
നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങൾക്കും മുമ്പില്ലാത്ത തരത്തിൽ പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. ആധുനിക ലോകം ആവശ്യപ്പെടുന്ന തൊഴിൽ നൈപുണ്യമുള്ള യുവജനതയെ സജ്ജമാക്കുന്നതിനുള്ള ഇന്ത്യയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി ഈ ബജറ്റിനെ കാണാം. ഇന്ത്യയിലെ രണ്ടിലൊന്ന് ബിരുദധാരികളും ആധുനിക വ്യവസായ ലോകം ആവശ്യപ്പെടുന്ന മേഖലകളിൽ തൊഴിൽ ചെയ്യുന്നതിന് മതിയായ നൈപുണ്യമുള്ളവരല്ലെന്ന സാമ്പത്തിക സർവെയുടെ കണ്ടെത്തലിനു പിന്നാലെ കൂടുതൽ തൊഴിലുകളിൽ നൈപുണ്യവും ഒപ്പം പരമാവധി തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിൽ ബജറ്റിലൂടെ സർക്കാർ കാട്ടിയ പ്രതിബദ്ധത ശ്രദ്ധേയമാണ്.
തൊഴിലുകളും അവക്കനുയോജ്യമായ നൈപുണ്യവും യാഥാർഥ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള 2 ലക്ഷം കോടി രൂപയുടെ 5 പദ്ധതികൾ അടങ്ങുന്ന പിഎം പാക്കെജ് എന്ന ബജറ്റ് പ്രഖ്യാപനം ഇന്ത്യക്ക് പ്രത്യാശ പകരുന്നു. ആഗോളതലത്തിൽ നിലവിലുള്ള തൊഴിൽ വിപണിയുടെ സാധ്യതകൾ നാം മുതലെടുക്കുന്നതിന് വേണ്ട നൈപുണ്യം സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയും ഒപ്പം തൊഴിൽ നേടുന്നതിൽ നമ്മുടെ യുവാക്കൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എത്ര ആഴമേറിയതാണെന്നും സർക്കാർ മനസിലാക്കി എന്നതിന്‍റെ ഉദാഹരണം കൂടിയാണത്.
തൊഴിൽ നൈപുണ്യത്തിലേക്ക് സമഗ്ര സമീപനം:
അടുത്ത 5 വർഷത്തിനുള്ളിൽ 20 ലക്ഷം യുവാക്കളെ തൊഴിൽ നിപുണരാക്കുകയെന്നതാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നൈപുണ്യ വികസന പദ്ധതിയുടെ അടിസ്ഥാനശില.
രാജ്യത്തെ 1,000 വ്യാവസായിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾ (ഐടിഐകൾ) നവീകരിക്കുന്നതിലൂടെയും അവിടെയെല്ലാം ആധുനിക വ്യവസായങ്ങൾക്കനുയോജ്യമായ കോഴ്സുകൾ അവതരിപ്പിക്കുക വഴിയും വിദ്യാഭ്യാസം, തൊഴിൽ വൈദഗ്ധ്യം, വ്യവസായ മേഖലയുടെ ആവശ്യങ്ങൾ എന്നിവ തമ്മിൽ സുപ്രധാനമായ ഒരു സമന്വയം സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഇത്തരമൊരു സമീപനം വിദ്യാഭ്യാസത്തിനൊപ്പം യുവാക്കൾക്ക് തൊഴിൽ നൈപുണ്യവും ഉറപ്പാക്കുകയെന്ന നാഷണൽ സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ (എൻഎസ്‌ഡിസി) സമീപനവുമായി ചേർന്നുപോകുന്നതാണ്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നൈപുണ്യ വികസനത്തിനും ബഹുമുഖമായ സമീപനം പ്രകടമാക്കുന്നതും തൊഴിലുകൾക്കും നൈപുണ്യവികസനത്തിനുമായി 3 തൊഴിൽ പ്രോത്സാഹന പദ്ധതികൾ ഉൾക്കൊള്ളുന്നതുമായ സമഗ്രമായ പാക്കെജ് ആണ് ബജറ്റിൽ അവതരിപ്പിക്കപ്പെട്ടത്. അവയിൽ പദ്ധതി എ പ്രകാരം ആദ്യമായി തൊഴിൽ ലഭിക്കുന്ന ജീവനക്കാരുടെ ഇഎസ്‌ഐ ആനുകൂല്യങ്ങൾ രാജ്യത്തെ ഒരു കോടി യുവജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപ്പാദനരംഗത്ത് പുതുതായി നിയമിക്കപ്പെടുന്നവരുടെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ആനുകൂല്യങ്ങൾ തൊഴിലുടമകളിൽ നിന്ന് സർക്കാർ ഏറ്റെടുക്കുന്നത് വഴി 50 ലക്ഷം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഉൽപ്പാദന മേഖലയിലെ തൊഴിലവസരങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. തൊഴിൽ നേടുന്ന 2 ലക്ഷം യുവാക്കൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ തൊഴിലുടമകളെ പിന്തുണയ്ക്കുന്നതിൽ മൂന്നാമത്തെ (സ്കീം സി) പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രായോഗികതയും ഗുണമേന്മയുമുള്ള വിദ്യാഭ്യാസവും ഒപ്പം നൈപുണ്യ പരിശീലനവും എല്ലാവർക്കും പ്രാപ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ ബജറ്റിന്‍റെ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിലൊന്ന്. നിലവിലെ നൈപുണ്യ വികസന വായ്പ പദ്ധതിയുടെ പരിഷ്‌കരണവും ഉന്നത വിദ്യാഭ്യാസ വായ്പകൾക്കായി ഇ-വൗച്ചറുകൾ ഏർപ്പെടുത്തിയതും ഇക്കാര്യത്തിൽ വലിയ മാറ്റം വരുത്തുന്നവയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിദ്യാഭ്യാസപരവും തൊഴിൽപരവുമായ മുന്നേറ്റം നേടാൻ കഴിയാതെപോയ യുവജനങ്ങൾക്ക് ഈ സംരംഭങ്ങൾ പ്രതീക്ഷയുടെ വാതിലുകൾ തുറക്കും.
കൂടാതെ, ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ഫോർ സ്‌കിൽ ഡവലപ്‌മെന്‍റ് (സിജി എഫ്എസ്ഡി) പദ്ധതിയുടെ പരിഷ്‌കരണങ്ങൾ, വായ്പാ പരിധി 7.5 ലക്ഷം രൂപയായി വർധിപ്പിക്കൽ, ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് യോഗ്യതയുള്ള വായ്പാ സ്ഥാപനങ്ങളുടെ പട്ടിക വിപുലീകരിക്കുക എന്നിവ ഉൾപ്പെടെ കുറഞ്ഞ വരുമാനക്കാരായ പഠിതാക്കൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ നേരിടാനുതകുന്ന സമഗ്ര പദ്ധതിയാണ് ബജറ്റ് മുന്നോട്ടു വച്ചിട്ടുള്ളത്.
നാലാം തലമുറ വ്യവസായം, അതിനപ്പുറവും
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവ ആധിപത്യം പുലർത്തുന്ന ആധുനിക കാലഘട്ടത്തിൽ നാളെയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാം വിധം നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കുന്നതിനുള്ള ദീർഘവീക്ഷണം ഈ ബജറ്റിന്‍റെ സവിശേഷതയാണ്.
വനിതാ ശാക്തീകരണവും സമഗ്രവികസനവും
വനിതകൾക്കായി കൂടുതൽ നൈപുണ്യ പരിശീലന കേന്ദ്രങ്ങളാരംഭിക്കുന്നത് ലിംഗസമത്വവും ലിംഗനീതിയും പ്രോത്സാഹിപ്പിക്കുന്നതിലേക്കുള്ള സ്വാഗതാർഹമായ ഒരു ചുവടുവയ്പ്പാണ്. പ്രസക്തമായ കഴിവുകളുള്ള വനിതകളെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ രാജ്യം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, നമ്മുടെ രാജ്യ പുരോഗതിക്ക് ഗണ്യമായ സംഭാവന നൽകാൻ കഴിയുന്ന നൈപുണ്യമാർന്ന വനിതകളടക്കം പ്രതിഭകളുടെ വലിയൊരു നിര തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു.
ആധുനിക ലോകം ആവശ്യപ്പെടുന്ന തൊഴിൽ മേഖലകളിൽ നൈപുണ്യം നേടുന്നതിനുള്ള പരിശീലനത്തിന് വേണ്ട ചെലവ് വനിതകളടക്കം യുവജനങ്ങൾക്ക് ഒരു തടസ്സമാകരുത് എന്ന സമീപനമാണ് ബജറ്റ് കൈക്കൊണ്ടിരിക്കുന്നത്. അത്തരം പ്രതിബന്ധങ്ങൾ ഒഴിവാക്കുന്നതിനുദ്ദേശിച്ചാണ് ബജറ്റിന്‍റെ ചുവടു പിടിച്ച് വിദ്യാഭ്യാസ രംഗത്ത് എന്നത് പോലെ നൈപുണ്യ പരിശീലന പദ്ധതികൾക്കും മാതൃകാ വായ്പ ഗ്യാരന്‍റി പദ്ധതി നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ എൻഎസ്ഡിസി അവതരിപ്പിക്കുന്നത്.
നൈപുണ്യ വികസന പരിശീലനത്തിനായി പിഎം കെവിവൈ, ഡിഡിയുജികെവൈ മുതലായ നിരവധി പദ്ധതികൾ നിലവിലുണ്ട്. എന്നാൽ അവയിൽ പലതിനും ലഭിക്കാവുന്ന പരമാവധി വായ്‌പ്പാ ഗ്യാരന്‍റി ഒന്നര ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. 12 മാസം വരെ പരിശീലനം വേണ്ട പദ്ധതികൾക്ക് മേൽ 75 % വായ്‌പ്പാ ഗ്യാരന്‍റി ലഭിച്ചു പോന്നു. അതേസമയം ആധുനിക നൈപുണ്യ പരിശീലനപദ്ധതികൾ പലതും 50,000 മുതൽ ഏഴര ലക്ഷം വരെ ഫീസ് ആവശ്യപ്പെടുന്നവയാണ്. ബജറ്റിന് പിന്നാലെ എൻഎസ്ഡിസി നടപ്പിലാക്കുന്ന മാതൃക വായ്‌പ്പാ ഗ്യാരന്‍റിയുടെ പ്രസക്തിയും ഇവിടെയാണ്. പുതുക്കിയ പദ്ധതി പ്രകാരം നൈപുണ്യ വികസന പരിശീലനത്തിന് 7.5 ലക്ഷം രൂപ വരെയുള്ള വായ്പ്പകൾക്ക് 70% മുതൽ 85% വരെ വായ്പ ഗ്യാരന്‍റി ലഭിക്കും. കൂടാതെ പരമാവധി ജനങ്ങളിൽ വായ്പ എത്തിക്കുന്നതിന്‍റെ ഭാഗമായി ബാങ്കിങ് ഇതര ധനകാര്യ സ്‌ഥാപനങ്ങൾ, ചെറുകിട വായ്പ - ധനകാര്യ സ്‌ഥാപനങ്ങൾ എന്നിവയെയും വായ്പ ഗ്യാരന്‍റി പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് 6 മാസം പരിശീലന കാലാവധിയുള്ള പദ്ധതികൾക്ക് മേൽ 3 ലക്ഷം വരെ വായ്പ ഗ്യാരന്‍റി ലഭിക്കും.
പുതുക്കിയ നൈപുണ്യ വികസന വായ്പ ഗ്യാരന്‍റി പദ്ധതി രൂപപ്പെടുത്തുന്നതിൽ എൻഎസ്ഡിസി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നൈപുണ്യ വികസന മന്ത്രാലയം അംഗീകരിച്ച പദ്ധതി നൈപുണ്യ പരിശീലനത്തിന് തടസമില്ലാത്ത വായ്പാ ലഭ്യത ഉറപ്പാക്കും.