അശ്വിനി വൈഷ്ണവ്
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി
"സിനിമ സാര്‍വത്രിക ഭാഷയാണ് സംസാരിക്കുന്നത് "എന്ന് അതിന്‍റെ ഏകീകൃത ശക്തിയുടെ സാരാംശംഉള്‍ക്കൊണ്ട് ചലച്ചിത്ര സംവിധായകന്‍ സത്യജിത് റേ പറഞ്ഞിട്ടുണ്ട് . ഇന്ത്യന്‍ സിനിമ, അതിന്‍റെ വിശാലമായ ഭാഷാ- സാംസ്‌കാരിക വൈവിധ്യം കൊണ്ട് , രാജ്യത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ജനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നു. പൊതുവായ വികാരങ്ങളും അനുഭവങ്ങളും പങ്കിടാന്‍ അവര്‍ക്ക് അവസരംഒരുക്കുന്നു. തമിഴ് ചലച്ചിത്രമായാലും, ഹിന്ദി ബ്ലോക്ക് ബസ്റ്ററായാലും, അല്ലെങ്കില്‍ ഒരു മറാത്തി ചിത്രമായാലും, സിനിമ ആഴത്തിലുള്ള സ്വത്വബോധം വളര്‍ത്തുന്നു. അത് ഭിന്നതകള്‍ ഇല്ലാതാക്കുകയും വൈരുധ്യങ്ങള്‍ക്കിടയിലും നാം ഒന്നാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
പ്രാദേശികവും ഭാഷാപരവുമായ അതിരുകള്‍ മറികടക്കാനുള്ള കഴിവാണ് ഇന്ത്യന്‍ സിനിമയുടെ സാര്‍വത്രികതയ്ക്ക് പിന്നില്‍. ദേശീയ ഐക്യത്തിനുള്ള കരുത്തുറ്റ ശക്തിയായി സിനിമ മാറുന്നു. രാജ് കപൂറിന്‍റെ ക്ലാസിക്കായ "ശ്രീ 420' മുതല്‍, രാജ്യവ്യാപക പ്രശംസ നേടിയ മണിരത്നത്തിന്‍റെ "റോജ' വരെ, ഇന്ത്യന്‍ സിനിമകള്‍ സംസാരിക്കുന്നത് എല്ലാവര്‍ക്കും മനസിലാകുന്ന വികാരങ്ങളുടെ ഭാഷയാണ്. എം.എസ്. സത്യുവിന്‍റെ "ഗരംഹവാ'യും ബിമല്‍ റോയിയുടെ "ദോ ബിഘസാമി'നും പോരാട്ടത്തിന്‍റെയും പ്രണയത്തിന്‍റെയും വിജയത്തിന്‍റെയും കഥകള്‍ അതിര്‍ത്തികളില്‍ ഒതുങ്ങുന്നില്ല എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. ഇവയെല്ലാം സിനിമ, യഥാർഥത്തില്‍ ഇന്ത്യയെ ഒന്നിപ്പിക്കുന്ന ശക്തിയാണെന്ന് തെളിയിക്കുന്നു.
എല്ലാവര്‍ഷവും മികച്ച ചലച്ചിത്രങ്ങളെയും മികച്ച സംവിധായകരെയും മികച്ച അഭിനേതാക്കളെയും രാഷ്‌ട്രപതി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുമ്പോള്‍ ആഘോഷിക്കപ്പെടുന്നത് സിനിമയുടെ ഈ സാര്‍വത്രികത തന്നെയാണ്. സാധാരണയായുള്ള അത്തരം മറ്റ് അവസരങ്ങളെപ്പോലെ ഇത് കണ്ണഞ്ചിപ്പിക്കുന്ന ഒരു ചടങ്ങല്ല. ഇത് പ്രതിഭയ്ക്കുള്ള അംഗീകാരമാണ് - കഥ പറയുന്നവരുടെയും സംവിധായകരുടെയും നിര്‍മാതാക്കളുടെയും കഴിവുകള്‍ക്കുള്ള അംഗീകാരം. ഈ മഹത്തായ രാഷ്‌ട്രത്തിന്‍റെ ഐക്യത്തിനെ നെയ്‌തെടുക്കുന്ന മാന്ത്രിക ചരടുകളാണ് ഇവിടെയുള്ള വൈവിധ്യമാര്‍ന്ന ഈ ഭാഷാഭേദങ്ങള്‍ എന്ന് ഈ പുരസ്‌കാരങ്ങള്‍ തെളിയിക്കുന്നു. ഇത് ഇവിടെയുള്ള നൂറുകണക്കിന് ഭാഷകള്‍ സംസാരിക്കുന്ന ഏകദേശം 150 കോടി ജനങ്ങളെ ഒരുമിപ്പിക്കുന്നത് തുടരും.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍, മികച്ച ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ തിവാ ഭാഷയില്‍ നിര്‍മിച്ച "സികൈസല്‍' (മരങ്ങള്‍ക്ക് മാത്രം സംസാരിക്കാന്‍ കഴിയുമെങ്കില്‍) എന്ന ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്, ഈ പുരസ്‌കാരത്തിന്‍റെ പ്രത്യേകത വ്യക്തമാക്കുന്നു. ടിബറ്റ്- ബര്‍മീസ് വംശീയ വിഭാഗമായ തിവ ജനതയുടെ ഭാഷയാണിത്. അവര്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും ബംഗ്ലാദേശിലും മ്യാന്‍മറിലും ജീവിക്കുന്നവരാണ്. എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി, ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 32 വ്യത്യസ്ത ഭാഷകളിലായി 309 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 17 ഭാഷകളിലായി 128 ചിത്രങ്ങളും ഗവണ്‍മെന്‍റിന് ലഭിച്ചു. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍, 4 ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങളാണ് സുവര്‍ണ കമലം പുരസ്‌കാരം നേടിയത്, അതിലൊന്ന് ഹരിയാന്‍വി ഭാഷയിലാണ്. ഈ വിഭാഗത്തില്‍ ഹിന്ദി, തമിഴ് ഭാഷകളില്‍ നിന്നുള്ള 5 ചിത്രങ്ങള്‍ വീതം രജത കമലം പുരസ്‌കാരം നേടി. മലയാളം, ഗുജറാത്തി, കന്നഡ, ഹരിയാന്‍വി, ബംഗാളി ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങളും പുരസ്‌കാരം നേടി. ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭാഷകളില്‍ നിന്നുള്ള പത്ത് സിനിമകള്‍ക്കും രജത കമലം പുരസ്‌കാരം നല്‍കി. ഹിന്ദിയിലും ഉറുദുവിലുമായി പുറത്തിറങ്ങിയ ഒരു സിനിമയ്ക്ക് മികച്ച നോണ്‍ ഫീച്ചര്‍ ചിത്രത്തിനുള്ള സുവര്‍ണ കമലം ലഭിച്ചു.
ഭാഷാ രാഷ്‌ട്രീയത്തിലെ നിഹിലിസ്റ്റുകള്‍ വാദിക്കുന്നതു പോലെ, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുള്ള റിപ്പബ്ലിക് ഓഫ് ഇന്ത്യ രൂപീകരിച്ച്ഏകദേശം 75 വര്‍ഷങ്ങള്‍ക്ക് ശേഷം, പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല തടസങ്ങളും വലിയ തോതില്‍ ഇല്ലാതായിരിക്കുന്നു എന്നതാണ് വസ്തുത. ബോളിവുഡ് ചിത്രങ്ങള്‍ ഹിന്ദിയെ പരക്കെ സ്വീകാര്യമാക്കിയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് ഇന്ത്യന്‍ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ സിനിമകള്‍ ചെലുത്തുന്ന വലിയ സ്വാധീനത്തിന്‍റെ പ്രതിഫലനമാണ്. "ഏക ഭാരതം , ശ്രേഷ്ഠ ഭാരതം' എന്ന ദര്‍ശനത്തില്‍ഊന്നി, വൈവിധ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ളതും എക്കാലവും നിലനില്‍ക്കുന്നതുമായ ഏകത്വ ബോധം വളര്‍ത്തി "മറ്റ്' ഭാഷാ വിഭാഗങ്ങളെയും സ്വത്വങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിശയില്‍ സിനിമയുടെ രണ്ടാമത്തെ വലിയ സ്വാധീനം.
ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് ഒരു മുദ്രാവാക്യത്തിനും അപ്പുറമാണ്. ഇവിടത്തെ അതുല്യ പ്രതിഭകള്‍, തങ്ങളുടെ സര്‍ഗാത്മക സൃഷ്ടികള്‍ കൊണ്ട് വിനോദത്തിന്‍റെ അത്ഭുത പ്രപഞ്ചം സൃഷ്ടിക്കുന്നു.
രാഷ്‌ട്രീയം, സമൂഹം, സംസ്‌കാരം, ധാര്‍മിക മൂല്യങ്ങള്‍ തുടങ്ങിയ സാര്‍വത്രിക വിശ്വാസങ്ങളാല്‍ അവര്‍തങ്ങളുടെ സിനിമകളിലൂടെ ജനങ്ങളെ ഒരുമിപ്പിക്കുകയും, ഒരു രാജ്യത്തിന്‍റെ ജനത എന്ന നിലയില്‍ അവരെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നു. വാസ്തവത്തില്‍, ധാര്‍മികത, മൂല്യങ്ങള്‍, നീതി എന്നിവ എടുത്തുകാട്ടുന്ന ഘടകങ്ങളില്ലാതെ ഒരു ഇന്ത്യന്‍ കഥയും ഇതുവരെ പറഞ്ഞിട്ടില്ല. അത് ചലച്ചിത്രകാരന്‍റെയും കാഴ്ചക്കാരന്‍റെയും ഉള്‍ക്കണ്ണിന് മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. ഇതുവരെ പറഞ്ഞിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹത്തായ രണ്ട് കഥകള്‍ - രാമായണവും മഹാഭാരതവും - ഈ കാര്യം തെളിയിക്കാന്‍ സഹായിക്കുന്നു.
സാമൂഹികവും സാംസ്‌കാരികവും രാഷ്‌ട്രീയവുമായ ശിഥിലീകരണത്തിന് കാരണമായേക്കാവുന്ന കാതലായ വിഭജന ചിന്തകള്‍, നമ്മുടെ ചലച്ചിത്ര സംവിധായകര്‍ എളുപ്പത്തില്‍ മായ്ച്ചുകളയുന്നു എന്നതാണ് നമ്മുടെ സിനിമയിലെ മറ്റൊരു പൊതു ധാര. ഇന്ത്യയിലെ കഥ പറച്ചിലിന്‍റെ സവിശേഷമായ ശക്തിയും ഇതാണ്: അത് ആര്‍ട്ട് സിനിമകളോ ജനപ്രിയ സിനിമകളോ വാണിജ്യ സിനിമകളോ ആധുനിക കാലത്തെ വെല്ലുവിളിക്കുന്ന ഓടിടി സിനിമകളോ ആകട്ടെ, നാം ഒരുമിച്ച് നീങ്ങുന്നു, നാം ഒരുമിച്ച് അഭിനന്ദിക്കുന്നു, ഒരുമിച്ച് ആഘോഷിക്കുന്നു. തെലുങ്ക് സിനിമയായ "ആര്‍ആര്‍ആര്‍'ലെ ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും നേടിയ "നാട്ടു നാട്ടു' എന്ന ഗാനം, ഭാഷയും വംശീയതയും ദേശീയതയും ഇല്ലാതാക്കി, ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും സൂപ്പര്‍ ഹിറ്റാണെന്ന് തെളിയിച്ചു.
ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ ഉയര്‍ത്താന്‍, ഗവണ്‍മെന്‍റ് 3 പ്രധാന സ്തംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: കരുത്തുറ്റ പ്രതിഭാശേഷി വികസിപ്പിക്കുക, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കുക, കഥാകൃത്തുക്കളെ ശാക്തീകരിക്കുന്നതിനായി നടപടിക്രമങ്ങള്‍ ലളിതമാക്കുക എന്നിവയാണവ.
ചലച്ചിത്ര നിര്‍മാണത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍, ആഴത്തിലുള്ള അനുഭവങ്ങള്‍, സംവേദനാത്മക വിനോദ രീതികള്‍ എന്നിവ സ്വീകരിച്ചു കൊണ്ട് ദേശീയ ഉദ്ഗ്രഥനത്തിലും ആഗോള വിനോദത്തിലും ഇന്ത്യന്‍ സിനിമ ഒരു ശക്തമായ മാധ്യമമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജി (ഐഐസിടി) സ്ഥാപിക്കുമെന്ന് ഗവണ്‍മെന്‍റ് അടുത്തിടെ പ്രഖ്യാപിച്ചു. ഇത് സര്‍ഗാത്മകത വളര്‍ത്തുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
നാം ഭാവിയിലേക്ക് നോക്കുമ്പോള്‍, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദര്‍ശനത്തില്‍, ചലച്ചിത്രങ്ങളുടെ പങ്ക് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, ഇന്ത്യന്‍ സിനിമ അതിന്‍റെ ചക്രവാളങ്ങള്‍ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് തുടരുന്നു. അത് നമ്മുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നത് മാത്രമല്ല, പങ്കാളിത്ത ഭാവി വിഭാവനം ചെയ്യുന്ന കഥകളും പറയുന്നു. ഇന്ത്യന്‍ ചലച്ചിത്ര സംവിധായകര്‍ ഓരോ ഫ്രെയിമിലും കഥപറച്ചിലിന്‍റെ അതിരുകള്‍ ഭേദിക്കുന്നു. പരസ്പരം ബന്ധിപ്പിക്കപ്പെട്ട, പുരോഗതിയിലേക്ക് മുന്നേറുന്ന രാജ്യത്തിന്‍റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള ശക്തമായ ഉത്തേജകമായി സിനിമ നിലനില്‍ക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.