എയ്ഡ്‌സ് ജാമ്യമില്ലാത്ത മരണ വാറണ്ട്

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനം
AIDS non-bailable death warrant
എയ്ഡ്‌സ് ജാമ്യമില്ലാത്ത മരണ വാറണ്ട്
Updated on

മജീഷ്യന്‍ നാഥ്

എയ്ഡ്‌സ് എന്ന വാക്ക് ഒരു മാരകരോഗത്തിന്‍റെ പേരാണ് എന്ന് കരുതുന്നവരാണ് നമ്മള്‍ ഏറേയും. എന്നാല്‍ എയ്ഡ്‌സ് ഒരു രോഗമല്ല. അതൊരു അവസ്ഥയാണ്. എച്ച്ഐവി എന്ന വൈറസ് ഒരു വ്യക്തിയുടെ ശരീരത്തില്‍ വ്യാപിക്കുന്ന ഒരു അവസ്ഥ മാത്രമാണ്. അതുകൊണ്ടാണ് അക്വോര്‍ഡ് ഇമ്മ്യൂണോ ഡെഫിഷൻസി സിൻഡ്രോം (എയ്ഡ്‌സ്) എന്നു വിളിക്കുന്നത്.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ശരീരത്തില്‍ എച്ച്ഐവി വൈറസ് പ്രവേശിച്ചാല്‍ 7 മുതല്‍ 10 വര്‍ഷം കൊണ്ടാണ് അത് ശരീരത്തിന്‍റെ പ്രതിരോധശേഷിയെ പൂര്‍ണമായും നശിപ്പിക്കുന്നത്. മരുന്നു കണ്ടു പിടിച്ചിട്ടില്ലാത്ത ഈ മാരകരോഗത്തിന്‍റെ മരണവിളികള്‍ക്കു ഭയപ്പാടോടെ കാതോര്‍ത്തു കൊണ്ട് കഴിയുന്നത് ഏകദേശം 40 ദശലക്ഷം ആളുകളാണ്. ഇടവിട്ടുള്ള പനിയും വേഗത്തിലുള്ള ശരീരഭാര നഷ്ടവും ചുമയും ഒരു കാരണവുമില്ലാതെ വരുന്ന ശരീര ക്ഷീണവുമാണ് എയ്ഡ്സിന്‍റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങള്‍.

എങ്ങനെയാണ് ഈ രോഗാവസ്ഥ പടരുന്നത് എന്നതാണ് എയ്ഡ്‌സ് ദിനത്തില്‍ നാം അറിയേണ്ട കാര്യം. 4 കാര്യങ്ങളിലാണ് എയ്ഡ്‌സ് പകരുന്നത്. സുരക്ഷിതമല്ലാത്ത ശരീരിക ബന്ധം, ശുദ്ധീകരിക്കാത്ത സിറിഞ്ചുകളുടെ ഉപയോഗം, എച്ച്ഐവി ബാധിച്ച രക്തത്തിന്‍റെ സ്വീകരണം, വൈറസ് ബാധിച്ച അമ്മയില്‍ നിന്ന് കുഞ്ഞിന്‍റെ പിറവി എന്നിവയാണ് എയ്ഡ്‌സിന്‍റെ പ്രധാന വാതിലുകള്‍. രോഗം വരാതെ സൂക്ഷിക്കുക മാത്രമല്ല എയ്ഡ്‌സ് ബോധവത്കരണത്തിന്‍റെ ലക്ഷ്യം.

അറിഞ്ഞും അറിയാതെയും എച്ച്ഐവി ബാധിച്ച ലക്ഷക്കണക്കിനു സഹോദരങ്ങളുടെ ജീവിത്തിനു തണലേകുന്നതെങ്ങനെ എന്നതും ചിന്തിക്കേണ്ടതുണ്ട്. പലപ്പോഴും തെറ്റായ ചിന്തകള്‍ വഴി തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ട് എയ്ഡ്‌സ് ബാധിതരായ കുഞ്ഞുങ്ങളെ തിരസ്‌ക്കരിക്കുന്ന ഒരു സമൂഹം നമുക്ക് മുന്നിലുണ്ട്. അജ്ഞത കൊണ്ടുള്ള ഭയം മൂലം നാം അകറ്റി നിര്‍ത്തിയിട്ടുള്ള സഹോദരങ്ങളെ പുനധിവസിക്കാന്‍ നമുക്ക് കഴിയണം. വ്യത്യസ്തമായ മാനങ്ങള്‍ ഈ രോഗാവസ്ഥയ്ക്കുണ്ട്. പ്രധാനമായും ഇത് ഓരോ വ്യക്തിയുടേയും ശാരീരിക ശുദ്ധിയുടെ കാര്യമാണ്. സ്വന്തം ശരീരത്തെ ശുദ്ധിയോടെ സൂക്ഷിക്കാന്‍ സഹായിക്കാത്ത ബന്ധങ്ങളും സൗഹൃദങ്ങളും ഏതൊക്കെയാണെന്ന് സുബോധമുള്ള ആര്‍ക്കാണറിയാത്തത്.

ഇന്നത്തെ മാധ്യമ സംസ്‌ക്കാരത്തിന്‍റെ ഉത്പന്നങ്ങളായ ആര്‍ത്തിയും ആസക്തിയും പൂരിപ്പിക്കാന്‍ മാത്രമാണ് ശരീരം എന്നു വിചാരിക്കുന്നവര്‍ എയ്ഡ്‌സിന്‍റെ മൊത്ത വിതരണക്കാരാകുന്നതില്‍ എന്താണ് അത്ഭുതം. പരസ്പരം കാവലിരുന്ന് നമ്മുടെ തലമുറയെ കാത്തുസംരക്ഷിക്കാനുള്ള കടമ തിരിച്ചറിയാനുള്ള ദിനം കൂടിയാണ് ഡിസംബര്‍ ഒന്ന്. ഈ രോഗാവസ്ഥയ്ക്ക് ഫലപ്രദമായ പ്രതിരോധം തീര്‍ക്കാന്‍ വിദ്യാർഥികള്‍ക്കും യുവതലമുറയ്ക്കും ബഹുജനങ്ങള്‍ക്കും കഴിയണം. 1994 മുതല്‍ കേരളത്തിലെ സ്‌കൂള്‍, കോളെജ്, ജയിലുകള്‍, മത്സ്യത്തൊഴിലാളി ഇടങ്ങൾ എന്നിവിടങ്ങളില്‍ ഈ ലേഖകന്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ മാജിക് ഷോ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com