കാവൽ മാലാഖമാരേ കണ്ണടയ്ക്കരുതേ

മൂന്ന് വർഷമായി ചികിത്സയിൽ ആണ് അശ്വിൻ. എല്ലുകൾക്കകത്തു ചുറ്റും വ്യാപിക്കുന്ന ക്യാൻസറാണ് എവിങ്സ് സർകോമ
കാവൽ മാലാഖമാരേ കണ്ണടയ്ക്കരുതേ

#റഫീഖ് മരക്കാർ

കൊച്ചി: ബസിന്‍റെ എഞ്ചിൻ കവറിൽ എഴുതിയിരിക്കുന്ന കാവൽ മാലാഖമാരേ കണ്ണടക്കരുതേ എന്ന വാചകമായിരുന്നു അശ്വിന്‍റെ കൂടെ അപ്പോൾ യാത്ര ചെയ്ത എല്ലാവരുടെയും മനസിൽ. ഇത് ക്യാൻസറിന്‍റെ വേദനയെ തോൽപ്പിക്കുന്ന ബസ് പ്രേമത്തിന്‍റെ കഥ.

തോരാതെ പെയ്യുന്ന മഴയത്താണ് ആലുവ - പൂയം കുട്ടി റൂട്ടിൽ സർവീസ് നടത്തുന്ന കോംറേഡ് ബസ് പീസ് വാലിയിലേക്ക് എത്തിയത്. പതിവില്ലാത്ത കാഴ്ച്ചക്ക് പിന്നിലെ കഥയറിഞ്ഞപ്പോൾ ആശ്ചര്യം സന്തോഷത്തിന് വഴിമാറി.

പീസ് വാലിയിലെ പാലിയേറ്റീവ് വിഭാഗത്തിൽ എവിങ്സ് സർകോമ ബാധിതനായി അഡ്മിറ്റ് ആയിട്ടുള്ള ഇരുപതുകാരനായ അശ്വിനെ കാണാനാണ് പൂയംകുട്ടി എക്സ്പ്രെസ് എന്ന് വിളിപ്പേരുള്ള കോംറേഡ് എത്തിയത്. മൂന്ന് വർഷമായി ചികിത്സയിൽ ആണ് അശ്വിൻ. എല്ലുകൾക്കകത്തു ചുറ്റും വ്യാപിക്കുന്ന ക്യാൻസറാണ് എവിങ്സ് സർകോമ.

അശ്വിന്‍റെ അച്ഛൻ അയ്യപ്പൻ ആണ് വർഷങ്ങളായി ഈ ബസിലെ കണ്ടക്ടർ.

ഇടക്ക് അച്ഛനെ സഹായിക്കാം അശ്വിനും ബാഗ് എടുക്കാറുണ്ട്.

സർവോപരി കറ കളഞ്ഞ ബസ് പ്രേമി. തലേ ദിവസം അശ്വിന് വേദന വല്ലാതെ കൂടിയിരുന്നു. മരുന്നിനും അപ്പുറത്ത് അവന്‍റെ മനസ്സിനെ തണുപ്പിക്കാൻ കോംറേഡിനേ കഴിയൂ എന്നറിയാവുന്ന ബസിലെ ജീവനക്കാരായ അശ്വിന്റെ സുഹൃത്തുക്കളാണ് ബസുമായി എത്തിയത്.

പ്രിയ കോംറേഡിനെ കണ്ടപ്പോൾ അശ്വിനും ഹാപ്പി. ഒരു റൗണ്ട് പൊക്കോട്ടെ എന്ന അവന്‍റെ ആവശ്യത്തിന് മെഡിക്കൽ ഓഫിസർ ഡോ പ്രിയങ്ക സമ്മതം കൊടുത്തതോടെ അച്ഛനെയും അമ്മയെയും കൂട്ടി ബസ് പ്രേമികളുടെ ഹോട്ട് സീറ്റായ മുൻപിലെ പെട്ടിപ്പുറത്ത് ഇരുന്ന് അശ്വിന്‍റെ യാത്ര. പാലിയേറ്റീവ് വിഭാഗത്തിലേ നേഴ്‌സുമാരും അശ്വിനൊപ്പം ചേർന്നു. ഒപ്പം അച്ഛനും അമ്മയും. ഇടക്ക് ഡ്രൈവിങ് സീറ്റിലും ഒന്നിരുന്നു. ആളൊഴിഞ്ഞ വഴിയിയിൽ കോംറേഡിന്‍റെ വ്യത്യസ്ത ഹോൺ മുഴങ്ങിയപ്പോൾ അശ്വിന്റെ മുഖത്ത് എന്തെന്നില്ലാത്ത നിർവൃതി.

തിരിച്ചു പീസ് വാലിയിൽ എത്തിയിട്ടും കോംറേഡിനെ തൊട്ടും തലോടിയും ഏറെ നേരം അശ്വിൻ ചിലവഴിച്ചു. അടുത്ത ട്രിപ്പിന് സമയമായതോടെ കോംറേഡ് യാത്രയാകുമ്പോൾ അശ്വിന്‍റെ വേദനകൾ എങ്ങോ പോയി മറഞ്ഞിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com