ഉദരനിമിത്തം ബഹുകൃത വേഷം..!

രാഷ്‌ട്രീയ അധികാരം വലിയ അപ്പക്കഷണമാണ്.
Ayyappa Sangam special story

ഉദരനിമിത്തം ബഹുകൃത വേഷം..!

Updated on

ജ്യോത്സ്യൻ

പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിൽ മുഷ്ടി ചുരുട്ടി ശരണം വിളിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റും മുൻ കോൺഗ്രസ് നേതാവുമായ പി.എസ്. പ്രശാന്ത് ജനശ്രദ്ധ നേടിയിരിക്കുന്നു. കുടവയറും ഓലക്കുടയുമായി ഓണക്കാലത്ത് മഹാബലിയായി ആഘോഷത്തിൽ പങ്കെടുത്ത ഒരു കുമ്പളങ്ങിക്കാരൻ ലത്തീൻ പള്ളിക്ക് മുന്നിലെത്തിയപ്പോൾ കുരിശു വരച്ചത് വാർത്തയായി. എന്നാൽ ആ പള്ളിയിലെ കപ്യാർ തന്നെയായിരുന്നു മഹാബലി എന്ന യാഥാർഥ്യം പിന്നീടു പുറത്തുവന്നു..!

പഴയ കോൺഗ്രസ് നേതാവെന്ന നിലയിൽ അയ്യപ്പ ശരണം വിളിക്കുകയും പുതിയ സഖാവെന്ന നിലയിൽ ആകാശത്തേക്ക് മുഷ്ടി ചുരുട്ടുകയും ചെയ്തതിൽ പ്രശാന്ത് ക്ഷമ ചോദിക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ജോത്സ്യന്‍റെ അഭിപ്രായം. അദ്ദേഹത്തിന്‍റെ ഇന്നത്തെ പാർട്ടിയും നേതാവുംമതങ്ങളോടും വിശ്വാസങ്ങളോടും പുരോഹിത വർഗങ്ങളോടും എടുത്തിട്ടുള്ള സമീപനം പഴയ കോൺഗ്രസുകാരനെന്ന നിലയിൽ പ്രശാന്ത് മറന്നിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.

ഒരു വൈദിക ശ്രേഷ്ഠനെ നികൃഷ്ടജീവിയെന്ന് വിളിച്ച പ്രശാന്തിന്‍റെ നേതാവിനെ മുൻപേ കടത്തിവെട്ടിയവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ. മതം മയക്കുമരുന്നാണെന്നും പുരോഹിതർ കപടമൂർത്തികളാണെന്നും അവർ ഉറക്കെ പറഞ്ഞു. ക്ഷേത്രങ്ങൾ പൊളിച്ച് അവിടെ കപ്പ നടണമെന്നു പറഞ്ഞു. അവർ പ്രാർഥിക്കാറില്ല, പ്രാർഥനാലയങ്ങളിൽ പോകാറില്ല. അവർ ജനപ്രതിനിധികളാകുമ്പോൾ സത്യപ്രതിജ്ഞയെടുക്കുന്നത് ദൈവനാമത്തിലല്ല, മറിച്ച് ദൃഢപ്രതിജ്ഞയാണ്.

യഥാർഥ കമ്യൂണിസ്റ്റുകാരൻ ചുവപ്പു മാലയിട്ട് പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിൽ മുഷ്ടി ആകാശത്തേക്ക് എറിഞ്ഞ് "ഇൻക്വിലാബ് ' വിളിച്ചാണ് വിവാഹം പോലുംകഴിക്കുന്നത്. മരിച്ച സഖാവിന്‍റെ മുമ്പിലും "ഇല്ലായില്ല മരിച്ചിട്ടില്ല' എന്ന് മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യും. അതുകൊണ്ടു തന്നെ അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് എറിഞ്ഞതിൽ അദ്ഭുതപ്പെടേണ്ട, ഖേദിക്കേണ്ട, പ്രതിഷേധിക്കേണ്ട കാര്യമൊന്നുമില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് രാഷ്‌ട്രീയ പ്രേരിതമാണെന്ന ആരോപണത്തിൽ കഴമ്പില്ല. എല്ലാ കാര്യത്തിലും രാഷ്‌ട്രീയമില്ലേ. മതമേധാവികളുടെ ബംഗ്ലാവുകളിൽ പോയി അവർ ഇരിക്കാൻ പറയുമ്പോൾ കിടക്കുന്നവരാണ് കോൺഗ്രസുകർ എന്ന് ആരോപിച്ച ഒരു യുവ നേതാവ് പ്രതിപക്ഷ നേതാവായപ്പോൾ മെത്രാസന മന്ദിരങ്ങളിൽ കിടക്കുക മാത്രമല്ല, ഉറങ്ങാനും ഉണ്ണാനും കൂടി തയാറായി.

രാഷ്‌ട്രീയ അധികാരം വലിയ അപ്പക്കഷണമാണ്. എല്ലാവർക്കും അതു മതിയാവോളം രുചിയ്ക്കണം. തനിക്കു മാത്രമല്ല പിന്നീടുള്ള തലമുറയ്ക്ക് കൂടി സമ്പാദിക്കുന്നവരാണ് ഇന്നത്തെ യുവനേതാക്കൾ. അവരിലധികവും ജനസേവകരല്ല സ്വയം ഉദരസേവകരാണ്. ഇന്നു പറയുന്നതല്ല നാളെ പറയുന്നത്.

കേരള രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ ധാരാളം ആരോപണങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ ഉയർന്ന ഒരു മുദ്രാവാക്യമാണ് "ഇമ്പിച്ചി ബാവ കട്ടുമുടിച്ചാൽ ടി.ഒ. ബാവ കണ്ടുപിടിക്കും'. ആന്ധ്ര അരി കുംഭകോണവുമായി മുഴുങ്ങിയ മുദ്രാവാക്യമായിരുന്നു ഇത്. കേരളത്തിന്‍റെ പ്രഗത്ഭനായ ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ പതനത്തിലേക്ക് നയിച്ച പീച്ചി കാർ അപകടം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

കെ. കരുണാകരനെതിരേ സ്വന്തം പാർട്ടി അംഗങ്ങൾ ഉയർത്തിയ പാമോയിൽ കേസ് ഇന്നും തീർന്നിട്ടില്ല. പ്രഗത്ഭരായ ഏതാനും ഐഎഎസുകാരുടെ ജീവിതം പുകയാക്കി എന്നുമാത്രം. ഐഎസ്ആർഒ ചാരക്കേസ് കരുണാകരന്‍റെ രാഷ്‌ട്രീയ ജീവിതം തന്നെ തകർത്തു. സത്യസന്ധൻ എന്നു പേരുകേട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സിബി മാത്യുവും നിയമ കുടുക്കിലായി. ദൈവങ്ങളെ ആരാധിച്ച് ആത്മീയ- രാഷ്‌ട്രീയ വളർച്ചയ്ക്കു പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കാറുണ്ട്. അതിൽ പ്രത്യേകതകളൊന്നുമില്ല എന്നാണ് ജോത്സ്യന് പറയാനുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com