
അശ്വിനി വൈഷ്ണവ്
കേന്ദ്ര റെയ്‌ൽവേ,
ഇലക്‌ട്രോണിക്സ്- വിവര സാങ്കേതിക,
വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രി
ഏതാനം മാസങ്ങൾക്കു മുമ്പ്, ഡൽഹിയിൽ ഉന്നത പദവിയിലുള്ള ഒരു യൂറോപ്യൻ മന്ത്രിയെ കാണുകയുണ്ടായി. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് വിപ്ലവം അവരെ അദ്ഭുതപ്പെടുത്തി. രാജ്യമെമ്പാടുമുള്ള ജനങ്ങൾ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പണം കൈമാറുന്ന രീതിയാണ് അവരെ ഏറെ ആകർഷിച്ചത്. ചെറു ഗ്രാമങ്ങൾ മുതൽ വൻ നഗരങ്ങൾ വരെ, ചായക്കടക്കാർ മുതൽ വ്യാപാരികൾ വരെ എല്ലാവരും സുഗമമായി ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നു.
അവർക്ക് ഒരു ചോദ്യമുണ്ടായിരുന്നു: ഭാഷയിലും ഭൂമിശാസ്ത്രത്തിലും ഇത്രയധികം വൈവിധ്യമുള്ള ഇന്ത്യ എങ്ങനെയാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്?
ഞാൻ അവർക്ക് ₹500ന്‍റെ ഒരു കറൻസി നോട്ട് കാണിച്ചു കൊടുത്തു. "അഞ്ഞൂറ് രൂപ' എന്നത് 17 ഭാഷകളിൽ എഴുതിയിരിക്കുന്നു. ഇന്ത്യയുടെ വൈവിധ്യത്തിന്‍റെ ലളിതവും എന്നാൽ പ്രബലവുമായ പ്രതീകമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ, സാങ്കേതികവിദ്യയാൽ ബന്ധിപ്പിക്കപ്പെടുന്ന ഈ വൈവിധ്യത്തെ രാജ്യത്തിന്‍റെ ഏറ്റവും വലിയ കരുത്താക്കി മാറ്റി. ഈ സർവാശ്ലേഷി മനോഭാവമാണ് സാങ്കേതികവിദ്യയോടുള്ള നമ്മുടെ സമീപനത്തെ നിർവചിക്കുന്നത്. പ്രധാനമന്ത്രിയുടെ ദാർശനിക ചിന്തയെ ഇത് പ്രതിഫലിപ്പിക്കുന്നു. സാങ്കേതികവിദ്യയെ എല്ലാവർക്കും ഉപയോഗപ്രദമാക്കുന്നു.
കടയിലെ സ്പീക്കറിൽ കേൾക്കുന്ന പേയ്‌മെന്‍റ് അലെർട്ടുകൾ മുതൽ തത്ക്ഷണ എസ്എംഎസ് സ്ഥിരീകരണങ്ങൾ വരെ, ഈ സംവിധാനം തടസരഹിതവും ലളിതവുമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. BHIM 20 ഭാഷകളിലും UMANG 13 ഭാഷകളിലും പ്രവർത്തിക്കുന്നു, ഇവയെല്ലാം ഒരേ സർവാശ്ലേഷി മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ 10 വർഷം ആഘോഷിക്കുന്ന വേളയിൽ ഈ പരിവർത്തനം അഭിമാനകരമായ നേട്ടമായി നിലകൊള്ളുന്നു. നാം ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. മുന്നിലുള്ള അവസരങ്ങൾ വളരെ വിപുലമാണ്. അന്ത്യോദയ എന്ന സ്വപ്നം - അവസാനത്തെ വ്യക്തിയ്ക്കും അന്തസും അവസരവും - നമ്മെ മുന്നോട്ടുനയിക്കുന്നു.
ഇന്ത്യ സ്റ്റാക്ക്
10 വർഷം മുമ്പ് പ്രധാനമന്ത്രി മുന്നോട്ടുവച്ച വ്യക്തമായ ആശയത്തോടെയാണ് ഈ പ്രയാണത്തിന് തുടക്കം കുറിച്ചത് - കുറച്ചുപേർക്ക് മാത്രമല്ല, എല്ലാവർക്കും സേവനം നൽകും വിധം, ജനസംഖ്യയ്ക്ക് ആനുപാതികമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക എന്ന ആശയം. അത് ഇന്ന് ലോകം അംഗീകരിക്കുന്ന ഇന്ത്യാ സ്റ്റാക്കിന്‍റെ സൃഷ്ടിയിലേക്ക് നയിച്ചു.
ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്‍റിറ്റി സിസ്റ്റമായ ആധാറാണ് ഇതിന്‍റെ കേന്ദ്ര ബിന്ദു. ഇത് 140 കോടി ജനങ്ങൾക്ക് ഒരു അദ്വിതീയ ഡിജിറ്റൽ ഐഡന്‍റിറ്റി നൽകുന്നു. ഒരു ശരാശരി ദിനത്തിൽ 9 കോടിയിലധികം ആധാർ പ്രാമാണീകരണങ്ങൾ നടക്കുന്നു. അവശ്യ സേവനങ്ങളിൽ വേഗതയും വിശ്വാസ്യതയും ഉറപ്പാക്കുന്നു.
ഡിജിലോക്കർ ഭരണനിർവഹണം ലളിതമാക്കുകയും പൗരന്മാരുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു. ഒരു ക്ലിക് അകലെ മാത്രമാണ് നിങ്ങളുടെ രേഖകൾ. ഡ്രൈവിങ് ലൈസൻസോ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോ മറ്റ് അവശ്യ രേഖകളോ ആകട്ടെ, ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ അവ സുരക്ഷിതമായും സൗകര്യപ്രദമായും കൊണ്ടുനടക്കുന്നു.
മൊബൈൽ ഫോണുകളുടെ വ്യാപക ഉപയോഗമില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഇന്ന്, ഇന്ത്യയിലെ ഏകദേശം 90% പേരും മൊബൈൽ ഉപയോഗിക്കുന്നു. ഇത് സാങ്കേതികവിദ്യയുടെ ശക്തി നേരിട്ട് ജനങ്ങളിലെത്തിക്കുന്നു.
ഇന്ത്യ സ്റ്റാക്ക് ഒരു ആഗോള മാതൃകയാണ്. ജി20യിൽ, ഇന്ത്യ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ (Digital Public Infrastructure -DPI) അജൻഡയെ പിന്തുണയ്ക്കുകയും ഒരു ഗ്ലോബൽ DPI റിപ്പോസിറ്ററി നിർദേശിക്കുകയും ചെയ്തു. യുപിഐ ഇതിനോടകം 7 രാജ്യങ്ങളിൽ പ്രാബല്യത്തിലുണ്ട്. മറ്റു പല രാജ്യങ്ങളും ഇത് സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കാൻ ആരംഭിച്ച ദൗത്യം ഇപ്പോൾ ലോകത്തെ പ്രചോദിപ്പിക്കുകയാണ്.
സമഗ്ര വളർച്ച
55 കോടിയിലധികം ജൻ ധൻ അക്കൗണ്ടുകൾ തുറക്കുകയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം മുഖേന ₹44 ലക്ഷം കോടി വിതരണം ചെയ്യുകയും ചെയ്തു. 10 കോടിയിലധികം പാചകവാതക കണക്‌ഷനുകളും ആരോഗ്യ ആനുകൂല്യങ്ങളും നേരിട്ട് വിതരണം ചെയ്തു. ഡിജിറ്റൽ ഇന്ത്യയുടെ ജൻ ധൻ- ആധാർ- മൊബൈൽ (JAM) ത്രിത്വത്തിലൂടെ ഇതെല്ലാം അനായാസം സാധ്യമായി. ഇന്ന് വാരാണസിയിലെ ഒരു ഓട്ടൊ ഡ്രൈവർക്കോ മുംബൈയിലെ ഒരു കച്ചവടക്കാരനോ ഡിജിറ്റൽ ഇടപാടുകൾ നടത്താം. ക്ഷേമ പദ്ധതികളിലെ ചോർച്ച കുറഞ്ഞു. ഭരണം സുതാര്യവും ചടുലവുമായി മാറി.
ഭരണത്തിലെ മനുഷ്യ സ്പർശം
MyGov, UMANG പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പൗരന്മാരെ 2,000ത്തിലധികം സർക്കാർ സേവനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഇന്ത്യയുടെ ദേശീയ ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമായ ഇ- സഞ്ജീവനി 38 കോടി ഡോക്റ്റർ കൺസൽറ്റേഷനുകൾ സാധ്യമാക്കി.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) ഓരോ പൗരനും ഒരു സവിശേഷ ഡിജിറ്റൽ ഹെൽത്ത് ഐഡി സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. 79 കോടിയിലധികം ഹെൽത്ത് ഐഡികൾ, 6 ലക്ഷം ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾ, 60 കോടി ആരോഗ്യ രേഖകൾ എന്നിവ സമന്വയിപ്പിച്ചു.
ബിഹാറിലെ ഒരു വിദൂര ഗ്രാമത്തിലെ കാന്തി ദേവിക്ക് വീട്ടിൽ നിന്ന് പുറത്തുപോകാതെ തന്നെ നൂറുകണക്കിന് കിലോമീറ്റർ അകലെ ലഖ്‌നൗവിലുള്ള ഒരു സ്പെഷ്യലിസ്റ്റിനെ സമീപിക്കാൻ കഴിഞ്ഞു. ആരോഗ്യ സംരക്ഷണം പോലുള്ള അവശ്യ സേവനങ്ങൾ സാധാരണ പൗരന്‍റെ പടിവാതിലിൽ എത്തിക്കുന്ന ഡിജിറ്റൽ ഇന്ത്യയുടെ ശക്തിയാണിത്.
ഒരു തദ്ദേശീയ നൂതനാശയമായ യുപിഐ ഇന്ത്യയിലുടനീളം സാമ്പത്തിക ഇടപാടുകൾ നടക്കുന്ന രീതിയെ മാറ്റിമറിച്ചു. ചെറുകിട തെരുവുകച്ചവടക്കാർ മുതൽ വലിയ ബിസിനസ് സ്ഥാപനങ്ങൾ വരെ എല്ലാവരും ഇത് എളുപ്പത്തിൽ ഉപയോഗിക്കുന്നു. ഒരു ദിവസം ശരാശരി 60 കോടിയിലധികം യുപിഐ ഇടപാടുകൾ നടക്കുന്നു. .
യുവജനങ്ങളും കർഷകരും
DIKSHA, SWAYAM, PM eVidya തുടങ്ങിയ ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ ദശലക്ഷക്കണക്കിന് വിദ്യാർഥികളെ അവരുടെ പ്രാദേശിക ഭാഷകളിൽ സമീപിക്കുന്നു. സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (SIDH), ഫ്യൂച്ചർ സ്‌കിൽസ് പ്രൈം എന്നിവ നമ്മുടെ യുവജനങ്ങളെ നിർമിതബുദ്ധി, സൈബർ സുരക്ഷ, ബ്ലോക്ക്‌ചെയിൻ എന്നീ നൈപുണ്യങ്ങളാൽ സജ്ജരാക്കുന്നു.
തത്സമയ കാലാവസ്ഥാ വിവരങ്ങൾ, മണ്ണിന്‍റെ ആരോഗ്യ കാർഡുകൾ, വിപണി വിലകൾ എന്നിവ കർഷകർക്ക് ഡിജിറ്റലായി ലഭിക്കുന്നു. 11 കോടിയിലധികം കർഷകർക്ക് ഇപ്പോൾ PM-KISAN മുഖേന ആനുകൂല്യം ലഭിക്കുന്നു. ഇത് തടസരഹിതമായി നേരിട്ടു നൽകിവരുന്നു.
വൈപുല്യത്തിലും ഉൾക്കൊള്ളലിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിർമിക്കപ്പെടുന്ന സാങ്കേതികവിദ്യ ജനങ്ങളുടെ ജീവിതത്തിൽ ശാശ്വതമായ പരിവർത്തനം സാധ്യമാക്കുമെന്ന് ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു- ഇതാണ് അന്ത്യോദയയുടെ ദർശനം.
വിശ്വാസ്യതയുടെ അടിത്തറ
വർധിച്ചുവരുന്ന ഡിജിറ്റല്‍വത്കരണത്തോടൊപ്പം സൈബർ സുരക്ഷാ ചട്ടക്കൂടും ശക്തിപ്പെടുത്തി. സിഇആര്‍ടി-ഇന്‍ (CERT-In) പോലുള്ള സ്ഥാപനങ്ങളും 1930 സൈബർ കുറ്റകൃത്യ ഹെൽപ്‌ലൈനും 2023ലെ ഡിജിറ്റൽ വ്യക്തിഗത വിവര സുരക്ഷാ നിയമവും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും വിവര സുരക്ഷയ്ക്കും ഇന്ത്യ കൈക്കൊള്ളുന്ന പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. പൗരന്മാർക്ക് വിശ്വാസ്യതയോടെയും ആത്മവിശ്വാസത്തോടെയും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനാവുമെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
ഇതിന്‍റെ ശക്തമായ ഉദാഹരണത്തിനാണ് "ഓപ്പറേഷൻ സിന്ദൂറിലൂടെ' നാം സാക്ഷ്യം വഹിച്ചത്. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളെ ഉന്നമിട്ട നിരവധി ഏകോപിത സൈബർ ആക്രമണങ്ങളെ രാജ്യത്തെ ഏജൻസികൾ വിജയകരമായി നേരിട്ടു.
നൂതനാശയങ്ങളും സ്റ്റാർട്ടപ്പുകളും
1.8 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും 100ലേറെ യൂണികോണുകളുമായി ഇന്ത്യ ഇന്ന് ലോകത്തെ മൂന്നാമത് വലിയ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ കേന്ദ്രമാണ്. ഡിജിറ്റൽ ഇന്ത്യയിലെ പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ പിന്തുണയോടെയാണ് ഇവയിൽ പലതും വളർന്നുവന്നത്.
നിലവില്‍ പൊതു ഡിജിറ്റല്‍ സംവിധാനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യയുടെ സാങ്കേതിക മാതൃകകള്‍ ആഫ്രിക്ക, ലാറ്റിൻ അമെരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങൾ പിന്തുടരുന്നു.
രാജ്യത്തെ എഐ ദൗത്യം ഉന്നത നിലവാര കംപ്യൂട്ടിങ് താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുന്നു. ആഗോള നിരക്കിനെ അപേക്ഷിച്ച് തീരെ കുറഞ്ഞ ചെലവില്‍ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും വിദ്യാർഥികൾക്കുമായി നിലവില്‍ ലഭ്യമായ 34,000ത്തിലധികം ജിപിയുകൾക്ക് പുറമെ 600-ത്തിലേറെ ജിപിയുകൾ കൂടി ലഭ്യമാക്കിവരുന്നു.
ടെലികോം മുതൽ അര്‍ധചാലകങ്ങള്‍ വരെ
"ഇന്ത്യയില്‍ നിര്‍മിക്കാം, ഇന്ത്യയ്ക്കായി, ലോകത്തിനായി' എന്ന ആശയത്തില്‍ പ്രധാനമന്ത്രി മോദി ശ്രദ്ധ കേന്ദ്രീകരിച്ചത് രാജ്യത്തെ ഇലക്‌ട്രോണിക്സ്, മൊബൈൽ ഫോൺ നിർമാണത്തില്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. ഇലക്‌ട്രോണിക്സ് നിർമാണം 12 ലക്ഷം കോടി രൂപ പിന്നിട്ടു. രാജ്യത്ത് ഇന്ന് ഇറക്കുമതിയേക്കാളേറെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നു.
ടെലികോം അടിസ്ഥാന സൗകര്യങ്ങളിലെ ശക്തമായ വികാസം ഈ വളർച്ചയെ സമാന്തരമായി പിന്തുണച്ചു. നിരവധി വർഷങ്ങൾക്കു ശേഷം ബിഎസ്‌എൻഎൽ വീണ്ടും ലാഭകരമായി മാറിയത് പൊതു ടെലികോം രംഗത്ത് വഴിത്തിരിവായി. സ്വന്തമായി തദ്ദേശീയ ടെലികോം സാങ്കേതികതയും ഇന്ത്യ വികസിപ്പിച്ചെടുത്തു. ഇന്ന് ഏതാണ്ട് രാജ്യമെങ്ങും 4ജി ലഭ്യമാണ്. കൂടാതെ ലോകത്ത് ഏറ്റവും വേഗമേറിയ 5ജി വിന്യാസവും ഇന്ത്യ അടയാളപ്പെടുത്തി.
"ഇന്ത്യ അര്‍ധചാലക ദൗത്യം' ഇന്ത്യൻ നിർമിത ചിപ്പ് എന്ന കാഴ്ചപ്പാടിനെ സാക്ഷാത്ക്കരിക്കുന്നു. 6 അര്‍ധചാലക നിലയങ്ങളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ആദ്യ ഇന്ത്യന്‍ നിര്‍മിത ചിപ്പ് ഉടന്‍ പുറത്തിറക്കാൻ അവർക്കിടയിൽ ആരോഗ്യകരമായ മത്സരം നടക്കുന്നു.
രാജ്യത്തെ 1,700ലധികം ആഗോള ശേഷി വികസന കേന്ദ്രങ്ങളിലായി ഏകദേശം 2 ദശലക്ഷം പേര്‍ ജോലി ചെയ്യുന്നു. ചെലവ് ലാഭിക്കുന്ന പിന്നണി ഓഫിസുകളായി തുടക്കം കുറിച്ച ഈ കേന്ദ്രങ്ങള്‍ ഇന്ന് ലോകത്തിനായി നൂതനാശയങ്ങളെയും രൂപകൽപനയെയും ഉത്പന്ന വികസനത്തെയും നയിക്കുന്നു.
മുന്നോട്ടുള്ള പാത
ഡിജിറ്റൽ ഇന്ത്യ പരിപാടി അതിന്‍റെ പത്താം വാർഷികം ആഘോഷിക്കുകയാണ്. ശക്തമായ ഡിജിറ്റൽ അടിത്തറയിലൂന്നി വികസിത ഭാരതമെന്ന സൗധം നാം കെട്ടിപ്പടുക്കുകയാണ്. നമ്മുടെ ലക്ഷ്യം വ്യക്തമാണ് - അവസാനതല ഡിജിറ്റൽ വിടവ് നികത്തുക, ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുക, എല്ലാവർക്കും സൈബർ സുരക്ഷ ഉറപ്പാക്കുക. ആത്യന്തികമായി ഓരോ പൗരന്‍റെയും ജീവിതത്തിൽ സാങ്കേതികവിദ്യയെ യഥാർഥ പങ്കാളിയാക്കുന്നു.