
ജലം-മണ്ണ് പരിപാലനത്തിലൂടെ കാര്‍ഷിക സമൃദ്ധി
ശിവരാജ് സിങ് ചൗഹാന്‍
കേന്ദ്ര കൃഷി മന്ത്രി
ജലം ജീവനാണ്, മണ്ണാകട്ടെ നമ്മുടെ നിലനില്‍പ്പും അടിത്തറയുമാണ്. വെള്ളവും മണ്ണും ഇല്ലാതെ, ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. പരിസ്ഥിതി പ്രതിസന്ധികള്‍ കൂടുതല്‍ വഷളാകുന്ന സമയമാണിത്. അതിനാല്‍, ഭാവിതലമുറകള്‍ക്കായി വെള്ളവും മണ്ണും സംരക്ഷിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമായി മാറുകയാണ്. നമ്മുടെ വയലുകള്‍ ഹരിതാഭമാകുകയും നമ്മുടെ കര്‍ഷകര്‍ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോഴേ, വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകൂ. കാരണം, ആ സ്വപ്നത്തിലേക്കുള്ള പാത നമ്മുടെ ഗ്രാമങ്ങളിലൂടെയും ഫലഭൂയിഷ്ഠമായ മണ്ണിലൂടെയും സമൃദ്ധമായ വിളകളിലൂടെയുമാണ് കടന്നുപോകുന്നത്.
ഇന്നു പല സ്ഥലങ്ങളിലും, ഭൂഗര്‍ഭജലനിരപ്പ് 1000 മുതല്‍ 1500 അടി വരെ കുറഞ്ഞു. നമ്മുടെ ഫലഭൂയിഷ്ഠമായ മണ്ണു തുടര്‍ച്ചയായി ക്ഷയിച്ച് ഭൂമി തരിശായി മാറിയാല്‍, വരുംതലമുറകളുടെ ഭാവി എന്തായിരിക്കും? വരുന്ന അമ്പതോ നൂറോ വര്‍ഷത്തെ ഭാവി മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെയും ഭാവിയെക്കുറിച്ചുള്ള കരുതലോടെയും സർക്കാർ സുപ്രധാന ഉദ്യമത്തിനു തുടക്കമിട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ ഭൂവിഭവവകുപ്പ്, രാജ്യമെമ്പാടും "പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ (WDC-PMKSY)' "ജലസംഭരണി വികസന ഘടകം' നടപ്പാക്കുന്നു. ഈ പദ്ധതി വരള്‍ച്ചയും മഴയെ ആശ്രയിച്ചുള്ള കൃഷിയും കൂടുതലുള്ള പ്രദേശങ്ങളിലാണ് നടപ്പാക്കുന്നത്. ഒരിക്കല്‍ ഓരോ തുള്ളി വെള്ളത്തിനും പോരാടേണ്ടിവന്നിരുന്ന ആ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കു സമൃദ്ധി നല്‍കുകയാണ് ഇതിന്‍റെ ലക്ഷ്യം.
ഈ നീര്‍ത്തട പദ്ധതി എന്താണെന്നു പലരും എന്നോടു ചോദിക്കാറുണ്ട്. ഞാന്‍ അവരോടു ലളിതമായ ഭാഷയില്‍ പറയുന്നത്, ഇതു സർക്കാരിന്‍റെ പദ്ധതി മാത്രമല്ല, ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന ജനകീയ പ്രസ്ഥാനം കൂടിയാണ് എന്നാണ്. അതിന്‍റെ പ്രധാന തത്വം ഇതാണ്: "കൃഷിയിടത്തിലെ വെള്ളം കൃഷിയിടത്തിലും ഗ്രാമത്തിലെ വെള്ളം ഗ്രാമത്തിലും നിലനില്‍ക്കും.' ഇതിനു കീഴില്‍, നാം ഒരുമിച്ചു വയലിലെ ബണ്ടുകള്‍ ശക്തിപ്പെടുത്തുകയും വയലുകളില്‍ ചെറിയ കുളങ്ങള്‍ നിര്‍മിക്കുകയും ചെറിയ അരുവികള്‍ക്കു കുറുകെ തടയണകള്‍ നിര്‍മിക്കുകയും ചെയ്യുന്നു. മഴവെള്ളം പാഴായി ഒഴുകിപ്പോകുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു. പകരം ഭൂമിയിലേക്കു താഴുന്നു. ഭൂഗര്‍ഭജലം ഉയരാനും മണ്ണില്‍ ദീര്‍ഘകാലം നനവു നിലനിര്‍ത്താനും സഹായിക്കുന്നു.
ഈ പദ്ധതിയുടെ ഏറ്റവും വലിയ ശക്തി ജനങ്ങളുടെ പങ്കാളിത്തമാണ്. എവിടെ കുളങ്ങള്‍ കുഴിക്കണം, എവിടെ ബണ്ടുകള്‍ നിര്‍മിക്കണം, എവിടെ മരങ്ങള്‍ നടണം എന്നതു ഗ്രാമവാസികള്‍ തീരുമാനിക്കുന്നു. ഭൂരഹിത കുടുംബങ്ങളും വനിതാ സ്വയംസഹായസംഘങ്ങളും വരുമാനം വര്‍ധിപ്പിക്കുന്നതിനായി കോഴിവളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കപ്പെടുന്നു. കര്‍ഷകരുടെ വരുമാനം 8% മുതല്‍ 70% വരെ വര്‍ധിച്ചു. 2015 മുതല്‍ സർക്കാർ 20,000 കോടിയിലധികം രൂപ ചെലവഴിച്ചു രാജ്യത്തുടനീളം 6382 പദ്ധതികള്‍ നടപ്പിലാക്കുകയും ഏകദേശം 30 ദശലക്ഷം ഹെക്റ്റര്‍ വീണ്ടും ഫലഭൂയിഷ്ഠമാക്കുകയും ചെയ്തതിനാലാണ് ഇതു സാധ്യമായത്.
ഒരുകാലത്തു വരള്‍ച്ച പ്രധാന പ്രശ്നമായിരുന്ന മധ്യപ്രദേശിലെ ഝാബുവയില്‍, ഇന്ന് ഗോത്രഗ്രാമങ്ങളില്‍ സമൃദ്ധമായ വെള്ളവും മണ്ണിന്‍റെ ഫലഭൂയിഷ്ഠതയും വര്‍ധിച്ചു. 22 പദ്ധതി ഗ്രാമങ്ങളില്‍ ഭൂഗര്‍ഭജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നു. കൃഷിരീതികള്‍ മാറി. തടയണകള്‍ നിര്‍മിച്ചശേഷം, ഇപ്പോള്‍ ചോളത്തിനൊപ്പം കടലയും കൃഷി ചെയ്യുന്നുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. അതിലൂടെ അവരുടെ വരുമാനം 50,000-60,000 രൂപ വരെ വര്‍ധിച്ചു. അതുപോലെ, ഝാബുവയിലെ പര്‍വാലിയ പഞ്ചായത്തില്‍, 12 വയലുകളില്‍ കൃഷിക്കുളങ്ങള്‍ നിർമിച്ചതിലൂടെ കര്‍ഷകരുടെ വരുമാനം ഹെക്റ്ററിന് 1 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെ ഉയര്‍ന്നിട്ടുണ്ട്.
ഈ പദ്ധതി പ്രകാരം, തടയണകള്‍, ഒഴുകിവരുന്ന വെള്ളം ശേഖരിക്കാനുള്ള ടാങ്കുകള്‍, കൃഷിക്കുളങ്ങള്‍ എന്നിവയുള്‍പ്പെടെ 9 ലക്ഷത്തിലധികം നീര്‍ത്തടഘടനകള്‍ നിര്‍മിച്ചു. 5.6 കോടിയിലധികം വ്യക്തിദിന തൊഴില്‍ സൃഷ്ടിച്ചു. ഇതു ഗ്രാമീണ ഉപജീവനമാര്‍ഗത്തിലും വര്‍ധന സൃഷ്ടിച്ചു. നീര്‍ത്തട പദ്ധതികള്‍ ഗ്രാമങ്ങളില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ വരുത്തി. പദ്ധതി പ്രദേശങ്ങളില്‍, 1.5 ലക്ഷം ഹെക്റ്ററിലധികം വിസ്തൃതിയില്‍ പുതിയ ജലസ്രോതസുകള്‍ വന്നു; അതായത്, 16% വര്‍ധന. പരമ്പരാഗത വിളകള്‍ക്കു പുറമേ, തോട്ടക്കൃഷിയിലേക്കും വൃക്ഷക്കൃഷിയിലേക്കും കര്‍ഷകര്‍ നീങ്ങി. തോട്ടക്കൃഷിയുടെ വിസ്തീര്‍ണം 12% വര്‍ധിച്ച് 1.9 ലക്ഷം ഹെക്റ്ററായി.
രാജസ്ഥാനിലെ ബാര്‍മര്‍ പോലുള്ള മരുഭൂമി പ്രദേശങ്ങളില്‍, ജലക്ഷാമം ഒരിക്കല്‍ കര്‍ഷകരെ കുടിയേറ്റത്തിനു നിര്‍ബന്ധിതരാക്കിയിരുന്നു. ഇന്നു മാതളനാരങ്ങക്കൃഷി വീണ്ടും പച്ചപ്പേകിയിരിക്കുന്നു. മണല്‍മണ്ണിലും പരിമിതമായ ജലത്തിലും വളരുന്ന മാതളനാരങ്ങത്തൈകള്‍ 120ലധികം കര്‍ഷകര്‍ക്കു നല്‍കി. മാതളനാരങ്ങക്കൃഷി വരുമാനം വര്‍ധിപ്പിക്കുക മാത്രമല്ല, ബൂഡിവാഡ ഗ്രാമത്തിലെ മംഗിലാല്‍ പരാംഗി പോലുള്ള കര്‍ഷകരെ പൂന്തോട്ടപരിപാലനത്തിലേക്കു മാറാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതുപോലെ, ത്രിപുരയില്‍, ദാഷി റിയാങ്, ബിമാന്‍ റിയാങ് തുടങ്ങിയ കര്‍ഷകര്‍ ഈ പദ്ധതി പ്രകാരം പൈനാപ്പിള്‍ കൃഷിയിലൂടെ തരിശുഭൂമികളെ പുനരുജ്ജീവിപ്പിച്ച്, മികച്ച വരുമാനം നേടി.
ഈ പ്രസ്ഥാനം രാജ്യവ്യാപകമാക്കുന്നതിനായി ഞങ്ങള്‍ "ജലാശയ യാത്ര'യും ആരംഭിച്ചു. ഈ യാത്രയിലൂടെ, ജലം-മണ്ണ് സംരക്ഷണത്തെക്കുറിച്ചുള്ള ബഹുജന അവബോധ പ്രചാരണം നടത്തി. സാങ്കേതികവിദ്യയും ഈ പദ്ധതിയില്‍ വ്യാപകമായി വിനിയോഗിച്ചു. ഭുവന്‍ ജിയോ പോര്‍ട്ടല്‍ (സൃഷ്ടി), ദൃഷ്ടി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പോലുള്ള സങ്കേതങ്ങള്‍ പുരോഗതി കൃത്യമായി നിരീക്ഷിക്കാന്‍ സഹായിക്കുന്നു. കര്‍ഷകരുടെ കഠിനാധ്വാനവും സർക്കാർ ശ്രമങ്ങളും രാജ്യവ്യാപകമായി കൃഷിഭൂമിയുടെ വിസ്തൃതി വർധിപ്പിച്ചു. ഉപഗ്രഹവിവരങ്ങള്‍ കാണിക്കുന്നതു വിളഭൂമിയില്‍ ഏകദേശം 10 ലക്ഷം ഹെക്റ്ററും (5% വളര്‍ച്ച) ജലാശയങ്ങളില്‍ 1.5 ലക്ഷം ഹെക്റ്ററും (16% വളര്‍ച്ച) വര്‍ധിച്ചു എന്നാണ്. ഏറ്റവും പ്രധാനകാര്യം, 8.4 ലക്ഷം ഹെക്റ്ററിലധികം തരിശുഭൂമി വീണ്ടും കൃഷിയോഗ്യമായി മാറി എന്നതാണ്.
ഈ അമൃതകാലത്ത്, ഭൂസംരക്ഷണത്തിന്‍റെ പുതിയ ഗാഥ രചിക്കുകയാണ് നാം, ഇവ വെറും കണക്കുകളല്ല; മറിച്ച്, കര്‍ഷകരുടെ കഠിനാധ്വാനത്തിന്‍റെയും അവരുടെ ശോഭനമായ ഭാവിയുടെയും നേര്‍സാക്ഷ്യങ്ങളാണ്. വെള്ളവും മണ്ണും സംരക്ഷിച്ചുമാത്രമേ വരുംതലമുറകളുടെ ഭാവി സുരക്ഷിതമാക്കാന്‍ കഴിയൂ. നമുക്കു കൂട്ടായി ഈ ദൃഢനിശ്ചയം നിറവേറ്റാം, കര്‍ഷകരെ സമൃദ്ധിയിലേക്കു നയിക്കാം. വികസിത ഇന്ത്യ കെട്ടിപ്പടുക്കാം.
സർക്കാരിന്‍റെ ശ്രമങ്ങളിലൂടെ മാത്രമല്ല, സമൂഹത്തിന്‍റെ പങ്കാളിത്തത്തോടെയും ഈ യജ്ഞം വിജയിക്കുമെന്നു പ്രധാനമന്ത്രി മോദി വിശ്വസിക്കുന്നു. "ജലാശയ യാത്ര' പോലുള്ള സംരംഭങ്ങളിലൂടെ, പദ്ധതി ഇതിനകം ബഹുജന പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ കര്‍ഷകരുടെ അധ്വാനത്തിന്‍റെയും അവരുടെ മാറുന്ന ഭാവിയുടെയും കഥയാണിത്.
വെള്ളവും മണ്ണും സംരക്ഷിക്കപ്പെടുമ്പോള്‍ ഇന്ത്യ സുരക്ഷിതമാകും. 2047 ആകുമ്പോഴേക്കും ഗ്രാമഭൂമി അഭിവൃദ്ധിപ്പെടുകയും കര്‍ഷകര്‍ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ "വികസിത ഇന്ത്യ' എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടൂ. നമുക്കേവര്‍ക്കും ഒന്നായി ജലവും മണ്ണും സംരക്ഷിക്കാനുള്ള ഈ പ്രതിജ്ഞ മുന്നോട്ടു കൊണ്ടുപോകാം.