അയ്യപ്പസംഗമം ഭക്തസംഗമം തന്നെ

ടി. ​രാമന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന കാലത്താണ് പമ്പാസംഗമം എന്ന ആധ്യാത്മിക സാംസ്‌കാരിക സംഗമം പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ തുടങ്ങിയത്
ayyappa Sangam is a gathering of devotees

അയ്യപ്പസംഗമം ഭക്തസംഗമം തന്നെ

file image

Updated on

പ്രതാപൻ കുണ്ടറ

യഥാർഥത്തിൽ ഭക്തസംഗമം തന്നെയാണ് ഇ​ന്നു ​പമ്പയിൽ നടക്കുന്ന അയ്യപ്പസംഗമം. അതിനെ​ച്ചൊല്ലിയുള്ള വിവാദങ്ങൾ മുതലെടുപ്പ് രാ​ഷ്‌​ട്രീയത്തിന്‍റെ ഒരുഭാഗമാണെന്നു വിലയിരുത്തേണ്ടി വരും. അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡും മറയില്ലാതെ വ്യക്തമാക്കിയതാണ്. അയ്യപ്പഭക്തരെ ഒന്നിപ്പിക്കുന്നതിലൂടെ വിശ്വാസി സമൂഹത്തിന്‍റെ അവകാശങ്ങളും പ്രതീക്ഷകളുമാണ് ചിറകുവിടർത്തുന്നത്.

ശബരിമലയുടെ പേരിൽ എല്ലാക്കാലത്തും വിവാദങ്ങളും കത്തിപ്പടർന്നിട്ടുണ്ട്. മണ്ഡലകാലത്തും തെരഞ്ഞെടുപ്പുകാലത്തും എല്ലാം പഴയതും പുതിയതുമായ പലവിവാദങ്ങളും പൂർവാധികം ശക്തിയോടെ തലയുയർത്തി വരും. 1950 ൽ ശബരിമലയിലുണ്ടായ തീ പിടി​ത്തത്തെക്കുറിച്ച് തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്‍ പ്രതികരിച്ചത് "ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും' എന്നായിരുന്നു. ഇതുണ്ടാക്കിയ കോലാഹലം ചെറുതല്ല. സന്നിധാനത്ത് സിനിമാ നടി കയറിയതും, പിന്നീടുവന്ന കോടതി ഉത്തരവുകളെല്ലാം എക്കാലത്തും ശബരിമലയും അയ്യപ്പനും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

വിവാദങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടായില്ലെന്നു പറയാം. പക്ഷേ അപ്പോഴും ഓ​രോ മണ്ഡലകാലത്തും മ​ല​ച​വി​ട്ടു​ന്ന ഭ​ക്ത​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു​വ​ന്നു. ഇന്നും അതു നിർബാധം തുടരുന്നു. ശബരിമലയുടെ സാംസ്‌കാരിക സമ്പന്നതയും ആത്മീയ ഐക്യവും ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് ഇത്ത‌വണത്തെ അയ്യപ്പസംഗമത്തിന്‍റെ ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം 3000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ടി. ​രാമന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന കാലത്താണ് പമ്പാസംഗമം എന്ന ആധ്യാത്മിക സാംസ്‌കാരിക സംഗമം പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ തുടങ്ങിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ മകരവിളക്കിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മഹാസമ്മേളനമായി ഇതു നടന്നുവരികയായിരുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ആധ്യാത്മിക, സാംസ്‌കാരിക, സാഹിത്യ, ചലച്ചിത്ര മേഖലകളില്‍നിന്നുള്ളവരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്. എന്നാല്‍, 2018ല്‍ പ്രളയകാലത്ത് മുടങ്ങി. കൊവിഡ് മഹാമാരിയടക്കമുള്ള പ്രശ്‌നങ്ങള്‍കാരണം പിന്നീട് തുടങ്ങാനുമായില്ല.

ഭക്തരെ കൂട്ടിയിണക്കി ഇടയ്ക്ക് അയ്യപ്പസംഗമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ സർക്കാർ നേരിട്ട് നടത്തുന്നതിനെച്ചൊല്ലിയുള്ളതാണ് വിവാദം. കമ്യൂണിസ്റ്റ് സർക്കാർ അയ്യപ്പസംഗമം നടത്തുന്നു എന്നതാണ് വിവാദഹേതു. സംഗമം അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ മുറുകുമ്പോൾ, ശബരിമലയുടെ വികസനം തന്നെയാവണം പൊതുവായ ലക്ഷ്യം എന്നതാണ് ഭക്തലക്ഷങ്ങളുടെ ആവശ്യം. രാ​ജ്യ​ത്തെ, പ്ര​ത്യേകിച്ച്, കേരളത്തിലെ പട്ടികജാതി, പട്ടിക​വ​ർ​ഗ, ആദിവാസി സമൂഹത്തിലെ എല്ലാ വിശ്വാസികളും ഈ മഹാ പമ്പാസംഗമത്തിൽ പങ്കാളിയാകും.

ശബരിമലയടക്കം വികസന പാതയിലാണ്. 1300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ ത​യാറാക്കി. ശബരിമല വിമാനത്താവളം, റെയ്‌​ല്‍പാതയടക്കമുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. 2028 ല്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശ്യം. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ ക്രിയാത്മക നിര്‍ദേശം ശേഖരിക്കും.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തുണ്ടായ സംഘർഷങ്ങളും പ്രതിഷേധങ്ങളും ശബരിമലയെ കലാപഭൂമിയാക്കിയെങ്കിലും ക്രമേണ അതു കെട്ടടങ്ങി.

പിന്നെയും മണ്ഡലകാലം വന്നു, ഭക്തർ മലചവിട്ടി, തൊഴുതുമടങ്ങി. ശബരിമല സമരത്തിൽ പങ്കെടുത്തവർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കണമെന്നും യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. ബിജെപിയും ഈ ആവശ്യങ്ങൾ മുന്നോട്ടു​വ​ച്ച് സംഗമത്തിന് ബദലായി 22ന് പന്തളത്ത് വിശ്വാസ സംഗമം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നല്ലതു തന്നെ. ഭക്തരുടെ ഉന്നമനമോ ശബരിമലയുടെ വികസനമോ ആണ് ലക്ഷ്യമെങ്കിൽ എത്ര സംഗമം വേണമെങ്കിലും നടത്തിക്കോളൂ, പക്ഷേ അതൊരു രാഷ്ട്രീയ പകപോക്കലോ രാഷ്ട്രീയ മുതലടുപ്പോ ലക്ഷ്യമിടരുത്. കേരളത്തിന്‍റെ യശസ് വാനോളമുയർത്തി നിൽക്കുന്ന തീർഥാടന കേന്ദ്രമാണ് കാടിനു നടുവിലുള്ള ശബരിമല ക്ഷേത്രവും പരിപാവനമായ പുണ്യപൂങ്കാവനവും. രാഷ്ട്രീയത്തിന്‍റെ പേരിൽ സന്നിധാനവും ഭക്തരെയും വിഷമവൃത്തത്തിലാക്കരുത്.

(എൻസിപി നാഷണലിസ്റ്റ് ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റാ​ണ് ലേഖകൻ. ഫോൺ- 94002 73203)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com