
അത്തം പത്തിന് പൊന്നോണം
വിജയ് ചൗക്ക്
ചിങ്ങമാസത്തിലെ അത്തം നാളില്‍ തുടങ്ങിയ ഓണാഘോഷം മലയാളികളുള്ള എല്ലാ പ്രദേശങ്ങളിലും ആഘോഷിക്കുകയാണ്. അത്തം പത്തിനാണല്ലോ പൊന്നോണം. ഇക്കുറി ചൊവ്വാഴ്ച അത്തം നാളിലാണ് ഓണാഘോഷങ്ങള്‍ക്കു തൃപ്പൂണിത്തുറയിലടക്കം തുടക്കം കുറിച്ചത്. എറണാകുളം ജില്ലയിലെ തൃക്കാക്കര വാമനക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്നാണു കൊടി കയറുന്നത്. അതൊടെയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി എന്ന പ്രഖ്യാപനം ഉണ്ടാകാറ്. തൃക്കാക്കര ക്ഷേത്രവും ഓണവുമായി അത്രകണ്ട് ബന്ധപ്പെട്ടിരിക്കുന്നു. മഹാബലി കേരളം ഭരിച്ചിരുന്നത് തൃക്കാക്കരയില്‍ ഇരുന്നാണെന്നു വിശ്വാസമുണ്ട്.
തൃക്കാക്കരയിലാണ് മഹാബലിയെ വിഷ്ണുവിന്‍റെ അവതാരമായ വാമനന്‍ ചവിട്ടി താഴ്ത്തിയതെന്നും വിശ്വാസമുണ്ട്. മഹാവിഷ്ണുവിന്‍റെ രൂപമായ വാമനന്‍റെ പ്രതിഷ്ഠയാണ് തൃക്കാക്കരയില്‍ എന്നതും ഏറെ വിശേഷണം നിറഞ്ഞതാണ്. ഓണാഘോഷത്തിനു ജാതി- മത- വിശ്വാസ- ആചാരമൊന്നും തന്നെയില്ല. എല്ലാ മതസ്ഥരും ഒരേപോലെ ഓണം ആഘോഷിക്കുന്നതു പോലെ പ്രവാസ ലോകത്തും മലയാളികള്‍ ഓണമാഘോഷിക്കുന്നു. ഓണാഘോഷം എല്ലാ മതവിഭാഗത്തിന്‍റെ ആരാധനാ കേന്ദ്രങ്ങളിലും നമുക്ക് കാണാം. പള്ളികളിലും അമ്പലങ്ങളിലെ പോലെ ഓണാഘോഷം നടക്കുന്ന കാഴ്ച കേരളത്തില്‍ മാത്രമല്ല മലയാളിയുള്ളിടത്തെല്ലാം കാണാം.
വര്‍ഗീയ ചേരിതിരിവിന് കേരളം എതിരാണെന്നു തെളിയിക്കപ്പെട്ടതിനു ഓണവും ഒരു കാരണമാണ്. മലയാളി സംഘടനകള്‍, കൂട്ടായ്മകള്‍ തുടങ്ങിവർ വാശിയോടെ ഓണാഘോഷം നടത്തുന്നത് നാം കാണുന്നതല്ലേ. ഓണത്തെ ചുറ്റിപ്പറ്റി എത്രയെത്ര കലാരൂപങ്ങളാണുള്ളത്. തിരുവാതിര, പുലിക്കളി, കുമ്മാട്ടി കളി, വള്ളംകളി, ഓണത്തല്ല്, വടംവലി, തുമ്പിതുള്ളൽ തുടങ്ങി എത്രയെത്ര കലാരൂപങ്ങള്‍. തെയ്യങ്ങളുടെ നാടായ വടക്കന്‍ കേരളത്തില്‍ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം.
മഹാബലി സങ്കല്‍പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ഓണത്താര്‍ എന്നാണ് പേര്. വണ്ണാന്മാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ഓണത്തെയ്യത്തില്‍ തന്നെ സംസാരിക്കുന്ന തെയ്യത്തെ ഓണേശ്വരന്‍ എന്ന് പറയുന്നു. വായ തുറക്കാതെ സംസാരിക്കുന്നതിനാല്‍ പൊട്ടന്‍ തെയ്യം എന്നും അറിയപ്പെടുന്നു. ഓണക്കാലത്തെ അനുഷ്ഠാനകലകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓണവില്ല്. മധ്യകേരളത്തില്‍ ഏറെ പ്രചാരമുണ്ടായിരുന്നതും ഇപ്പോള്‍ പൂര്‍ണമായല്ലെങ്കിലും അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഓണവില്ല്.
ഓണക്കാലത്ത് മാത്രമാണ് വില്ലു കൊട്ടുക. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ് ഓണവില്ല് ഉണ്ടാക്കുക. ഇതിന്‍റെ ഞാണുണ്ടാക്കുവാന്‍ മുള മാത്രമേ ഉപയോഗിക്കൂ. ഇത് വശമുള്ളവര്‍ കൊട്ടിയാല്‍ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുന്ന വയലിന്‍ പോലെയുള്ള ഒരു സംഗീത ഉപകരണമാണിത്. തിരുവനന്തപുരത്ത് ശ്രീപദ്മനാഭ ക്ഷേത്രത്തിൽ ഓണാഘോഷം തുടങ്ങുന്നതു തന്നെ ഓണവില്ലോടെയാണ്.
ഓണത്തെ ചുറ്റിപ്പറ്റി ഒരു ഡസനിലേറെ പഴഞ്ചൊല്ലുകളുണ്ട്. കാണം വിറ്റും ഓണം ഉണ്ണണം. ഓണം ഉണ്ടറിയണം. ഓണത്തപ്പാ കുടവയറാ..!
എന്നു തീരും തിരുവോണം എന്ന് സദ്യപ്രിയരെക്കുറിച്ചും പറയാറുണ്ട്. 64 വിഭവങ്ങളുള്ള ലോകപ്രശസ്തമായ ആറന്മുള വള്ളസദ്യയും ഓണക്കാലത്താണല്ലോ. വന്‍ വിഷയങ്ങള്‍ക്കിടയില്‍ നിസാര വിഷയവുമായി വരുമ്പോള്‍ "ഓണത്തിനിടയ്ക്കാണോ പുട്ടു കച്ചവടമെന്നു'' സാധാരണയായി പറയാറുണ്ട്. പൂട്ടു കച്ചവടം എന്നും ചിലർ പറയും. അതയാത്, ഒന്നിനും പൂട്ടിട്ടു പൂട്ടുന്ന കാലമല്ല ഓണം എന്നർഥം.
ഓണം വരാന്‍ ഒരു മൂലം വേണമെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. മൂലം, പൂരാടം, ഉത്രാടം കഴിഞ്ഞാൽ തിരുവോണം. അതായതു മൂലം കഴിഞ്ഞാലേ തിരുവോണം വരൂ..! കാര്യമുണ്ടാകാന്‍ ഒരു മൂലം, അഥവാ, കാരണം വേണം എന്നാണ് അതില്‍ ഉൾക്കൊണ്ടിരിക്കുന്ന അർഥം. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി എന്ന ചൊല്ലും ഓര്‍ക്കേണ്ടതാണ്.
തൃക്കാക്കരയില്‍ 28 ദിവസത്തെ ആര്‍ഭാടമായ ഉത്സവം നടത്തിയിരുന്നുവെന്നാണ് ചരിത്രം. കൊല്ലവര്‍ഷാരംഭത്തില്‍ കേരളം ഭരിച്ചിരുന്നത് നാട്ടുരാജാക്കന്മാരായിരുന്നു. മഹോദയപുരം തലസ്ഥാനമായ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ചേര ചക്രവര്‍ത്തിക്കായിരുന്നു നാട്ടുരാജാക്കന്മാരുടെ മേല്‍ക്കോയ്മ. ആ സാമ്രാജ്യത്തിന്‍റെ മധ്യഭാഗത്തായി അറബിക്കടലിനും, പെരിയാറിനും തീരത്തായിരുന്നു കാല്‍ക്കരൈ നാട് എന്ന നാട്ടുരാജ്യം. അതിന്‍റെ തലസ്ഥാനം തൃക്കാക്കര ക്ഷേത്രം ഉള്‍പ്പെട്ട പ്രദേശമായിരുന്നു. കര്‍ക്കിടത്തിലെ തിരുവോണം നാള്‍ മുതല്‍ ചിങ്ങം നാളിലെ തിരുവാണം നാള്‍ വരെ ചേര സാമ്രാജ്യത്തിലെ നാടുവാഴികളുടെ വാര്‍ഷിക കൂട്ടായ്മ തൃക്കാക്കര ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തി ഉത്സവമായാണ് ആഘോഷിച്ചിരുന്നത്. കേരളത്തിലെ 56 നാടുവാകളും തൃക്കാക്കരയിലെ അവരവരുടെ കോവിലകങ്ങളില്‍ പ്രജകളോടൊപ്പമെത്തെത്തി താമസിച്ചാണ് ഉത്സവത്തില്‍ പങ്കെടുത്തിരുന്നത്.
പ്രവാസ ലോകത്ത് ഓണാഘോഷ നാളുകള്‍ ദൈര്‍ഘ്യമേറിയതാണ്. ഓണത്തിന്‍റെ ചരിത്രത്തില്‍ കേരളത്തില്‍ 28 ദിവസം ഓണാഘോഷം ഉണ്ടായിരുന്നു എന്നാണല്ലോ പറയുന്നത്. അത് പ്രായോഗികമല്ല എന്ന് കണ്ടതുകൊണ്ടാണോ എന്നറിയില്ല ഓണം കേരളത്തില്‍ പത്തു ദിവസമായി ചുരുക്കിയിരിക്കുന്നു. പ്രവാസ ലോകത്തു പക്ഷേ വിപരീതമായ ആഘോഷ പരമ്പരകളാണ് നമുക്ക് കാണുവാന്‍ സാധിക്കുക. ചിങ്ങം മാസത്തിലെ അത്തം നാള്‍ വരെ പ്രവാസലോകം കാത്തിരിക്കാറില്ല. ചിങ്ങം വന്നാലുടനെ ആഘോഷങ്ങള്‍ ആരംഭിക്കുകയായി. ഇത് നവംബര്‍ മാസം വരെ പല പ്രദേശങ്ങളിലും ആഘോഷിക്കപ്പെടുന്നു.
28 ദിവസം കേരളത്തില്‍ ഉണ്ടായിരുന്ന ആഘോഷത്തെ കടത്തി വെട്ടുകയാണ് പ്രവാസ ലോകം. ഓണാഘോഷം വളരെ ഗൗരവമായി തന്നെയാണ് പ്രവാസികള്‍ കാണുന്നത്. ഓണാഘോഷത്തിന്‍റെ മഹത്വം കേരളത്തിലുള്ള മലയാളികളേക്കാള്‍ കൂടുതല്‍ പ്രവാസ ലോകത്തെ മലയാളികളിലാണ് കണ്ടുവരുന്നത്. പ്രവാസി മലയാളികള്‍ ഓണക്കാലത്ത് തനി കേരളീയ വേഷത്തില്‍ ഒത്തുകൂടുന്ന കാഴ്ച ശ്രദ്ധേയമാണ്. അവര്‍ തനി നാടന്‍ മലയാളിയായി മാറുന്ന കാഴ്ച രസകരവുമാണ്. കേരളത്തില്‍ അന്യം നിന്നു പോകാത്തതും, പൊയ്ക്കൊണ്ടിരിക്കുന്നതുമായ പല ഓണക്കളികളും പ്രവാസ ലോകത്ത് സജീവമായി നടക്കുന്നു. കേരളത്തിലെ ആഘോഷങ്ങളില്‍ നിന്ന് പ്രവാസികളുടെ ഓണാഘോഷം ഭിന്നമാകാന്‍ മലയാളിയുടെ ഗൃഹാതുരത്വം പ്രധാന കാരണമാണ്. കേരള സംസ്കാരത്തിന്‍റെ ഓര്‍മപ്പെടുത്തലായി പ്രവാസികള്‍ ഓണത്തെ കാണുന്നു.
അത്തപ്പൂക്കളവും മാവേലിയും ഓണസദ്യയുമെല്ലാം മലയാളിക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. തിരുവോണത്തിന് സദ്യയുണ്ണാനായി മലയാളികള്‍ സ്വന്തം വീട്ടിലേക്ക് ഓടിയെത്തും. തൂശനിലയില്‍ വിളമ്പുന്ന സദ്യയ്ക്ക് മറ്റൊരിടത്തും ലഭിക്കാത്ത രുചി വൈവിധ്യം. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ത്തന്നെ നൂറിലേറെ ഓണസദ്യകള്‍ ഇതിനോടകം ഒരുക്കത്തിലാണ്. ഡല്‍ഹിയിലെ പ്രമുഖ ഹോട്ടലുകള്‍ ഇതിനു പുറമെ ഓണസദ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒട്ടേറെ കാറ്ററിങ് യൂണിറ്റുകള്‍ ഓണസദ്യാ ഓഡറുകള്‍ എടുത്തു.
ഓണത്തിന്‍റെ പ്രധാന ആകര്‍ഷണം ഓണസദ്യയാണെന്നതിന് തര്‍ക്കമില്ല. വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മധ്യ തിരുവിതാംകൂര്‍, തിരുവിതാംകൂര്‍ എന്നവിടങ്ങളിലെ ഓണ സദ്യ വ്യത്യസ്ത രീതികളിലസാണ്. മലബാറില്‍ ഓണത്തിന്‍റെ പ്രധാന വിഭവം മത്സ്യ മാംസാദികളാണ്. എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറു രസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശേരി തുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങിയ 28 ഇനങ്ങളാണ് സദ്യാവിഭവങ്ങള്‍. സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും അതിന്‍റെതായ രീതികള്‍ ഉണ്ട്. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ട് വേണം സദ്യ വിളമ്പാന്‍. നാക്കില തന്നെ വേണം. ഇലയുടെ നാക്ക് ഇടതു വശത്തു വേണം വരാന്‍. കാലം മാറിയപ്പോള്‍ നിലത്തിരുന്ന് ഉണ്ണല്‍ ഇല്ലാതായി. പേപ്പര്‍ ഇലകള്‍ വന്നു തുടങ്ങി.
ചിങ്ങമാസം വന്നതോടെ ഓണവിപണി ഉണന്നു. വ്യാപാര കേന്ദ്രങ്ങള്‍ സജീവമായി. കച്ചവട രംഗത്ത് വലിയ ഉണര്‍വ് വന്നു. അതിന്‍റെ തെളിവാണ് വ്യാപകമായ വിപണന പരസ്യങ്ങള്‍. ഓണനാളില്‍ വലിയ ഇളവുകള്‍ വരെ പ്രമുഖ ബ്രാൻഡുകള്‍ വിളംബരം ചെയ്യുന്നു. ഓണ നാളില്‍ വില്‍ക്കുന്നവനും വാങ്ങുന്നവനും സന്തോഷം. ഓണം ആഘോഷമാക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാരും വലിയ ഇളവുകളും സബ്സിഡികളും ബോണസും അലവൻസുമൊക്കെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാണം വിറ്റും ഓണമുണ്ണണം എന്നാണല്ലോ. എന്തായാലും ഓണക്കാലത്ത് നാടെങ്ങും തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്തു സസ്ഥാപിച്ച് പൂക്കളിട്ട്, പുത്തന്‍ ഉടുപ്പിട്ട്, സദ്യ ഒരുക്കി ഓണം ആഘോഷിക്കുന്നു. ആ പഴയ പാട്ട് എല്ലാവരും പാടുകായായി.
"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ..'