അമുൽ: ഇന്ത്യയുടെ ക്ഷീര വിപ്ലവത്തിന്‍റെ യാത്ര

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു വർഷം മുമ്പ്, ഗുജറാത്തിന്‍റെ ഹൃദയഭാഗത്ത്, ഒരു വിപ്ലവം പിറന്നു
അമുൽ: ഇന്ത്യയുടെ ക്ഷീര വിപ്ലവത്തിന്‍റെ യാത്ര

50 വർഷം മുമ്പ് ഗുജറാത്തിലെ ഗ്രാമീണർ കൂട്ടായി നട്ടുപിടിപ്പിച്ച തൈ ഇപ്പോൾ കൂറ്റൻ ആൽമരമായി വളർന്നു. ഇന്ന്, ഈ ഭീമാകാരമായ ആൽമരത്തിന്‍റെ ശാഖകൾ രാജ്യത്തും വിദേശത്തും വ്യാപിച്ചിരിക്കുന്നു''- അടുത്തിടെ ഗുജറാത്ത് കോപ്പറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്‍റെ (ജിസിഎംഎംഎഫ്) സുവർണ ജൂബിലിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിവ. ക്ഷീരോത്പന്ന ബ്രാൻഡായ അമുലിന്‍റെ ഉടമസ്ഥതയുള്ള വൻകിട സഹകരണ സ്ഥാപനമാണ് ജിസിഎംഎംഎഫ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു വർഷം മുമ്പ്, ഗുജറാത്തിന്‍റെ ഹൃദയഭാഗത്ത്, ഒരു വിപ്ലവം പിറന്നു. അത് പോൾസൺ ഡയറിയുടെ അന്യായമായ വ്യാപാര സമ്പ്രദായങ്ങൾക്കെതിരായി ചെറിയ തോതിലുള്ള പ്രതിഷേധമായി രൂപപ്പെട്ട് ഇന്ത്യയുടെ ക്ഷീരമേഖലയെ പുനർനിർമിച്ച ഒരു വലിയ പ്രസ്ഥാനമായി മാറി. കൈര (ഇപ്പോൾ ഖേഡ) ജില്ലയിലെ കർഷകർ സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ മാർഗനിർദേശപ്രകാരം കൈര ഡിസ്ട്രിക്റ്ര് കോ-ഓപ്പറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് രൂപീകരിച്ചു.

1965ൽ, അമൂൽ മാതൃകയെ പിന്തുടരുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെയാണ്,ദേശീയ ക്ഷീരവികസന ബോർഡ് (എൻഡിഡിബി) രൂപീകരിച്ചത്. അതിനെ തുടർന്ന് 1973ൽ ഇന്ത്യയുടെ മിൽക്ക് മാൻ ആയ ഡോ. വർഗീസ് കുര്യന്‍റെ നേതൃത്വത്തിന് കീഴിൽ ജിസിഎംഎംഎഫ് സ്ഥാപിതമായി. കർഷകർക്ക് ലാഭകരമായ ആദായവും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങളും നൽകുകയെന്ന ലക്ഷ്യത്തോടെ ഗുജറാത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ ഉന്നത സംഘടനയായി ഇത് ഉയർന്നുവന്നു . ഗുജറാത്തിൽ ആരംഭിച്ച സഹകരണ പ്രസ്ഥാനം ഇന്ത്യക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങൾക്കും മാതൃകയായി.

1970-ൽ, സഹകരണസംഘം "ധവളവിപ്ലവത്തിന്" നേതൃത്വം നൽകി. അത് ക്രമേണ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി ഉയർത്തി. 10 ട്രില്യൺ രൂപ വിറ്റുവരവുള്ള ഇന്ത്യയുടെ ക്ഷീരമേഖലയുടെ അഭൂതപൂർവമായ വളർച്ചയ്ക്ക് പിന്നിലെ പ്രേരകശക്തി രാജ്യത്തെ സ്ത്രീ തൊഴിലാളികളാണ്. ഇന്ന് അമുൽ നേടിയ ശ്രദ്ധേയമായ വിജയം പ്രധാനമായി ഈ സ്ത്രീ തൊഴിലാളി പങ്കാളിത്തം കാരണമാണ് .

ആത്മനിർഭർ ഭാരതത്തിനായുള്ള പ്രചോദനമാണ് അമുൽ. ലോകത്തെ 50ലധികം രാജ്യങ്ങളിലേക്ക് അമുൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. 18,000ലധികം ക്ഷീര സഹകരണ സമിതികളുടെയും 36,000 കർഷകരുടെയും വിപുലമായ ശൃംഖലയുടെ പിന്തുണയുള്ള അമുൽ, പ്രതിദിനം 3.5 കോടി ലിറ്റരിൽ അധികം പാൽ സംസ്കരിക്കുന്നു. ഈ മാതൃകയുടെ അടിസ്ഥാനം,ത്രിതല സഹകരണ ഘടനയാണ്. ഗ്രാമതല ക്ഷീരസംഘങ്ങൾ പ്രാദേശിക കർഷകരിൽ നിന്ന് പാൽ ശേഖരിക്കുന്നു. ഈ സൊസൈറ്റികൾ, ജില്ലാതല മിൽക്ക് യൂണിയനുകൾക്ക് പാൽ വിതരണം ചെയ്യുന്നു. ഒടുവിൽ , സംസ്ഥാനതല പാൽ ഫെഡറേഷനുകൾ വിതരണം ഏകീകരിക്കുകയും വിവിധ വിപണികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കർഷകർക്ക് അവരുടെ പാലിന് ന്യായമായ വില വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഉപഭോക്താക്കൾക്ക് പുതിയതും മായം ചേർക്കാത്തതുമായ ഉത്പന്നങ്ങൾ ലഭിക്കുന്നു. പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കുന്നതിലൂടെയും പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തുന്നതിലൂടെയും അമുൽ ഒരു സ്ഥിരമായ വിതരണ ശൃംഖല ഉറപ്പാക്കുക മാത്രമല്ല ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഇന്ന്, 2022-23 സാമ്പത്തിക വർഷത്തിൽ 72,000 കോടി രൂപയുടെ വാർഷിക വിറ്റുവരവ് രേഖപ്പെടുത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി ബ്രാൻഡാണ് അമുൽ. യുകെ ആസ്ഥാനമായുള്ള ബ്രാൻഡ് ഫിനാൻസ് അതിന്‍റെ 'ബ്രാൻഡ് ഫിനാൻസ് ഫുഡ് ആൻഡ് ഡ്രിങ്ക്സ് റിപ്പോർട്ട് 2023' ൽ അമുലിനെ ആഗോളതലത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ ക്ഷീരോൽപ്പന്ന ബ്രാൻഡായി മാത്രമല്ല,അമെരിക്കൻ ചോക്ലേറ്റ് ബ്രാൻഡായ ഹെർഷേയ്‌ക്ക് പിന്നിൽ ലോകമെമ്പാടുമുള്ള രണ്ടാമത്തെ ശക്തമായ ഫുഡ് ബ്രാൻഡായും തെരഞ്ഞെടുത്തു. അമുൽ വിപണന തന്ത്രത്തിന്‍റെ അടിത്തറ, അതിന്‍റെ സമഗ്ര സമീപനമാണ്.അവിടെ 'അമുൽ പെൺകുട്ടി' ഒരു ഏകീകൃത നൂൽ ആയി വർത്തിക്കുന്നു. ഉത്പന്ന ശ്രേണിയിലുടനീളം ഈ പേര് ഉപയോഗിക്കുന്നതിലൂടെ, അമുൽ വിപണന ശ്രമങ്ങൾ ലളിതമാക്കുകയും ചെലവ് നിയന്ത്രണം കാര്യക്ഷമമാക്കുകയും ചെയ്തു.

അമുലിന്‍റെ ആശയ പ്രചാരണ തന്ത്രത്തിനും വലിയ പ്രാധാന്യമുണ്ട്. 1966ൽ സിൽവസ്റ്റർ ഡാകുൻഹ അവതരിപ്പിച്ച, ഭംഗിയുള്ള തുടുത്ത കവിളുകൾ ഉള്ള അമുൽ പെൺകുട്ടിയുടെ രസകരമായ, പരസ്യങ്ങൾ തലമുറകൾ പിന്നിട്ട്, ഏറ്റവും അധികം കാലം നീണ്ടുനിന്ന പ്രചാരണ പരിപാടി എന്ന വിശേഷണവുമായി ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി. 2019ൽ ഒരു ബ്രിട്ടീഷ് കമ്പനി പുറത്തിറക്കിയ വെണ്ണയ്ക്ക് അട്ടർലി ബട്ടർലി എന്ന് പേരിട്ടത് അമുൽ പെൺകുട്ടിയുടെ സ്വാധീനത്താലാണ്. രാഷ്ട്രീയം മുതൽ ജനകീയമായ ആധുനിക സംസ്കാരം വരെയുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന അമുൽ പെൺകുട്ടിയെ അവതരിപ്പിക്കുന്ന രസകരമായ പരസ്യബോർഡുകളും അച്ചടി പരസ്യങ്ങളും ഈ ബ്രാൻഡിനെ പൊതു സമൂഹത്തിൽ സജീവമായി നിലനിർത്തുന്നതിൽ വിജയിച്ചു.

ജിസിഎം എം എഫ്, അതിന്‍റെ സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ, ഇത് സംഘടനയുടെ പ്രയാണത്തിലെ ഒരു നാഴികക്കല്ല് മാത്രമല്ല, മറിച്ച് മെച്ചപ്പെട്ട രീതിയിൽ ജീവിതം രൂപാന്തരപ്പെടുത്തിയ ദശലക്ഷക്കണക്കിന് ക്ഷീരകർഷകരുടെ വിജയവും കൂടിയാണ് .അമുലിന്‍റെ യാത്ര, സഹകരണ സ്ഥാപനങ്ങളും ഗവൺമെന്‍റും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ മഹത്തായ ഉദാഹരണമാണ്. ഒരു പൊതു ലക്ഷ്യത്തോടെ സമൂഹം ഒന്നിച്ചാൽ എന്തും നേടാനാകുമെന്ന് ഇത് കാണിക്കുന്നു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിൽ ഗവണ്മെന്‍റ് റെക്കോർഡ് നിക്ഷേപം നടത്തുന്നു. ഇതിനായി 30,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് സ്ഥാപിച്ചു.

ഇന്ന് അമുൽ ബ്രാൻഡ് ഒരു ഉത്പന്നം മാത്രമല്ല, ഒരു പ്രസ്ഥാനം കൂടിയാണ്. അത് ഒരു തരത്തിൽ കർഷകരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെ പ്രതിനിധാനമാണ്. ഇത് കർഷകർക്ക് സ്വപ്നം കാണാൻ ധൈര്യം നൽകിയിരിക്കുന്നു ; പ്രതീക്ഷിക്കാനും ജീവിക്കാനുമുള്ള ധൈര്യവും നൽകിയിരിക്കുന്നു

Trending

No stories found.

Latest News

No stories found.