
എം.ബി.സന്തോഷ്
'മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത് '- ശ്രീനാരായണ ഗുരു
ഇങ്ങനെ പറയാനുള്ള കാരണവും ഗുരു വ്യക്തമാക്കി: "മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു.' "ഇനി ക്ഷേത്ര നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞു വരികയാണ്. അമ്പലം കെട്ടുവാന്‍ പണം ചിലവിട്ടതിനു ദുര്‍വ്യയമായി എന്നും പശ്ചാത്തപിക്കുവാന്‍ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തല്‍ക്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല. നിര്‍ബന്ധമാണെങ്കില്‍ ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ചു പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്.'- നവകേരളപ്പിറവിക്ക് വഴികാട്ടിയായി ഇങ്ങനെ വളരെ വിശദമായി ഉദ്ബോധിപ്പിച്ചതിന് പാതയോരങ്ങളിലാകെ പ്രതിഷ്ഠിക്കപ്പെട്ട അതേ ശ്രീനാരായണ ഗുരു!
"ചെത്ത് ഒരു മഹാവ്യാധിയാണ്. ഒരവയവത്തിന് കുഷ്ഠമുണ്ടായാല്‍, ദേഹം മുഴുവന്‍ അതു ദുഷിപ്പിക്കുന്നതുപോലെ ചിലര്‍ ചെത്തുന്നതുമൂലം സമുദായം മുഴുവന്‍ കെട്ടുപോകുന്നു. ചെത്തുകാരെ സമുദായത്തില്‍ നിന്ന് വേര്‍പെടുത്തണം. അവരുമായി കൂടിക്കഴിയരുത്. ചെത്ത് ഒരു മഹാപാപമാണ്. ചെത്തുന്നവരെക്കൊണ്ട് തേങ്ങയിടുവിക്കാമല്ലോ. ചെത്തിനുള്ള കത്തി നാലാക്കിയാല്‍ ഒരോ കഷണം കൊണ്ട് മുടി വടിക്കാനുള്ള ഒരോ കത്തിയുണ്ടാക്കാം. അതും കൊണ്ടുനടക്കുന്നതായിരിക്കും ചെത്തിനെക്കാള്‍ മാനം. നല്ല ആദായവും ഉണ്ടാവും.'- ഗുരു വിശദീകരിച്ചു.
പക്ഷെ, അത് ഇന്ന് ശ്രീനാരായണീയർ എന്ന് പരസ്യമായി പറയുന്നവർ പോലും പൂർണമായി അംഗീകരിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. കാരണം, കേരളത്തിലെ മദ്യമേഖലയിൽ മുതൽ മുടക്കിയിരിക്കുന്നതിൽ ഈ വിഭാഗത്തിലുള്ളവരുടെ സംഖ്യ ചെറുതല്ല. അത് ഒരു കുറ്റമായി കാണേണ്ട. പുതിയ ഒരു മേഖല ഉയർന്നുവരുമ്പോൾ അത് പ്രയോജനപ്പെടുത്തുന്നതിൽനിന്ന് മാറിനിൽക്കണം എന്ന് പറയാനാവുമോ? ചെത്ത് എന്നത് ഇന്ന് കേരളത്തിന്‍റെ മുഖ്യ വരുമാനമാർഗമല്ല. കള്ള് കേരളത്തിന്‍റെ മുഖ്യ ലഹരിയുമല്ല. പകരം ഇന്ത്യൻ നിർമിത വിദേശമദ്യങ്ങൾ ഉയർന്നുവന്നു.
അതിനു മുമ്പ് ചാരായം എന്നൊരു ലഹരി പാനീയമുണ്ടായിരുന്നു. കുറഞ്ഞ വിലയ്ക്കുള്ള ആ പാനീയം സാധാരണക്കാരും താഴ്ന്ന വരുമാനക്കാരും ആണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാൽ, എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ചാരായം നിരോധിച്ചു. പ്രതിവർഷം 250 കോടിയാണ് ചാരായ വിൽപ്പനയിലൂടെ കേരളത്തിന് അന്ന് വരുമാനം ലഭിച്ചിരുന്നത്. 1996 ഏപ്രിൽ ഒന്നിന് ആയിരുന്നു സംസ്ഥാനത്തു ചാരായ നിരോധനം നടപ്പിലാക്കിയത്. ഏപ്രിൽ ഒന്ന് ഇതുപോലുള്ള കാര്യങ്ങൾക്ക് പറ്റിയതിനാൽ കാര്യമായ എതിർപ്പില്ലായിരുന്നു! 5,600 ചാരായ ഷാപ്പുകളാണ് അടച്ചുപൂട്ടിയത്. അവിടങ്ങളിലുള്ളവരുടെ തൊഴിൽ നഷ്ടപ്പെടുത്തിയതായിരുന്നു ഇതിന്‍റെ ഏറ്റവും വലിയ "മെച്ചം'!
സ്ത്രീകളുടെ വോട്ടു നേടി തുടർഭരണം സ്വന്തമാക്കുകയായിരുന്നു യുഡിഎഫിന്‍റെ ലക്ഷ്യം. പക്ഷെ, അത് നടന്നില്ല.1996ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രഖ്യാപിച്ചത് അവർ അധികാരത്തിൽ വന്നാൽ ചാരായ നിരോധനം പിൻവലിക്കും എന്നായിരുന്നു. എന്നാൽ, അവർ മാത്രമല്ല, പിന്നീടു വന്ന ഒരു സർക്കാരും അത് ചെയ്തില്ല. പകരം വില കൂടിയ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനായി സർക്കാരുകൾ സംസ്ഥാനത്തെ മദ്യവില്പനയുടെ വാതായനങ്ങൾ തുറന്നിട്ടു.
പിന്നീട്, മദ്യവുമായി ബന്ധപ്പെട്ട യുഡിഎഫിന്‍റെ "ചരിത്ര തീരുമാനം' ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തായിരുന്നു. നിലവാരമില്ലാത്ത ബാറുകൾക്ക് അനുമതി നൽകേണ്ടെന്നയായിരുന്നു അത്. സർക്കാർ തീരുമാനത്തിന് ചുവടുപിടിച്ച് കേരളത്തിലെ മദ്യവിൽപനശാലകൾ എല്ലാം പൂട്ടണമെന്ന ആവശ്യവുമായി അന്നത്തെ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ രംഗത്ത് വന്നു. ഉമ്മൻചാണ്ടിയും സുധീരനും തമ്മിലുള്ള തർക്കമായിരുന്നു അതിന്‍റെ കാരണമെന്നത് രഹസ്യമായിരുന്നില്ല. തുടർന്ന് കേരളത്തിലെ 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചു. 2014 ഏപ്രിൽ ഒന്നു മുതൽ ബാറുകൾ പൂട്ടാനുള്ള ഉത്തരവ് നിലവിൽ വന്നു. ഓരോ വർഷവും 10 ശതമാനം ബെവ്റിജസ് ഔട്ട്‌ലെറ്റുകൾ പൂട്ടി 10 വർഷത്തിനുള്ളിൽ കേരളത്തിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തും എന്നായിരുന്നു പ്രഖ്യാപനം. പിന്നാലെ കടുത്ത നിലപാടുകളിൽ ഇളവുകൾ വന്നു. ബാറുടമകൾ കോടതിയെ സമീപിച്ചതും ഇതിന് കാരണമായി.
ഇപ്പോൾ സംസ്ഥാനത്ത് പ്രതിദിനം 6 ലക്ഷം ലിറ്റര്‍ മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് ബെവ്‌റിജസ് കോര്‍പ്പറേഷന്‍റെ (ബെവ്‌കോ) കണക്ക്. 2021ല്‍ ബെവ്‌കോ നൽകിയ കണക്കു പ്രകാരം പ്രതിദിന വിൽപ്പന 5 ലക്ഷം ലിറ്ററായിരുന്നെങ്കിൽ 2023 മേയ് വരെയുള്ള കണക്കു പ്രകാരം മദ്യ വിൽപ്പന പ്രതിദിനം 6 ലക്ഷം ലിറ്ററാണ്. 2021 മേയ് മുതൽ 2023 മേയ് വരെ സംസ്ഥാനത്ത് വിറ്റത് 41,68,60,913 ലിറ്റർ വിദേശമദ്യം. അതായത്, ശരാശരി 6 ലക്ഷത്തോളം ലിറ്റർ മദ്യം ദിവസവും വിൽക്കുന്നു. ഇക്കാലയളവിൽ 16,67,26,621 ലിറ്റർ ബിയറും വൈനും വിറ്റുപോയി. ശരാശരി 2 ലക്ഷത്തിലധികം ലിറ്റർ ബിയറും വൈനും പ്രതിദിനം ഉപയോഗിക്കുന്നു.
ഇങ്ങനെയാണെങ്കിലും എക്സൈസ് നികുതി വരുമാനം താരതമ്യം ചെയ്യുമ്പോള്‍ കേരളം വളരെ പിന്നിലാണ്. ആദ്യത്തെ 10 സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ പോലും കേരളം വരുന്നില്ല. കേരളത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 14 ശതമാനമാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം.
കേരളത്തിൽ ഉപയോഗിക്കുന്ന മദ്യം വലിയൊരളവ് കേരളത്തിൽ നിർമിച്ചാൽ സംസ്ഥാനത്തിന് ഗുണമുണ്ടാവില്ലേ? കുറെയേറെ ചെറുപ്പക്കാർക്ക് തൊഴിൽ കിട്ടില്ലേ? അതൊന്നും വേണ്ട... കർണാടകത്തിലും തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ഉല്പാദിപ്പിക്കുന്ന മദ്യം വിൽക്കാനുള്ള ഒരു കമ്പോളം മാത്രമായി കേരളം മതിയെന്ന വാദം എത്രത്തോളം സ്വീകാര്യമാണ്?
മറ്റു സംസ്ഥാനങ്ങളിലെ ബ്രൂവറിയിൽ ഉണ്ടാക്കുന്ന മദ്യം വാങ്ങി കൊണ്ടുവന്ന് വിതരണം നടത്താം. സ്വന്തം സംസ്ഥാനത്തെ ബ്രൂവറിയിൽ നിന്നുണ്ടാക്കി അതുവഴി സംസ്ഥാനത്തിന് നികുതിയും തൊഴിലും പണവും ലഭിക്കുന്ന വൻ പദ്ധതി വരാൻ പാടില്ല പോലും. ഇവിടെ മദ്യം നിരോധിച്ചിട്ടില്ല. ഇവിടെ ധാരാളം പേർ മദ്യം ഉപയോഗിക്കുന്നവരാണ്. ആ യാഥാർഥ്യത്തിൽനിന്ന് എങ്ങനെ ഒളിച്ചോടാനാവും?
സംസ്ഥാനത്തെ 18 ബ്ലെൻഡിങ്, ബോട്ടിലിങ് യൂണിറ്റുകൾ വിവിധ കമ്പനികൾക്കായി ഇന്ത്യൻ നിർമിത വിദേശ മദ്യം നിർമിക്കുന്നുണ്ടെങ്കിലും ഒരു സ്ഥാപനം പോലും മദ്യ ഉൽപാദനത്തിന്‍റെ പ്രധാന അസംസ്കൃത വസ്തുവായ ഇഎൻഎ ഉത്പാദിപ്പിക്കുന്നില്ല. മധ്യപ്രദേശ്, മഹാരാഷ്‌ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിവർഷം 9 കോടി ലിറ്റർ ഇഎൻഎ കേരളത്തിലെത്തുന്നുവെന്നാണ് എക്സൈസ് കണക്ക്. സംസ്ഥാന രൂപീകരണശേഷം ആരംഭിച്ച 16 ഡിസ്റ്റിലറിയിൽ 11 എണ്ണവും അനുവദിച്ചത‌് യുഡിഎഫ‌് സർക്കാരുകളുടെ കാലത്താണെന്നതും ഓർക്കണം.
മദ്യം ഉപയോഗിക്കുന്നതിൽ ഒരു വൈമുഖ്യവുമില്ലാത്ത ഒരു സംസ്ഥാനം എന്തിനാണ് മദ്യവുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ നിന്നും മുഖം തിരിച്ചുനിൽക്കുന്നത് എന്ന ചോദ്യത്തിൽനിന്ന് ഒളിച്ചോടാനാവില്ല. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം വലിയ തോതിലുള്ള ഒരു സംസ്ഥാനം തൊഴിലവസരങ്ങൾക്ക് പ്രാധാന്യം നൽകുക തന്നെ വേണം. സമീപ സംസ്ഥാനങ്ങളിൽ മദ്യനിർമാണം നടത്തുകയും ഇവിടെയുള്ളവർ അത് വാങ്ങി കുടിച്ചാൽ മതി എന്ന നിലപാട് അംഗീകരിക്കാനാവുമോ?
അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 30ലധികം ബ്രൂവറികൾ പ്രവർത്തിക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടക ആണെങ്കിലോ? ഇന്ത്യയിലെ മദ്യ നിർമാണത്തിന്‍റെ തലസ്ഥാനമായാണ് വിശേഷിപ്പിക്കുന്നത്. കോൺഗ്രസ് നേതാക്കളുടേതാണ് പല ഡിസ്റ്റിലറികളും. അതിൽ മലയാളി നേതാക്കളുമുണ്ടെന്നത് ഒട്ടും രഹസ്യമല്ല.
കേരളത്തിൽ ബ്രൂവറി വരുന്നതിനെതിരായ "ജ്വര'ത്തിന് നേതൃത്വം നൽകുന്നതിൽ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും മത്സരിക്കുന്നു. അതിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന പത്രം സ്വാഭാവികമായും മുന്നിലുണ്ടാവണമല്ലോ. ആ പത്രത്തിന്‍റെ ലേഖകരിലൊരാളും യുഡിഎഫിന്‍റെ "സ്വയം പ്രഖ്യാപിത ഉപദേഷ്ടാവു'മായ ലേഖകൻ നാസിക്കിൽ പോയതിന്‍റെ വിവരണം കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ അവിടത്തെ മദ്യനിർമാണ സ്ഥാപനം സന്ദർശിച്ച് കോൾമയിർ കൊള്ളിക്കുന്ന സചിത്ര വിവരണം വായിക്കാം! മഹാരാഷ്‌ട്രയിൽ അതാവാം, ഇവിടെ പാടില്ല എന്നാണല്ലോ നയം!
ബ്രൂവറിയോ ഡിസ്റ്റിലറിയോ തുടങ്ങുന്നെങ്കിൽ അത് സുതാര്യമാവണമെന്ന് വാദിക്കുന്നത് മനസിലാക്കാം. അല്ലെങ്കിൽ, ഇത്തരമൊരു സ്ഥാപനം കുടിവെള്ളം മുടക്കാൻ പാടില്ലെന്ന് ആവശ്യപ്പെടാം. അതിൽ അഴിമതി ഉണ്ടെങ്കിൽ അത് അവതരിപ്പിക്കാം. അതിനു പകരം മറ്റ് സംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്ന മദ്യം കുടിക്കാനുള്ളവർമാത്രമാണ് കേരളീയർ എന്നനിലപാട് എത്രമാത്രം ഗുണകരമാണ്? ഇവിടെ മദ്യം ഉല്പാദിപ്പിച്ചാൽ അതിന്‍റെ ഭാഗമായി കുറേ തൊഴിലവസരങ്ങളും നികുതിവരുമാനവും സംസ്ഥാനത്തിന് ലഭിക്കുന്നത് വേണ്ടെന്ന നിലപാട് സ്വീകരിക്കണോ എന്നത് കേരളത്തിന്‍റെ പൊതുസമൂഹം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.