
നരേന്ദ്ര മോദി | അമിത് ഷാ
അമിത് ഷാ
സെപ്റ്റംബര്‍ 17 ചരിത്രത്തിൽ നിരവധി കാരണങ്ങളാൽ പ്രാധാന്യമര്‍ഹിക്കുന്ന ദിവസമാണ്. ഈ ദിവസം രാജ്യത്തെ കരകൗശല വിദഗ്ധരും തൊഴിലാളികളും ആഹ്ലാദപൂർവം വിശ്വകര്‍മ ജയന്തി ആഘോഷിക്കുന്നു. ക്രൂരനായ നിസാമിൽ നിന്നും റസാക്കാര്‍മാരിൽ നിന്നും ഹൈദരാബാദിന് മോചനം ലഭിച്ചതും ഈ ദിവസമാണ്. രാഷ്‌ട്രത്തിനും ജനങ്ങള്‍ക്കും വേണ്ടി തന്‍റെ ജീവിതം സമര്‍പ്പിച്ച രാഷ്‌ട്രതന്ത്രജ്ഞനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനിച്ചതും ഇതേ ദിവസമാണ്.
75ാമത് ജന്മദിനമെന്ന നിലയിൽ മോദിയുടെ ഈ ജന്മദിനത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. 140 കോടി ഭാരതീയരുടെ പേരിൽ അദ്ദേഹത്തിനു ഹൃദ്യമായ ആശംസ നേരുന്നതിനൊപ്പം മഹത്വപൂർണ ഭാവിയിലേക്കു രാജ്യത്തെ നയിക്കാൻ ദീര്‍ഘായുസും ഊര്‍ജവും മികച്ച ആരോഗ്യവും ലഭിക്കാൻ സര്‍വശക്തനോട് പ്രാർഥിക്കുകയും ചെയ്യുന്നു.
നരേന്ദ്ര മോദിക്കൊപ്പം ദശാബ്ദങ്ങളോളം പ്രവര്‍ത്തിച്ച എനിക്ക് മോദിയുടെ വ്യക്തിത്വം കേവലം രാഷ്‌ട്രീയ നേതാവിനപ്പുറം രാഷ്‌ട്രക്ഷേമത്തിനായി ജീവിതം സമര്‍പ്പിച്ച ദൗത്യനിഷ്ഠയാർന്ന ഒരു നേതാവിന്‍റേതാണെന്ന് ആഴത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്‍റെ ഉയര്‍ച്ചയും പൗരന്മാരുടെ ക്ഷേമവും അദ്ദേഹത്തിനു കേവലം ആശയങ്ങളല്ല, മറിച്ച് മാര്‍ഗനിര്‍ദേശക തത്വങ്ങളാണ്. സമഗ്ര ഭരണനിര്‍വഹണ മാതൃക ഉറപ്പാക്കുന്നതിലെ നിരന്തര ശ്രദ്ധയാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തെ സവിശേഷമാക്കുന്നത്. വികസന യാത്രയിൽ ഒരു വ്യക്തിയോ സമൂഹമോ പോലും പിന്നിലാകുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ നയ നിർവഹണങ്ങൾ ഉറപ്പാക്കുന്നു. ഭരണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അധികാരോപാധിയല്ല, മറിച്ച് സേവന മാധ്യമമാണ്. മോദിയുടെ നേതൃത്വത്തിൽ ദരിദ്രര്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ ആരംഭിക്കുകയും അവ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
50 കോടിയിലധികം പേരെ ബാങ്കിങ് സംവിധാനത്തിന്‍റെ ഭാഗമാക്കിയ ജന്‍ ധന്‍ യോജന സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്‍റെ മഹത്തായ അധ്യായം രചിച്ചു; ദശലക്ഷക്കണക്കിന് കുടുംബങ്ങളെ അടുക്കളയിലെ പുകയിൽ നിന്ന് മോചിപ്പിച്ച ഉജ്വല യോജന അവർക്ക് അന്തസുറ്റ ജീവിതം സമ്മാനിച്ചു; പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷയുടെ സുരക്ഷിതത്വം ആയുഷ്മാന്‍ ഭാരതിലൂടെ ഉറപ്പാക്കി; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ സ്വന്തം ഭവനമെന്ന സ്വപ്നം യാഥാർഥ്യമാക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന സഹായിച്ചു. ഓരോ ഗുണഭോക്താവിന്‍റെയും കണ്ണുകളിൽ ഞാന്‍ കാണുന്ന സംതൃപ്തിയും വിശ്വാസവും പൊതുജനക്ഷേമം എന്ന കാഴ്ചപ്പാടിനെ മോദിയുടെ ഭരണം എങ്ങനെ യാഥാർഥ്യമാക്കി എന്ന തിരിച്ചറിവു പകരുന്നതാണ്.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്‍റെ ഒരു പ്രചാരകനെന്ന നിലയിൽ അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിക്കുകയും സമൂഹത്തിന്‍റെ നാനാവിഭാഗങ്ങളുമായി ഇടപഴകുകയും ചെയ്തു. ഭാരതത്തിന്‍റെ ആത്മാവിനെ അടുത്തറിയാന്‍ മാത്രമല്ല, അതിന്‍റെ ആന്തരിക ശക്തി അനുഭവിക്കാനും അദ്ദേഹത്തിനു സാധിച്ചു. ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും കാണിക്കുന്ന സഹാനുഭൂതിയിലൂടെ അദ്ദേഹത്തിന്‍റെ ഭരണനിർവഹണത്തിലും പിന്നീട് ഇതു പ്രതിഫലിച്ചു. ആർഎസ്എസ് പ്രചാരകനായിരിക്കവെയാണ് സംഘടനാപരമായ കഴിവുകള്‍ മോദി സ്വായത്തമാക്കിയത്. തുടർന്നു ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ പുനഃക്രമീകരണത്തിനിടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനഗതിയെ പരിവര്‍ത്തനം ചെയ്ത നൂതന പരിഷ്‌കാരങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടും സംഘടനാപരമായ ഉള്‍ക്കാഴ്ചകളും ദേശീയ തലത്തിൽ നടപ്പാക്കാന്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനെന്ന നിലയിൽ എനിക്ക് അവസരം ലഭിച്ചതു ഭാഗ്യമായി കരുതുന്നു.
പ്രതിസന്ധിഘട്ടങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവാണു ശക്തമായ നേതൃത്വത്തിന്‍റെ മുഖമുദ്ര. ഇക്കാര്യത്തിൽ മോദിയുടെ നേതൃത്വം അതുല്യമാണ്. ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പോലും അസാധാരണ ക്ഷമയും വ്യക്തമായ കാഴ്ചപ്പാടും എനിക്ക് അദ്ദേഹത്തിൽ കാണാനായി. 2014 മുതൽ രാജ്യത്തിന് ധീരവും നിര്‍ണായകവുമായ നടപടികളാവശ്യമായ നിരവധി സന്ദര്‍ഭങ്ങളുണ്ടായി. നേതൃ തത്വങ്ങളിൽ അടിയുറച്ച് രാജ്യതാത്പര്യങ്ങള്‍ക്കനുസൃതമായി മോദി തീരുമാനങ്ങൾ കൈക്കൊണ്ടു. ചരിത്രപരമായ നോട്ടു നിരോധനവും ചരക്കുസേവന നികുതിയും രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളിൽ പുത്തൻ അധ്യായം രചിച്ചു. ജമ്മു കശ്മീരിൽ ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടി രാഷ്‌ട്രീയ ധീരതയായി മാത്രമല്ല, ദേശീയ ഐക്യത്തോടും അഖണ്ഡതയോടും മോദി സ്വീകരിച്ച അചഞ്ചലമായ പ്രതിബദ്ധത പ്രകടമാക്കിയ തീരുമാനമായും എക്കാലവും ഓര്‍മിക്കപ്പെടും. മുത്തലാഖ് എന്ന സാമൂഹ്യ വിപത്തിനെ ഇല്ലാതാക്കിയതു സ്ത്രീകളുടെ ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കുന്ന സുധീര നടപടിയായിരുന്നു. ഈ തീരുമാനങ്ങളൊന്നും അത്ര എളുപ്പമായിരുന്നില്ല. പലതിലും എതിര്‍പ്പു നേരിട്ടെങ്കിലും ഒരിക്കൽപ്പോലും മോദി പിന്മാറിയില്ല. പ്രതിരോധങ്ങളോ വിമര്‍ശനങ്ങളോ പരിഗണിക്കാതെ രാജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന വിശ്വാസത്തിൽ ഉറച്ചുനിന്നു.
കൊവിഡ് 19 മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കിയ വേളയിൽ, മോദി പൊതുജനങ്ങളെ ആശ്വസിപ്പിക്കുക മാത്രമല്ല; മറിച്ച്, രാജ്യത്തെ വ്യവസായങ്ങളെയും ശാസ്ത്രജ്ഞരെയും യുവാക്കളെയും സ്വയംപര്യാപ്തതയിലേക്കു നയിക്കുകയും ചെയ്തു. മഹാമാരിക്കാലത്തു ലോകം ആശങ്കയോടെ ഉറ്റുനോക്കിയത് ഇന്ത്യയെയായിരുന്നു. എന്നാൽ, ചാതുര്യമാര്‍ന്ന നമ്മുടെ നേതൃത്വത്തിന്‍റെ ഫലമായി റെക്കോഡ് സമയത്തിനുള്ളിൽ രാജ്യത്തു പ്രതിരോധ മരുന്നു നിര്‍മിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സൗജന്യ പ്രതിരോധ കുത്തിവയ്പു യജ്ഞത്തിലൂടെ, കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ഏവര്‍ക്കും അനുകരിക്കാവുന്ന മാതൃക ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
മോദിയുടെ നേതൃത്വത്തിൽ ദേശീയ സുരക്ഷയും ആത്മാഭിമാനവും നമ്മുടെ ദേശീയ ജീവിതത്തിനു വളരെ പ്രധാനമാണെന്ന് രാജ്യം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുണ്ട്. ഉറി ആക്രമണത്തിനു ശേഷമുള്ള സര്‍ജിക്കൽ സ്‌ട്രൈക് ഇന്ത്യ ഇനി ഭീകരതയുടെ കാര്യത്തിൽ നിശബ്ദമായി, കാഴ്ചക്കാരായി തുടരില്ലെന്നു ലോകത്തിനു കാട്ടിക്കൊടുത്തു. പുൽവാമ സംഭവത്തിനു ശേഷമുള്ള ബാലാകോട്ട് വ്യോമാക്രമണം ഈ ദൃഢനിശ്ചയത്തിനു കൂടുതൽ കരുത്തേകി. അടുത്തിടെ, പഹൽഗാം ആക്രമണത്തോടുള്ള പ്രതികരണമായി 2025 മെയ് 7നു നടത്തിയ "ഓപ്പറേഷന്‍ സിന്ദൂര്‍' രാജ്യത്തിന്‍റെ സ്വത്വവും പൗരന്മാരുടെ സുരക്ഷയും ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഇന്ത്യ ധൈര്യത്തോടും ദൃഢനിശ്ചയത്തോടും പ്രതികരിക്കുമെന്ന നയം നിര്‍ണായകമായി ഉയര്‍ത്തിക്കാട്ടി.
ഈ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയിൽ ആത്മവിശ്വാസവും അഭിമാനവും വളര്‍ത്തുക മാത്രമല്ല, പുതിയ ഇന്ത്യ അതിന്‍റെ ദേശീയ ക്ഷേമം സംരക്ഷിക്കാന്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറാണെന്ന സന്ദേശം ലോകത്തിനു നൽകുകയും ചെയ്തു.
വിദേശനയ മേഖലയിലും മോദിയുടെ തന്ത്രം അതുലല്യമാണ്. അദ്ദേഹമിന്ന് ഒരു അന്താരാഷ്‌ട്ര വേദിയിൽ നിൽക്കുകയും ഇന്ത്യയുടെ നിലപാട് ആത്മവിശ്വാസത്തോടെ മുന്നോട്ടു വയ്ക്കുകയും ചെയ്യുമ്പോള്‍, അഭിമാനത്തിന്‍റെ അലയൊലികള്‍ നാം ഏവരിലും പടരുകയാണ്. മുന്‍കാലങ്ങളിൽ വളര്‍ന്നുവരുന്ന രാജ്യമായാണ് ഇന്ത്യയെ പലപ്പോഴും കണ്ടിരുന്നത്. എന്നാലിപ്പോള്‍, മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യ ആഗോള നേതൃപദവി ഏറ്റെടുക്കുന്നതിലേക്കു കുതിക്കുകയാണ്. പാരിസ് കാലാവസ്ഥ ഉടമ്പടിയോ, ജി20 സമ്മേളനമോ, ഐക്യരാഷ്‌ട്ര സഭയിൽ നടത്തിയ പ്രസംഗമോ ഏതുമാകട്ടെ, അവയിലെല്ലാം, അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം ഇന്ത്യയുടെ വളരുന്ന കരുത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമായി.
നരേന്ദ്ര മോദിയെ ഞാന്‍ മനസിലാക്കിയതിൽ നിന്ന്, അദ്ദേഹത്തിന്‍റെ വ്യക്തിത്വം നയങ്ങളിലും പരിപാടികളിലും മാത്രം ഒതുങ്ങുന്നതല്ലെന്ന് എനിക്കു പറയാനാകും. അദ്ദേഹത്തിനു സവിശേഷമായ വ്യക്തിപ്രഭാവമുണ്ട്. അത് അദ്ദേഹത്തെ പൊതുജനങ്ങളുമായി നേരിട്ടു കൂട്ടിയിണക്കുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ സ്വാഭാവികതയും ലാളിത്യവുമുണ്ട്. അത് അദ്ദേഹത്തിനു പൊതുജനങ്ങളുടെ ഹൃദയങ്ങളിൽ ഇടമേകുന്നു. "മന്‍ കീ ബാത് ' പരിപാടിയിൽ അദ്ദേഹം സംസാരിക്കുമ്പോള്‍ കോടിക്കണക്കിനു ജനങ്ങള്‍ക്ക് പ്രധാനമന്ത്രി അവരുമായി നേരിട്ടു സംസാരിക്കുന്നതായി തോന്നുന്നു. ഗ്രാമീണ കര്‍ഷകനോ നഗരത്തിലെ വിദ്യാര്‍ഥിയോ വീട്ടമ്മയോ ആരുമാകട്ടെ, അവര്‍ക്കെല്ലാം അദ്ദേഹത്തോടു വളരെയേറെ അടുപ്പം തോന്നുന്നു. ഇത് ഏവര്‍ക്കും ലഭിക്കുന്ന ഗുണമല്ല.
തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാകുന്നത്, നരേന്ദ്ര മോദി ഇന്ത്യക്കു സാമ്പത്തികമായും രാഷ്‌ട്രീയമായും മാത്രമല്ല, മാനസികമായും സാംസ്‌കാരികമായും കരുത്തു പകര്‍ന്നിട്ടുണ്ടെന്നാണ്. ഇന്ത്യയുടെ ആന്തരിക ശക്തിയെക്കുറിച്ചു കൃത്യമായ ധാരണയുള്ള അദ്ദേഹത്തിന്, 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, നമ്മുടെ രാജ്യം "ആത്മനിര്‍ഭര്‍ ഭാരത് ' (സ്വയംപര്യാപ്ത ഇന്ത്യ) ആയി മാറണമെന്നും മഹത്തായ രാജ്യമെന്ന പദവി പുനഃസ്ഥാപിക്കണമെന്നുമുള്ള കാഴ്ചപ്പാടുണ്ട്. അതു നേടിയെടുക്കാന്‍, ദീര്‍ഘവീക്ഷണമാര്‍ന്ന നയങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ ആ ദിശയിൽ അതിവേഗം മുന്നോട്ടു നയിക്കുകയാണ്. ഈ ലോകത്തു നാം ആരുടെയും പിന്നിലല്ല എന്ന വിശ്വാസം ഓരോ ഇന്ത്യക്കാരനിലും വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ, അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രാജ്യം ആത്മാഭിമാനത്തിലും സ്വയംപര്യാപ്തതയിലും ആത്മവിശ്വാസത്തിലും പുതിയ ഉയരങ്ങള്‍ കീഴടക്കി. എന്‍റെ കാഴ്ചപ്പാടിൽ അതു ചരിത്രപരവും അതുല്യവുമാണ്.
വാസ്തവത്തിൽ, യഥാര്‍ഥ നേതൃത്വം എന്നത് ഓരോ നിമിഷവും രാഷ്‌ട്രത്തിനായി സമര്‍പ്പിക്കുന്നതാണ്; വര്‍ത്തമാന കാലത്തിന് അതീതമായി ഭാവിയിലേക്കു നോക്കുന്നതാണ്. ഇന്ന്, ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയാണു നരേന്ദ്ര മോദിയുടെ ഈ വ്യക്തിത്വം.
(കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പു മന്ത്രിയും ബിജെപി മുൻ ദേശീയ അധ്യക്ഷനുമാണ് ലേഖകൻ)