋഷികേശിൽ, ഡെറാഡൂണിൽ, ഉത്തര​​​ കാശിയിൽ, ഗുപ്തകാശിയിൽ, ജോഷിമഠിൽ, കേദാർനാഥിൽ, ബദരിനാഥിൽ - എവിടെയും അദ്ദേഹത്തിന്‍റെ പ്രതിമകളും ചിത്രങ്ങളും ഞങ്ങൾക്ക് അഭിമാനം പകർന്നു. സാധാരണക്കാരുടെ ചെറുവീടുകളിലും വിദൂരവും ഏകാന്തവുമായ ഗ്രാമക്ഷേത്രങ്ങളിലും ആ ദിവ്യസാന്നിധ്യം ഞങ്ങളറിഞ്ഞു.

കേദാർനാഥ ​​​ക്ഷേത്രത്തിനു പിന്നിലെ ആദിശങ്കരന്‍റെ സമാധി​​​ സ്ഥാനത്തെ പുതിയ ശങ്കരപീഠം ഒരു കൂട്ടം മലയാളികളുടെ ശ്രമഫലമായിരുന്നു എന്നതും ഓർമയിൽ തെളിഞ്ഞു. ബദരിയിലെ മുഖ്യപുരോഹിതനായ റാവൽജിയുടെ വസതിയുടെ മുമ്പിലെ ശങ്കരാചാര്യരുടെ പ്രതിഷ്ഠയുടെ മുമ്പിൽ ഞങ്ങൾ പ്രണാമമർപ്പിച്ചപ്പോൾ ശങ്കരനു​​​ ശേഷം എത്രയോ മലയാളി സന്ന്യാസിവര്യന്മാർ ഇതുവഴി കടന്നുപോയന്നും ഞങ്ങൾ ഓർമിച്ചു. തപോവന​​​ സ്വാമികൾ, ശിവപ്രഭാകര ​​​സിദ്ധയോഗി, പറക്കും ​​​സ്വാമി എന്ന വിഷണുദേവാനന്ദ, സ്വാമി ചിന്മയാനന്ദൻ, സ്വാമി പുരുഷോത്തമാനന്ദ, ശ്രീ എം തുടങ്ങിയവർ അവരിൽ ചിലർമാത്രം!

ഏതു ചങ്കരൻ?

എന്നാൽ ആദിങ്കന്‍റെ ജന്മനാടായ കേരളത്തിലെ സ്ഥിതിയോ? അതു പറയാതിരിക്കുകയാണ് ഭേദം.

കാലടിയിൽ ശങ്കരന് ഒരു കാര്യവുമില്ല. "ഏതു ചങ്കരൻ?' എന്ന മറുചോദ്യമാവും അവിടെനിന്നു ലഭിക്കുക. കാലടിയിൽ നിർമിച്ചിരിക്കുന്ന ശങ്കര ​​​സ്മാരകങ്ങൾ പലതും മലയാളികളുടെ സംഭാവനയല്ല ​​​താനും. അതൊക്കെ അന്യനാടുകളിലെ ശങ്കര ​​​മഠങ്ങളുടെ പ്രയത്നവും ധനവുമാണ്.

ശങ്കരന്‍റെ സർവകലാശാ​ല നമ്മൾക്ക് കാലടി യൂണിവേഴ്സിറ്റി മാത്രം!

അതിന്‍റെ മുമ്പിൽ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കാൻ നമ്മൾ എന്തുമാത്രം പ്രയാസപ്പെട്ടു! ആ പ്രതിമയുടെ കൈയിൽ കഴിഞ്ഞ​​​ ദിവസം കണ്ടത് ഒരു നവോത്ഥാന വിപ്ലവ​​​ വിദ്യാർഥി സംഘടനയുടെ കൊടിയാണ്!

ശങ്കരനെ വിറ്റുതിന്നു കഴിഞ്ഞുകൂടുന്ന കാലടി യൂണിവേഴ്സിറ്റിയിലെ ബുദ്ധിജീവികളുടെ കാര്യം പറയേണ്ടതുമില്ല.

നെടുമ്പാശേ​രി വിമാനത്താവളത്തിന്‍റെ ഒരു കവാടത്തിനു ​​​പോലും ആചാര്യന്‍റെ പേരു ​​​നൽകിയിട്ടില്ലെന്നത് ഈ നാട്ടിലെ നവോത്ഥാന പ്രക്രിയയുടെ ശക്തിയും ഗൗരവവും വർധിപ്പിക്കുന്നു.

ഗംഗോത്രിയിലെ മലയാളം!

ഇന്ത്യാ- ചൈനാ അതിർത്തിയിലുള്ള ഗംഗോത്രിയിലെ ക്ഷേത്രമുറ്റത്ത് ഉയർന്നുകേട്ട മലയാളത്തിലുള്ള അറിയിപ്പുകൾ ഏതൊരു മലയാളിക്കും അഭിമാനം പകരുമെന്നതിൽ സംശയമില്ല. കന്യാകുമാരിയിൽ നിന്നുള്ള മലയാളികളും തമിഴരും അവിടെ പായസം വിതരണം ചെയ്തപ്പോൾ മലയാളത്തിലും തമിഴിലും ഗംഗാസ്തുതി ചൊല്ലിയതും കേൾക്കാനായി.

ഭാരതത്തിന്‍റെ ഏറ്റവും വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ബദരീനാഥ​​​ ക്ഷേത്രത്തിലെ മുഖ്യ ​​​പൂജാരി ഏറ്റവും തെക്കേയറ്റത്തുള്ള കേരളത്തിലെ നമ്പൂതിരി കുടുംബത്തിൽപ്പെട്ട ആളാകണമെന്ന് ശങ്കരാചാര്യർ നിശ്ചയിച്ചതിന്‍റെ ഔചിത്യവും പ്രാധാന്യവും ​​​കൂടി ഇതോടൊപ്പം ഓർമിക്കുമ്പോൾ ഹിമാലയം മുതൽ കന്യാകുമാരി വരെ യുഗയുഗങ്ങളായി അലയടിക്കുന്ന ഒരു ചൈതന്യവിശേഷമാണു ഭാരതമെന്ന് ഒരിക്കൽക്കൂടി ബോധ്യമായി.

(Box)

പുതിയ കാലം, നമ്മളറിയാത്ത പുലർകാലം!

ശങ്കരാചാര്യരെക്കുറിച്ചു മാത്രമല്ല, ഉത്തരേന്ത്യയെപ്പറ്റിയുള്ള ശരാശരി മലയാളിയുടെ പല മുൻവിധികളും മാറേണ്ടതുണ്ടെന്നാണ് ഞങ്ങളുടെ ഹിമാലയയാത്ര തെളിയിക്കുന്നത്.

ചില വസ്തുതകൾ പറയട്ടെ:

1. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും റോഡുകളുടെയും വലിയ പാലങ്ങളുടെയും പണികൾ യുദ്ധവേഗത്തിൽ നടക്കുകയാണ്. വഴിയും വെളിച്ചവും ഉറപ്പാക്കാൻ എല്ലായിടത്തും ഉദ്യോഗസ്ഥരുണ്ട്. ചെറിയ റോഡുകളിൽപ്പോലും മുന്നറിയിപ്പുകളും ദിശാബോർഡുകളും കാണാം.

മണ്ണിടിച്ചിൽ തടയാൻ കരിമ്പാറക്കെട്ടുകൾ പൊതിഞ്ഞ് ഉരുക്കു​​​ വലകളും ജലനിർഗമനമാർഗങ്ങളും സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുകയാണ്. കേരളത്തിലെ ഉരുൾപൊട്ടൽ മേഖലകളിൽ ഈ രീതി നടപ്പിക്കാവുന്നതേയുള്ളൂ. ചെറിയ കൃഷിയിടങ്ങളുടെ ചെരിവുകളിലെ കല്ലുകൾക്കിടയിൽ നൂറുകണക്കിന് പിവിസി പൈപ്പുകൾ സ്ഥാപിച്ച് ഉറവകൾ തിരിച്ചുവിടുന്നതും ശ്രദ്ധേയമാണ്. ഇതിന് നാട്ടുകാരുടെ സഹകരണവും ഉണ്ട്. ഇത്തരത്തിൽ ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതിസംരക്ഷണ പദ്ധതികൾ കേരളത്തിൽ ഇനിയും നടപ്പാക്കിയിട്ടില്ലെന്നത് മറ്റൊരു കാര്യം.

2. അലഞ്ഞു​​​ തിരിയുന്ന സം​ന്യാസിമാരെ പണ്ടെത്തേതു ​​​പോല ഒരിടത്തും കാണാനില്ല. യാചകരും കുറവ്. സാധാരണക്കാർക്കായി ചുരുങ്ങിയ ചെലവിലുള്ള സത്രങ്ങൾ ധാരാളമുണ്ട്.

3. തീർഥാടകരുടെ കൈയിൽ​​​ നിന്ന് പല കാരണങ്ങൾ പറഞ്ഞു പണം പിടിച്ചുവാങ്ങുന്ന ആർത്തിക്കാരായ പണ്ഡകളുടെ എണ്ണവും കുറഞ്ഞു. നിങ്ങൾ പ്രസാദം വാങ്ങുമ്പോൾ വെറും പത്തു​​​ രൂപ ദക്ഷിണ കൊടുത്താലും അവർ സ്വീകരിക്കും.

4. നല്ല പച്ചക്കറികളും അരിയും ഗ്രാമച്ചന്തകളിൽപ്പോലും സുലഭം. വിലയും കുറവ്.

5. ഏതു ഹോട്ടലിലും വിഷമരുന്നു ചേർക്കാത്ത സസ്യവിഭവങ്ങൾ യഥേഷ്ടം കിട്ടുന്നു. കേരളത്തിലേതു ​​​പോലെ പച്ചക്കറി ​​​വിഭവങ്ങൾ തേടി അലയേണ്ടിവന്നില്ല. പച്ചക്കറികളും ഇലക്കറികളും കഴിയുന്ന വലിയൊരു സമൂഹം അവിടെ ആരോഗ്യത്തോടെ വർത്തിക്കുന്നു.

6. സർക്കാർ ​​​വക മദ്യശാലകൾ കണ്ടതേയില്ല എന്നത് മലയാളിയെന്ന നിലയിൽ ഒരു കുറവായി അനുഭവപ്പെട്ടു. ചിക്കൻ - ബീഫ് - കുഴിമന്തികളും "നിർഭാഗ്യവശാൽ' ഇല്ലായിരുന്നു.

7. പെട്രോൾ - ഡീസൽ വിലകളിലുള്ള കുറവാണ് മറ്റൊരു കാര്യം. ദുർഗമമായ ഹിമാലയ​​​ പാതകളിലെ പെട്രോൾ പമ്പുകളിൽ ഒരു ലിറ്റർ ഡീസലിന് 87 രൂപ 57 പൈസയും പെട്രോളിന് 92 രൂപ 72 പൈസയും.

8. മനുഷ്യരുടെ പൊതു മനോഭാവവും ശ്രദ്ധേയമാണ്. പണത്തിന് ആഗ്രഹമുള്ളവരാണെങ്കിലും ആന്തരികമായ നന്മ പലരും പുലർത്തുന്നു. ഇരുപതിനായിരത്തിലധികം രൂപയുണ്ടായിരുന്ന ഒരു പഴ്സ് യമുനോത്രിയിലേക്കുള്ള യാത്രയ്ക്കിടെ തിരക്കിൽ നഷ്ടപ്പെട്ടത് ഒരു ഗ്രാമീണ​​​ ബാലനാണ് ഉടമസ്ഥയായ സ്ത്രീക്ക് കണ്ടെടുത്തു നൽകിയത്.

9. ലോകപ്രശസ്തമായ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളുടെ ലളിതവും സൗമ്യവുമായ രൂപം ഭൂപ്രകൃതിക്ക് യോജിച്ചതത്രെ. ശതകോടികൾ ചെലവഴിച്ച് കേരളത്തിൽ നിർമിച്ചുകൂട്ടുന്ന പഞ്ചനക്ഷത്ര ദേവാലയങ്ങൾ കണ്ടുവളരുന്ന ഒരു മലയാളിക്ക് ഈ ക്ഷേത്രങ്ങൾ അദ്ഭു​തം പകർന്നേക്കാം. ജനകോടികളുടെ ആശ്രയ​​​ സ്ഥാനങ്ങളായ ഈ ക്ഷേത്രങ്ങൾക്ക് നമ്മുടെ ഒരിടത്തരം അമ്പലത്തിന്‍റെ വലിപ്പമുണ്ടോയെന്ന് സംശയമാണ്.

10. മഹാക്ഷേത്രങ്ങളിലേക്കുള്ള വഴികളിൽ പൊലീസിന്‍റെ ബഹളങ്ങളാ ആക്രോശങ്ങളോ കേൾക്കാനില്ലായിരുന്നു. തീർഥാടകരെ ബുദ്ധിമുട്ടിലാക്കുന്ന അനാവശ്യ നിയന്ത്രണങ്ങളും കണ്ടില്ല. ഈ ക്ഷേത്രങ്ങളിലെ ശുചീകരണ സൗകര്യങ്ങളും മികച്ചവയാണ്. എല്ലാവരും സമർപ്പണബുദ്ധിയോടെ ജോലി ചെയ്യുന്നു. യാത്രക്കാരുമായി മല​​​ കയറിപ്പോകുന്ന നൂറുകണക്കിനു കുതിരകളുടെ ചാണകം​​​ പോലും ഉടൻ അടിച്ചുനീക്കി വഴികൾ വൃത്തിയിക്കുന്നു. ഈ ക്ഷേത്രങ്ങളുടെയത്രയും പ്രാധാന്യമില്ലാത്ത ശബരിമലയിലെ ക്രമീകരണങ്ങൾ​​​ പോലും ഭംഗിയായി നടപ്പാക്കാൻ നമുക്ക് സാധിക്കുന്നില്ല എന്നു​​​ കൂടി ഓർക്കണം.

(ലേ​ഖ​ക​ന്‍റെ ഫോ​ൺ: 9447809631)

Trending

No stories found.

Latest News

No stories found.