അംബേദ്കർ പറഞ്ഞത് മധ്യ പ്രദേശിനെയും ബിഹാറിനെയും വിഭജിക്കാൻ

സംസ്ഥാനങ്ങൾ ചെറുതാകുമ്പോഴാണ് ഭരണപരമായ സൗകര്യം കൂടുന്നതെന്ന് അദ്ദേഹം 1955ൽ പ്രസിദ്ധീകരിച്ച 'തോട്ട്സ് ഓൺ ലിംഗ്വിസ്റ്റിക് സ്റ്റേറ്റ്സ്' എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു
Ambedkar proposed division of MP, UP, Bihar; Favored smaller states

ഡോ. ബി.ആർ. അംബേദ്കർ, Thoughts on Linguistic States

Updated on

ന്യൂഡൽഹി: സംസ്ഥാനങ്ങൾ വളരെ വലുതായി തുടരുന്നത് ഭരണപരവും ജനാധിപത്യ ഉത്തരവാദിത്വവും സംബന്ധിച്ച പല പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബെദ്കർ വിശ്വസിച്ചിരുന്നത്. മധ്യ പ്രദേശും ഉത്തർ പ്രദേശും ബിഹാറും പോലുള്ള വലിയ സംസ്ഥാനങ്ങൾ വിഭജിക്കണമെന്നും അദ്ദേഹം ശുപാർശ ചെയ്തിരുന്നു.

സംസ്ഥാനങ്ങൾ ചെറുതാകുമ്പോഴാണ് ഭരണപരമായ സൗകര്യം കൂടുന്നതെന്ന് അദ്ദേഹം 1955ൽ പ്രസിദ്ധീകരിച്ച 'തോട്ട്സ് ഓൺ ലിംഗ്വിസ്റ്റിക് സ്റ്റേറ്റ്സ്' എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനോട് അദ്ദേഹം യോജിച്ചിരുന്നു. എന്നാൽ, സംസ്ഥാനങ്ങൾ വലുപ്പം കൂടുന്നതിനോട് യോജിച്ചിരുന്നില്ല എന്നാണ് ഇതിൽ വ്യക്തമാകുന്നത്.

''ഭാഷാടിസ്ഥാനത്തിൽ വളരെ വലിയ സംസ്ഥാനങ്ങളുണ്ടാകുന്നത് ജനാധിപത്യപരമായ ഒരു ആശയമല്ല തന്നെ. ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങളിൽനിന്നുള്ള വ്യക്തമായ വ്യതിചലനമാണത്'', അദ്ദേഹം എഴുതി.

സംസ്ഥാനങ്ങൾ ചെറുതായിരിക്കണമെന്ന അംബേദ്കറുടെ വാദത്തിനു പിന്നിൽ ഭരണപരമായ കാര്യക്ഷമത മാത്രമായിരുന്നില്ല. ഏതെങ്കിലും പ്രദേശങ്ങൾക്കോ ഏതെങ്കിലും ജനവിഭാഗങ്ങൾക്കോ തങ്ങൾ പാർശ്വത്കരിക്കപ്പെട്ടതായി തോന്നാതിരിക്കാൻ ഇതാവശ്യമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.

താൻ ജനിച്ച സംസ്ഥാനമായ മധ്യ പ്രദേശിനെ വടക്കൻ മധ്യ പ്രദേശും തെക്കൻ മധ്യ പ്രദേശുമായി വിഭജിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. ഇത്തരം ശുപാർശകൾ അന്ന് അംഗീകരിക്കപ്പെട്ടില്ലെങ്കിലും പിൽക്കാലത്ത് കൂടുതൽ പ്രസക്തമാകുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. 2000ത്തിൽ മധ്യ പ്രദേശ് വിഭജിച്ച് ഛത്തിസ്ഗഡും, ബിഹാർ വിഭജിച്ച് ഝാർഖണ്ഡും രൂപീകരിച്ചു.

ഉത്തർ പ്രദേശിനെ മൂന്നായി വിഭജിക്കണമെന്നാണ് തന്‍റെ പുസ്തകത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. മീററ്റ്, കാൺപുർ, അലഹാബാദ് എന്നീ നഗരങ്ങളെയാണ് മൂന്നു സംസ്ഥാന തലസ്ഥാനങ്ങളായി അദ്ദേഹം നിർദേശിച്ചിരിക്കുന്നത്. അന്നത്തെ കണക്കനുസരിച്ച്, ഒരു സംസ്ഥാനത്തെ ജനസംഖ്യ രണ്ട് കോടിയോളം മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.

2011ൽ അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി മായാവതി സംസ്ഥാനത്തെ നാലായി വിഭജിക്കാനുള്ള നിർദേശം മുന്നോട്ടുവച്ചിരുന്നു. പൂർവാഞ്ചൽ, പശ്ചിം പ്രദേശ്, ബുന്ദേൽഖണ്ഡ്, അവധ് എന്നിവയായിരുന്നു അത്. എന്നാൽ, അന്നു കേന്ദ്ര ഭരണത്തിലുണ്ടായിരുന്ന യുപിഎ സർക്കാർ ഇത് അംഗീകരിച്ചില്ല.

പൊതു ഖജനാവിൽനിന്നുള്ള ചെലവുകളിലും സംസ്ഥാന ഭരണത്തിലും പൊതുജനങ്ങൾക്ക് കൂടുതൽ നിയന്ത്രണം കൈവരാൻ ചെറിയ സംസ്ഥാനങ്ങളാണ് ആവശ്യമെന്നായിരുന്നു അംബേദ്കറുടെ കാഴ്ചപ്പാട്. സംസ്ഥാന വിഭജനങ്ങൾക്കെതിരായ വൈകാരിക വാദങ്ങൾക്കെതിരേ അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com