എഐ കംപ്യൂട്ട് സേവന ലഭ്യതയിലെ ഇന്ത്യന്‍ സമീപനം

16 മുതൽ എഐ ഉച്ചകോടി, സ്വാശ്രയത്വത്തിലൂന്നി നൂതനാശയങ്ങള്‍
AI Summit from 16th

16 മുതൽ എഐ ഉച്ചകോടി

file photo

Updated on

സുശീൽ പാൽ

സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കാനും പൊതുസേവനങ്ങൾ മെച്ചപ്പെടുത്താനും ആഗോള സങ്കീർണ വെല്ലുവിളികൾക്ക് അതിവേഗം പരിഹാരം കാണാനും വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ പരിവർത്തന ശക്തിയായി മാറാൻ നിര്‍മിതബുദ്ധിയ്ക്ക് (എഐ) കഴിയും. രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതു മുതൽ കൃത്യതയാർന്ന കൃഷിയിലും കരുത്തുറ്റ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും കാലാവസ്ഥാ വ്യതിയാന പഠനങ്ങളിലും ക്ഷേമപദ്ധതികളുടെ വിപുലമായ വിതരണത്തിലുമെല്ലാം എഐ സമൂഹത്തിന്‍റെ പ്രവർത്തന രീതികളെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, മുൻകാല സാങ്കേതിക വിപ്ലവങ്ങളെപ്പോലെ നിര്‍മിതബുദ്ധിയും മത്സര നേട്ടങ്ങളെ പുനർനിർവചിക്കുന്നു. നിർണായക വിഭവങ്ങൾ ലഭ്യമാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഈ നേട്ടങ്ങള്‍ രൂപംകൊള്ളുന്നത്.

ഈ വ്യത്യാസങ്ങൾ ഇന്നു ഭൂമിശാസ്ത്രപരമായ വിടവുകള്‍ക്കും വഴിയൊരുക്കുന്നു. കംപ്യൂട്ട് ശേഷി, വിവര ശേഖരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ലഭ്യതയിലെ അസമത്വം ആർക്കെല്ലാം ഈ രംഗത്ത് വന്‍ തോതിൽ നൂതനാശയങ്ങള്‍ നടപ്പാക്കാം എന്നതിനെ സ്വാധീനിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ പ്രതികരണം വ്യക്തവും ക്രിയാത്മകവുമാണ്. എഐ ദൗത്യത്തിലൂടെ കംപ്യൂട്ട് ശേഷി, വിവര ശേഖരം, എഐ മാതൃകകള്‍ എന്നിവയെ കേന്ദ്രീകൃത ആസ്തികളായല്ല, പൊതു ഡിജിറ്റൽ സംവിധാനമായി പരിഗണിച്ച് എഐ ശേഷി ജനാധിപത്യവത്കരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

പൊതുവില്‍ ലഭ്യമായതും വിപുലീകരിക്കാവുന്നതുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങള്‍ നിർമിക്കുന്നതിലൂടെ എഐ വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതും പരമാധികാരത്തോടുകൂടിയ നൂതനാശയങ്ങളെ പിന്തുണയ്ക്കുന്നതും പൊതു പുരോഗതി പ്രദാനം ചെയ്യുന്നതുമാണെന്ന് ഉറപ്പാക്കാൻ നമ്മൾ ലക്ഷ്യമിടുന്നു.

തുടക്കം മുതൽ അവസാനം വരെ കൈക്കൊള്ളുന്ന സമഗ്ര കാഴ്ചപ്പാടാണ് ഈ സമീപനത്തിനു കരുത്തു പകരുന്നത്. ദാവോസിൽ ചേര്‍ന്ന ലോക സാമ്പത്തിക ഫോറത്തിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ത്യയുടെ പഞ്ചതല എഐ ചട്ടക്കൂടിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഊർജം, കംപ്യൂട്ട്- അടിസ്ഥാന സൗകര്യങ്ങൾ, ചിപ്പുകളും ഹാർഡ്‌വെയറുകളും, എഐ മാതൃകകള്‍, ആപ്ലിക്കേഷനുകൾ എന്നിങ്ങനെ 5 തലങ്ങളിലും ഏകോപിത പുരോഗതി കൈവരിച്ചാലേ അർഥപൂര്‍ണമായ എഐ വിന്യാസം സാധ്യമാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വസനീയ ഊർജ സംവിധാനങ്ങളും ആഭ്യന്തര കംപ്യൂട്ട് ശേഷിയും അടിസ്ഥാനമാക്കി എഐ വികസനം ആവിഷ്കരിക്കുന്നത് ഉയര്‍ന്ന പ്രതിരോധാത്മകത ഉറപ്പാക്കുന്നു. അതേസമയം ചിപ്പുകൾ, എഐ മാതൃകകള്‍, ആപ്ലിക്കേഷനുകൾ എന്നിവയിലെ നിക്ഷേപം ദേശീയ മുൻഗണനകൾക്ക് അനുസൃതവും സുരക്ഷിതവുമായ നൂതനാശയങ്ങള്‍ക്കു വഴിയൊരുക്കുന്നു. ഈ 5 തലങ്ങള്‍ രാജ്യത്തെ എഐ ആവാസ വ്യവസ്ഥയുടെ അടിത്തറ രൂപപ്പെടുത്തുകയും നയപരമായ ലക്ഷ്യങ്ങളെ പ്രവർത്തനക്ഷമതയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന സവിശേഷ രീതിയാണ് രാജ്യത്തിന്‍റെ സമീപനത്തെ വേറിട്ടു നിർത്തുന്നത്. ഇന്ത്യ രൂപീകരിച്ച പൊതു കംപ്യൂട്ട് സംവിധാനത്തിലൂടെ 38,000 ജിപിയുകൾ ഏകീകൃത പോർട്ടൽ വഴി ലഭ്യമാണ്. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ മണിക്കൂറിന് 2.5 മുതൽ 3 ഡോളർ വരെ നിരക്കില്‍ നല്‍കുന്ന ഈ സൗകര്യം ഇന്ത്യയില്‍ കേവലം 65 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്.

""ഇന്ത്യ എഐ ദൗത്യ''ത്തിന് കീഴിൽ അടിസ്ഥാന എഐ മാതൃകകളുടെ പരിശീലനത്തിന് 100 ശതമാനവും എഐ ഫലനിർണയ പ്രക്രിയകൾക്ക് 40 ശതമാനവും സബ്‌സിഡി സർക്കാർ വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക ബാധ്യതകൾ നൂതനാശയങ്ങള്‍ക്ക് തടസമാകുന്നില്ല എന്ന് ഉറപ്പാക്കുന്ന ഈ സംരംഭം കംപ്യൂട്ട് ശേഷിയെ കേവലം സാങ്കേതിക വിഭവം എന്നതിലുപരി ശാക്തീകരണ ഉപാധിയാക്കി മാറ്റുന്നു. സാധാരണ വൻകിട സാങ്കേതിക കമ്പനികൾക്കു മാത്രം സാധ്യമാകുന്ന വലിയ മൂലധന നിക്ഷേപമില്ലാതെ തന്നെ സർവം- എഐ, സോക്കറ്റ്- എഐ, ജ്ഞാനി- എഐ തുടങ്ങിയ തദ്ദേശീയ സ്റ്റാർട്ടപ്പുകൾക്ക് സ്വന്തമായി ബൃഹദ് എഐ ഭാഷാ മാതൃകകള്‍ നിർമിക്കാൻ ഇത് വഴിയൊരുക്കുന്നു.

തദ്ദേശീയമായി വലുതും ചെറുതുമായ എഐ ഭാഷാ മാതൃകകള്‍ നിർമിക്കുക എന്നത് "അൽഗരിതത്തിലെ പരമാധികാരം' എന്ന ഇന്ത്യയുടെ വിശാല ലക്ഷ്യത്തിന്‍റെ കേന്ദ്ര ബിന്ദുവാണ്. ഈ മാസം 16 മുതൽ 20 വരെ സംഘടിപ്പിക്കുന്ന "ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി'യില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്വന്തം "പരമാധികാര എഐ മാതൃക' ഇന്ത്യൻ വിവരശേഖരങ്ങളുപയോഗിച്ച് പരിശീലിപ്പിച്ചതും തദ്ദേശീയ അടിസ്ഥാന സൗകര്യങ്ങളിൽ പ്രവർത്തിക്കുന്നതുമാണ്.

ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ അടിസ്ഥാനമാക്കി ഈ മാതൃകകള്‍ വികസിപ്പിക്കുന്നതിലൂടെ പക്ഷപാതപരമായ ഫലങ്ങള്‍‌ ലഘൂകരിക്കാനും എഐ സംവിധാനങ്ങളില്‍ കൂടുതൽ പ്രാതിനിധ്യവും ഉൾച്ചേര്‍ക്കലും ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. വിവരശേഖരങ്ങളുടെ പ്രാദേശികത, സ്വഭാവം, ഭരണനിർവഹണ ചട്ടക്കൂടുകൾ എന്നിവ ദേശീയ മുൻഗണനകൾക്കും പൗരാവകാശങ്ങൾക്കും ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾക്കും അനുസൃതമാണെന്ന് ഈ സമീപനം ഉറപ്പാക്കുന്നു. നിർണായക ഡിജിറ്റൽ സംവിധാനങ്ങള്‍ക്കുമേൽ നിയന്ത്രണം നിലനിർത്തുന്നതിനൊപ്പം ആഗോളതലത്തിൽ സഹകരണശേഷിയും സാങ്കേതിക സ്വയംപര്യാപ്തതയും തന്ത്രപരമായ സ്വയംഭരണാധികാരവും ലക്ഷ്യമിടുന്ന സമഗ്ര തന്ത്രത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

എഐ സംബന്ധിച്ച ആഗോള ചർച്ചകളെ കേവലം സുരക്ഷാ സംവാദങ്ങളിൽ നിന്ന് സ്വാധീനങ്ങളുടെ നിര്‍ണയത്തിലേക്ക് ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി മാറ്റും. എഐ വിഭവങ്ങളുടെ ജനാധിപത്യവത്കരണം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കൽ, ഭൂമിയുടെ അതിജീവനശേഷിക്ക് എഐ പ്രയോജനപ്പെടുത്തൽ, വിശ്വസനീയ സംവിധാനങ്ങൾ ഉറപ്പാക്കൽ, സന്ദർഭോചിത ബഹുഭാഷാ എഐ വികസനം, ഗ്ലോബല്‍ സൗത്ത് രാഷ്‌ട്രങ്ങളുടെ അഭിപ്രായ ശാക്തീകരണം, എഐ വിടവ് നികത്തൽ എന്നീ ഉച്ചകോടിയുടെ 7 പ്രമേയങ്ങള്‍ വികസ്വര രാജ്യങ്ങളെ പരിമിതപ്പെടുത്തിയിരുന്ന ആശ്രിതത്വങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്നു.

എഐ രംഗത്തെ ഇന്ത്യയുടെ സമീപനം ഗ്ലോബല്‍ സൗത്ത് രാഷ്‌ട്രങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണ്. അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ മുതൽ വിപുലമായ അനൗപചാരിക സമ്പദ്‌വ്യവസ്ഥകൾ വരെ പ്രതിസന്ധികള്‍ നേരിടുന്ന മേഖലകൾക്ക് സുതാര്യതയും നൂതനാശയങ്ങളും എങ്ങനെ പരമാധികാരവുമായി സന്തുലിതമാക്കാമെന്ന് ഇന്ത്യയു‍ടെ സമീപനം വ്യക്തമാക്കുന്നു. പ്രത്യേക മാതൃക മാത്രം നിർദേശിക്കുന്നതിനു പകരം ആഗോളതലത്തിലെ പരസ്പര സഹകരണത്തിനൊപ്പം പ്രാദേശിക യാഥാർഥ്യങ്ങളോടു ചേർന്നു നിൽക്കുന്ന എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ രാജ്യങ്ങൾക്ക് എങ്ങനെ സാധിക്കുമെന്ന് ഇന്ത്യയുടെ അനുഭവം വ്യക്തമാക്കുന്നു.

സ്വതന്ത്രമായി വികസിപ്പിക്കുന്ന ഇന്ത്യയുടെ പരമാധികാര എഐ മാതൃകകള്‍ വൈവിധ്യ സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റങ്ങൾ വരുത്താവുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഭാഷാപരവും സാംസ്കാരികവും വികസനപരവുമായ മുൻഗണനകൾക്കനുസരിച്ച് രൂപഘടനയിലും ഭരണനിർവഹണ ചട്ടക്കൂടുകളിലും ശേഷി വികസന തന്ത്രങ്ങളിലും മാറ്റങ്ങൾ വരുത്തി മറ്റു രാജ്യങ്ങൾക്ക് ഈ സമീപനത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാം.

സാമ്പത്തിക മത്സര ശേഷിക്കും രാജ്യത്തിന്‍റെ അതിജീവനത്തിനും എഐ അത്യന്താപേക്ഷിതമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വികസ്വര രാജ്യങ്ങൾ ഈ മേഖലയിൽ നിക്ഷേപം നടത്തണോ എന്നതല്ല, മറിച്ച് എത്രത്തോളം ഉത്തരവാദിത്തത്തോടെയും സുസ്ഥിരമായും അതു ചെയ്യാം എന്നതാണ് ഉയർന്നുവരുന്ന സുപ്രധാന ചോദ്യം.

(കേന്ദ്ര ഇലക്‌ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയാണ് ലേഖകൻ)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com