സഭയിലെ ചോദ്യങ്ങളും, ഉത്തരങ്ങളും...

സഭയിലെ ചോദ്യങ്ങളും, ഉത്തരങ്ങളും...

നിയമസഭയുടെ മുമ്പാകെ ഇന്നലെ വന്നത് 436 ചോദ്യങ്ങൾ. അതിൽ 30 എണ്ണം നക്ഷത്ര ചിഹ്നമിട്ടത്. അതാണ് സഭയുടെ നേരിട്ടുള്ള പരിഗണനയിൽ വരിക. അതിൽ നിന്ന് 4 ചോദ്യം സഭാതലത്തിൽ വന്നു.

ചോദ്യങ്ങൾ എന്നാണോ പരിഗണിക്കേണ്ടത് അതിനു 10 ദിവസം മുമ്പ് ഉച്ചയ്ക്കു ശേഷം 3ന് മുമ്പ് ബന്ധപ്പെട്ട വിഭാഗത്തിൽ ലഭിക്കണമെന്നാണ് വ്യവസ്ഥ. അന്നു തന്നെ നറുക്കെടുപ്പ് നടക്കും. ഇപ്പോൾ ചോദ്യങ്ങൾ ഓൺലൈനിലായതിനാൽ നറുക്കെടുപ്പ് നടത്തുന്നത് കംപ്യൂട്ടറാണ്.

അതിനു ശേഷം ചോദ്യങ്ങൾ അസിസ്റ്റന്‍റു മുതൽ മുകളിലോട്ട് നിയമസഭാ സെക്രട്ടറി വരെയുള്ളവർ കാണും. ഇതിനിടയിൽ അത്യാവശ്യം എഡിറ്റിങ്ങും നടക്കും. അപൂർവം ചില ചോദ്യങ്ങൾ സ്പീക്കർക്ക് അയയ്ക്കും. നയപരമായതോ രാഷ്‌ട്രീയമായതോ ആയ ചോദ്യങ്ങളാവും സ്പീക്കറുടെ മുമ്പാകെ എത്തുക. ഇത് ആകെയുള്ള ചോദ്യങ്ങളുടെ ഒരു ശതമാനം പോലും വരില്ല. നിയമസഭയെ സംബന്ധിച്ച് ഏതു കാര്യത്തിനുമെന്ന പോലെ ഇതിലും അന്തിമ തീരുമാനം സ്പീക്കറുടേതാണ്.

രണ്ടു ദിവസത്തിനുള്ളിൽ ചോദ്യങ്ങൾ സെക്രട്ടറിയുടെ അംഗീകാരം കിട്ടി തിരിച്ചെത്തിയാലുടൻ ഓൺലൈൻ മുഖേന ബന്ധപ്പെട്ട മന്ത്രിമാർക്ക് അയച്ചുകൊടുക്കും. അവിടങ്ങളിലെ പാർലമെന്‍ററി വിഭാഗത്തിന്‍റെ ചുമതലയുള്ളവർ ഉടൻ അതുമായി ബന്ധപ്പെട്ട ഓഫീസുകളിലയച്ച് ഉത്തരം ലഭ്യമാക്കും. അത് മന്ത്രിമാർ കാണണം. കാരണം മന്ത്രിമാരാണ് നിയമസഭ മുമ്പാകെ ഉത്തരം നൽകുന്നത്.

ഏത് ചോദ്യവും നിയമസഭയിൽ എത്തും മുമ്പ് പിൻവലിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ട്. രാവിലെ 9നാണ് ചോദ്യോത്തര വേള. ഒരു മണിക്കൂറാണ് ചോദ്യോത്തരം. അത് തുടങ്ങും മുമ്പ് സ്പീക്കർക്ക് കത്തു നൽകി തീരുമാനമാവണമെന്നു മാത്രം. കഴിഞ്ഞ ദിവസം സഹകരണ മേഖലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ എച്ച്. സലാമിന്‍റെ ചോദ്യം പിൻവലിച്ചത് വാർത്തയായിരുന്നു.

മുമ്പൊരിക്കൽ ചാലയിലെ ഒരു കപ്പലണ്ടിക്കടയിൽ എത്ര ജീവനക്കാരുണ്ടെന്നും അവരിൽ എത്ര പേർക്ക് പിഎഫ് ഉണ്ടെന്നും ഒരു ചോദ്യം വന്നു. അത് അംഗീകരിക്കപ്പെട്ടു. കട അന്വേഷിച്ച് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കട ഉടമ വിവരമറിഞ്ഞത്. ഉടൻ അദ്ദേഹം എംഎൽഎയെ ചെന്നു കണ്ടു. തുടർന്ന് ആ ചോദ്യം പാതിവഴിയിൽ പിൻവലിക്കപ്പെട്ടു.

ചോദ്യങ്ങളുടെ ഉത്തരം സഭയിൽ വയ്ക്കേണ്ടതിന്‍റെ തലേന്ന് വൈകിട്ട് 5ന് എത്തണമെന്നാണ് വ്യവസ്ഥയെങ്കിലും ഒരു കാലത്തും അത് പാലിക്കപ്പെടാറില്ല. മന്ത്രിമാർ നിയമസഭാ കാലത്ത് കൂടുതൽ തിരക്കിലാവുന്നതോടെ ചോദ്യങ്ങളുടെ ഫയലിൽ അവരുടെ ഒപ്പ് കിട്ടാൻ വൈകുന്നതാണ് പ്രധാന കാരണം. അതുകൊണ്ടു തന്നെ പല ചോദ്യങ്ങൾക്കും "വിവരം ശേഖരിച്ചു വരുന്നു'എന്ന ചട്ടപ്പടി മറുപടി രേഖപ്പെടുത്തേണ്ടി വരുന്നു. ഇതിന്‍റെ പേരിൽ മന്ത്രിമാർ എല്ലാ കാലത്തും വിമർശിക്കപ്പെടാറുണ്ട്. എന്നാൽ കൃത്യമായി മറുപടി നൽകുന്ന മന്ത്രിമാരെ കഴിഞ്ഞ തവണ സ്പീക്കർ എ.എൻ. ഷംസീർ പേര് എടുത്തുപറഞ്ഞ് അഭിനന്ദിച്ചിരുന്നു.

ഇന്നലെ പരിഗണിച്ച 4 ചോദ്യങ്ങളിൽ ആദ്യ രണ്ടും ശബരിമലയെക്കുറിച്ചായിരുന്നു. മന്ത്രി കെ. രാധാകൃഷ്ണൻ മറുപടി നൽകി. മൂന്നാം ചോദ്യം വെള്ളക്കരം സംബന്ധിച്ചതിന് ഉത്തരം നൽകിയത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കൃത്രമപ്പാരിനെപ്പറ്റിയുള്ള നാലാം ചോദ്യത്തിന് മറുപടി പറഞ്ഞത് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.

ഇതിൽ വെള്ളക്കര വർധനവിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചത് പ്രതിപക്ഷാംഗങ്ങളായ അൻവർ സാദത്ത്, എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്ണൻ, സി.ആർ. മഹേഷ് എന്നിവരാണ്. അവരുടെ ചോദ്യം ഇങ്ങനെ:

(എ) ജല അഥോറിറ്റി വെള്ളക്കരം 300 ശതമാനത്തിലേറെ വർധിപ്പിച്ചത് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, വിശദീകരിക്കാമോ?

(ബി) വെള്ളക്കരം താങ്ങാനാകാതെ പല ഉപഭോക്താക്കളും വാട്ടർ കണക്‌ഷൻ ഉപേക്ഷിക്കുന്നതായ സാഹചര്യമുണ്ടോ, വ്യക്തമാക്കാമോ?

(സി) വൻകിടക്കാരിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട കുടിശിക പിരിച്ചെടുക്കാതെ വെള്ളക്കരം വർധിപ്പിച്ച് ജനങ്ങൾക്ക് അധികബാധ്യത വരുത്തുന്നത് നീതീകരിക്കാനാവാത്ത പ്രവൃത്തിയാണെന്ന ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ, വ്യക്തമാക്കാമോ?

മന്ത്രി റോഷി അഗസ്റ്റിന്‍റെ മറുപടി:

(എ) നിലവിൽ പ്രതിമാസം 15 കിലോ ലിറ്റർ വരെ ഉപഭോഗമുള്ള ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യമായാണ് കുടിവെള്ളം നൽകുന്നത്. വാട്ടർ ചാർജ് താങ്ങാനാവാതെ ഉപഭോക്താക്കൾ കണക്‌ഷൻ ഉപേക്ഷിക്കുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടിട്ടില്ല. 2020ൽ 2,20,501 ബിപിഎൽ കുടുംബാംഗങ്ങൾക്കായിരുന്നു സൗജന്യമായി കുടിവെള്ളം നൽകിയിരുന്നത്. എന്നാൽ, 2023 ആയപ്പോഴേക്കും 6,13,074 ബിപിഎൽ കുടുംബങ്ങൾക്ക് ഈ ആനുകൂല്യം നൽകുന്നുണ്ട്. ഇതുവഴി വാട്ടർ അഥോറിറ്റിക്ക് 47.86 കോടി രൂപ അധിക ബാധ്യതയുണ്ടായി.

(ബി) ഇല്ല

(സി) ശ്രദ്ധയിൽപെട്ടിട്ടില്ല. വാട്ടർ ചാർജ് വർധിപ്പിച്ച സമയത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും 10.57 കോടി രൂപയും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും 222.12 കോടി രൂപയും മാത്രമാണ് പിരിച്ചെടുക്കാനുണ്ടായിരുന്നത്. 1,000 ലിറ്റർ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് വാട്ടർ അഥോറിറ്റിക്ക് 22.85 രൂപയായിരുന്നു ചെലവ്. എന്നാൽ,ശരാശരി 10.92 രൂപയായിരുന്നു ഒരു കിലോലിറ്റർ ജലത്തിൽനിന്നുള്ള വരുമാനമായി ലഭിച്ചിരുന്നത്. അതായത് ഒരു കിലോലിറ്റർ ജലം വിതരണം ചെയ്യുമ്പോൾ 11.93 രൂപ നഷ്ടം. ചെലവിനെക്കാൾ കുറഞ്ഞ നിരക്കിൽ വെള്ളം വിതരണം ചെയ്യുന്നതിനാൽ അഥോറിറ്റിക്ക് ഭീമമായ നഷ്ടമാണ് പ്രതിവർഷം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

2022-23ലെ കണക്കു പ്രകാരം ഒരു കിലോലിറ്റർ കുടിവെളളത്തിന്‍റെ ഉല്പാദന ചെലവ് 24.39 രൂപയായി വർധിച്ചു. വർഷാവർഷം വർധിച്ചുവരുന്ന വൈദ്യുതി ചാർജ്, കെമിക്കൽ വില വർധന, അറ്റകുറ്റപ്പണി ചെലവ്, വായ്പാ തിരിച്ചടവ്, ശമ്പളം, പെൻഷൻ എന്നിവയ്ക്കനുസൃതമായി വാട്ടർ ചാർജിൽ വർധന ഉണ്ടാവുന്നില്ല. 2022-23ൽ വാട്ടർ അഥോറിറ്റിയിൽ 6,223.76 കോടി രൂപയാണ് സഞ്ചിത നഷ്ടം. രാസവസ്തുക്കൾ, അറ്റകുറ്റപ്പണികൾക്കുള്ള ഉപകരണങ്ങൾ, കൂലി തുടങ്ങിയവയുടെ വില വർധിച്ചു. സ്കീമുകളുടെ പ്രായാധിക്യം കാരണം ഓപ്പറേഷൻ, മെയിന്‍റനൻസ് ചെലവുകളും ഗണ്യമായി വർധിച്ചു. ജലവിതരണ, മലിനജല മേഖലകളിൽ സമയബന്ധിത നവീകരണം അനിവാര്യമായിരുന്നതിനാൽ ഇതിനുള്ള തുക കണ്ടെത്തേണ്ടിയിരുന്നു. കൂടാതെ ഉല്പാദന ചെലവിനടുത്തെങ്കിലും വാട്ടർ ചാർജ് എത്തേണ്ടതുണ്ടായിരുന്നു. ഈ ഘടകങ്ങളെല്ലാം പരിശോധിച്ചാണ് വാട്ടർ ചാർജ് നിരക്ക് ഒരു ലിറ്ററിന് ഒരു പൈസ നിരക്കിൽ വർധിപ്പിച്ചത്.

ചോദ്യം ചോദിച്ചവരിൽ ആദ്യ ആളിന് രണ്ടും മറ്റുള്ളവർക്ക് ഓരോന്നും വീതം ഉപചോദ്യങ്ങൾ ചോദിക്കാം.

അൻവർ സാദത്ത്: വെള്ളക്കരം വർധന പിൻവലിക്കണം. ഉപയോഗിക്കാത്ത കണക്‌ഷന് അമിത ബിൽ വരുന്നു. ബിൽ കുടിശിക ആവുന്നവർക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കണക്‌ഷൻ വിച്ഛേദിക്കുന്നത് ഒഴിവാക്കാമോ?

മന്ത്രി റോഷി അഗസ്റ്റിൻ: കാലാനുസൃതമായ മാറ്റമാണ് വെള്ളക്കരത്തിലുണ്ടായത്. ഉപയോഗിക്കാത്ത കണക്‌ഷന് ബില്ല് കിട്ടിയിട്ടുണ്ടെങ്കിൽ പരിശോധിച്ച് ഇളവ് നൽകും. കുടിവെള്ള കണക്‌ഷൻ വിച്ഛേദിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ഫോൺ മുഖാന്തരം അറിയിക്കാൻ സൗകര്യമുണ്ടാക്കും.

അൻവർസാദത്ത്: പൈപ്പ് പൊട്ടി വെള്ളം നഷ്ടമാവുമ്പോൾ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം മൂലം ജലം പാഴാവുന്നത് ഒഴിവാക്കുമോ?

റോഷി അഗസ്റ്റിൻ: പൈപ്പ് പൊട്ടി വെള്ളം നഷ്ടമാവുമ്പോൾ അത് പെട്ടെന്ന് പരിഹരിക്കണം. ചിലപ്പോൾ പെട്ടെന്ന് ലൈൻ അടച്ചാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവും. കുറച്ചുവെള്ളം നഷ്ടപ്പെട്ടാലും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ് നോക്കുന്നത്.

എ.പി. അനിൽകുമാർ: നേരത്തെ കുടിവെള്ള നിരക്കിന്‍റെ മിനിമം ചാർജ് 22 രൂപയായിരുന്നത് ഇപ്പോൾ 144 രൂപയാണ്. ഇതേ തുടർന്ന് പല വീട്ടുകാരും കണക്‌ഷൻ വേണ്ടെന്നുവയ്ക്കുകയാണ്. ഈ വർധന വേണ്ടെന്നു വയ്ക്കുമോ?

റോഷി അഗസ്റ്റിൻ: ഈ പറഞ്ഞ തോതിൽ വർധന ഉണ്ടായിട്ടില്ല. അധികമായി വർധന ഉണ്ടായതായി പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഓഫീസുകളിൽ പരാതി നൽകിയാൽ തിരുത്തും.

ഐ.സി. ബാലകൃഷ്ണൻ: നിരക്ക് വർധന മൂന്നിലൊന്നായി കുറയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യാമോ?

റോഷി അഗസ്റ്റിൻ: നിരക്കുവർധനയ്ക്കു മുമ്പ് 55 കോടിയായിരുന്ന വരുമാനം അതിനുശേഷം 92 കോടിയായി .അതുമൂലം അറ്റകുറ്റപ്പണിക്കുൾപ്പെടെ പണം കൃത്യമായി നൽകാനായി. 6 ലക്ഷത്തിലേറെ ബിപിഎൽ കുടുംബാംഗങ്ങൾക്കും കാൻസർ, വൃക്ക രോഗികൾ, അവയവമാറ്റം നടത്തിയവർ, ആൻജിയോപ്ലാസ്റ്റി നടത്തിയവർ, ഭിന്നശേഷി സ്ഥാപനങ്ങൾ എന്നിവയ്ക്കൊക്കെ നിരക്ക് വർധന ഒഴിവാക്കി.

സി.ആർ. മഹേഷ്: കുടിശിക തീർപ്പാക്കലുൾപ്പെടെ പരാതി പരിഹരിക്കാൻ നിയോജകമണ്ഡലാടിസ്ഥാനത്തിൽ സൗകര്യമേർപ്പെടുത്താമോ?

റോഷി അഗസ്റ്റിൻ: പരാതി ഉണ്ടെങ്കിൽ പരിഹരിക്കാം.

എ. പ്രഭാകരൻ (സിപിഎം): ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കിയ പഞ്ചായത്തുകളിലെ പ്രതിസന്ധി പരിഹരിക്കുമോ?

റോഷി അഗസ്റ്റിൻ: ജലജീവൻ മിഷന്‍റെ 1,2,3 ഘട്ടങ്ങളിലെ വ്യവസ്ഥയനുസരിച്ച് ബന്ധപ്പെട്ട പഞ്ചായത്തുകൾക്കായിരുന്നു റോഡുകളുടെ പൂർവസ്ഥിതിയാക്കലിന്‍റെ ചുമതല. 4,5,6 ഘട്ടത്തിൽ അതിനുള്ള ഫണ്ട് നൽകുന്നുണ്ട്. 1,2,3 ഘട്ടങ്ങളിലെ റോഡുകൾ പൂർവസ്ഥിതിയിലാക്കാത്ത പഞ്ചായത്തുകളിൽ വേണ്ട തുക നൽകുന്നത് പരിഗണിക്കും.

ജി. സ്റ്റീഫൻ (സിപിഎം): ആർആർ പ്രകാരം 5 ശതമാനം വർധന നടപ്പാക്കിയാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാവാവുമെന്നതിനാൽ ഒഴിവാക്കുമോ?

റോഷി അഗസ്റ്റിൻ: കുടിവെള്ള നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ ആ വർധന വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അധിക ബുദ്ധിമുട്ട് വേണ്ട എന്നു കരുതായാണിത്.

വേറെയും അംഗങ്ങൾ ഉപചോദ്യങ്ങൾക്ക് അനുമതി ചോദിച്ചിരുന്നെങ്കിലും സ്പീക്കർ അടുത്ത ചോദ്യത്തിലേയ്ക്ക് കടക്കുകയായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും പ്രതിഫലിപ്പിക്കുന്നത് സംസ്ഥാനത്തിന്‍റെ ജീവിതാവസ്ഥയെയാണ്. അതിനുള്ള യാത്ര ചെറുതല്ലെന്നു മാത്രം.

Trending

No stories found.

Latest News

No stories found.