അയ്യപ്പ സംഗമം പിണറായിയുടെ രാഷ്‌ട്രീയ നാടകം

വിശ്വാസിയല്ലാത്ത പിണറായി ആചാരം പഠിപ്പിക്കാൻ വരേണ്ട.
Ayyappa Sangam is Pinarayi's political drama

മുഖ‍്യമന്ത്രി പിണറായി വിജയൻ

file
Updated on

രാജീവ് ചന്ദ്രശേഖർ,

ബിജെപി അധ്യക്ഷൻ,

മുൻ കേന്ദ്രമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞത് രാജീവ് ചന്ദ്രശേഖരന് ഒന്നുമറിയില്ല, കേരളത്തെക്കുറിച്ച് ഒന്നുമറിയില്ല എന്നാണ്. ഞാൻ രാഷ്‌ട്രീയ വിദ്വാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ഞാൻ കുറച്ച് കോമൺസെൻസും കുറച്ച് ബുദ്ധിയും ഉള്ള അധ്വാനിക്കുന്ന ഒരാളാണ്, കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകുന്ന ഒരാളാണ്, ഹിന്ദു വിശ്വാസിയാണ്, ശബരിമലയിൽ 18 തവണ 18 പടി കയറി ദർശനം നടത്തിയ ആളാണ്. ശബരിമലയെപ്പറ്റി എനിക്കു കുറച്ച് അറിവുണ്ട്. മുഖ്യമന്ത്രിയെപ്പോലെ ഒരു വിദ്വാനാകാൻ, കാൾ മാർക്സും ദാസ് ക്യാപിറ്റലും വായിച്ച് കമ്യൂണിസ്റ്റാകാൻ താത്പര്യമില്ല. പക്ഷേ വികസനം, വികസിത കേരളം, യുവാക്കൾക്ക് പുതിയ ഭാവി സൃഷ്ടിക്കാനുള്ള കാഴ്ചപ്പാട് എല്ലാം എനിക്കുണ്ട്.

മുഖ്യമന്ത്രി അഞ്ചു വിഷയങ്ങളാണു മുന്നോട്ടുവച്ചത്. ആദ്യം പറഞ്ഞത് അയ്യപ്പഭക്ത സംഗമം രാഷ്‌ട്രീയമായി കാണരുത് എന്നതാണ്. ആരെ വിഡ്ഢിയാക്കാനാണ് ഇതിൽ രാഷ്‌ട്രീയമല്ല എന്നു മുഖ്യമന്ത്രി പറയുന്നത്? രാഷ്‌ട്രീയമല്ലെങ്കിൽ മറ്റെന്താണ് ഇതിനു പിന്നിലുള്ളത്? രാഷ്‌ട്രീയമല്ലെങ്കിൽ ദേവസ്വം ബോർഡ് അധ്യക്ഷനാണ് പരിപാടികൾ സംഘടിപ്പിക്കേണ്ടത്, അതിഥികളെ ക്ഷണിക്കേണ്ടത്. എന്നാൽ അതെല്ലാം ചെയ്യുന്നതു മതേതര ഭരണത്തിലെ മന്ത്രിയാണ്. എന്തിനാണു ഹിന്ദു വിരുദ്ധത മാത്രം പറയുന്ന എം.കെ. സ്റ്റാലിനെ ഈ പരിപാടിയിലേക്കു ക്ഷണിക്കുന്നത്? സ്റ്റാലിൻ എന്നു മുതലാണ് അയ്യപ്പഭക്തനായത്?

ഇതു രാഷ്‌ട്രീയ പരിപാടി തന്നെയാണ്. ഇലക്‌ഷന് നാലുമാസം മാത്രം ശേഷിക്കെ നടത്തുന്ന രാഷ്‌ട്രീയ നാടകമാണിത്. രണ്ടാമത് അദ്ദേഹം പറഞ്ഞത് ഇതു സർക്കാർ പരിപാടിയല്ല, ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയാണ് എന്നാണ്. ഞങ്ങൾക്ക് പരിപാടിയെപ്പറ്റി ആക്ഷേപമില്ല, ദേവസ്വം ബോർഡ് സംഘടിപ്പിക്കുകയാണെങ്കിൽ അത് നടക്കട്ടെ. ശബരിമലയിൽ ഭക്തർക്കായി ഒന്നും ചെയ്യാത്ത ദേവസ്വം ബോർഡും സർക്കാരും ഇലക്‌ഷനു നാലുമാസം മുമ്പ് അയ്യപ്പ സംഗമം നടത്തി രാഷ്‌ട്രീയം കളിക്കുകയാണ്.

പമ്പയിൽ നടത്തുന്ന സമ്മേളനത്തിൽ, ഹിന്ദുവിനെതിരേ നിലപാടെടുക്കുകയും പരസ്യമായി സംസാരിക്കുകയും ചെയ്ത ആളുകളെ പങ്കെടുപ്പിക്കുന്നതാണു പ്രശ്നം. ഹിന്ദുമത വിശ്വാസം വൈറസാണ് എന്ന് പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും, അയ്യപ്പഭക്തരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. ഇരുവരും പങ്കെടുത്താൽ അത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രി എന്തിനാണ് ശബരിമലയെപ്പറ്റി സംസാരിക്കുന്നത്? അതിന് ദേവസ്വം ബോർഡ് അധ്യക്ഷനുണ്ട്, അദ്ദേഹമാണ് മാധ്യമങ്ങളോട് കാര്യങ്ങൾ പറയേണ്ടത്. ഇതൊരു രാഷ്‌ട്രീയ പരിപാടി തന്നെയാണ്, സർക്കാരാണ് മുഖ്യസംഘാടകർ. മുഖ്യമന്ത്രി ഇതിനെ വേറൊരു രീതിയിൽ ചിത്രീകരിച്ച് ജനങ്ങളെ വിഡ്ഢിയാക്കാൻ നോക്കരുത്. മുഖ്യമന്ത്രി പറഞ്ഞത് അയ്യപ്പ സമ്മേളനം ആരാധനയുടെ ഭാഗമാണെന്നാണ്. മുഖ്യമന്ത്രി വിശ്വാസിയല്ല. ഭക്തരെ ബഹുമാനിക്കുന്ന, ഭക്തർക്കു വേണ്ടിയുള്ള സമ്മേളനമാണെങ്കിൽ അവിടേക്ക് സ്റ്റാലിനെയും ഡിഎംകെയെയും ക്ഷണിക്കാൻ പാടില്ല. വിശ്വാസി അല്ലാത്തൊരു മുഖ്യമന്ത്രിയല്ല ഇത്തരമൊരു പരിപാടി സംഘടിപ്പിക്കേണ്ടത്.

മുസ‌്‌ലിം സമുദായത്തിനെതിരേ സംസാരിച്ച ഏതെങ്കിലും നേതാവിനെ മുസ്‌ലിം സമുദായത്തിന്‍റെ പേരിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുപ്പിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടാകുമോ? ആയിരക്കണക്കിനു ഭക്തർ സിപിഎമ്മിന്‍റെ അക്രമത്തിലും പൊലീസ് എടുത്ത കേസുകളിലും ബുദ്ധിമുട്ടുന്നു. മുഖ്യമന്ത്രി അതൊക്കെ മറന്നാലും ഞങ്ങൾ അതൊന്നും മറക്കില്ല. ജനങ്ങളെ വിഡ്ഢിയാക്കാനുള്ള ശ്രമം നടക്കില്ല.

രാഷ്‌ട്രീയമാണെങ്കിൽ, ഹിന്ദു വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് സമ്മേളനം നടത്തുന്നത് എന്ന് പരസ്യമായി പറയാൻ സിപിഎം തയ്യാറാവണം. മുഖ്യമന്ത്രി പറഞ്ഞത് "വിരട്ടരുത്' എന്നാണ്. ആ രാഷ്‌ട്രീയം ഞങ്ങൾക്കില്ല. പേടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും വിരട്ടുകയും ചെയ്യുന്നത് സിപിഎമ്മിന്‍റെ രാഷ്‌ട്രീയമാണ്. പിണറായി, സ്റ്റാലിൻ, ഡിഎംകെ പാർട്ടി, സിപിഎം ഇവരെല്ലാം അയ്യപ്പഭക്തർക്കും വിശ്വാസങ്ങൾക്കും എതിരെ പരസ്യമായി സംസാരിക്കുന്ന ആളുകളാണ്. ഇവരെ എന്തിനാണ് അയ്യപ്പഭക്ത സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നത്. ഇതെല്ലാം ഇൻഡി മുന്നണിയുടെ രാഷ്‌ട്രീയമാണ്.

എനിക്ക് പിണറായി വിജയനെപ്പോലെ ഒരു വിദ്വാനാകേണ്ട. കാരണം അഞ്ചര ലക്ഷം കോടി കടം ജനങ്ങളുടെ മുകളിൽ കെട്ടിവച്ച്, രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ സൃഷ്ടിച്ച, രാജ്യത്തെ വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയ ആളാണ് മുഖ്യമന്ത്രി. ക്ഷേത്രവിശ്വാസിയല്ലാത്ത മുഖ്യമന്ത്രിയാണ് 18 തവണ ശബരിമലയ്ക്കു പോയ എനിക്കു ശബരിമലയെപ്പറ്റി ഒന്നുമറിയില്ല എന്നു പറയുന്നത്.

ദാസ് ക്യാപിറ്റലിന്‍റെ വിദ്വാനാകാൻ എനിക്കു യാതൊരു താത്പര്യവുമില്ല എന്ന് ഞാൻ മുഖ്യമന്ത്രിയോട് പറയുന്നു. ഞാൻ വിശ്വാസിയാണ്, ഈ പാർട്ടിയിൽ ആയിരക്കണക്കിനു വിശ്വാസികൾ ഉണ്ട്. വിശ്വാസികൾക്കു വേണ്ടി ഞങ്ങൾ പറയുമ്പോൾ അതിനെ ബഹുമാനത്തോടെ സർക്കാർ പരിഗണിക്കണം. ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയാറാകണം. ശബരിമലയിൽ സർക്കാർ മുമ്പു ചെയ്ത തെറ്റുകൾ ഇനി ആവർത്തിക്കരുത് എന്നാണു ഞങ്ങൾക്കു പറയാനുള്ളത്.

മുഖ്യമന്ത്രി അയ്യപ്പഭക്ത സംഗമം എന്ന ആ പരിപാടിയിൽ പോകുന്നുണ്ടെങ്കിൽ അയ്യപ്പഭക്തരോടു മാപ്പു പറയണം, കേസുകൾ പിൻവലിക്കണം. ഇരട്ടത്താപ്പ് ഞങ്ങൾ സമ്മതിക്കില്ല. പരിപാടിയിൽ എത്തുന്ന തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിയും മാപ്പു പറയണം. അയ്യപ്പ സംഗമത്തിലേക്ക് വിളിച്ചാൽ ഞാനും പങ്കെടുക്കും. അവിടെപ്പോയി ഇവർ ചെയ്ത തെറ്റുകൾ ചൂണ്ടിക്കാട്ടും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com