മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം

കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്‍റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്
angamaly appollo hospital saved child life

പ്രിൻസ്, ഷൈബി, മകൻ ആദം ജോൺ

Updated on

അങ്കമാലി: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ രണ്ടുവയസുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്‍റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഇതുകണ്ട അസം സ്വദേശിയായ മുൻസീർ സ്വന്തം ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങി ആദമിനെ പുറത്തെടുത്തു.

എന്നാൽ ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം നിലച്ച അവസ്ഥയിലും, അപസ്മാര ലക്ഷണങ്ങളോടെയുമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

രക്തത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻ തന്നെ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ചു. പീഡിയാട്രിക്സ് വിഭാഗം എച്ച്ഒഡിയും സീനിയർ കൺസൾട്ടന്‍റുമായ ഡോ. രമേഷ് കുമാർ, പീഡിയാട്രിക് ഐസിയു കൺസൾട്ടന്‍റ് ഡോ. ദിനേശ് ആർ.പി, പീഡിയാട്രിക്സ് കൺസൾട്ടന്‍റ് ഡോ. തരുൺ.സി. വർഗീസ്, ഡോ അരുൺ ഗ്രേസ് റോയ്, സീനിയർ കൺസൾട്ടന്‍റ് ന്യൂറോളജി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് കുട്ടിക്ക് ചികിത്സ നൽകിയത്.

ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ പരുക്ക്, ശ്വസനതടസം, രക്തത്തിലെ അണുബാധ, വൃക്കയിലെ തകരാറുകൾ, വിട്ടുമാറാത്ത അപസ്മാരം തുടങ്ങി സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളാണ് കുട്ടിയെ അലട്ടിയിരുന്നത്. വെന്റിലേറ്ററിന്‍റെ സഹായത്തോടെയുള്ള കൃത്യമായ പരിചരണവും, ന്യൂമോണിയക്കും മറ്റ് അണുബാധകൾക്കുമുള്ള വിദഗ്ധ ചികിത്സയും നൽകിയാണ് മെഡിക്കൽ സംഘം കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നാലു ദിവസത്തെ തീവ്രപരിചരണത്തിനൊടുവിൽ ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെത്തുടർന്ന് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. തുടർ ചികിത്സകളിൽ അണുബാധയും അപസ്മാരവും പൂർണമായും നിയന്ത്രണവിധേയമായി.

ചികിത്സയുടെ ഒൻപതാം ദിവസം മാതാപിതാക്കളെ തിരിച്ചറിയാനും തനിയെ ഭക്ഷണം കഴിക്കാനും തുടങ്ങിയ ആദം പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. അതിഥി തൊഴിലാളിയായ മുൻസീറിന്‍റെ സമയോചിതമായ ഇടപെടലും അപ്പോളോ ആശുപത്രിയിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമാണ് ആദമിന് തുണയായത്. മകനെ ജീവിതത്തിലേക്ക് തിരികെ നൽകിയ ആശുപത്രി അധികൃതരോടും ജീവൻ രക്ഷിച്ച മുൻസീറിനോടും നന്ദി പറയുകയാണ് ആദമിന്‍റെ കുടുംബം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com