
ആശ വർക്കർമാരോടുള്ള സർക്കാർ സമീപനം
അഡ്വ. പി.എസ്. ശ്രീകുമാര്‍
സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കുക, പെന്‍ഷന്‍ അനുവദിക്കുക എന്നീ പ്രധാനവും ന്യായവുമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ആശ വര്‍ക്കര്‍മാര്‍ (Acceredited Social and Health Activist) കഴിഞ്ഞ ഒരു മാസത്തിലേറെയായി സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവര്‍ സമരം ആരംഭിച്ച ദിവസം മുതല്‍ അവരെയും, അവര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെയും തള്ളിപ്പറയാനും അധിക്ഷേപിക്കാനുമാണ് സിപിഎം നേതാക്കളും, അവരുടെ ട്രേഡ് യൂണിയനായ സിഐടിയുവിന്‍റെ നേതാക്കളും ശ്രമിക്കുന്നത്. സിഐടിയു പ്രസിഡണ്ടായ എളമരം കരീം സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ കൃമികളായിട്ടാണ് ഉപമിച്ചത്. ഇവരുടെ മറ്റൊരു സംസ്ഥാന നേതാവ് ലൈംഗികച്ചുവയോടെ അവരെ അപമാനിച്ചു സംസാരിച്ചു. തൊഴിലാളികളുടെ പേരില്‍ നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന് ഈ രീതിയില്‍ പ്രതികരിക്കാന്‍ എങ്ങിനെ സാധിക്കുന്നു? സമൂഹത്തിനു വേണ്ടി ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തൊഴിലാളി വിരുദ്ധത കൈമുതലായ ഒരു സര്‍ക്കാരിന് മാത്രമേ തള്ളിപ്പറയാൻ സാധിക്കൂ.
2005ല്‍ മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ രൂപീകരിച്ചപ്പോള്‍ ജനങ്ങളും പൊതുജനാരോഗ്യ വിഭാഗവുമായി ഒരു ബന്ധം ഉണ്ടാക്കാനാണ് ആശ വര്‍ക്കര്‍മാരെ ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചത്. ഇന്ന് രാജ്യത്ത് 10 ലക്ഷത്തോളം ആശ വര്‍ക്കര്‍മാരാണ് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്. അതതു പ്രദേശത്തെ ജനന - മരണ കണക്കുകള്‍ എടുക്കുക, പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എടുക്കുക, അമ്മമാരുടെയും, കുഞ്ഞുങ്ങളുടേയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, പരിസര ശുചീകരണം ഉറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു അവരുടെ ചുമതലകള്‍. ആദ്യ കാലഘട്ടത്തില്‍ ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമായിരുന്നു ജോലി. അതിനായി അവര്‍ക്കു ഓണറേറിയം ആണ് നല്‍കിയിരുന്നത്.
കേരളത്തില്‍ അന്ന് വി.എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരായിരുന്നു അധികാരത്തിലിരുന്നത്. 2007ലാണ് കേരളത്തില്‍ ആശ വര്‍ക്കര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്. അതനുസരിച്ച് എല്ലായിടത്തും അവരെ നിയമിച്ചെങ്കിലും, സര്‍ക്കാര്‍ അവര്‍ക്ക് ഓണറേറിയം നല്‍കാമെന്ന് പറഞ്ഞതല്ലാതെ ഒന്നും നല്‍കിയില്ല. 2007 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ഓണറേറിയമായി ഒരു രൂപ പോലും അച്യുതാനന്ദന്‍ സര്‍ക്കാര്‍ നല്‍കിയില്ല. എന്നാല്‍ ആ സര്‍ക്കാരിന്‍റെ 2011-2012 ലെ അവസാനത്തെ ബജറ്റില്‍ 300 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പോകുന്നതു വരെയും പ്രഖ്യാപനം ബജറ്റ് പേപ്പറില്‍ മാത്രമായി അവശേഷിച്ചു. എന്നാല്‍ തുടര്‍ന്ന് 2011 മേയില്‍ അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 300 രൂപ 500 രൂപയായി വര്‍ധിപ്പിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്തു. ആ സര്‍ക്കാരിന്‍റെ കാലയളവില്‍ ഓരോ വര്‍ഷവും തുക കാലാനുസൃതമായി വര്‍ധിപ്പിക്കുകയും, സര്‍ക്കാര്‍ 2016 ല്‍ അധികാരത്തിനു പുറത്തു പോയ സമയത്തു ഓണറേറിയം 1,000 രൂപയായി നല്‍കുകയും ചെയ്തു. മാത്രമല്ല, രാജ്യത്താദ്യമായി ആശ വര്‍ക്കര്‍മാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2015 ജൂലൈയില്‍ നടപ്പിലാക്കി.
കൊവിഡ് കാലത്തു കേരളത്തിലെ ആശ വര്‍ക്കര്‍മാര്‍ക്ക് അധിക ജോലി ഭാരമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. സ്വന്തം ജീവന്‍ പോലും അനിശ്ചിതത്വത്തിലാക്കിയാണ് ആ കാലയളവില്‍ ഇവര്‍ 15-16 മണിക്കൂറുകള്‍ ജോലി ചെയ്ത് ജനസേവനം നടത്തിയത്. അതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ അവകാശപ്പെട്ട് പരസ്യ പ്രചാരണം നടത്തിയത് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനുമായിരുന്നു.
നിലവില്‍ 26,116 പേരാണ് ആശ വര്‍ക്കര്‍മാരായി കേരളത്തിലുള്ളത്. ഇന്ന് അവരെ അധിക്ഷേപിച്ചു സംസാരിക്കുന്ന എളമരം കരീം, 2014 ഡിസംബര്‍ 8 ന് അവരുടെ വേതനം 10,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ നടത്തിയ കാര്യം അദ്ദേഹം മറന്നുപോയിക്കാണില്ലെന്ന് വിശ്വസിക്കുന്നു.
ആശാ വര്‍ക്കര്‍മാരുടെ വേതനം 21,000 രൂപയായി വര്‍ധിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്തിറക്കിയ ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. മാത്രമല്ല, ഈ ആവശ്യമുന്നയിച്ച് സിഐടിയുവിന് സംഘടനാ സാന്നിധ്യമുള്ള ബംഗാള്‍, ബിഹാര്‍, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്‌ട്ര ,ആന്ധ്ര, തെലുങ്കാന, കര്‍ണാടകം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ അവര്‍ പ്രക്ഷോഭം നടത്തി. എന്നാല്‍ തൊഴിലാളി സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന പിണറായി ഭരിക്കുന്ന കേരളത്തില്‍ വേതന വർധന എന്ന ആവശ്യം ഉന്നയിച്ചു സമരം നടത്തുന്നതിന് പകരം, അവര്‍ തന്നെ ഉന്നയിച്ച ആവശ്യത്തിന് വേണ്ടി സമരം നടത്തുന്ന ആശ വർക്കർമാരുടെ സമരത്തെ പരാജയപ്പെടുത്താനാണ് സിഐടിയു ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇവര്‍ കണ്ടില്ലെന്നു നടിക്കുന്ന ഒരു കാര്യം, സിക്കിം, ആന്ധ്ര പ്രദേശ്, സര്‍ക്കാരുകള്‍ ആശ വർക്കർമാർക്ക് പ്രതിമാസം 10,000 രൂപ വച്ച് നല്കുന്നു എന്നതാണ്. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തു നല്‍കിയ വാഗ്ദാനമാണ് അവിടെ നടപ്പിലാക്കിയത്. മാത്രമല്ല, 180 ദിവസത്തെ പ്രസവാവധിയും ഒന്നര ലക്ഷം രൂപ ഗ്രാറ്റുവിറ്റിയും പ്രഖ്യാപിച്ചു. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ അംഗങ്ങള്‍ കേരളം നിയമസഭയുടെ നടപ്പു സമ്മേളനത്തില്‍ അടിയന്തിര പ്രമേയം ഉന്നയിച്ചപ്പോള്‍, സിക്കിം സര്‍ക്കാര്‍ 10,000 രൂപ മാസവേതനം നല്കുന്നില്ലെന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചത്. സിക്കിം സര്‍ക്കാര്‍ 2022 മുതല്‍ വേതനം വര്‍ധിപ്പിച്ചതിന്‍റെ ഉത്തരവ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പുറത്തു വിടുകയും ആരോഗ്യ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതുപോലെ കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതം ഇതുവരെ നല്‍കിയിട്ടില്ലെന്നും അതുകൊണ്ടാണ് കുടിശികയുണ്ടായതെന്നും ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ 2025 ഫെബ്രുവരി 7നു എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്സഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായി 2023 -24 ല്‍ 189.15 കോടി രൂപയും, 2024 -25 ല്‍ 815.73 കോടി രൂപയും അനുവദിച്ചു നല്‍കിയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി പ്രതാപ് റാവു ജാദവ് മറുപടി നല്‍കി. അനുവദിച്ച തുക കേന്ദ്ര വിഹിതം മാത്രമാണെന്നും, സംസ്ഥാന വിഹിതം ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം മറ്റൊരു കാര്യം കൂടി വ്യക്തമാക്കി, 2023 -24 ല്‍ കേന്ദ്ര വിഹിതം കുടിശികയായതിനു കാരണം കേന്ദ്രം പറഞ്ഞ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചതു കൊണ്ടാണെന്നും, 2024 ജൂണ്‍ 26ന് എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നടപ്പിലാമെന്നു കാണിച്ചു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുടിശിക അനുവദിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സമരം പൊളിക്കാനുള്ള സര്‍ക്കാരിന്‍റെയും സിപിഎം നേതാക്കളുടെയും കള്ള പ്രചാരണം ഉപേക്ഷിച്ച് ആശ വര്‍ക്കര്‍മാര്‍ ഉന്നയിച്ചിട്ടുള്ള ന്യായമായ ആവശ്യങ്ങള്‍ സംബന്ധിച്ച് അവരുമായി ചര്‍ച്ച ചെയ്ത് എത്രയും വേഗം പരിഹാരം കണ്ടെത്താന്‍ തയാറാകുകയാണ് വേണ്ടത്.