
ആഗ്ര: ജീവൻ പോയാലും വേണ്ടില്ല സാമൂഹിക മാധ്യമങ്ങളിൽ വൈറലായാൽ മതിയെന്ന ആഗ്രഹവുമായി നടക്കുന്നവർ ധാരാളം. ഇത്തരത്തിൽ ഇൻസ്റ്റാഗ്രാം റീലിനു വേണ്ടി റെയ്ൽവെ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ വണ്ടിയോടിച്ചയാൾ ഇപ്പോൾ ജയിലിലായിട്ടുണ്ട്. ഉത്തർ പ്രദേശിലെ ആഗ്ര റെയ്ൽവേ സ്റ്റേഷനിലാണു സംഭവം.
ആഗ്ര ജഗദീഷ്പുര നിവാസിയായ സുനിൽകുമാറാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ എംജി ഹെക്‌ടർ ഓടിക്കുന്നതും തിരിക്കുന്നതുമൊക്കെ വീഡിയോയിൽ വ്യക്തമായി കാണാം. പ്ലാറ്റ് ഫോമിൽ ഇരിക്കുന്നയാളുകൾ അത്ഭുതത്തോടെ നോക്കുന്നുമുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ മാത്രമാണ് അധികൃതർ വിവരമറിഞ്ഞത്. തുടർന്നു നടപടികൾ സ്വീകരിക്കുകയായിരുന്നു.
എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ഈ വണ്ടി എങ്ങനെ പ്ലാറ്റ് ഫോമിൽ എത്തിച്ചുവെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. സുരക്ഷാ ജീവനക്കാർക്കെതിരെയും നടപടിയുണ്ടാവുമെന്നു റെയ്ൽവേ അധികൃതർ വ്യക്തമാക്കി.