
ജോൺ കുര്യാക്കോസ് ഭാര്യ ജെസിയോടൊപ്പം
file photo
റീന വർഗീസ് കണ്ണിമല
വൈവിധ്യങ്ങൾഏറെയുള്ള കോൾഗേറ്റ് പേസ്റ്റോ പാമോലീവ് ഉൽപന്നങ്ങളോ ഉപയോഗിക്കാത്തവരായി നമ്മളിലാരുമുണ്ടാകില്ല. എന്നാൽ അതു തുടങ്ങി വച്ച വില്യം കോൾഗേറ്റ് ഒരു ദൈവപുരുഷനായിട്ടാണ് അറിയപ്പെടുന്നത്. 1800കളിൽ നടന്ന ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഇംഗ്ലണ്ടിൽ നിന്നും അമെരിക്കയിലേയ്ക്കു കുടിയേറിയ കർഷക കുടുംബത്തിലെ കുട്ടിയായിരുന്നു വില്യം. കഷ്ടതയുടെ നാളുകളിൽ തന്‍റെ 19ാം വയസിൽ വില്യം തന്‍റെ അമ്മായിയുടെ സഹായത്തോടെ സോപ്പ് ഉണ്ടാക്കി വിറ്റു തുടങ്ങി. എന്നാലത് പരാജയപ്പെട്ടു. അപ്പോൾ തളരാതെ ബൈബിളിൽ അഭയം തേടിയ ആ പയ്യൻ ഇങ്ങനെ വായിച്ചു:
“അപ്പോൾ യാക്കോബ് യഹോവയോട് ഒരു നേർച്ച നേർന്നു: നീ എന്നോടൊപ്പം ഉണ്ടായിരിക്കുകയും ഞാൻ പോകുന്ന യാത്രയിൽ എന്നെ സംരക്ഷിക്കുകയും എനിക്ക് ഭക്ഷണവും വസ്ത്രവും നൽകുകയും എന്‍റെ പിതാവിന്‍റെ വീട്ടിലേയ്ക്ക് ഞാൻ സുരക്ഷിതമായി മടങ്ങിയെത്തുകയും ചെയ്താൽ, നീ എന്‍റെ ദൈവമായിരിക്കും... നീ എനിക്കു തരുന്ന എല്ലാറ്റിന്‍റെയും പത്തിലൊന്ന് ഞാൻ നിനക്കു തരാം.” ഉൽപത്തി 28-2021 ൽ തന്‍റെ വീടു വിട്ടു പോകുമ്പോൾ യാക്കോബ് ദൈവത്തിനു കൊടുത്ത പ്രതിജ്ഞയാണ് ആ ബൈബിൾ വാക്യം. വില്യം ആ പ്രാർഥന പലവുരു പ്രാർഥിച്ചു എന്നു മാത്രമല്ല , സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും എന്ന ബൈബിൾ വാക്യം പാലിക്കാനും ദൃഢനിശ്ചയമെടുത്തു കൊണ്ട് തന്‍റെ സോപ്പ് കമ്പനി വീണ്ടും തുടങ്ങി. ദൈവം തുടങ്ങിയ കോൾഗേറ്റ് കമ്പനി ഇന്നും ലോകോത്തര നിലവാരത്തിൽ തുടരുന്നു...
ഇതു തന്നെയാണ് ജോൺ കുര്യാക്കോസിന്‍റെ ഡെന്‍റ് കെയറിലും കാണാനാകുക. മൂന്നു തലമുറയായി ഭ്രാന്തു പിടിച്ച തലമുറകളിൽ നിന്ന് ഏഷ്യയിലെ ഒന്നാം നമ്പർ ഡെന്‍റൽ ലാബ് ഉടമയായി ഈ മൂവാറ്റുപുഴക്കാരൻ ഓലിക്കൽ ജോൺ മാറിയെങ്കിൽ അവിടെയും പ്രവർത്തിച്ചത് ദൈവത്തിനു ജോൺ ഒന്നാം സ്ഥാനം കൊടുത്തതിലൂടെ ലഭിച്ച ദൈവാനുഗ്രഹം തന്നെ.
സദാ കൈയിൽ ഒരു ബൈബിളുമായാണ് ജോൺ കുര്യാക്കോസിന്‍റെ ജീവിതം മുന്നോട്ടു പോകുന്നത്. അത് യാത്രയിലായാലും ഓഫീസിലായാലും, ബൈബിൾ തൊട്ടരികത്തുണ്ടാകും. ഉറക്കം കെടുത്തുന്ന സ്വപ്നങ്ങൾ കാണാൻ യുവജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന ജോൺ കുര്യാക്കോസിന്‍റെ ആത്യന്തിക ലക്ഷ്യം ഒരു വിശുദ്ധനായിത്തീരുക എന്നതാണ് എന്നാണ് അദ്ദേഹം മെട്രോ വാർത്തയോടു പങ്കു വച്ചത്.
ഡെന്‍റ് കെയർ ഉൽപാദിപ്പിച്ച ഒരു ഉൽപന്നം കൊണ്ട് ജനങ്ങൾക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ താൻ ജീവിച്ചിരിക്കുമ്പോൾ താൻ അനുവദിക്കില്ലെന്ന് ജോൺ കുര്യാക്കോസ് നൽകുന്ന ഉറപ്പിനു പിന്നിലും ഈ ക്രൈസ്തവ തീഷ്ണത തന്നെ.
കാരണം താൻ ചെയ്യുന്നത് എല്ലാം ദൈവത്തിന്, തൻറെ സ്ഥാപനത്തിൻറെ സാരഥിയും ക്രിസ്തു തന്നെ എന്നാണ് സുവിശേഷകൻ കൂടിയായ ജോണിൻറെ പക്ഷം. ഇന്ത്യയിൽ കൃത്യതയുള്ള മെഷീനുകളോ സാങ്കേതിക ജ്ഞാനമുള്ളവരോ വേണ്ടത്ര ഇല്ല എന്ന തിരിച്ചറിവാണല്ലോ ആ ചെറുപ്പക്കാരനെ അതു തുടങ്ങാൻ പ്രേരിപ്പിച്ചത്. മറ്റു സ്ഥാപനങ്ങളിൽ നിന്നും ഡെന്‍റ് കെയർ എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചതിങ്ങനെ:
" പൂർണമായും നിക്കൽക്രോം മെറ്റൽ വച്ചുള്ള ക്യാപ്പ്, ക്രൌൺ, രണ്ടു വശത്തെ പല്ലുകൾ ഗ്രൈൻഡ് ചെയ്ത് ചെറുതാക്കിയിട്ട് നടുക്ക് ബ്രിഡ്ജിങ് ചെയ്യുക, അതിൻറെ പുറമേ കാണുന്ന ഭാഗത്ത് അക്രിലിക് കവറിങ് കൊടുക്കുക എന്നിവയാണ് അന്ന് ചെയ്തിരുന്നത്."
“ഗുണനിലവാരമേറിയ ഞങ്ങളുടെ ഉൽപന്നങ്ങൾ ആദ്യം മൂവാറ്റുപുഴയിലെ ഡെൻറൽ ക്ലിനിക്കുകളിലും പിന്നെയത് ഡോക്റ്റർമാർ പറഞ്ഞ് അറിഞ്ഞ് എറണാകുളം മുഴുവനിലും പിന്നീട് ഇന്ത്യയെമ്പാടും ആവശ്യക്കാരായി. ഞങ്ങൾക്ക് സമയത്തിന് ഉൽപന്നങ്ങൾ കൊടുക്കാൻ പറ്റാതായി. ആറു ജീവനക്കാരുമായി തുടങ്ങിയ ഡെൻറ് കെയറിന് നൂറ്റമ്പതോളം ജീവനക്കാരായി, ആ കെട്ടിടത്തിൻറെ ഭൂരിഭാഗവും ഞങ്ങൾ വാടകയ്ക്ക് എടുത്തു. അഞ്ഞൂറു രൂപ വാടക ഇരുപത്തയ്യായിരം രൂപയായി ഉയർന്നു. ഒപ്പം ഉൽപന്നങ്ങളുടെ എണ്ണവും.
ഞങ്ങളുടെ പ്രോഡക്റ്റുകൾക്ക് വൻ ഡിമാന്‍റായി. കൃത്യ സമയത്ത് വർക്കുകൾ ചെയ്തു കൊടുക്കാൻ ഞങ്ങൾ വളരെയധികം പാടുപെട്ടു. മികച്ച ലാഭമുണ്ടായി. ഡെന്‍റ് കെയർ വളർന്നു,കൂടുതൽ തൊഴിലാളികൾ, കൂടുതൽ പ്രോഡക്റ്റുകൾ, കൂടുതൽ ഉപഭോക്താക്കൾ…എല്ലാറ്റിലുമുപരി വഴി നടത്തുന്ന ദൈവിക സാന്നിധ്യം. “
‘ഞാനെന്‍റെ ജീവനക്കാരോട് എപ്പോഴും പറയാറുണ്ട്, നിങ്ങൾ ചെയ്യുന്നത് എത്ര ചെറിയ കാര്യമായാലും അത് ദൈവത്തിനാണ് ചെയ്യുന്നത് എന്നു കരുതി വേണം ചെയ്യാൻ , ദൈവ സന്നിധിയിൽ നീതി പൂർവം പ്രവർത്തിക്കുന്നവന് ജീവിതത്തിൽ വിജയമുണ്ടാകും, ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും”
ആദ്യകാലത്ത് രണ്ട് പ്രോഡക്റ്റുകൾ മാത്രമാണ് ഞങ്ങൾ ഉൽപാദിപ്പിച്ചിരുന്നത്. ഇന്നത് നാനൂറ്റി അൻപത് ഉൽപന്നങ്ങളിൽ എത്തി നിൽക്കുന്നു.
ലോകയാത്രകൾ പഠിപ്പിച്ച പാഠങ്ങൾ
നിങ്ങൾ കഴിയുന്നത്ര യാത്ര ചെയ്യുക…യാത്ര ചെയ്യാത്ത മനുഷ്യൻ കിണറ്റിലെ തവളയെ പോലെയാണ്. യാത്രകളെ അത്യധികം സ്നേഹിക്കുന്ന ജോൺ കുര്യാക്കോസ് എപ്പോഴും പറയുന്ന വാക്കുകളാണിവ. ഒരുകാലത്ത് കണക്ക് അധ്യാപകൻ പൊട്ടനെന്നും അധമനെന്നും വിളിച്ചധിക്ഷേപിച്ച, തലയ്ക്കിട്ടു നല്ല കിഴുക്കു കൊടുത്ത ആ പയ്യൻ ഡെന്‍റ് കെയർ തുടങ്ങാൻ ആശിച്ച കാലത്ത് ഒന്നു മനസിലാക്കി. ഇന്ത്യയിൽ നല്ല ഡെന്‍റൽ ടെക്നിഷ്യൻമാർ ആവശ്യത്തിനില്ല.
വേണ്ടത്ര ഡെന്‍റൽ ടെക്നിഷ്യൻമാരെ ഇന്ത്യൻ ആരോഗ്യ മേഖല പഠിപ്പിച്ചിറക്കുന്നുമില്ല. അതോടെ ആദ്യം ചെന്നൈയിൽ നിന്ന് ഡെന്‍റൽ ടെക്നിഷ്യൻ കോഴ്സ് പാസായി- അതും ഗോൾഡ് മെഡലോടെ. പിന്നീടാണ് കൂടുതൽ പഠിക്കാനായി അദ്ദേഹം ലോക യാത്രകൾ തുടങ്ങിയത്.
ആദ്യ യാത്ര ലിച്ചൻസ്റ്റെയിനിലേയ്ക്ക്- സെറാമിക് ടെക്നോളജി കേരളത്തിൽ തുടങ്ങാനായിരുന്നു അത്. അതിനെ കുറിച്ചുള്ള ക്ലാസ് അറ്റൻഡ് ചെയ്തപ്പോഴാണ് തന്‍റെ കണ്ണു തുറന്നതെന്നു പറയുന്നു ജോൺ. നമ്മൾ മലയാളികൾ ഏറ്റവും ചെറുതെന്നു കരുതുന്ന കാര്യങ്ങൾ പോലും തികഞ്ഞ പൂർണതയോടെ പറഞ്ഞു തരുന്ന യൂറോപ്യൻമാരുടെ ആ അധ്യാപന ശൈലി തന്നെ ചിന്തിപ്പിച്ചതായും പറയുന്നു ഈ ക്രാന്തദർശി.
വിദേശയാത്രകൾ പലർക്കും ഉല്ലാസയാത്രകൾ കൂടിയാണ്. എന്നാൽ ജീവൻ തന്ന ക്രിസ്തുവിന് എല്ലാം സമർപ്പിച്ച ജോൺ കുര്യാക്കോസിന് അതും ദൈവ മഹത്വത്തിനുള്ളതാണ്. അതിനെ കുറിച്ച് അദ്ദേഹം മെട്രോ വാർത്തയോട് ഇങ്ങനെ പറഞ്ഞു:
”വിദേശയാത്രകളിൽ സാധാരണയായി ഞാൻ രാവിലെ നന്നായി ഭക്ഷണം കഴിക്കും. കാരണം അത് ഫ്രീയാണല്ലോ. ഉച്ചയ്ക്ക് ഒരു ബർഗറോ വല്ലതും കഴിക്കും. രാത്രി നടത്തപ്പെടുന്ന ഡിന്നറിന് ഞാൻ പോകുകയില്ല. കാരണം വിദേശരാജ്യങ്ങളിലെ ഡിന്നർ പാർട്ടികളിൽ ബിയറും വൈനുമൊക്കെ ഉണ്ടാകും. അതു കാണാൻ ഇടയാവരുതേ എന്നതാണ് എന്‍റെ പ്രാർഥന. അതിനു വേണ്ടിയാണ് ഡിന്നർ ഞാൻ ഇത്തരം യാത്രകളിൽ ഒഴിവാക്കുന്നത്.”
"ഞാനെപ്പോഴും ഇക്കണോമിക് ക്ലാസിലാണ് യാത്ര ചെയ്യാറ്. വിമാനയാത്രകളിൽ ബിസിനസ് ക്ലാസിൽ വേണമെങ്കിൽ യാത്ര ചെയ്യാം. എന്നാൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്താലും എക്കണോമിക് ക്ലാസിൽ യാത്ര ചെയ്താലും ഞാൻ എത്തേണ്ടിടത്ത് എത്തും. എക്കണോമിക് ക്ലാസിൽ യാത്ര ചെയ്യുമ്പോൾ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതിലും ലാഭമാണല്ലോ, ആ ലാഭത്തുക ഏതെങ്കിലും സാധുക്കൾക്ക് നൽകാൻ ഉപകരിക്കുമല്ലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്.”
"ഡെന്‍റൽ പ്രോഡക്റ്റുകളെ കുറിച്ചുള്ള എല്ലാ വിദേശ കോൺഫറൻസുകളും മുടങ്ങാതെ ഞാൻ അറ്റൻഡ് ചെയ്യും. ലോകത്ത് അത്യന്താധുനികമായ എല്ലാ സംവിധാനവും ഇവിടെ കൊണ്ടു വരണം”
"പരമ്പരാഗതമായ അക്രലിക് കോട്ടിങിൽ നിന്ന് കൂടുതൽ മേന്മയേറിയ പോർസലൈൻ കോട്ടിങ്- ആ സാങ്കേതിക വിദ്യ സ്വിറ്റ്സർലണ്ടിൽ പോയാണ് ഞാൻ പഠിച്ചത്. ഇത്തരം പുതിയ ടെക്നോളജിക്കൽ പഠനങ്ങൾക്കായി ഞങ്ങളുടെ ജീവനക്കാരെ സ്വിറ്റ്സർലണ്ടിലും ജർമനിയിലും വിടാറുണ്ട്. വിദേശയാത്രകളിൽ നിന്ന് കിട്ടുന്ന പുതിയ ഡെന്‍റൽ പ്രോഡക്റ്റുകളെ കുറിച്ചുള്ള അറിവുകൾ ഇൻഡ്യൻ ഡെന്‍റൽ അസോസിയേഷനിൽ മുടങ്ങാതെ അവതരിപ്പിച്ചു. '
"ഞങ്ങളുടെ ഉൽപന്നങ്ങൾക്ക് മറ്റുള്ളവരുടേതിനെക്കാൾ 25 ശതമാനം ചെലവു കൂടുതൽ ആണ്. കാരണം അന്താരാഷ്ട്ര നിലവാരമുള്ള പുത്തൻ സാങ്കേതിക വിദ്യകളോടുള്ള ഞങ്ങളുടെ സ്നേഹം മൂലം ദന്തചികിത്സയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെല്ലാം തന്നെയുള്ള സ്ഥാപനമാണ് ഡെന്‍റ് കെയർ.'
"ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന നിലവാരമുള്ള അസംസ്കൃത വസ്തുക്കൾ , അതിൽ തന്നെ ഭൂരിഭാഗവും ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവ, ഗുണനിലവാരത്തോടുള്ള ഞങ്ങളുടെ ഈ പ്രതിബദ്ധതയാണ് ഞങ്ങളുടെ പ്രോഡക്റ്റുകളുടെ വില കൂട്ടുന്നതും.'
ഇന്ത്യയിലെമ്പാടും, ഏഷ്യയിലെമ്പാടും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഉള്ള ദന്താശുപത്രികളും കോളെജുകളും ദന്ത ഡോക്റ്റർമാരുമാണ് ഡെന്‍റ് കെയറിന്‍റെ മുഖ്യ ഉപയോക്താക്കൾ. ഇത് ഒരു ബി-റ്റു -ബി ബിസിനസാണ്. ഡെന്‍റൽ പ്രൊഫഷണലുകളുടെ ആവശ്യങ്ങൾ കൃത്യതയോടെ നിറവേറ്റുക, അതാണ് ഡെന്‍റ് കെയറിന്‍റെ മുഖ്യലക്ഷ്യം.
കേരളത്തെ അങ്ങേയറ്റം വ്യവസായ സൗഹൃദമായി കാണുന്ന വ്യവസായി: അക്കഥ നാളെ.