

gyanesh kumar
file image
അഡ്വ. കെ. ശ്രീകാന്ത്
നരേന്ദ്ര മോദി സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരേ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 2023ലെ പുതിയ നിയമത്തിലൂടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയതും കര്‍ശനവുമായ വ്യവസ്ഥകള്‍ കൊണ്ടുവരികയും അതുവഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുമാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്.
കോണ്‍ഗ്രസ് നടത്തുന്ന റാലി മാറ്റിവയ്ക്കാം, എന്നാല്‍ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാന്‍ മോദിയോട് ആവശ്യപ്പെടണമെന്ന നിബന്ധന വ്യാപാരികള്‍ക്കു മുന്നില്‍ രാഹുല്‍ ഗാന്ധി വച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും മോദി സര്‍ക്കാരിനുമെതിരേ എത്രത്തോളം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന.
2023 ഡിസംബറില്‍ മോദി സര്‍ക്കാര്‍ പുതിയ നിയമം നടപ്പാക്കിയതിലൂടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തിയതെന്ന ആരോപണം രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഈ ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്വമുള്ള തെരഞ്ഞെടുപ്പ് കമ്മിഷന് നിഷ്പക്ഷമായും നീതിയുക്തമായും നിര്‍ഭയമായും പ്രവര്‍ത്തിക്കണം. ഈ തത്വങ്ങള്‍ ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യന്‍ ഭരണഘടന രൂപീകരിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട വ്യവസ്ഥയാണ് ഭരണഘടനയുടെ അനുച്ഛേദം 324(2). ഇതനുസരിച്ച്, പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി രാഷ്ട്രപതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കേണ്ടത്. അവരുടെ സേവന വ്യവസ്ഥകളും പദവിയില്‍ നിന്നുള്ള നീക്കംചെയ്യലുമായി ബന്ധപ്പെട്ട സംരക്ഷണവും സംബന്ധിച്ച പ്രധാന വ്യവസ്ഥകള്‍ അനുച്ഛേദം 324(5)ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 324(5) ഇപ്രകാരം വ്യക്തമാക്കുന്നു:
""Provided that the Chief Election Commissioner shall not be removed from his office except in like manner and on the like grounds as a Judge of the Supreme Court and the conditions of service of the Chief Election Commissioner shall not be varied to his disadvantage after his appointment.''
അതായത്, സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് ബാധകമായ അതേ രീതിയിലും അതേ കാരണങ്ങളാലും മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പദവിയില്‍നിന്ന് നീക്കം ചെയ്യാന്‍ കഴിയൂ. നിയമനത്തിനു ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ സേവന വ്യവസ്ഥകള്‍ അദ്ദേഹത്തിന് ദോഷകരമാകുന്ന വിധത്തില്‍ മാറ്റാനും പാടില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ നീക്കം ചെയ്യുന്നത് തടയുന്ന ഭരണഘടനാപരമായ സംരക്ഷണമാണിത്.
മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെയും പ്രാദേശിക കമ്മിഷണര്‍മാരുടെയും കാര്യത്തിലും അനുച്ഛേദം 324 (5) വ്യക്തമായ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അവരെ നീക്കം ചെയ്യുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ശുപാര്‍ശ ആവശ്യമാണ്.
ഇതിലൂടെ വ്യക്തമാകുന്നത്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ സ്വാതന്ത്ര്യവും പദവിയുടെ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന വ്യവസ്ഥകള്‍ ഭരണഘടനയിൽ തന്നെ നിലവിലുണ്ട് എന്നാണ്. ഭരണഘടനാപരമായ സംരക്ഷണം നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ പുതിയ നിയമം അതിനെ മറികടക്കുന്നതാണോ, അതോ നിയമന പ്രക്രിയയ്ക്ക് വ്യക്തമായ ചട്ടക്കൂട് നല്കുന്നതാണോ എന്നതാണ് പരിശോധിക്കേണ്ടത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സുപ്രീം കോടതി ജഡ്ജിക്ക് തുല്യമായ കര്‍ശന നടപടിക്രമങ്ങളിലൂടെ മാത്രമേ നീക്കം ചെയ്യാന്‍ കഴിയൂ എന്ന വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ്. ഈ സംരക്ഷണം 2023ലെ നിയമത്തിലൂടെ മോദി സര്‍ക്കാര്‍ ആദ്യമായി നല്‍കിയതാണെന്ന പ്രചാരണം വസ്തുതാപരമായി തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഭരണഘടനാ നിര്‍മാണ സഭയുടെ കാഴ്ചപ്പാട്
ഭരണഘടനാ നിര്‍മാണസഭയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തെയും സ്വതന്ത്ര അധികാരത്തെയും കുറിച്ച് നടന്ന ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ വേഗം പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള സംരക്ഷണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തി.
ഇതു സംബന്ധിച്ച് ഭരണഘടനാ നിര്‍മാണസഭയില്‍ നടന്ന ചര്‍ച്ചകളില്‍ ഡോ. ബി.ആര്. അംബേദ്കര്‍ തന്റെ നിലപാട് അവതരിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യുമ്പോള്‍ സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഒരു സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ രീതിയിലും അതേ കാരണങ്ങളാലും മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യാന്‍ കഴിയൂ എന്ന വ്യവസ്ഥ അനുച്ഛേദം 324 (5)ല്‍ ഉള്‍പ്പെടുത്തിയതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നതായിരുന്നു.
കമ്മിഷണര്‍മാരുടെ നിയമനം: മുന്‍കാല സാഹചര്യം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് അനുച്ഛേദം 324 (2) വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും നിയമന പ്രക്രിയയെ സമഗ്രമായി നിയന്ത്രിക്കുന്ന പ്രത്യേക നിയമം 2023 വരെ നിലവിലുണ്ടായിരുന്നില്ല.
അതുകൊണ്ട്, നിയമനത്തിനായി വ്യക്തമായ മാനദണ്ഡങ്ങളോ നടപടിക്രമങ്ങളോ ഇല്ലാത്ത സാഹചര്യം നിലനിന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുന്ന രീതിയാണ് തുടര്‍ന്നുവന്നത്. 1989ല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കൊപ്പം മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു. എന്നാല്‍, പിന്നീട് ഈ സംവിധാനം ഒഴിവാക്കി. 1991ലും 1993ലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനവും കമ്മിഷണര്‍മാരുടെ സേവനവ്യവസ്ഥകളും സംബന്ധിച്ച നിയമനിര്‍മാണ നടപടികള്‍ ഉണ്ടായി. 1993ലെ നിയമപരമായ മാറ്റങ്ങളിലൂടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും മറ്റ് കമ്മിഷണര്‍മാര്‍ക്കും തുല്യമായ നിലയില്‍ തെരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള വ്യവസ്ഥകളും രൂപപ്പെട്ടു. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിനായി ഒരു തെരഞ്ഞെടുപ്പ് സമിതിയോ വ്യക്തമായ മാനദണ്ഡങ്ങളോ നടപടിക്രമങ്ങളോ ഈ നിയമങ്ങളിലൂടെ രൂപീകരിച്ചിരുന്നില്ല.
ടി.എന്‍. ശേഷന് കേസ്: സുപ്രീം കോടതി നിലപാട്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എന്‍. ശേഷന് മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിച്ചതിനെയും അവര്‍ക്ക് തുല്യമായ അധികാരങ്ങള്‍ നല്‍കിയതിനെയും ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളും ചുമതലകളും ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായി നിര്വഹിക്കേണ്ടവരാണെന്ന് കോടതി വ്യക്തമാക്കി.
T.N. Seshan, Chief Election Commissioner of India v. Union of India, (1995) 4 SCC 611 എന്ന സുപ്രീം കോടതി വിധി ഈ വിഷയത്തില്‍ പ്രധാനപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഘടനയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് കമ്മിഷണര്‍മാരുടെയും അധികാരങ്ങളും സംബന്ധിച്ച നിയമപരമായ നിലപാട് ഈ വിധിയില്‍ വിശദീകരിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് രണ്ട് കമ്മിഷണര്‍മാരും തുല്യമായ ഉത്തരവാദിത്വങ്ങളും അധികാരങ്ങളും പങ്കിടണമെന്ന് സുപ്രീം കോടതി വിധിച്ചു.
അനൂപ് ബരന്‍വാള്‍ കേസ്, 2023: നിയമന സമിതിയുടെ ആവശ്യകത
പിന്നീട്, Anoop Baranwal v. Union of India (2023 SCC OnLine SC 216) കേസില്‍ സുപ്രീം കോടതിയുടെയു ഭരണഘടനാ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചു.
അനുച്ഛേദം 324 (2) പ്രകാരം പാര്‍ലമെന്റ് നിയമം പാസാക്കേണ്ടതുണ്ടെങ്കിലും , അത്തരമൊരു നിയമം നിലവിലില്ലാത്ത സാഹചര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കുന്നതിനായി ഒരു ഇടക്കാല സംവിധാനം വേണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയുടെ ശുപാര്ശയുടെയു അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്നായിരുന്നു കോടതിയുടെയു നിര്‍ദേശം. പാര്‍ലമെന്റ് നിയമം പാസാക്കുന്നതുവരെ ഈ സംവിധാനം തുടരുമെന്നും കോടതി വ്യക്തമാക്കി.
ഇതിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമന പ്രക്രിയയെ നിയന്ത്രിക്കുന്ന സമഗ്രമായ നിയമത്തിന്റെ അഭാവം പരിഹരിക്കേണ്ടതുണ്ടെന്നതാണ്. നിയമന പ്രക്രിയയില്‍ സുതാര്യതയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിനായി വ്യക്തമായ നിയമചട്ടക്കൂട് ആവശ്യമായിരുന്നു. മേല്‍പ്പറഞ്ഞ രണ്ട് കേസുകളിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ സംരക്ഷണം സംബന്ധിച്ച ഭരണഘടനയുടെയു അനുച്ഛേദം 324(5) പരാമര്‍ശിക്കപ്പെടുന്നുണ്ട്.
2023ലെ പുതിയ നിയമം: എന്താണ് മാറ്റം?
2023 മാര്‍ച്ചില്‍ പുറപ്പെടുവിച്ച മേല്‍പ്പറഞ്ഞ അനൂപ് ബരന്‍വാള്‍ കേസിലെ വിധി ചൂണ്ടിക്കാണിക്കുന്നത്, ഭരണഘടന നിലവില്‍ വന്ന് ഇത്രയും കാലമായിട്ടും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു സമഗ്രമായ നിയമവ്യവസ്ഥ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് സാധിച്ചിരുന്നില്ല എന്നതാണ്. ഈ പശ്ചാത്തലത്തിലാണ് 2023 ഡിസംബറില്‍ മോദി സര്‍ക്കാര്‍ The Chief Election Commissioner and Other Election Commissioners (Appointment, Conditions of Service and Term of Office) Act, 2023 എന്ന നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്.
1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നതുമുതല്‍ 2023 വരെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനപ്രക്രിയയെ സമഗ്രമായി നിയന്ത്രിക്കുന്ന പ്രത്യേക നിയമം നിലവിലുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടാണ് യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് നവീന്‍ ചാവ്ലയെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച സാഹചര്യത്തെക്കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നത്. ഈ നിയമപരമായ വിടവ് പരിഹരിക്കുന്നതിനാണ് പുതിയ നിയമം കൊണ്ടുവന്നത്.
2023ലെ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റു തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കുന്നത്. ആറാം വകുപ്പ് പ്രകാരം കേന്ദ്ര നിയമ മന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഒരു സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കപ്പെടുന്നു. ഏഴാം വകുപ്പ് പ്രകാരം പ്രധാനമന്ത്രി അധ്യക്ഷനായും ലോക്സഭാ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രിയും അംഗങ്ങളായും ഉള്‍പ്പെടുന്ന സമിതിയാണ് പേരുകള്‍ ശുപാര്‍ശ ചെയ്യുന്നത്. ഈ നിയമന രീതി സുപ്രീം കോടതി അനൂപ് ബരന്‍വാള്‍ കേസില്‍ നിര്‍ദേശിച്ചിരുന്ന സമിതിയില്‍ നിന്ന് വ്യത്യസ്തമാണ്. പ്രത്യേകിച്ച്, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്ര മന്ത്രിയെ സമിതിയില്‍ ഉള്‍പ്പെടുത്തി.
എന്നാല്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ സംരക്ഷണം 2023ലെ നിയമത്തിലൂടെയാണ് ആദ്യമായി സൃഷ്ടിച്ചതെന്ന വാദം അടിസ്ഥാനരഹിതമാണ്. ഭരണഘടനയുടെ അനുച്ഛേദം 324 (5) ഈ സംരക്ഷണം നേരത്തേ ഉറപ്പാക്കിയിരുന്നു. 2023ലെ നിയമത്തിലെ 11ാം വകുപ്പും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും പദവിയില്‍നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നുള്ളൂ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന രീതിയിലും അതേ കാരണങ്ങളാലും മാത്രമേ നീക്കം ചെയ്യാന്‍ കഴിയൂ എന്ന ഭരണഘടനാപരമായ സംരക്ഷണം പുതിയ നിയമത്തിലൂടെലൂ ആദ്യമായി ഉണ്ടായതല്ല. ഭരണഘടനയില്‍ നേരത്തേ നിലവിലുണ്ടായിരുന്ന നീക്കം ചെയ്യല്‍ സംരക്ഷണം പുതിയ നിയമം ആദ്യമായി സൃഷ്ടിച്ചെന്ന ആരോപണം വസ്തുതാപരമായി ശരിയല്ല.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുന്ന കാര്യത്തില്‍ ഇതേ ന്യായം ഉന്നയിക്കുന്നില്ല.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ ചുമതലപ്പെട്ട സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഗവര്‍ണറാണ് നിയമിക്കുന്നത്. ഇവിടെ പ്രതിപക്ഷ നേതാവിന്റെയോ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയോ മറ്റേതെങ്കിലും വ്യക്തിയുടെയോ അഭിപ്രായം പരിഗണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിയമിക്കാമെങ്കില്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്ന കാര്യത്തില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം കൂടി പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിന് നിയമനം നടത്തിക്കൂടേ? ഇതില്‍ എന്താണ് തെറ്റ്? എന്താണ് ഭരണഘടനാവിരുദ്ധം?
പ്രതിപക്ഷ ആരോപണങ്ങളും ഉത്തരവാദിത്വവും
ജനാധിപത്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍, ഭരണഘടനാപരമായ വ്യവസ്ഥകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ വസ്തുതകള്‍ കൃത്യമായി അവതരിപ്പിക്കേണ്ടതുണ്ട്. നിയമന പ്രക്രിയയില്‍ മാറ്റം വരുത്തിയതിനെക്കുറിച്ചുള്ള വിമര്‍ശനവും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യുന്നതിനുള്ള സംരക്ഷണം മോദി സര്‍ക്കാര്‍ ആദ്യമായി സൃഷ്ടി ച്ചുവെന്ന ആരോപണവും വ്യത്യസ്തമായ വിഷയങ്ങളാണ്. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം. ഭരണഘടനാ സ്ഥാപനങ്ങളിലുള്ള ജനവിശ്വാസം സംരക്ഷിക്കേണ്ടത് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഒരുപോലെ ഉത്തരവാദിത്വമാണ്.
ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയല്ല വേണ്ടത്; മറിച്ച് ഭരണഘടനാപരമായ വസ്തുതകള്‍ വ്യക്തമായി അവതരിപ്പിക്കുകയാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്വം. ജനാധിപത്യത്തിന്റെ വിജയം ജനങ്ങള്‍ക്ക് തങ്ങളുടെ വോട്ടവകാശം സ്വതന്ത്രമായും നിര്‍ഭയമായും വിനിയോഗിക്കാന്‍ കഴിയുന്നതിലാണ്.
തെരഞ്ഞെടുപ്പ് പ്പ്കമ്മിഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സംശയങ്ങളോ പരാതികളോ ഉയരുന്നുണ്ടെങ്കില്‍ അവ നിയമപരമായ മാര്‍ഗങ്ങളിലൂടെ പരിശോധിക്കപ്പെടണം. അതേസമയം, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകര്‍ക്കുന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്.
(ലേഖകന്‍ ബിജെപി കണ്ണൂർ മേഖലാ അധ്യക്ഷനാണ്. 9446569074)