നിറങ്ങളുടെ ലോകത്ത് പാദമുദ്ര പതിപ്പിച്ച് 'സ്വപ്ന' ഉയരങ്ങളിലേക്ക്

അന്നൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ എന്നും പ്രാർത്ഥിക്കുമായിരുന്നു. ദൈവമേ രാവിലെ ഉണരുമ്പോൾ എനിക്ക് കൈകൾ മുളച്ചു വരുണമേ എന്ന്... പക്ഷേ, പിന്നീട് സത്യമറിഞ്ഞു...
നിറങ്ങളുടെ ലോകത്ത് പാദമുദ്ര പതിപ്പിച്ച് 'സ്വപ്ന' ഉയരങ്ങളിലേക്ക്

ആർദ്ര ഗോപകുമാർ

ചെറുപ്പത്തിൽ ഞാൻ അമ്മയുടെ കൂടെ നടക്കുമ്പോൾ ചുറ്റുമുള്ള കുട്ടികൾ അത്ഭുതത്തോടെ പറയും, നോക്ക് രണ്ട് കൈയുമില്ലാത്ത ഒരു കുട്ടി പോകുന്നു... ഇത് കേൾക്കുമ്പോ, മറ്റു കുട്ടികൾ കളിക്കുന്നത് കാണുമ്പോൾ, അവരുടെ അമ്മയെ കെട്ടിപിടിക്കുന്നത് കാണുമ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നുമായിരുന്നു. അന്നൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ എന്നും പ്രാർത്ഥിക്കുമായിരുന്നു. ദൈവമേ രാവിലെ ഉണരുമ്പോൾ എനിക്ക് കൈകൾ മുളച്ചു വരണമേ എന്ന്... പക്ഷേ, പിന്നീട് സത്യമറിഞ്ഞു... അപ്പൊ ഞാൻ ദൈവത്തെയോ വിധിയേയോ പഴിച്ചില്ല. മറ്റുള്ളവർക്ക് ഇല്ലാത്ത ഒന്ന് എനിക്ക്‌ ഉണ്ടല്ലോ... ചിത്രം വരക്കാൻ ഉള്ള കഴിവ് ...അതും കാലുകൊണ്ട്.... പിന്നീട് ഞാൻ എല്ലാം പോസിറ്റീവ് ആയി കാണാൻ ശ്രമിച്ചു.''

സ്വപ്നങ്ങൾക്ക് മീതേ...
12-ാം വയസില്‍, ജന്മനാ രണ്ട് കൈകളുമില്ലാത്ത ശാരീരിക അവസ്ഥയില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന സത്യം ആദ്യമായി സ്വപന തിരിച്ചറിയുന്നു. ആ ഒരു നിമിഷം മതി തളർന്നു പോകാൻ. എന്നാൽ അവിടെ നിന്ന് ഉയർത്തെഴുന്നേൽക്കാനുള്ള ആത്മവിശ്വാസം അതാണ് സ്വപനയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥയാക്കുന്നത്. തന്‍റെ ശാരീരിക പരിമിതികളെ തിരിച്ചറിഞ്ഞ ശേഷം പിന്നീട് ഒരിക്കലും സ്വപ്നക്ക് ജീവിതത്തില്‍ തിരിഞ്ഞു നോക്കണ്ടി വന്നിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായ ചിത്രകാരിയും വേള്‍ഡ് മലയാളി ഫൗണ്ടേഷന്‍റെ 'ഐക്കണ്‍ ഓഫ് ദി ഇയര്‍ 2018' പുരസ്കാര ജേതാവുമായ പെരിങ്ങോട്ട്കരക്കാരി സ്വപ്ന അഗസ്റ്റിൻ അതിജീവനത്തിന്‍റെ കഥ പറയുമ്പോൾ ആത്മവിശ്വാസത്തിന്‍റെ തീക്ഷ്‌ണത ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം...

ജനനം കർഷക കുടുംബത്തിൽ...
ഒരു കര്‍ഷക കുടുംബത്തിലാണ് നാല് മക്കളിൽ മൂത്തയാളായാണ് സ്വപ്നയുടെ ജനനം. സ്വപ്ന ജനിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് അച്ഛന്‍ ജനിക്കുന്ന കുട്ടിയെ സ്വപനം കണ്ടതിനാലാണ് തനിക്ക് ഈ പേരുവരാന്‍ കാരണം എന്ന് ഒരു ചെറു പുഞ്ചിരിയോടെ സ്വപ്ന ഓർക്കുന്നു. ജന്മനാ രണ്ട് കൈകളില്ലാതെയാണ് ജനനം. എങ്കിലും അച്ഛനും അമ്മയും തന്നെ ഒരു നിമിഷം പോലും മാറ്റിനിർത്തിയിട്ടില്ല. തനിക്ക് ശേഷം അവര്‍ക്ക് മൂന്ന് കുട്ടികള്‍ ജനിച്ചും അവരെ‌പോലെ തന്നെയാണ് അവർ എന്നെയും നോക്കിയത്. അതിനാല്‍ അവരാണ് തന്‍റെ യഥാര്‍ത്ഥ പ്രചോദനം ഈ ജിവിതം മുഴുവനും അവരോടുള്ള നന്ദിയാണ്.

തന്‍റെ ആറാമത്തെ വയസു മുതല്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ഒരു കോണ്‍വെന്‍റില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സ്വപ്ന, തന്‍റെ പോരായ്മകള്‍ കൊണ്ട് മറ്റുള്ളവരില്‍ നിന്നും മികച്ചതാകണം എന്ന് തീരുമാനിച്ചിരുന്നു. ചിത്രകലയില്‍ സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ കൊച്ചു സ്വപ്ന പിന്നീട് വളര്‍ന്ന് ഒരു മുഴുവന്‍ സമയ ചിത്രകാരിയാണ് തിരികെ വന്നത്.

ചിത്രകലയുടെ ലോകത്തേക്ക്...
ചിത്രകലയുടെ ലോകത്ത് തന്‍റേതായ പാദ മുദ്ര പതിപ്പിച്ച ആളാണ് ഈ നാല്പത്തിയൊന്ന്കാരി. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സ്വപ്ന 4000-ത്തോളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അവരുടെ ചിത്രങ്ങള്‍ നിരവധി വിദ്യാർഥി പത്രങ്ങളിലും യുവജന മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പെയിന്‍റിങ് പൂര്‍ത്തിയാക്കാന്‍ സ്വപ്നക്ക് അഞ്ച്  മുതല്‍ എട്ട് ദിവസം വരെയും പെന്‍സില്‍ സ്കെച്ച് പൂര്‍ത്തിയാക്കാന്‍ 2/3 ദിവസങ്ങള്‍ വരെയും എടുക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം ഒരു ദിവസം 2-3 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കാന്‍ കഴിയാറില്ല.

ക്യാൻവാസിലേക്ക്.....
അക്രിലിക് പെയിന്‍റിങ്ങിനെക്കുറിച്ചുള്ള ഒരു വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത ശേഷം, ക്യാന്‍വാസിലേക്ക് മാറുകയും പെയിന്‍റിങ് പ്രൊഫഷനായി സ്വീകരിക്കുകയും ചെയ്തു. പിന്നീട്, ഒരു അടുത്ത സുഹൃത്ത് അവളെ കേരളത്തിലെ വായ്-ഫൂട്ട് പെയിന്‍റര്‍മാരുടെ ഒരു കൂട്ടായ്മയില്‍ പരിചയപ്പെടുത്തി. അവിടെ നിന്ന് ഇന്‍റര്‍നാഷണല്‍ മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്‍റിങ് ആര്‍ട്ടിസ്റ്റ്സ് അസോസിയേഷനില്‍ (IMAFP.)  അംഗത്വം നേടി. അങ്ങനെ 27 ഇന്ത്യക്കാരും 9 മലയാളികളുമുള്ള കൂട്ടായ്മയില്‍ സ്വപ്നയും ഒരു ഭാഗമായി.

വലിയ നേട്ടം....
ആരുടേയും കൈപിടിക്കാതെ തന്നെ വിജയത്തിന്‍റെ ഓരോ പടവുകള്‍ സ്വപ്ന കീഴടക്കിക്കൊണ്ടിരുന്നു. പ്രശസ്ത സെര്‍ബിയന്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ നിക്ക് വുജിക്കിനെ നേരിട്ട് കാണാനും അദ്ദേഹത്തിന്‍റെ ഛായാചിത്രം കൈമാറാനും കഴിഞ്ഞതും തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി അവര്‍ കരുതുന്നു. യാത്രകള്‍ എന്നും ആവേശമായിരുന്ന സ്വപ്നക്ക്. ഷോകളുടെ ഭാഗമായി മൂന്ന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിനോടകം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തന്‍റെ ചിത്രങ്ങളുടെ മൂന്ന് പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. അടുത്തിടെ സാവ്ലോണ്‍ സ്വാസ്ത് ഇന്ത്യ മിഷന്‍റെ ഭാഗമായി സാവ്ലോണ്‍ ഇന്ത്യയുടെ പരസ്യത്തിലും സ്വപ്നയെ ഫീച്ചര്‍ ചെയ്യുകയുണ്ടായി. മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്‍റിങ് ആര്‍ട്ടിസ്റ്റുകളുടെ (IMAFP) പങ്കാളിത്തത്തോടെ ##NoHandUnwashed എന്ന പ്രസ്ഥാനം ആരംഭിച്ചു.

യാത്ര തുടരുന്നു....
സ്വപ്ന വിദ്യാർഥികള്‍ക്ക് പ്രചോദനാത്മകമായ ആത്മവിശ്വാസം സമ്മാനിക്കുന്ന പ്രഭാഷണങ്ങളും തത്സമയ പെയിന്‍റിങ് പ്രദര്‍ശനങ്ങളും നടത്താറുണ്ട്. ഈ യുവ കലാകാരിക്ക് അവളുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കകളൊന്നുമില്ല. ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിക്കാതെ, ഭാവിയിലും നിറങ്ങള്‍ക്കൊപ്പം തന്‍റെ യാത്ര തുടരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പുതു തലമുറയിലെ പരിമിതിയുള്ള കുട്ടികളുടെ അച്ഛനമ്മമാരോട് കുട്ടികളുടെ ഇഷ്ടങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കണം എന്നാണ് സ്വപ്നക്ക് പറയാനുള്ളത്. വികലാംഗരായി ജനിച്ചവര്‍ മുഖ്യധാരാ സമൂഹത്തില്‍ നിന്ന് സഹതാപം പ്രതീക്ഷിക്കുന്നില്ലെന്നും പൊതുസ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ അവര്‍ക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വപ്ന പറയുന്നു.

ഓരോ സമയത്തും നമ്മളെ നമ്മുടെ ലക്ഷ്യത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ പല കാരണങ്ങളും ഉണ്ടാകും. അതില്‍ ഒന്നും പിന്‍തിരിയാതെ എത്ര കഠിനമുള്ള പാതയാണെങ്കിലും ലക്ഷ്യത്തിലേക്ക് തന്നെ നീങ്ങി കൊണ്ടിരിക്കുക. സാമ്പത്തികമായി സ്വാതന്ത്രരാവുക. ആരുടേയും മുന്നില്‍ തലകുനിക്കാതെ ജീവിക്കുക. അവര്‍ക്കു മുന്നില്‍ മുട്ട് മടക്കാതെ മുന്നോട് തന്നെ പോവുക. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക എന്നെല്ലാമാണ് വനിതാ ദിനത്തില്‍ സ്വപ്നയ്ക്ക് എല്ലാ വനിതകളോടും പറയാനുള്ളത്. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com