

പുതുവർഷ പിറവി കുറഞ്ഞപക്ഷം കേരളത്തിലെ സ്കൂൾ നീന്തൽ താരങ്ങൾക്കെങ്കിലും ശുഭകരമായിരുന്നില്ല. അവർ ഡിസംബർ 31ന് തിരുവനന്തപുരത്തു നിന്ന് കേരള എക്സ്പ്രസിൽ കയറിയതാണ്. പ്രത്യേക ബോഗി എന്നൊക്കെയാണ് പൊതുവിദ്യാഭ്യാസ ഡയറക്റ്ററേറ്റ് (ഡിപിഐ) വിദ്യാർഥികൾക്ക് ഉറപ്പു നൽകിയത്. സ്വന്തമായി വിമാനത്തിൽ പോകാൻ താല്പര്യമുണ്ടായിരുന്ന ഏതാനും താരങ്ങളെ ഭീഷണിപ്പെടുത്തി ട്രെയ്നിൽ കയറ്റുകയുമായിരുന്നു.
പ്രത്യേക ബോഗി എന്നുറപ്പു നൽകിയെങ്കിലും സ്ലീപ്പർ ക്ലാസിൽ കിടന്നുറങ്ങിപ്പോകാനുള്ള സൗക്രര്യം പോലുമില്ലാതെയാണ് ഈ താരങ്ങളെ കേരള എക്സ്പ്രസിൽ കയറ്റി വിട്ടത്. ജനറൽ ബോഗിയിൽ പ്രായപൂർത്തിയായ പെൺകുട്ടികളെ ഒരിടത്തു പോലുമല്ലാതെ പലേടത്തായി കയറ്റിയിരുത്തിയതോടെ ഡിപിഐ ഉദ്യോഗസ്ഥരുടെ ചുമതല കഴിഞ്ഞു!
രക്ഷാകർത്താക്കൾ പ്രശ്നമുണ്ടാക്കിയതോടെയാണ് ഉദ്യോഗസ്ഥർ ഉണർന്നത്. അപ്പോൾ, പാലക്കാട്ടെത്തുമ്പോൾ സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് ഉറപ്പുനൽകി അധികൃതർ. വണ്ടി പാലക്കാട്ടെത്തിയപ്പോഴും ഒന്നും സംഭവിച്ചില്ല. "കോയമ്പത്തൂരെത്തട്ടെ' എന്നായി അടുത്ത വാഗ്ദാനം. അവിടെയും പഴയപോലെ തന്നെ, ഒന്നും സംഭവിച്ചില്ല.
പലേടത്തായി ഇരിക്കുന്ന പെൺകുട്ടികളുൾപ്പെടെ 28 നീന്തൽ താരങ്ങൾ മൂത്രമെൊഴിക്കാൻ പോലും നിവൃത്തിയില്ലാത്ത വിധത്തിലാണ് യാത്ര ചെയ്തത്.
കേരള ടീമിലുള്ളത് 56 താരങ്ങളാണ്. ഇതിൽ 16 വയസിൽ താഴെയുള്ള 14 പെൺകുട്ടികളുണ്ട്. ട്രെയ്‌നിൽ യാത്ര ചെയ്ത് മുൻ പരിചയമില്ലാത്ത കുട്ടികളുൾപ്പെടെ ലഗേജുകൾ സൂക്ഷിക്കാനോ ശുചിമുറി ഉപയോഗിക്കാനോ കഴിയാതെ 3 ദിവസം ഈ വിധം യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കുക. സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനവും റെക്കോർഡും നേടിയ കുട്ടികൾ ഈ അവസ്ഥയിൽ ഡൽഹിയിൽ ഇപ്പോഴത്തെ കാലാവസ്ഥയിൽ എത്തിയാൽ എന്താണ് സംഭവിക്കുക? ഇന്നലെ ആരംഭിച്ച ദേശീയ സ്കൂള്‍ നീന്തല്‍ ചാംപ്യൻഷിപ്പ് 10 വരെയാണ് .
ട്രെയ്നിലെ ശുചിമുറിയിലേക്ക് പോയാൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന യാത്രക്കാരിലൊരാൾ സീറ്റിലേക്ക് നിരങ്ങിക്കയറും. കിടക്കാൻ ഒരു സൗകര്യവുമില്ലാത്തതു കാരണം ഇരുന്നുറങ്ങുകയായിരുന്നു, ഈ മെഡൽ നേട്ടക്കാർ. രണ്ടര ദിവസം കണ്ണടയ്ക്കാൻ പോലും കഴിയാത്ത വിധത്തിൽ ട്രെയ്നിലെ ദുരന്തയാത്ര താണ്ടി എത്തുന്ന ഈ വിദ്യാർഥികളാണ് എല്ലാ സൗകര്യങ്ങളുടെയും നിറവിൽ എത്തുന്ന ഇതര സംസ്ഥാനങ്ങളോട് മത്സരിച്ച് സ്വർണവും വെള്ളിയും വെങ്കലവുമൊക്കെ നേടി നാടിന്‍റെ മാനമുയർത്തേണ്ടത്. അത്തരമൊരു യാത്രയ്ക്കിടെ ഇങ്ങനെ ദുരിതയാത്ര ഒരുക്കിയതിന് ഉത്തരവാദികളാരാണ്?
ഈ ടീമിനൊപ്പം പോകുന്നത് ഒരുദ്യോഗസ്ഥൻ. ആറുമാസം മുമ്പ് സ്പോർട്സ് ക്വാട്ടയിൽ ജോലി കിട്ടിയ ഒരു എൽഡി ക്ലർക്കാണ് ടീമിനൊപ്പമുള്ള ഏക ഒഫിഷ്യൽ. ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര തുടങ്ങിയതു മുതൽ പുതുവത്സരം പ്രമാണിച്ച് നല്ല തിരക്കായിരുന്നു. ഏതായാലും, മാധ്യമങ്ങൾ ഇടപെടുകയും വാർത്തയാവുകയും ചെയ്തതോടെ ദുരിത യാത്രയ്ക്ക് താത്കാലിക ആശ്വാസത്തിന് വഴിയൊരുങ്ങി.
വിജയവാഡയിൽ നിന്ന് സ്ലീപ്പർ ക്ലാസിൽ 10 ബെർത്തുകൾ ലഭ്യമാക്കാൻ അധികൃതർക്ക് സാധിച്ചു. പ്രീമിയം തത്കാൽ ടിക്കറ്റുകൾ എടുത്തതോടെ 10 ബെർത്തിലായി ഈ 30 കുട്ടികൾ ഞെരുങ്ങിയിരുന്നാണ് യാത്ര ചെയ്തത്. നേരേചൊവ്വേ ഇരിക്കാൻ പോലും അവസരമില്ലാത്ത പഴയ അവസ്ഥയെക്കാൾ ആശ്വാസമാണിതെന്നാണ് കുട്ടികളും രക്ഷാകർത്താക്കളും പറഞ്ഞത്.
ഒരു സംശയം- വിജയവാഡയിൽ നിന്ന് പ്രീമിയം തത്കാൽ കിട്ടിയല്ലോ. തിരുവനന്തപുരത്തു നിന്ന് എന്തുകൊണ്ട് പ്രീമിയം തത്കാൽ കിട്ടിയില്ല? പ്രത്യേക കോച്ചിന് അപേക്ഷ നൽകിയ ഉദ്യോഗസ്ഥർക്ക് അതു കിട്ടിയില്ലെന്ന് ഈ വിദ്യാർഥികളെ ട്രെയ്നിൽ കയറ്റി വിടുമ്പോൾ അറിയില്ലായിരുന്നോ? ആടുമാടുകളെ ലോറിയിൽ കയറ്റിവിടുന്നതു പോലെയാണോ ഡിപിഐയിലെ ഉദ്യോഗസ്ഥർ ചുമതല നിറവേറ്റേണ്ടത്? ഇത് വാർത്തയാകാതിരുന്നെങ്കിൽ ഈ പാവം താരങ്ങൾ ഉണ്ണാതെ, ഉറങ്ങാതെ ശുചിമുറിയിൽ പോലും പോകാനാവാതെ ജനറൽ ബോഗിയിലെ നിന്നു തിരിയാനിടമില്ലാത്ത കൊടും തിരക്കിൽ ഡൽഹിയിലെത്താൻ നിർബന്ധിതമാവുമായിരുന്നു. ഡിപിഐയുടെ മകനോ മകളോ ഈ ടീമിൽ ഉണ്ടായിരുന്നെങ്കിൽ അവിടത്തെ ഏമാൻമാർ ഇങ്ങനെതന്നെ ആയിരിക്കുമോ ഇടപെടുന്നതെന്ന് ആലോചിച്ചു നോക്കണം.
തലസ്ഥാനത്തെ നാട്ടിൻപുറത്ത് പറഞ്ഞുകേൾക്കുന്ന ഒരു പരിഹാരമുണ്ട്. ചെയ്യേണ്ടത് ചെയ്യേണ്ടതു പോലെ ചെയ്യാത്തവരെ നേരേയാക്കാൻ ഒരു വഴിയേയുള്ളൂ- നല്ല കവളൻ മടൽ വെട്ടി ചന്തിയിൽ നാല് പെട പെടയ്ക്കുക! എന്നുവച്ചാൽ, ഓല മടലില്ലേ? അതെടുത്ത് ചന്തി അടിച്ചുപൊളിക്കണം.
മണ്ണെണ്ണയുമായി എത്തി ഒരു പരാതിക്കാരൻ സർക്കാരോഫിസ് തീയിട്ടത് കഴിഞ്ഞ ജൂണിലാണ്. പരാതി സമർപ്പിച്ച ഒരു സാധാരണക്കാരനെക്കൊണ്ട് അത്രയും ചെയ്യിപ്പിച്ചത് അവിടത്തെ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യവും ധിക്കാരവും ആണെന്ന് വ്യക്തമായിട്ടും എന്തെങ്കിലും നടപടിയുണ്ടായോ? ഉദ്യോഗസ്ഥർ ജനസേവകരാണെന്നാണ് വയ്പെങ്കിലും മിക്കവരും ജനങ്ങളെ അടിമകളായി കണ്ടാണ് ഇടപെടുന്നത്.
ഡൽഹിയിലെത്തിയ ഈ താരങ്ങൾക്ക് ഇനി തിരിച്ചെത്തണം. അതിനും ഡിപിഐ ഉദ്യോഗസ്ഥർ സ്പെഷ്യൽ ബോഗിക്ക് ഒരു കത്ത് നൽകിയിട്ടുണ്ട്. അതോടെ, അവരുടെ ഉത്തരവാദിത്തം തീർന്നു! അപ്പോഴാണ് ട്രെയ്നുകൾ കൂട്ടത്തോടെ അയോധ്യയിലേക്ക് വിടാൻ തീരുമാനിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുമ്പു ടിക്കറ്റ് റിസർവ് ചെയ്ത് സീറ്റുറപ്പിച്ച യാത്രക്കാരെയൊക്കെ വെള്ളം കുടിപ്പിച്ച് കേരളത്തിലേക്കുള്ള ബഹുഭൂരിപക്ഷം ട്രെയ്നുകളെയും അയോധ്യയിലേക്ക് അയയ്ക്കാനാണത്രേ പദ്ധതി. കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം കേരളം ശത്രുരാജ്യമാണല്ലോ. അതിനിടെ ഇത്തരം ഉദ്യോഗസ്ഥ മാരണങ്ങളും ചേരുമ്പോൾ പാവം സ്കൂൾ കായിക താരങ്ങളുടെ ഗതി എന്താവുമോ, എന്തോ!
സ്കൂൾ കുട്ടികൾക്ക് മാത്രമല്ല, കേരളത്തിന്‍റെ സീനിയർ താരങ്ങൾക്ക് വരെ ദേശീയ ചാംപ്യൻഷിപ്പുകൾക്കുള്ള യാത്രകൾ ദുരിത പൂർണമായതിന്‍റെ മറ്റൊരുദാഹരണമുണ്ടായത് കഴിഞ്ഞ മാസമാണ്. 73ാമത് ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരള വനിതാ ടീമിന് ട്രെയ്നില്‍ ദുരിതയാത്ര നടത്തേണ്ടിവന്നു. ലുധിയാനയില്‍ നടന്ന ചാംപ്യന്‍ഷിപ്പിനു ശേഷം നാട്ടിലേക്കു മടങ്ങിയ ടീമിന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ അധികൃതര്‍ക്കായില്ല. 5 അന്താരാഷ്‌ട്ര താരങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ലുധിയാനയില്‍ നിന്ന് നാട്ടിലേക്ക് ട്രെയ്നില്‍ സ്ലീപ്പര്‍ ക്ലാസിലാണ് അധികൃതര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. അതാകട്ടെ, വെയ്റ്റിങ് ലിസ്റ്റായതിനാല്‍ പലര്‍ക്കും സീറ്റ് പോലും കിട്ടിയില്ല. 3 മാസത്തിനകം 3 ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ 2 തവണ ജേതാക്കളാകുകയും ഒരു തവണ റണ്ണറപ്പാവുകയും ചെയ്ത ടീമിനായിരുന്നു ഈ ഗതികേട്.
"കായികതാരങ്ങളെ കാടി കുടിപ്പിക്കരുത്' എന്ന് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്രങ്ങളിലൊന്ന് ഒന്നാം പേജിൽ മുഖപ്രസംഗമെഴുതിയത് മൂന്നരപ്പതിറ്റാണ്ടോളം മുമ്പാണ്. തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ അപര്യാപ്തതകൾക്കെതിരേ ആഞ്ഞടിച്ച ആ മുഖപ്രസംഗത്തെ തുടർന്ന് സർക്കാർ അടിയന്തര നടപടികൾ കൈക്കൊണ്ടു. അന്ന് കായികതാരങ്ങളെ "കാടി കുടിപ്പിക്കാൻ' മുന്നിൽ നിന്ന ഉദ്യോഗസ്ഥ സംവിധാനം അതേപടി തുടരുകയാണ്. അവർക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നു.
അന്ന് വിദ്യാർഥികൾക്കായി മുദ്രാവാക്യം മുഴക്കിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. ശിവൻകുട്ടി ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയാണ്. അദ്ദേഹത്തിന് ഈ ഈജിയൻ തൊഴുത്ത് വൃത്തിയാക്കാനാവുമോ? എങ്കിൽ അത് കേരളത്തിന്‍റെ യശസുയർത്തുന്ന സ്കൂൾ കായികതാരങ്ങളോട് ചെയ്യുന്ന നല്ല കാര്യമായിരിക്കും. മെഡൽ നേടുന്ന കായിക താരങ്ങളുടെ വീട്ടുകാർക്ക് ഉദ്യോഗസ്ഥരുടെ ചന്തിയിൽ പെടപെടയ്ക്കാൻ മടൽ തേടിപ്പോവുന്ന അവസ്ഥ ഒഴിവാക്കുക തന്നെ വേണം.