
കലാ- സാംസ്കാരിക രംഗത്ത് ഏറെ കേൾവി കേട്ടതാണ് കേരളത്തിന്‍റെ തനത് കലാരൂപമായ കഥകളി, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, തിരുവാതിര തുടങ്ങിയവ. ചിത്രരചനയിലും കാർട്ടൂണിലുമൊക്കെ മലയാളികളുടെ മേൽക്കോയ്മ പ്രശസ്തം. എത്രയെത്ര കലാരൂപങ്ങളാണ് പ്രവാസി മലയാളികളാൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നത്. കേരളത്തിൽ നടക്കുന്ന കഥകളി അടക്കമുള്ള കലാ അവതരണത്തെക്കാൾ കൂടുതൽ ഇപ്പോൾ പ്രവാസി കലാകാരന്മാർ അവതരണം നടത്തുന്നു.
കഥകളിക്ക് ഏറെ പ്രശസ്തമായ കേരളത്തിന് അഭിമാനമായി ഡൽഹിയിൽ സെന്‍റർ ഫോർ ഇന്‍റർനാഷണൽ കഥകളി കേന്ദ്രം പ്രവർത്തിക്കുന്നു. നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ കഥകളി പഠിക്കുന്നത്. ചുട്ടിയും വേഷവും താളവും പഠിക്കുന്നവർ വേറെയും. രാജ്യ തലസ്ഥാനത്തു മലയാളികൾക്ക് അഭിമാനിക്കാവുന്ന ഈ സെന്‍റർ ഉള്ളതുകൊണ്ട് പ്രമുഖ ചടങ്ങുകളിലെല്ലാം കഥകളി അവതരിപ്പിക്കപ്പെടുന്നുണ്ട്. രാജ്യ തലസ്ഥാനത്ത് മോഹിനിയാട്ടം അക്കാദമിയും പഞ്ചവാദ്യ ട്രസ്റ്റും അങ്ങനെ ഒട്ടേറെ കലാകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു എന്നത് മലയാളത്തിന്‍റെ പ്രിയപ്പെട്ട കലാരൂപങ്ങൾക്ക് ദേശീയ തലസ്ഥാനത്തിൽ അംഗീകാരങ്ങൾ ലഭിക്കാൻ കാരണമാകുന്നു.
തൃശൂർ പൂരത്തിനെ അനുസ്മരിപ്പിക്കുന്ന ഡൽഹി പൂരവും മറ്റു പ്രവാസ ലോകത്തെ മലയാളികൾ സംഘടിപ്പിക്കുന്ന പൂരങ്ങളും ഏറെ പ്രശസ്തമാണ്. നൂറോളം വാദ്യകലാകാരന്മാരോടൊപ്പം മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ചെറുതാഴം കുഞ്ഞിരാമൻ മാരാരും സംഘവും ഒരുക്കുന്ന ഡൽഹി പൂരമുണ്ട്. രാജ്യതലസ്ഥാനത്ത് തൃശൂർ പൂരത്തിന് സമാനമായ ഡൽഹി പൂരം ഇന്ന് അരങ്ങേറുകയാണ്. ആയിരക്കണക്കിന് താള പ്രേമികളായിരിക്കും ഡൽഹി പൂരത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേരുക.
ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ഒട്ടേറെ പൂരക്കാഴ്ചകൾ ഇപ്പോൾ കാണാം. മലയാളികളുടെ താള താൽപര്യം ഏറെ പ്രശസ്തമായതുകൊണ്ടു തന്നെ പ്രവാസികൾക്കിടയിൽ അത് ഏറെ സ്വീകരിക്കപ്പെടുന്നുമുണ്ട്. ചെണ്ട പഠിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ ഗണ്യമായ വളർച്ചയ്ക്ക് പോലും ഇത് കാരണമാണ്. ഓരോ വർഷവും നൂറുകണക്കിന് വാദ്യകലാകാരന്മാരാണ് പ്രവാസ ലോകത്തെ ഓരോ പ്രദേശങ്ങളിൽ നിന്നും ഉയർന്നുവരുന്നത്.
നാടക രംഗത്ത് വലിയ സംഭാവനകൾ നൽകിയ പ്രദേശമാണ് ഡൽഹി. പ്രൊഫ. ഓംചേരി എൻ.എൻ. പിള്ളയെ ഈ അവസരത്തിൽ ഓർക്കാതിരിക്കുവാനും സാധിക്കില്ല. എക്സ്പിരിമെന്‍റ് തീയെറ്ററിന് ആദ്യമായി വേദി ഒരുക്കിയത് ഡൽഹിയിലെ മലയാളി നാടക പ്രവർത്തകരാണ്. ഇന്നും മലയാള നാടകത്തിന് ഊർജം പകരുന്ന പ്രവർത്തികളാണ് ഡൽഹിയിൽ നടക്കുന്നത്. വ്യക്ഷ് ദി തിയെറ്റർ എന്ന സംഘം ചെറുനാടകങ്ങളുടെ ഒരു മേള തന്നെ ഫെബ്രുവരി 2ന് നടത്തുന്നു. തെപ്സിസ് എന്ന പേരിട്ടിരിക്കുന്ന നാടകോത്സവത്തിൽ 10 മിനിറ്റ് ദൈർഘ്യമുള്ള 30 നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. 8 ഭാഷകളിലുള്ള ചെറുനാടകങ്ങളായിരിക്കും തെപ്സിസിന്‍റെ ഭാഗമാവുക. മോഹിനിയാട്ടം ഫെസ്റ്റിവൽ - നിർത്ത്യാലയയുടെ നൃത്ത ഫെസ്റ്റിവൽ, സ്വരലയയുടെ സംഗീത ഉത്സവം തുടങ്ങിയവയൊക്കെ പ്രവാസ ലോകത്ത് മലയാളികൾ നടത്തുന്ന സാംസ്കാരിക വിപ്ലവങ്ങളാണ്.
കേരളത്തിൽ ആഘോഷിക്കുന്ന ഓണവും വിഷുവും ക്രിസ്മസും ബക്രീദുമൊക്കെ പ്രവാസ ലോകത്താണ് ഏറെ ആഘോഷിക്കുന്നത്. ഇപ്പോൾ വൃശ്ചിക മാസമാണല്ലോ. അയ്യപ്പ മന്ത്രങ്ങളാൽ പ്രവാസലോകം മുഖരിതമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രം നൂറിലേറെ ശാസ്താപ്രീതികൾ നടക്കുന്നുണ്ട് എന്നുള്ളതാണ് കണക്ക്. എല്ലാ ദിവസവും ഭജനയും മറ്റും നടക്കുന്നു എന്നത് എടുത്തുപറയണം.
ക്രിസ്മസ് - നവവത്സര ആഘോഷങ്ങളാണ് ഇതേസമയം വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നത്. നക്ഷത്രങ്ങളും കേക്കുകളുമായി പ്രവാസി മലയാളികൾ ആഘോഷത്തിന്‍റെ ഭാഗമാകുന്നു. ഓണാഘോഷത്തിന് ഒരു അവസാനം ഉണ്ടാകണമെങ്കിൽ വൃശ്ചിക മാസവും ക്രിസ്മസ് നവവത്സര ആഘോഷങ്ങളും വരണമെന്ന് തമാശയായി പോലും പറയാറുണ്ട്. യഥാർഥത്തിൽ അങ്ങനെയാണ് സംഭവിക്കുന്നതും.
മലയാള സാഹിത്യത്തിലും പ്രവാസികളാണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയിരിക്കുന്നത്. കഥയായാലും കവിതയായാലും നാടകമായാലും പ്രവാസികളായ മലയാളികൾ നൽകിയ സംഭാവനങ്ങളുടെ കണക്കുകൾ പരിശോധിക്കാം. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്നാണ് മലയാള സാഹിത്യത്തിന് ഏറ്റവും വലിയ സംഭാവന ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ കാർട്ടൂൺ രംഗത്തും മലയാളികൾക്ക് ഏറെ മേൽക്കൈയുണ്ട് എന്നുള്ളത് ശങ്കറിന്‍റെ കാലം മുതൽ തെളിയിക്കപ്പെട്ടതാണ്.
വിദേശികൾക്കും സ്വദേശികൾക്കും സ്വീകാര്യമായ കണ്ണിന് ഇമ്പമുള്ള കഥകളി ഏറെ പ്രചരിപ്പിക്കുന്നതിന് സർക്കാരിന്‍റെ പിന്തുണ കൂടി ആവശ്യമാണ്. മലയാളികളായ ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ സർക്കാരിന്‍റെ പിന്തുണ വേണം. കേരളത്തിന്‍റെ സ്വന്തം സാംസ്കാരിക സമുച്ചയമായ ട്രാവൻകൂർ പാലസ് രാജ്യ തലസ്ഥാനത്തിന്‍റെ കേന്ദ്ര ഭാഗത്ത് നിലകൊള്ളുന്നുണ്ടെങ്കിലും അവിടെ കേരളത്തിന്‍റെ സാംസ്കാരിക പരിപാടികളോ മലയാളികളായ ചിത്രകാരന്മാരുടെ പ്രദർശനങ്ങളോ ഒന്നും തന്നെ കാലങ്ങളായി നടക്കാറില്ല എന്നത് ഖേദകരം തന്നെ. മലയാളിക്ക് എന്നല്ല സാധാരണക്കാർക്ക് പോലും സ്വീകാര്യമായ വാടക നിരക്കല്ല കേരള സർക്കാർ ഈടാക്കുന്നത് എന്നത് കലാകാരന്മാരെ ട്രാവൻകൂർ പാലസിൽ നിന്ന് അകറ്റുന്നു.
മികച്ച ഒരു ആർട്ട് ഗ്യാലറി ട്രാവൻകൂർ പാലസിൽ ഉണ്ടെങ്കിലും മലയാളിക്ക് അഭിമാനമായ കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്‍റെ നൂറാം ജന്മദിനത്തിന്‍റെ ഭാഗമായി നടന്ന കാർട്ടൂൺ പ്രദർശനത്തിന് അവിടെ അനുമതി ലഭിച്ചില്ല. ഇന്ത്യ ഇന്‍റർനാഷണൽ സെന്‍ററിന്‍റെ ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം സംഘടിപ്പിക്കപ്പെട്ടത്. മലയാളിക്ക് അഭിമാനമായ ജി. അരവിന്ദന്‍റെ സിനിമകളും അദ്ദേഹത്തിന്‍റെ പ്രശസ്തമായ ഗ്രാഫിക്ക് കാർട്ടൂൺ ചെറിയ മനുഷ്യരും വലിയ ലോകത്തിന്‍റെ പ്രദർശനവും അരവിന്ദന്‍റെ സംഗീതവും അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള അവസരവും ട്രാവൻകൂർ പാലസിൽ നിഷിദ്ധമായി. ആർട്ടിസ്റ്റ് എ. രാമചന്ദ്രന്‍റെ രചനകൾ പ്രദർശിപ്പിക്കാനുള്ള അനുമതിക്കായി കുടുംബം അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
കേരളത്തിന്‍റെ സാംസ്കാരിക കേന്ദ്രം എന്ന് കേരള മുഖ്യമന്ത്രി ട്രാവൻകൂർ പാലസിന്‍റെ നവീകരണത്തിന് ശേഷം പ്രഖ്യാപിച്ചത് ഏതാണ്ട് ഒരു വർഷം മുൻപാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച ട്രാവൻകൂർ പാലസിൽ എൽഇഡി സ്ക്രീനുകളും പ്രൊജക്റ്ററുകളുമെല്ലാമുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. മറ്റ് ഏതു സാംസ്കാരിക കേന്ദ്രങ്ങളേക്കാൾ മനോഹരമായ ലോണുകളും പാർക്കിങ് സൗകര്യവുമുള്ള ഒരു ഇടമാണ് ട്രാവൻകൂർ പാലസ്. അവിടെ ഗ്യാലറികൾ മിക്കവാറും ശൂന്യമായി കിടക്കുന്ന അവസ്ഥ ഉണ്ടായത് സർക്കാരിന്‍റെ പിടിപ്പുകൾ കൊണ്ടുതന്നെയാണ്. സാധാരണ ഒരു ആർട്ടിസ്റ്റിന് താങ്ങാൻ കഴിയുന്നതിനേക്കാൾ ഭീകരമായ വാടക ഇവിടെ ഏർപ്പെടുത്തിയതാണ് അതിന് തടസമായി നിൽക്കുന്നത്. വിദേശ രാജ്യങ്ങളുടെ പല പരിപാടികളും ട്രാവൻകൂർ പാലസിലെ സെമിനാർ ഹാളുകളിൽ നടക്കുന്നുണ്ട് . കേരള കേരളത്തിന്‍റെ സംസ്കാരത്തോട് ചേർന്നുനിൽക്കാത്ത ഒട്ടേറെ പരിപാടികളും അവിടെ നടക്കുന്നു.
ഇന്ത്യാ ഗേറ്റിനോട് ചേർന്ന് കിടക്കുന്ന ട്രാവൻകൂർ പാലസ് പോലെയാണ് രാജസ്ഥാൻ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബിക്കാനീർ ഹൗസ്. രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പുരിലേക്കുള്ള ബസുകളുടെ സ്റ്റാൻഡ് ആയിരുന്നു ഒരുകാലത്ത് ബിക്കാനീർ ഹൗസ്. ഇന്ന് രാജ്യ തലസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയവും തിരക്കുള്ളതുമായ ഒരു സാംസ്കാരിക സമുച്ചയമായി ഈ പ്രദേശം മാറ്റിയെടുക്കാൻ രാജസ്ഥാൻ സർക്കാരിന് സാധിച്ചു. ഇതെങ്ങനെ സാധ്യമായി എന്നത് കേരള സർക്കാർ പഠിക്കേണ്ടതുണ്ട്.
ബിക്കാനീർ ഹൗസിലുള്ള ബസ് സ്റ്റാൻഡ് അവിടുന്ന് മാറുകയും അതൊരു സാംസ്കാരിക സമുച്ചയമായി പുനർനിർണയിക്കുകയും ചെയ്തതോടെയാണ് ഇന്ത്യാ ഗേറ്റിന് സമീപമുള്ള രാജസ്ഥാൻ സർക്കാരിന്‍റെ സാംസ്കാരിക സമുച്ചയം ശ്രദ്ധേയമാകുന്നത്. മികച്ച ആർട്ട് ഗാലറിയും സ്വകാര്യ ഭക്ഷ്യ കേന്ദ്രങ്ങളും വന്നതോടെ ബിക്കാനീർ ഹൗസ് ഒരു സാംസ്കാരിക കേന്ദ്രമായി മാറി. അവിടത്തെ ആർട്ട് ഗാലറിയിലും ഓപ്പൺ എയർ തിയെറ്ററിലും രാജ്യ തലസ്ഥാനമായ ഡൽഹിയുടെ സാംസ്കാരിക കേന്ദ്രമായ മണ്ഡി ഹൗസിൽ നൽകേണ്ടി വരുന്ന വാടകയുടെ പകുതിയാണ് ആദ്യ കാലങ്ങളിൽ ഈടാക്കിയിരുന്നത്.
അതോടെ കുറഞ്ഞ വാടകയ്ക്ക് ഇന്ത്യാ ഗേറ്റിനോട് ചേർന്ന് ചിത്രപ്രദർശനങ്ങളും സാംസ്കാരിക സംഗമങ്ങളും നടക്കുന്ന ഒരു വേദിയായി ബിക്കാനീർ ഹൗസ് മാറി. തിരക്ക് കൂടിയതോടെ പ്രമുഖ ബ്രാൻഡുകളുടെ കോഫി ഷോപ്പുകൾ ഒക്കെ ഇവിടെ സ്ഥാപിക്കപ്പെട്ടു. തിരക്കേറിയ ഗ്യാലറി മാധ്യമ ലോകത്തെയും അവിടേക്ക് ആകർഷിപ്പിച്ചു. ഡൽഹിയിലെ ഏറ്റവും ശ്രദ്ധേയമായ ആർട്ട് ഗ്യാലറിയായി ബിക്കാനീർ ഹൗസ് മാറിയതോടെ അതിന്‍റെ വാടക രാജസ്ഥാൻ സർക്കാർ ഘട്ടം ഘട്ടമായി വർധിപ്പിച്ചു. എന്നിട്ടും, വരുന്ന 3 വർഷം ഒരു ഇടതടവുമില്ലാതെ ബിക്കാനീർ ഹൗസിലെ ഗ്യാലറികളും ഓപ്പൺ എയർ ഓഡിറ്റോറിയവും ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു!
രാജസ്ഥാൻ സർക്കാർ നടപ്പിലാക്കിയ സാംസ്കാരിക വിപ്ലവം തിരിച്ചറിഞ്ഞ് കേരള സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്ന് ഓർമപ്പെടുത്തുകയാണ്. ബിക്കാനീർ ഹൗസിനേക്കാൾ ഏറെ സൗകര്യവും സാധ്യതകളുമുള്ള ട്രാവൻകൂർ ഹൗസ് രാജ്യത്തെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രമാക്കാൻ കേരള സർക്കാർ മാത്രം വിചാരിച്ചാൽ മതി. അതിനിനിയും കാത്തിരിക്കേണ്ട കാര്യമില്ല.