ഇന്ത്യയുടെ സാമൂഹികഭാവി സുരക്ഷിതമാക്കിയ ദശകം

അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറാന്‍ ആഗ്രഹിക്കുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ച് സാമൂഹിക സുരക്ഷയെ പിന്നോക്കാവസ്ഥയായി കണക്കാക്കാനാകില്ല
article on jan dhan yojana

ഇന്ത്യയുടെ സാമൂഹികഭാവി സുരക്ഷിതമാക്കിയ ദശകം

Updated on

അനില്‍ ഗുപ്ത

രോഗങ്ങള്‍, അപകടങ്ങള്‍, അല്ലെങ്കില്‍ വരുമാനമുള്ള കുടുംബാംഗത്തിന്‍റെ വിയോഗം എന്നിവ കുറഞ്ഞ വരുമാനക്കാരായ ഇന്ത്യൻ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു. അസംഘടിത തൊഴില്‍ മേഖലയിലെ പലരും സാമൂഹികസുരക്ഷയുടെ അഭാവം മൂലം വാര്‍ധക്യത്തില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്നു. ഇന്‍ഷ്വറന്‍സ്, പെന്‍ഷനുകള്‍, പൊതുജനക്ഷേമം തുടങ്ങിയ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും സാധാരണമാണ്. എന്നിരുന്നാലും, ഇന്ത്യയില്‍ ഈ സംവിധാനങ്ങള്‍ക്ക് ഇതുവരെ അസംഘടിത മേഖലയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ ഇന്‍ഷ്വറന്‍സ് സംവിധാനം എല്ലാവരിലുമെത്തിക്കാനുള്ള ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. ഉയര്‍ന്ന പ്രീമിയം തുക, ബോധവത്കരണത്തിന്‍റെ അഭാവം, പോളിസിയെക്കുറിച്ചുള്ള സംശയങ്ങള്‍ എന്നിവ ഇന്‍ഷ്വറന്‍സ് പോളിസികളുടെ വ്യാപനത്തെ തടയുന്നു. ദീര്‍ഘകാല സുരക്ഷയ്ക്കുള്ള ശ്രമങ്ങള്‍ പലപ്പോഴും ദരിദ്ര കുടുംബങ്ങളുടെ ദൈനംദിന നിലനില്‍പ്പിനെ ബാധിക്കാറുണ്ട്. പകരം, ഇത്തരം കുടുംബങ്ങള്‍ സാമൂഹികസഹായങ്ങളോ സ്വകാര്യ വായ്പകളോ പോലുള്ള അനൗദ്യോഗിക ഇടപാടുകളെ ആശ്രയിക്കുന്നു. 2019ല്‍ ഇന്ത്യയുടെ പെന്‍ഷന്‍ പരിരക്ഷ വെറും 30 ശതമാനം മാത്രമായിരുന്നു. ഇക്കാര്യത്തില്‍ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ വളരെ പിന്നിലാണ് ഇന്ത്യ.

2015 മേയിലാണ് ഇന്ത്യാ ഗവണ്‍മെന്‍റ് ജന്‍ സുരക്ഷാ പദ്ധതി ആരംഭിച്ചത്. പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജനയുമായി (പിഎംജെഡിവൈ) സഹകരിച്ച് രൂപം കൊടുത്ത ഈ പദ്ധതി സാമുഹിക സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരാത്ത ഭൂരിപക്ഷം പേര്‍ക്കും അടിസ്ഥാന സാമൂഹികസുരക്ഷ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയത്. പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) വഴിയുള്ള ലൈഫ് ഇന്‍ഷ്വറന്‍സ്, പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ) വഴിയുള്ള അപകട ഇന്‍ഷ്വറന്‍സ്, അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) പ്രകാരമുള്ള പങ്കാളിത്ത പെന്‍ഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാമൂഹിക സുരക്ഷാ സേവനങ്ങള്‍ ലഭിക്കാത്ത പൗരന്മാര്‍ക്കും സേവനം നിഷേധിക്കപ്പെട്ടവര്‍ക്കും അപകടസാധ്യതയില്‍ നിന്നു പരിരക്ഷ നല്‍കുന്നതിനുള്ള ഇന്ത്യയുടെ ഏറ്റവും ഫലപ്രദമായ ശ്രമമാണ് ഈ പദ്ധതികളെന്ന് എംഎസ്‌സി നടത്തിയ പഠനം വ്യക്തമാക്കുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍, പദ്ധതി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചതായും പഠനം വ്യക്തമാക്കുന്നു.

പിഎംജെജെബിവൈ 436 രൂപയുടെ വാര്‍ഷിക പ്രീമിയത്തില്‍ 2,00,000 രൂപയുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നു. അതായത് ഒരു ദിവസം കേവലം ഒരു രൂപയില്‍ അല്‍പ്പം കൂടുതല്‍ തുക മാത്രം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 31 ദശലക്ഷം പേര്‍ പദ്ധതിയുടെ ഭാഗമായി. ഈ വർഷം ജനുവരി ആയപ്പോഴേക്കും എൻറോൾമെന്‍റ് 22.5 കോടിയിലെത്തി. അതിന്‍റെ ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതം ഇപ്പോള്‍ 96 ശതമാനമാണ്. പിഎംഎസ്ബിവൈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 20 രൂപ പ്രീമിയത്തില്‍ 2,00,000 രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് നല്‍കുന്നു. 18 നും 70 നും ഇടയില്‍ പ്രായപരിധിയിലുള്ളവര്‍ക്കായുള്ള ഈ പദ്ധതി ജനുവരിയോടെ ആകെ 491 ദശലക്ഷം എൻറോൾമെന്‍റുകളിലെത്തി. ലഭിച്ച 1,98,446 ക്ലെയിമുകളില്‍ 1,50,805 എണ്ണം തീര്‍പ്പാക്കി, ആകെ പരിഹാരത്തുക 2,994.75 കോടി രൂപയായിരുന്നു. ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതം 75 ശതമാനമാണ്. എപിവൈയും ക്രമാനുഗതമായി വളര്‍ച്ച കൈവരിച്ചു. 18നും 40നും ഇടയില്‍ പ്രായമുള്ള അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിച്ചത്. കൂടാതെ സംഭാവനകളെ ആശ്രയിച്ച് 1000 മുതല്‍ 5000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ഉറപ്പുനല്‍കുന്നു. 2025 ജനുവരിയില്‍ 73.3 ദശലക്ഷം പേര്‍ പദ്ധതിയുടെ ഭാഗമായി. 2019 മാര്‍ച്ചില്‍ ഇത് 15.4 ദശലക്ഷമായിരുന്നു.

ഈ പദ്ധതികളുടെ വ്യാപനത്തിനുള്ള പ്രധാന കാരണം പിഎംജെഡിവൈ സൃഷ്ടിച്ച അടിസ്ഥാനസൗകര്യങ്ങളാണ്. ദശലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നത് കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ സാധ്യമാക്കി. എംഎസ്‌സി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, ജന്‍ ധന്‍ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഓട്ടൊ-ഡെബിറ്റ് സവിശേഷത പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നിവയ്ക്കുള്ള പ്രീമിയം പേയ്മെന്‍റുകൾ ലളിതമാക്കുകയും നേരിട്ടുള്ള പുതുക്കലുകളുടെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്തു. മാത്രമല്ല, പിഎംജെഡിവൈയുടെ സമഗ്രമായ വ്യാപനവും സാമ്പത്തിക സാക്ഷരതാ ശ്രമങ്ങളും ഈ രംഗത്ത് അവബോധം വര്‍ധിപ്പിക്കുകയും ഈ പദ്ധതികളെ സുപ്രധാന സുരക്ഷാ ശൃംഖലകളായി മാറ്റുകയും ചെയ്തു.

കണക്കുകള്‍ക്കപ്പുറത്ത് ഈ പദ്ധതികളുടെ യഥാര്‍ഥ സ്വാധീനം അവ തൊട്ടറിഞ്ഞ ദൈനംദിന ജീവിതങ്ങളിലാണ് പ്രതിഫലിക്കുന്നത്. അപ്രതീക്ഷിതമായി ഭര്‍ത്താവു നഷ്ടമായ ബിഹാറിലെ സ്ത്രീക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് തുക ലഭിച്ചശേഷം കടങ്ങള്‍ വീട്ടാനും കുട്ടികളുടെ വിദ്യാഭ്യാസം തുടരാനും കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ വഴിയോരക്കച്ചവടക്കാരന്‍ അന്തസോടെയുള്ള വാര്‍ധക്യ പെന്‍ഷന്‍ പ്രതീക്ഷിച്ച് എല്ലാ മാസവും എപിവൈയിലേക്ക് സംഭാവന നല്‍കുന്നു. ഈ നിശബ്ദ വിജയഗാഥകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എന്നിരുന്നാലും, ചില പ്രധാന പോരായ്മകള്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അര്‍ഹരായ പലര്‍ക്കും ഈ പദ്ധതികളെക്കുറിച്ച് ഇപ്പോഴും അറിയില്ല. ക്ലെയിം പ്രക്രിയകളുടെ സങ്കീര്‍ണതകള്‍ ഇപ്പോഴും പൂര്‍ണമായി കുറയ്ക്കാനായിട്ടില്ല. പ്രത്യേകിച്ച് ആവശ്യമായ ഡിജിറ്റല്‍ പ്രാപ്യതയോ ഔപചാരിക പിന്തുണയോ ഇല്ലാത്ത ഗ്രാമീണ കുടുംബങ്ങളെ സംബന്ധിച്ച് ഇത് പ്രകടമാണ്. പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നതില്‍ പരിരക്ഷാമൂല്യം പരാജയപ്പെട്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സഹായം ജനങ്ങളിലെത്തിക്കുന്നതിന്, അതേപ്പറ്റി വിശദീകരിക്കാനും അവരെ സഹായിക്കാനും കഴിയുന്ന വിശ്വസ്തരായ ഇടനിലക്കാര്‍ അത്യാവശ്യമാണ്.

ഭാവി ലക്ഷ്യംവയ്ക്കുമ്പോള്‍ ഏതറ്റംവരെയും എത്തുന്ന വിതരണ സംവിധാനങ്ങളില്‍ നിക്ഷേപിക്കാനുള്ള നയം രൂപീകരിക്കുന്നവരുടെ സന്നദ്ധത പ്രധാന ഘടകമാണ്. ഉത്തരവാദിത്വം ശക്തിപ്പെടുത്തല്‍, മനുഷ്യ ഇടപെടലുകളെ പിന്തുണയ്ക്കല്‍, പരാതി പരിഹാരം വര്‍ധിപ്പിക്കല്‍ എന്നിവ തുല്യതയും വിശ്വാസവും ഉറപ്പാക്കും.

അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറാന്‍ ആഗ്രഹിക്കുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ച് സാമൂഹിക സുരക്ഷയെ പിന്നോക്കാവസ്ഥയായി കണക്കാക്കാനാകില്ല. 2014നും 2024നും ഇടയില്‍, സാമ്പത്തികവളര്‍ച്ച ഏതാണ്ട് ഇരട്ടിയായി. എന്നിരുന്നാലും, ഇന്‍ഷ്വറന്‍സ് വ്യാപനം 3.7 ശതമാനം എന്ന നിലയില്‍ മിതമായി തുടര്‍ന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഷ്വറന്‍സ്സാന്ദ്രത വെറും 95 ഡോളറായിരുന്നു. ഇത് ആഗോള ശരാശരിയായ 7 ശതമാനത്തിനും 889 ഡോളറിനും വളരെ താഴെയാണ്. ദശലക്ഷക്കണക്കിനു ജനങ്ങളെ സുരക്ഷിതരല്ലാതാക്കുന്ന സാമ്പത്തിക വളര്‍ച്ച എന്നത് സമഗ്രമോ സുസ്ഥിരമോ ആയ ഒന്നല്ല. ജനസുരക്ഷാ പരിപാടികള്‍ ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പ്പാണ്. എന്നിരുന്നാലും, അര്‍ഹരായവര്‍ക്കായി അവയുടെ തുടര്‍ച്ചയായ വ്യാപനത്തിനായി സ്ഥിരമായ പ്രവര്‍ത്തനം, കൂടുതല്‍ അവബോധം, മികച്ച രീതിയിലെ നടപ്പിലാക്കല്‍, ശരിയായ പരിരക്ഷ, സാമൂഹിക സുരക്ഷ ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തുടര്‍ച്ചയായ നയ ശ്രദ്ധയും നിക്ഷേപവും എന്നിവ ഇക്കാര്യത്തില്‍ നിര്‍ണായക ഘടകങ്ങളാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com