## അഡ്വ. ചാര്‍ളി പോള്‍
ദബോറ സ്മിത്ത് പെഗ്യൂസ് എന്ന എഴുത്തുകാരി നാവിന്‍റെ പ്രയോഗങ്ങളെ മുപ്പതായി തരം തിരിച്ചിട്ടുണ്ട്.
1. നുണ പറയുന്ന നാവ്, 2. പൊങ്ങച്ചം പറയുന്ന നാവ്, 3. കൗശലം പ്രയോഗിക്കുന്ന നാവ്, 4. അക്ഷമമായ നാവ്, 5. ഭിന്നിപ്പിക്കുന്ന നാവ്, 6. തര്‍ക്കിക്കുന്ന നാവ്, 7. സ്വയം പുകഴ്ത്തുന്ന നാവ്, 8. അപകര്‍ഷത പ്രകാശിപ്പിക്കുന്ന നാവ്, 9. ദൂഷണം പറയുന്ന നാവ്, 10. ഊഹാപോഹം പറയുന്ന നാവ്, 11. ഇടയ്ക്ക് കയറി പറയുന്ന നാവ്, 12. ഒറ്റിക്കൊടു ക്കുന്ന നാവ്, 13. മറ്റുള്ളവരെ കൊച്ചാക്കുന്ന നാവ്, 14. നിന്ദിക്കുന്ന നാവ്, 15. എല്ലാം അറിയുന്നതായി ഭാവിക്കുന്ന നാവ്, 16. പരുഷമായ നാവ്, 17. നയം ഇല്ലാത്ത നാവ്, 18. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന നാവ്, 19. പ്രാകൃത നാവ്, 20. എന്തിനും വിധി പ്രസ്താവിക്കുന്ന നാവ്, 21. സ്വാർഥതയില്‍ മുഴുകിയ നാവ്, 22 ശപിക്കുന്ന നാവ്, 23 പ്രതികാരത്തിന് വെമ്പുന്ന നാവ്, 24. കുറ്റപ്പെടുത്തുന്ന നാവ്, 25. നിരുത്സാഹപ്പെടുത്തുന്ന നാവ്, 26. എന്തും സംശയിക്കുന്ന നാവ്, 27. വായാടിയായ നാവ്, 28. വിവേകശൂന്യമായ നാവ്, 29. പരാതിമാത്രം പറയുന്ന നാവ്, 30. നിശബ്ദമായ നാവ്.
കണ്ണൂര്‍ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റായ നവീന്‍ ബാബുവിന്‍റെ മരണത്തോടെ 30 നാവിനോടൊപ്പം 31ാമതായി കാലന്‍ നാവ് (കൊല്ലുന്ന നാവ്) എന്ന് കൂടി ചേര്‍ക്കേണ്ടിവരുന്നു.
വളര്‍ത്താനും തളര്‍ത്താനും മാത്രമല്ല കൊല്ലാനും നാവിന് കഴിയും. എഡിഎമ്മിന്‍റെ യാത്രയയപ്പു യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യ നടത്തിയ പരസ്യ വിമര്‍ശനവും കുത്തുവാക്കുകളും അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചു. ക്ഷണിതാവല്ലാതിരുന്നിട്ടും പി.പി. ദിവ്യ കരുതിക്കൂട്ടി ചടങ്ങിനെത്തുകയും മനസില്‍ സ്വരുക്കൂട്ടിവച്ച കഠിന വാക്കുകള്‍ ഒരു മനശ്ചാഞ്ചല്യമവുമില്ലാതെ ഉരുക്കഴിക്കുകയുമാണുണ്ടായത്. ഭീഷണി സ്ഫുരിക്കുന്ന വാക്കുകളോടെ പ്രസംഗം ഉപസംഹരിച്ചശേഷം ധാര്‍ഷ്ട്യത്തോടെ എഡിഎമ്മിനെ സംശയമുനയിലാക്കി ഇറങ്ങിപ്പോവുകയും ചെയ്തു.
തനിക്കെതിരായ കുത്സിതഭാഷണം കേട്ടുകൊണ്ട് വേദിയിലിരിക്കാന്‍ നിര്‍ബന്ധിതനായി മനസിനാകെ മുറിവേറ്റ നവീന്‍ ബാബുവിനെ തൊട്ടടുത്ത ദിവസം രാവിലെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. സര്‍വീസിന്‍റെ അവസാന നാളുകള്‍ കുടുംബത്തോടൊപ്പം കഴിയാന്‍ സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്ക് ചേദിച്ചുവാങ്ങിയ സ്ഥലം മാറ്റമായിട്ടും നാടണയേണ്ട രാത്രിയില്‍ ജീവനൊടുക്കിയ നവീന്‍ ബാബു മലയാളക്കരയുടെയാകെ ഉള്ളുരുക്കമായിത്തീരുന്നു.
കാലന്‍റെ കടന്നുവരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നാവിലൂടെയായിരുന്നു. സ്ഥലംമാറി പോകുന്ന ഉദ്യോഗസ്ഥനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചടങ്ങിനെയാണ് പ്രസിഡന്‍റ് പദവിയില്‍ ഇരിക്കുന്നൊരു വ്യക്തി അനുചിത പ്രവൃത്തിയിലൂടെ കളങ്കിതമാക്കിയത്. സാധാരണ യാത്രയയപ്പ് ചടങ്ങില്‍ വ്യക്തിയുടെ ഗുണങ്ങളെയും ചെയ്തിട്ടുള്ള നന്മകളെയുമാണ് എടുത്തുപറയുക. ഒരിക്കലും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ശൈലി സ്വീകരിക്കാറില്ല. ഉദ്യോഗസ്ഥന്‍റെ പ്രവൃത്തിയെപ്പറ്റി പരാതിയോ അഭിപ്രായവ്യത്യാസമോ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ട വേദിയല്ല അത്. അഴിമതിയോ കെടുകാര്യസ്ഥതയോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമാനുസൃതമായി നടപടി സ്വീകരിക്കാനാകും. അതിന് വ്യവസ്ഥാപിത മാര്‍ഗങ്ങളുമുണ്ട്. അതു ചെയ്യാതെ യാത്രയയപ്പ് ചടങ്ങില്‍ ചെന്ന് പരസ്യ വിചാരണ ചെയ്തത് നീതീകരിക്കാനാകില്ല. ജനപ്രതിനിധികള്‍ അവര്‍ വഹിക്കുന്ന സ്ഥാനത്തിന്‍റെ വലുപ്പവും അതില്‍ ആവശ്യം വേണ്ട പക്വതയും വിസ്മരിക്കരുത്. പൊതുസമൂഹത്തിലെ ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമൊക്കെ പക്വത കാണിക്കേണ്ടവരാണ് ജനപ്രതിനിധികള്‍.
വിമര്‍ശനത്തിന്‍റെ ഭാഷ ജനപ്രതിനിധികള്‍ക്ക് ഉപയോഗിക്കേണ്ടി വരാറുണ്ട്. അത് നന്മയുണ്ടാകണം എന്ന ഉത്കൃഷ്ട ദാഹത്തോടെയാകണം. എന്നാല്‍, "കൊല്ലണം, കൊന്നുതിന്നണം' എന്ന മനോഭാവത്തോടെ കരുതിക്കൂട്ടി വിമര്‍ശിക്കുന്നവര്‍ ദുഷ്ടലാക്കുള്ളവരും സമനില തെറ്റിയവരും മറ്റുള്ളവരുടെ തകര്‍ച്ചയില്‍ ആനന്ദം കണ്ടെത്തുന്ന മനോവൈകല്യത്തിന് ഉടമകളുമാണ്. ഒരുതരം പ്രതികാരദാഹികള്‍. ഇവിടെ ക്ഷണിക്കാതെ വന്ന് നെഞ്ച് തകര്‍ക്കുന്ന കുത്തുവാക്കുകള്‍ പറഞ്ഞ് അവയെല്ലാം വിഡിയോഗ്രാഫറെ ഉപയോഗിച്ച് പകര്‍ത്തി മാലോകരെ മുഴുവന്‍ അറിയിച്ച് വ്യര്‍ഥാഹങ്കാരത്തോടെ വ്യാപരിച്ച ജനപ്രതിനിധിയെയാണ് കാണാന്‍ കഴിയുന്നത്. ഒരു ജനപ്രതിനിധിയില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന ഭാഷയോ പെരുമാറ്റമോ അല്ലിത്. അമാന്യമായ ഭാഷ ഹിംസയും ജനാധിപത്യവിരുദ്ധവുമാണ്.
നാവില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് മൂല്യമുണ്ടാകണം. അധികാരഭാഷയില്‍ അഹങ്കാരം, അഹന്ത, അപഹാസം, നിന്ദ, പുച്ഛം, അശ്ലീലം, വിടുവായത്തം, ദ്വയാർഥപ്രയോഗം, ഭീഷണി, ആഭാസത്തരം, തെറി എന്നിവ നിഴലിക്കരുത്. ഫലം നിറയും തോറും വൃക്ഷത്തിന്‍റെ കൊമ്പുകള്‍ താഴ്ന്നുവരുന്നതു പോലെ ഉന്നതിയിലെത്തുമ്പോള്‍ കൂടുതല്‍ വിനയാന്വിതരാകുക. ജനപ്രതിനിധി മാന്യവും ഹിതകരവും കുലീനവുമായ ഭാഷ പ്രയോഗിക്കണം. മര്യാദയും ആദരവുമില്ലാത്ത സ്‌നേഹരഹിതമായ ഭാഷ വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്.
സംസ്‌കാരം എന്ന വാക്കിന് "അപരനെക്കുറിച്ചുള്ള കരുതല്‍' എന്നാണ് അർഥം. പൊതുവേദികളില്‍ പറയുന്ന ഓരോ വാക്കിലും സംസ്‌കാരത്തിന്‍റെ കയ്യൊപ്പുണ്ടാകണം. വാക്കിലെ വിഷമുന കൊണ്ട് ഇനിയാരും മരിക്കാന്‍ ഇടവരാതിരിക്കട്ടെ. ജനപ്രതിനിധികള്‍ക്കിത് പാഠമാകട്ടെ. വാവിട്ട വാക്കുകളും കൈവിട്ട കല്ലും തിരിച്ചെടുക്കാനാവില്ലെന്ന പ്രപഞ്ചസത്യം ഉള്‍ക്കൊണ്ട് ആലോചിച്ചും സൂക്ഷിച്ചും കരുതലോടെയും വാക്കുകള്‍ ഉപയോഗിക്കുന്നവരാകുക. ഡോ. എം.എന്‍. കാരാശേരി പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കുന്നു; "ഒരാള്‍ എന്നത് അയാളുടെ ഭാഷയാകുന്നു.'
(ട്രെയ്നറും മെന്‍ററുമാണ് ലേഖകൻ. ഫോൺ: 9847034600)