കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം

സീസറുടെ മകളും സംശയത്തിന് അതീതയായിരിക്കേണ്ടതുണ്ട്. പാർട്ടി അതിനു വേണ്ടതു ചെയ്യുമോ അതോ നേതാക്കൾ അർഥരഹിതമായ വാചാടോപം തുടരുമോ എന്നറിയാനാണ് 'പുരോഗമന' കേരളം കാത്തിരിക്കുന്നത്
Pinarayi Vijayan
Pinarayi VijayanCaricature by Subhash kalloor

അജയൻ

കാറൽ മാർക്സിന്‍റെ ചിന്തകളുടെ സംഗ്രഹത്തെ അടിസ്ഥാനമാക്കി ഫ്രെഡറിക് ഏംഗൽസ് തയാറാക്കിയ പുസ്തകത്തിന്‍റെ പേരാണ് 'കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം' (Family, Private Property and the State). മാർക്സിന്‍റെ കൈയെഴുത്തുപ്രതികളിലൂടെ കടന്നു പോകുമ്പോൾ യാദൃച്ഛികമായി കണ്ടെത്തിയ കുറിപ്പുകളാണിവയെങ്കിൽ, സിപിഎം ഇന്നു നേരിടുന്ന പ്രതിസന്ധിയുമായി ഈ തലക്കെട്ടിനുള്ള സാമ്യം അത്ര യാദൃച്ഛികമല്ലതാനും.

ഏതാനും വർഷങ്ങളായി ആരോപണങ്ങളുടെ ഒരു പരമ്പര തന്നെ പാർട്ടിയെ വേട്ടയാടുന്നുണ്ട്. സ്വർണം കള്ളക്കടത്ത് കേസ് അടക്കം പലതും പല രീതിയിൽ നേരിടാനും പാർട്ടിക്കു സാധിച്ചു. ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ഒറ്റ വ്യക്തിയിലേക്ക് ആരോപണം ചുരുക്കാനായി. മുഖ്യമന്ത്രിയുടെ വലംകൈ ആയിരുന്ന ആ വ്യക്തി ഇപ്പോൾ ആരോഗ്യപരമായ കാരണങ്ങൾ ഉന്നയിച്ച് ജാമ്യം നേടി പുറത്തിറങ്ങിയിട്ടുമുണ്ട്.

എന്നാൽ, ഈ ആരോപണ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം - ചെയ്യാത്ത സേവനത്തിന് കരിമണൽ കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതു സംബന്ധിച്ചുള്ളത് - കൂടുതൽ ഗുരുതരമാണെന്നു കരുതണം. സ്വജനപക്ഷപാതം എന്ന ആരോപണം നേരിടാൻ പാർട്ടി ഇതുവരെ പ്രയോഗിച്ച പ്രതിരോധ തന്ത്രങ്ങൾ പോരാതെ വരും.

ഇക്കാര്യത്തിൽ ന്യായീകരണം കണ്ടെത്താൻ വിഷമിച്ചിരിക്കുമ്പോഴാണ് പാർട്ടിയുടെ ഒരു മുൻ മന്ത്രി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ റഡാറിൽ കുടുങ്ങുന്നത്. സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പാർട്ടിക്കുള്ളിൽ വർഷങ്ങൾക്കു മുൻപു തന്നെ ഇതു സംബന്ധിച്ച ആരോപണം ഉയർന്നിട്ടും അന്ന് ജില്ലയിൽ പാർട്ടി ചുമതലയുണ്ടായിരുന്ന ഈ മുൻമന്ത്രി നടപടിയെടുത്തിട്ടില്ലെന്നത് വിഷയം കൂടുതൽ ഗുരുതരമാക്കുന്നു.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് (സിഎംആർഎൽ) എന്ന കമ്പനി മുഖ്യമന്ത്രിയുടെ മകൾക്കും വിവിധ രാഷ്ട്രീയ നേതാക്കൾക്കും പണം നൽകിയതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി വിജിലൻസ് കോടതി തെളിവില്ലെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ തള്ളിയിരുന്നു. എന്നാൽ, ചെയ്തിട്ടില്ലാത്ത സേവനങ്ങൾക്ക് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയെന്നു വരുമ്പോൾ അതിന് കൈക്കൂലി എന്നല്ലാതെ എന്തു വിശേഷണമാണ് യോജിക്കുക‍?

പിണറായി വിജയന്‍റെ മകളെയും അവരുടെ കമ്പനിയെയും ന്യായീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നേരിട്ടു രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്- മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ നടത്തിപ്പ് പാർട്ടിക്കാണെന്നു തോന്നിക്കുന്ന മട്ടിൽ!

അപ്പോഴും, പ്രസ്താവനയിലൂടെ മാത്രമാണ് പാർട്ടി ന്യായീകരണങ്ങൾ നിരത്തിയത്, രേഖകളിലൂടെയല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച സമയത്ത് മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് സത്യവാങ്മൂലത്തിലും ഇക്കാര്യങ്ങൾ കാണിച്ചിട്ടില്ല.

പതിവുപോലെ, സിപിഎമ്മിന്‍റെയും അതു നേതൃത്വം നൽകുന്ന സർക്കാരിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ബിജെപി സർക്കാരിന്‍റെ ശ്രമമാണിതെന്ന ആരോപണവും ഉയർത്തിയിട്ടുണ്ട്.

പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയിൽ സർക്കാരിനു കൂടി സാങ്കേതിക പങ്കാളിത്തമുള്ള സ്ഥാപനവുമായി മുഖ്യമന്ത്രിയുടെ മകൾക്ക് ബിസിനസ് ചെയ്യാമോ എന്നത് ധാർമികമായ ചോദ്യമാണ്. സംസ്ഥാന സർക്കാരിന്‍റെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപ്പറേഷന് കമ്പനിയിൽ പങ്കാളിത്തമുള്ളതാണ്. അതിനാൽ തന്നെ ഇതിൽ ഉൾപ്പെടുന്നതു പൊതു ഖജനാവിലെ പണം കൂടിയാണ്. അതിന്‍റെ സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

അതിലുപരി, മുഖ്യമന്ത്രി വിശ്വാസ്യത തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ സത്യമല്ലെങ്കിൽ, തന്‍റെ കൈകൾ സംശുദ്ധമാണെന്ന് കോടതിയിൽ പോയി തെളിയിക്കാനുള്ള ബാധ്യതയും മുഖ്യമന്ത്രിക്കുണ്ട്.

സ്വർണം കളക്കടത്ത് കേസിലെ പ്രതികളിലൊരാൾ സിപിഎം നേതാക്കൾക്കെതിരേ ആരോപണമുന്നയിച്ച സമയത്തും പാർട്ടിയും ആരോപണവിധേയരും മൗനം പാലിക്കുകയാണു ചെയ്തത്. ഓരോ ചെറിയ കാര്യത്തിനും മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോൾ മൗനം പാലിക്കുന്നതും അന്തരീക്ഷം കൂടുതൽ വഷളാകാനേ ഉപകരിക്കുന്നുള്ളൂ.

പൊതു സമൂഹത്തിന്‍റെ ഓർമകൾ അത്ര ഹ്രസ്വമൊന്നുമില്ല, ആകാനും പാടില്ല. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ കേരളം ഭരിച്ചിരുന്ന കാലഘട്ടത്തിൽ അന്നത്തെ ധനമന്ത്രിക്കെതിരേ ഗുരുതരമായ ഒരു ആരോപണം ഉയർന്നിട്ടുണ്ട്. അന്നു സിപിഎമ്മാണ് അദ്ദേഹത്തിനെതിരായ പ്രക്ഷോഭം നയിച്ചത്. ''സീസറുടെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം'' എന്ന കോടതി പരാമർശവും അന്നുണ്ടായി. പിന്നീട് ഇതേ മന്ത്രിയുടെ പാർട്ടി മുന്നണി മാറി എൽഡിഎഫിലെത്തി, പക്ഷേ, അദ്ദേഹത്തിന്‍റെ മരണ ശേഷം മകൻ തെരഞ്ഞെടുപ്പിൽ തോറ്റു. പൊതുജനത്തിന്‍റെ മറുപടിയായി വേണം അതിനെ കാണാൻ.

ഇപ്പോൾ സീസറുടെ മകളും സംശയത്തിന് അതീതയായിരിക്കേണ്ടതുണ്ട്. പാർട്ടി അതിനു വേണ്ടതു ചെയ്യുമോ അതോ നേതാക്കൾ അർഥരഹിതമായ വാചാടോപം തുടരുമോ എന്നറിയാനാണ് 'പുരോഗമന' കേരളം കാത്തിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com