സ്റ്റോക്ഹോം ഇന്‍റർനാഷണൽ പീസ് റിസർച്ച് (എസ്ഐ പിആർഐ) റിപ്പോർട്ടിലാണ് ‘ഈ വസ്തുതകൾ ഉള്ളത്
ആയുധ വ്യാപാരം: ഇസ്രയേലിനു ലാഭക്കൊയ്ത്ത്, റഷ്യയ്ക്കു ദുരിതപ്പെയ്ത്ത്
സ്റ്റോക്ഹോം: രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിനിടയിലും ഇസ്രയേലിന്‍റെ ആയുധ വ്യാപാരം കുതിച്ചുയരുന്നതായി റിപ്പോർട്ട്. എന്നാൽ, യുദ്ധം ആയുധ ഭീമനായ റഷ്യയുടെ കച്ചവടം 92 ശതമാനം ഇടിച്ചതായും വാർത്തയുണ്ട്.
സ്റ്റോക്ഹോം ഇന്‍റർനാഷണൽ പീസ് റിസർച്ച് (എസ്ഐ പിആർഐ) റിപ്പോർട്ടിലാണ് ഈ വസ്തുതകൾ ഉള്ളത്. ഇസ്രയേൽ അവരുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ യുദ്ധമാണ് ഇപ്പോൾ നയിക്കുന്നത്. എന്നിട്ടും ആയുധ വ്യാപാരത്തിൽ വൻ വർധനവാണ് ഇസ്രയേലിനുള്ളത്.
റിപ്പോർട്ടിലെ കാലയളവിൽ ഗാസയിൽ ഹമാസുമായും സിറിയ, യെമൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലെ സായുധ സംഘങ്ങളുമായും ഇസ്രയേൽ ഏറ്റുമുട്ടി. ഇറാനുമായി നേരിട്ട് മിസൈൽ ആക്രമണങ്ങളുമുണ്ടായി. ഇത്രയൊക്കെയുണ്ടായിട്ടും ഇസ്രയേലിന്‍റെ ആയുധക്കച്ചവടത്തിന് ഒട്ടും കുറവുണ്ടായില്ല.
2024ൽ 1400 കോടി ഡോളറിന്‍റെ ആയുധക്കച്ചവടമാണ് ഇസ്രയേൽ നടത്തിയത്. 2023ലെ 1300 കോടി ഡോളറിൽ നിന്നാണ് ഈ വർധന. ഒറ്റ വർഷം കൊണ്ട് യുദ്ധകാലത്ത് 13 ശതമാനമാണ് ഇസ്രയേലിന്‍റെ ആയുധ വ്യാപാരം വർധിച്ചത്. ഗാസയിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ ഇസ്രയേലിനെതിരെ എതിർപ്പ് ശക്തമായിരിക്കുന്ന സമയവുമായിരുന്നു ഇത്.
2024 ൽ ഇസ്രയേലിൽ നിന്ന് ഏറ്റവുമധികം ആയുധങ്ങൾ വാങ്ങിയത് യൂറോപ്യൻ രാജ്യങ്ങളാണ്. ഇസ്രയേലിന്‍റെ ആയുധ വിൽപനയിൽ 54 ശതമാനവും യൂറോപ്യൻ രാജ്യങ്ങളുമായാണ്. 2023 ൽ ഇത് 35 ശതമാനമായിരുന്നു. ഗാസയിലെ സൈനിക
നടപടിക്കെതിരെ ഇസ്രയേലിനെ വിമർശിച്ച യൂറോപ്യൻ രാജ്യങ്ങൾ തന്നെ ഇസ്രയേലിന്‍റെ വലിയ ആയുധ ഉപഭോക്താക്കളായി എന്നൊരു വിരോധാഭാസവും റിപ്പോർട്ട് പങ്കു വയ്ക്കുന്നുണ്ട്. യുകെ, ജർമനി എന്നീ രാജ്യങ്ങളാണ് കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടിയ ഇസ്രയേലിന്‍റെ വിമർശകർ.
യൂറോപ്പ് കഴിഞ്ഞാൽ ഏഷ്യാ പസഫിക് മേഖലയാണ് ഇസ്രയേലിന്‍റെ ആയുധ കച്ചവടത്തിന്‍റെ മറ്റൊരു വിപണി. ഇന്ത്യ ഇസ്രയേലിൽ നിന്ന് ആയുധങ്ങൾ വാങ്ങിയതിൽ മുൻനിരയിലുള്ള രാജ്യമാണ്. 2024 ലെ ആയുധ വ്യാപാരത്തിലെ 13 ശതമാനവും ഇന്ത്യയുമായിട്ടായിരുന്നു. 27 ശതമാനവുമായി ഫിലിപ്പീൻസുമുണ്ട്.
കൂടാതെ, ഇസ്രയേലും അറബ് രാജ്യങ്ങളുമായുള്ള ആയുധ വ്യാപാരങ്ങളിലും ഇക്കാലയളവിൽ വർധനവ് ഉണ്ടായി. 2024 ലെ ആയുധ വ്യാപാരത്തിന്‍റെ 12 ശതമാനം അറബ് രാജ്യങ്ങളുമായാണ്. 2023 ലെ അബ്രഹാം അക്കോർഡ്സിനു ശേഷമാണ് ഈ വളർച്ച. അതിനു മുമ്പേ മൂന്നു ശതമാനത്തിലും താഴെയായിരുന്നു അറബ് രാജ്യങ്ങളുമായുളള ഇസ്രയേലിന്‍റെ ആയുധ വ്യാപാരം.
യുഎഇ, ബഹറിൻ, മൊറോക്കോ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഇസ്രയേൽ ആയുധങ്ങൾ വിറ്റത്. ഇത് ഏകദേശം 1800 കോടി ഡോളറിന്‍റെ വ്യാപാരമായിരുന്നു. വടക്കൻ അമെരിക്കൻ രാജ്യങ്ങളിലേയ്ക്ക് ഒൻപതു ശതമാനവും ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്ക് ഒരു ശതമാനവും ആയിരുന്നു ഇസ്രയേലിന്‍റെ ആയുധ വ്യാപാരം.
എന്നാൽ റഷ്യയുടെ അവസ്ഥ മറിച്ചാണ്. യുക്രെയ്നുമായി തുടരുന്ന യുദ്ധം റഷ്യയ്ക്ക് വൻ നഷ്ടമുണ്ടാക്കി. യുദ്ധം മൂലം വിതരണ ശൃംഖല തടസപ്പെട്ടു. ഉൽപാദനം യുദ്ധ കേന്ദ്രീകൃതമായി. ഇതെല്ലാം റഷ്യയുടെ ആയുധവ്യാപാരത്തിന് തിരിച്ചടിയായി. ഇതോടെ റഷ്യയെ ആശ്രയിച്ചിരുന്ന ചില രാജ്യങ്ങൾ ഇസ്രയേലിൽ നിന്നും ആയുധങ്ങൾ വാങ്ങി. യുദ്ധവും ഉപരോധങ്ങളും നിമിത്തം റഷ്യയ്ക്ക് പല രാജ്യങ്ങളിലേയ്ക്കും ആയുധ വ്യാപാരം നടത്താനായില്ല . ഈ വിടവ് നികത്താൻ ഇസ്രയേലിന് അതിവേഗം സാധിച്ചു.