ഓലിക്കൽ കുടുംബത്തിനായി ദൈവം അയച്ച മാലാഖ: ജോൺ കുര്യാക്കോസിന്‍റെ അശ്വമേധം - Part 2

"എനിക്കു ജീവനുള്ള കാലത്തോളം മനുഷ്യർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന യാതൊന്നും ഡെന്‍റ് കെയർ ഉത്പാദിപ്പിക്കില്ല, ഇതെന്‍റെ വാക്കാണ്" ജോൺ കുര്യാക്കോസ് മെട്രൊ വാർത്തയോട് ...
John Kuriakose

ജോൺ കുര്യാക്കോസ്

photo credit:Reena Varghese Kannimala 

Updated on

റീന വർഗീസ് കണ്ണിമല

കരച്ചിലുകൾ കിരാത നൃത്തം ചവിട്ടിയ വീട്. കണ്ണീര് മലവെള്ളപ്പെയ്ത്തു നടത്തുന്ന രാപകലുകൾ. കഷ്ടതയാകുന്ന വിറകു കൊള്ളികൾ സഹനത്തീയിൽ ആളിക്കത്തുന്ന വീട്ടകം. മൂന്നു തലമുറകളായി ശാപം കിട്ടിയ ഭ്രാന്തന്മാരുടെ വീട്. ആ വീട്ടിൽ സഹനത്തിന്‍റെ മൂർത്തിമദ്ഭാവമായി ഒരമ്മ. ഒരിറ്റു സമാധാനം ഈ കുടുംബത്തിനു തരണേ ദൈവമേ എന്ന 21ാം നൂറ്റാണ്ടിലെ ഹന്നയായി അവൾ മാറിയപ്പോൾ സ്വർഗം തുറന്ന് ദൈവം ഇറങ്ങി വന്നതാണ് പിന്നീട് കണ്ടത്. അത് ഒരു അയൽപക്കക്കാരിയിലൂടെയായിരുന്നു. മൂവാറ്റുപുഴയിൽ നടക്കുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്‍റെ പ്രാർഥനായോഗത്തിനു പോയാൽ കുടുംബസമാധാനം ഉണ്ടാകുമെന്നു കേട്ട് ആ സാധുസ്ത്രീപ്രാർഥനാ യോഗത്തിനു പോയി. അത് ജോൺ കുര്യാക്കോസ് ഇങ്ങനെയോർക്കുന്നു :

" പ്രാർഥനാ യോഗത്തിനു പോകാൻ നല്ല ഡ്രസില്ലായിരുന്നു. അയൽക്കാരിയായ മറിയാമ്മച്ചേടത്തിയുടെ മുണ്ട് കടം വാങ്ങി ചുറ്റി, കക്ഷം കീറിയ ചട്ടയും ഇട്ടാണ് അമ്മ അന്ന് ആദ്യമായി പ്രാർഥനായോഗത്തിനു പോയത്. സമാധാനമില്ലാതെ ഇവിടെ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന പ്രഭാഷകന്‍റെ ചോദ്യം അമ്മയെ ഞെട്ടിച്ചു. ആകെ ആവശ്യം അതു മാത്രമാണല്ലോ എന്നാ സാധു സ്ത്രീ ഓർത്തു.പ്രാർഥനായോഗത്തിനു പോയ അമ്മ വലിയ സന്തോഷത്തോടെയാണ് തിരിച്ചു വന്നത്.' അദ്ദേഹം ഒന്നു നിർത്തി.

“ഞങ്ങളുടെ കരച്ചിലുകളുടെ വീട്ടിലേയ്ക്ക് അന്നാദ്യമായി അമ്മ വന്നത് സന്തോഷത്തോടെയായിരുന്നു” എന്നാണ് ഇതേപ്പറ്റി ജോൺ കുര്യാക്കോസ് ഓർമിക്കുന്നത്.

“എന്‍റെ അമ്മയ്ക്കുണ്ടായ ഏറ്റവും വലിയ ഭാഗ്യം ആ പ്രാർഥനായോഗത്തിനു പോകാൻ സാധിച്ചതാണ്. “

ആയിരത്തി അഞ്ഞൂറു കോടിയുടെ ടേൺ ഓവറുള്ള, ഏഷ്യയിലെ ഒന്നാമത്തെ ഡെന്‍റൽ ലാബ് ഉടമയുടെ വാക്കുകളാണിത്. സകല വിജയവും ദൈവത്തിനു സമർപ്പിച്ച എളിമ നിറഞ്ഞ ഈ മനുഷ്യൻ പറയുന്നു. ഈ എളിമയാണ് ഡെന്‍റ് കെയറിന്‍റെ വിജയവും.

“അമ്മ പ്രാർഥനാ യോഗത്തിനു പോയിക്കഴിഞ്ഞും വീട്ടിലെ സാഹചര്യം മാറിയില്ല, ദാരിദ്ര്യം മാറിയില്ല, കരച്ചിലുകൾ മാറിയില്ല , ചാച്ചന്‍റെ ഭ്രാന്ത് മാറിയില്ല…ദൈവമൊന്നുമില്ല, പിന്നെ ഞാനൊരു ക്രിസ്ത്യാനിയായി ജനിച്ചു അതു കൊണ്ട് ക്രിസ്ത്യാനിയായി ജീവിക്കുന്നു, പള്ളിയിൽ പോകുന്നു, വേദോപദേശത്തിനു പോകുന്നു, എന്‍റെ ചേട്ടൻ മദ്ബഹയിൽ അൾത്താര ശുശ്രൂഷിയായി വേല ചെയ്യുന്നു…എന്നാലും ദൈവമൊന്നുമില്ല…അതായിരുന്നു എന്‍റെ വിശ്വാസം”.

അന്നത്തെ പതിനഞ്ചുകാരനെ ജോൺ ഓർത്തെടുക്കുന്നതിങ്ങനെ :

“പക്ഷേ, അമ്മ തളർന്നില്ല, തനിയെ വീട്ടിലിരുന്നു പ്രാർഥിക്കാൻ തുടങ്ങി. “ദൈവമേ എന്‍റെ ചാച്ചന്‍റെ ഭ്രാന്തു മാറ്റിത്തരണേ” ഇതായിരുന്നു പ്രാർഥന. എന്തായാലും അതോടെ എന്‍റെ ചാച്ചന്‍റെ ഭ്രാന്ത് പൂർണമായും മാറി. പന്ത്രണ്ടു ഗുളിക കഴിച്ചു കൊണ്ടിരുന്ന എന്‍റെ ചാച്ചന്‍റെ ഭ്രാന്തു മാറിയത് കണ്ടതോടെ എനിക്കു വിശ്വാസമായി. കഴിഞ്ഞ നാൽപത്തഞ്ചു കൊല്ലമായി എന്‍റെ ചാച്ചൻ യാതൊരു ഗുളികയും കഴിക്കാത്ത ആരോഗ്യവാനായി ജീവിക്കുന്നു. ഞങ്ങളുടെ ആദ്യത്തെ കെട്ടിടത്തിനു തറക്കല്ലിട്ടത് എന്‍റെ ചാച്ചനാണ്.

ഞാനും അമ്മ വിളിച്ചതോടെ പ്രാർഥനായോഗത്തിനു പോകാൻ തയാറായി. അങ്ങനെ ആദ്യമായി പ്രാർഥനാ യോഗത്തിനു ഞാനെത്തി. അപ്പോൾ പ്രഭാഷകൻ ചോദിച്ചു”:

“നിങ്ങളാരെങ്കിലും നിരാശപ്പെട്ടു വന്നിട്ടുണ്ടോ? “

“നിരാശ തലയ്ക്കു പിടിച്ചിരിക്കുകയാണ് എനിക്കപ്പോൾ. കാരണം, പത്താം ക്ലാസ് കഷ്ടപ്പെട്ടു പാസായെങ്കിലും പഠിക്കാനാവാതെ വലിയ നിരാശയിലായിരുന്നു ഞാൻ.’

“പഠിക്കാനെനിക്കു വലിയ കൊതിയായിരുന്നു. എന്നും പുലർച്ചെ ഞാനെണീൽക്കും. അമ്മ തരുന്ന കട്ടൻകാപ്പിയും കുടിച്ച് കുത്തിയിരുന്നു പഠിക്കും. സ്കൂളിൽ പോകുമ്പോൾ കഴിക്കാൻ ഭക്ഷണം പലപ്പോഴും വയറു നിറയാൻ ഉണ്ടാകില്ല. എത്ര കഷ്ടപ്പെട്ടു പഠിച്ചാലും പരീക്ഷ വരുമ്പോൾ ഞാനതെല്ലാം മറക്കും. അങ്ങനെ കഷ്ടപ്പെട്ടു പഠിച്ചിട്ട് പത്താം ക്ലാസിൽ എനിക്കു കിട്ടിയതാകട്ടെ 251 മാർക്ക്. മൂവാറ്റു പുഴ നിർമലാ കോളെജിൽ അന്ന് ഈ മാർക്കും കൊണ്ടു ചെന്നാൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായിരുന്നതു കൊണ്ട് ഞാൻ ഫോം പോലും വാങ്ങിയില്ല. പിന്നെ പാരലൽ കോളെജ്. അവിടെ പഠിക്കണമെങ്കിൽ മാസം 15 രൂപ വേണം. അതും നടപ്പില്ല. “

"കൂടെപ്പഠിച്ച കൂട്ടുകാരൊക്കെ കോളെജിൽ പോകുന്നത് ടാപ്പിങിനിടെ കാണുമ്പോൾ- എന്‍റെ ദൈവമേ, എന്നെ നോക്കാനാരുമില്ലല്ലോ, എനിക്കാരുമില്ലല്ലോ..എന്നെ പഠിപ്പിക്കാനാരുമില്ലല്ലോ...എന്നിങ്ങനെ ഓർത്തു സങ്കടപ്പെടുമായിരുന്നു ഞാൻ. പഠിക്കാനാകാത്ത സങ്കടം കൊണ്ട് റബർ മരത്തിനു മറഞ്ഞു നിന്ന് വിങ്ങിക്കരഞ്ഞ നാളുകൾ ആയിരുന്നു അത്."

അപ്പോൾ ജോൺ കുര്യാക്കോസിന്റെ കണ്ണുകളിൽ റബർ മരത്തിനു മറഞ്ഞു നിന്ന് വിങ്ങിക്കരഞ്ഞ ആ പതിനഞ്ചു വയസുകാരൻ നിറഞ്ഞു നിൽക്കുന്നതായി എനിക്കു തോന്നി….

സകല പ്രവൃത്തികളും ദൈവം കാണുന്നു എന്ന വിശ്വാസത്തോടെ:

"എന്നെ ടാപ്പിങ് പഠിപ്പിച്ച തോമസുചേട്ടൻ നല്ലൊരു മനുഷ്യനായിരുന്നു. ഒരു മരം പോലും ടാപ്പിങ് നടത്താതെ പോകരുത്, ദൈവത്തിനാണ് ചെയ്യുന്നത് എന്ന ചിന്തയോടെ, നമ്മൾ ചെയ്യുന്നതെല്ലാം ദൈവം കാണുന്നുണ്ടെന്ന ചിന്തയോടെ വേണം ടാപ്പിങ് നടത്താനെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു...”

"ആ ഉപദേശം ഇന്നും ഞാൻ ശിരസാ വഹിക്കുന്നു. ഞാനൊരു പല്ല് ഉണ്ടാക്കുമ്പോൾ ചിന്തിക്കും-ദൈവത്തിനാണ് ഞാൻ ഈ പല്ല് ഉണ്ടാക്കി കൊടുക്കുന്നതെങ്കിൽ എത്രമാത്രം പൂർണതയോടെയാവും ഞാൻ ഉണ്ടാക്കുക! അതു കൊണ്ട് എന്റെ ജീവനക്കാരോട് ഞാൻ പറയാറുണ്ട്- നിങ്ങൾ ദൈവത്തിനാണ് പല്ല് ഉണ്ടാക്കുന്നത് എന്നു കരുതി വേണം ഇവിടെ പണിയെടുക്കാൻ എന്ന്. മാത്രമല്ല, എനിക്കു ജീവനുള്ള കാലത്തോളം മനുഷ്യർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന യാതൊന്നും ഡെന്റ് കെയർ ഉൽപാദിപ്പിക്കില്ല, ഇതെന്റെ വാക്കാണ്.'

“ഈ കടുത്ത നിരാശയിലായിരിക്കുമ്പോഴാണ് സുവിശേഷകനായ യോഹന്നാൻ സാറിന്‍റെ വാക്കുകൾ മൈക്കിലൂടെ ഒഴുകിയെത്തുന്നത് “-

“നിങ്ങൾ മനസറിഞ്ഞ് ജീവിതത്തിൽ പാപം ചെയ്യില്ലെന്ന് ശക്തമായ തീരുമാനമെടുക്കുക.”

“അതു വരെ ഞാനൊരു പാപവും ചെയ്യുന്നില്ല എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഭ്രാന്തൻ കുര്യാക്കോന്‍റെ മകനെന്ന വിളി കേട്ട് അപകർഷതാ ബോധത്തോടെ തലയുയർത്തി നടക്കാൻ പോലും ആകാതെ ആറേഴു കിലോമീറ്റർ ദൂരം , പത്തു പൈസ വണ്ടിക്കൂലി പോലും കൊടുക്കാനില്ലാത്ത ദുരിതകാലം നൽകിയ തീച്ചൂളയിലൂടെ കണ്ണും പൊത്തി നടന്ന എനിക്ക് എന്തു പാപം....ഒരഴുക്കു ചിന്തയുമില്ല, ആരുടെയും മുഖത്തു പോലും നോക്കാറില്ല…ഞാനിങ്ങനെയൊക്കെ ചിന്തിച്ചു നിന്നപ്പോൾ മൈക്കിൽ കൂടി വീണ്ടും ആ സ്വരം ഒഴുകിയെത്തി “:

“നിങ്ങളുടെ മനസ് മ്ലേച്ഛ ചിന്തകളാൽ നിറഞ്ഞതല്ലേ, വെറുപ്പും വൈരാഗ്യവും നിറഞ്ഞതല്ലേ, പുറമേ ദുർഗന്ധം വഹിക്കുന്നില്ലെങ്കിലും ഉള്ളിൽ ചീഞ്ഞു നാറുന്ന കുഴിമാടം പോലെയല്ലേ നിങ്ങളുടെ മനസ്? “

“അപ്പോൾ ഞാനോർത്തു, മലബാറിലെ ഒരു ആന്‍റിയോട് എനിക്ക് തീർത്താൽ തീരാത്ത വൈരാഗ്യമായിരുന്നു. മലബാറിലെ ആന്‍റി വന്നാൽ ഞങ്ങളുടെ വീട്ടിൽ ഒഴികെ എല്ലായിടത്തും വരും. ഞങ്ങളുടെ ദുരിത ജീവിതം കാരണം ആരും വീട്ടിൽ വരുമായിരുന്നില്ല. അന്നാ പ്രഭാഷണത്തോടെ എന്‍റെ പതിനഞ്ചാം വയസിൽ ഞാനെന്‍റെ സകല വെറുപ്പും വൈരാഗ്യവും മാറ്റി.”

“പിന്നെന്‍റെ പ്രാർഥന ദൈവമേ എനിക്കൊരു ജോലി തരാമോ എന്നായി. എന്തായാലും റബറു വെട്ടുമായി നടന്ന എനിക്ക് മൂവാറ്റുപുഴയിലുള്ള ഡോ.റെജി മാത്യുവിന്‍റെ ദന്താശുപത്രിയിൽ ഒരു അറ്റൻഡറായി ജോലി കിട്ടി. ആശുപത്രിയിലെ ടോയ് ലറ്റ് ക്ലീനിങ്, രോഗികൾ തുപ്പിയിട്ട പഞ്ഞിയും മറ്റും എടുത്തു കളയുക, ഡോക്റ്ററുടെ ചോറു പാത്രം കഴുകി വയ്ക്കുക (അങ്ങനെ കഴുകി വയ്ക്കാൻ അദ്ദേഹം ഒരിക്കലും എന്നോടു പറഞ്ഞിരുന്നില്ല, എങ്കിലും കൃത്യമായി സന്തോഷത്തോടെ ഞാനതു ചെയ്തിരുന്നു).

250 രൂപയിൽ തുടക്കം:

അന്ന് 250 രൂപയായിരുന്നു ശമ്പളം. എട്ടു മണി തൊട്ട് അഞ്ചു മണി വരെയായിരുന്നു ജോലി. ഞാൻ ആറരയാകുമ്പോഴെയ്ക്കും ജോലിക്കെത്തും . കാരണം സ്വർഗം കിട്ടിയ സന്തോഷമാണല്ലോ എനിക്ക്. ആദ്യം കിട്ടിയ ശമ്പളം കൊണ്ട് ഞാൻ എന്‍റെ ചാച്ചനും അമ്മയ്ക്കും ഓരോ ജോഡി ഡ്രസ് എടുത്തു കൊടുത്തു. അപമാനഭാരത്താൽ കണ്ണും പൊത്തി നടന്ന കാലത്ത് ദൈവമില്ലെന്നു കരുതിയ ഞാൻ ഇന്നറിയുന്നു , ക്രിസ്തു എന്‍റെ കൂടെ ഉണ്ടായിരുന്നു…ഇന്നും ക്രിസ്തു എന്‍റെ കൂടെ നടക്കുന്നു… “

അതേ, ഡെന്‍റ് കെയറിന്‍റെ സാരഥി ക്രിസ്തുവാണ്. ലോകത്തിലെ രണ്ടാം സ്ഥാനത്തേയ്ക്ക് ഡെന്‍റ് കെയറിനെ കൈ പിടിച്ചു നയിക്കുന്നതും ക്രിസ്തു തന്നെ.

ക്രിസ്തുവിന്‍റെ കൈയിൽ പിടിച്ച് കേരളത്തിന്‍റെ എപിജെ ആയി വളർന്ന യുവാവിനെയാണ് പിന്നീട് കേരളം കണ്ടത്. ആ കഥ നാളെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com