അണമുറിയാത്ത സ്നേഹത്തിന്‍റെ അഞ്ച് മിനിറ്റുകൾ: നിയമം വേർപിരിച്ച 'ആത്മസുഹൃത്തി'നരികിൽ ആരിഫ്, വീഡിയോ

ഒടുവിൽ ആ സ്നേഹത്തിനു മുന്നിൽ കണ്ണു നിറഞ്ഞ് ആരിഫ് മടങ്ങി, ഒരിക്കൽപ്പോലും തിരിഞ്ഞു നോക്കാതെ
അണമുറിയാത്ത സ്നേഹത്തിന്‍റെ അഞ്ച് മിനിറ്റുകൾ: നിയമം വേർപിരിച്ച 'ആത്മസുഹൃത്തി'നരികിൽ ആരിഫ്, വീഡിയോ
Updated on

അരികിൽ ആരിഫ് വന്നു നിന്നതേയുള്ളൂ. വാസസ്ഥലത്തിന്‍റെ പരിമിതികൾക്കുള്ളിൽ ആഹ്ളാദത്താൽ ആ കൊക്ക് ചാടിത്തിമിർക്കാൻ തുടങ്ങി. അവരിരുവർക്കും മാത്രം മനസിലാകുന്ന ഭാഷയിൽ പരസ്പരസ്നേഹത്തിന്‍റെ അഞ്ചേയഞ്ച് മിനിറ്റുകൾ. ഒടുവിൽ ആ സ്നേഹത്തിനു മുന്നിൽ കണ്ണു നിറഞ്ഞ് ആരിഫ് മടങ്ങി, ഒരിക്കൽപ്പോലും തിരിഞ്ഞു നോക്കാതെ. ഇന്നലെ അലൻ ഫോറസ്റ്റ് സൂവിലായിരുന്നു ഈ അപൂർവ സ്നേഹനിമിഷങ്ങൾ. നിയമം വേരിപിരിച്ച അപൂർവസൗ ഹൃദത്തിന്‍റെ കഥയാണ് അമേത്തി സ്വദേശി ആരിഫിന്‍റേതും സാരസ് കൊക്കിന്‍റേതും.

പരുക്കേറ്റ് കിടന്ന സാരുസ് കൊക്കിനെ രക്ഷപെടുത്തി പരിപാലിക്കുകയായിരുന്നു ആരിഫ്. പിന്നീട് പറക്കാറായെങ്കിലും ജീവൻ രക്ഷിച്ച ആ കരങ്ങളുടെ കരുതലിൽ നിന്നും ആ പക്ഷി പറന്നകന്നില്ല. ഒപ്പം കൂടി. യാത്രയുടെ നടവഴികളിലെല്ലാം ഒപ്പം പറന്നു. പിരിയാതെ തോളത്തിരുന്നു. ഒരു വർഷത്തോളം കുടുംബാംഗത്തെ പോലെ കൊക്ക് ആരിഫിനൊപ്പമു ണ്ടായിരുന്നു. എന്നാൽ മനുഷ്യനുണ്ടാക്കിയ നിയമത്തിന്‍റെ കാർക്കശ്യങ്ങളിൽ അവർക്കു വേർപിരിയേണ്ടി വന്നു. മൃഗസംരക്ഷണ നിയമത്തിന്‍റെ നൂലാമാലകളിൽ ആ സാരസ് കൊക്കിനെ ആരിഫിൽ നിന്നും വേർപെടുത്തി സാങ്ച്വറിയിലേക്കു മാറ്റുകയായിരുന്നു.

സാങ്ച്വറിയിലേക്കു മാറ്റി മൂന്നാഴ്ചകൾക്ക് ശേഷമാണു കഴിഞ്ഞദിവസം ആരിഫ് സാരസ് കൊക്കിനെ കാണാനെത്തിയത്. ജോലി കഴിഞ്ഞു തിരിച്ചുവരുമ്പോൾ പതിവായി കൊക്ക് കാണിക്കാറുള്ള ആഹ്ളാദത്തിന്‍റെ നിമിഷങ്ങൾ തന്നെയാണ് കഴിഞ്ഞദിവസവും പ്രകടിപ്പിച്ചതെന്ന് ആരിഫ് പറയുന്നു.

ആരിഫിനെയും അരുമയായ കൊക്കിനേയും ഒരുമിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഈ രണ്ട് സുഹൃത്തുക്കളുടെയും സ്നേഹം എത്ര പരിശുദ്ധമാണെന്നു രാഹുൽ ഗാന്ധി എംപി ട്വിറ്ററിൽ കുറിച്ചു. കൂട്ടിൽ ജീവിക്കാനല്ല, സ്വതന്ത്രമായി ആകാശത്ത് പറക്കാനാണ് ഈ മനോഹരജീവിയെ സൃഷ്ടിച്ചിരിക്കുന്നത്. അവന്‍റെ ആകാശവും സ്വാതന്ത്ര്യവും സുഹൃത്തിനേയും തിരികെ നൽകുക, വരുൺ ഗാന്ധി കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com