ഗത്യന്തരമില്ലാതെ പുറത്താക്കൽ, മാനം രക്ഷിച്ച് കോൺഗ്രസ്

രാഹുലിന്‍റെ വരവും പോക്കും കണ്ണടച്ചു തുറക്കും മുൻപേ പുറത്താക്കലിന് ആക്കം കൂട്ടിയത് രണ്ടാം പീഡന പരാതി വന്നതോടെ
Rahul Mankoottathil

രാഹുൽ മാങ്കൂട്ടത്തിൽ

file photo

Updated on

ശരത് ഉമയനല്ലൂർ

തിരുവനന്തപുരം: പീഡനാരോപിതനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒടുവിൽ ഗത്യന്തരമില്ലാതെ കോൺഗ്രസ് പുറത്താക്കി മാനം രക്ഷിച്ചു. രണ്ടുദിവസം നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ എന്നിവർക്ക് അക്കാര്യത്തിൽ സമ്മതിക്കേണ്ടി വന്നു.

മുൻകൂർ ജാമ്യം നിഷേധിച്ച തിരുവനന്തപുരം സെഷൻസ് കോടതി വിധി വന്നതോടെ സെക്കൻഡുകൾക്കകം മാങ്കൂട്ടത്തിലിനെ പൂർണമായും പാർട്ടി കൈയൊഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനു കേവലം നാലു ദിവസം മാത്രം ശേഷിക്കേ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതോടെ മങ്ങിയ പ്രതിഛായ തിരികെ പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

കണ്ണടച്ചു തുറക്കും മുൻപേയായിരുന്നു രാഹുലിന്‍റെ വളർച്ച. വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ കടന്നുവന്ന് കോൺഗ്രസിന്‍റെ തീപ്പൊരി നേതാവായി മാറാൻ രാഹുലിന് ഏറെ വർഷങ്ങളുടെ പാരമ്പര്യമൊന്നും വേണ്ടിവന്നില്ല. ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും കുറിക്കു കൊള്ളുന്ന ചോദ്യങ്ങളും കൃത്യമായ മറുപടികളുമായി കോൺഗ്രസിന്‍റെ "ഇമേജ് ' മുഖമായി ഈ 36കാരൻ അതിവേഗം പ്രശസ്തിയിലേക്കുയർന്നു.

പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയായ രാഹുൽ 2006ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളെജിൽ പഠിക്കുന്ന കാലത്താണ് കെഎസ്‍യുവിലൂടെ രാഷ്‌ട്രീയത്തിലെത്തുന്നത്. പിന്നെ യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റായി പൂർണ സമയ രാഷ്‌ട്രീയത്തിലേക്ക്. സംസ്ഥാനത്ത് കോൺഗ്രസിന്‍റെ പ്രധാന വക്താവായി ഉയർന്ന മാങ്കൂട്ടത്തിൽ 2016ൽ എൻഎസ്‍യു ഐ ദേശീയ സെക്രട്ടറിയും 2020 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും 2020ൽ കെപിസിസി അംഗവുമായി.

പാർട്ടി പ്രവർ‌ത്തനങ്ങളിൽ സജീവമായതോടെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഷാഫി പറമ്പിലുമായി രാഹുൽ ഏറെ അടുത്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിഞ്ഞപ്പോൾ അവിടേക്ക് ഷാഫിക്ക് നിർദേശിക്കാൻ ഒറ്റപ്പേരേ ഉണ്ടായിരുന്നുള്ളൂ. 2023ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് കഴിഞ്ഞ വർഷം പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരുന്നത്. കോൺഗ്രസിന് മറ്റൊരാളെ ചിന്തിക്കാനുണ്ടായിരുന്നില്ല. ഷാഫി പറമ്പിലിന്‍റെ നോമിനിയായി 2024ലെ കന്നി പോരാട്ടത്തിൽ എംഎൽഎയായി നിയമസഭയിലെത്തി. പാലക്കാട്ടെ തെരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷ റെക്കോഡുകളും തകർത്താണ് രാഹുൽ നിയമസഭയിലെത്തിയത്.

പക്ഷേ 2025 ജൂലൈ 28ന് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ ഹു കെയേഴ്സ് (Who cares) എന്ന് രാഹുൽ പറഞ്ഞതോടെ ആരോപണങ്ങൾ മറനീക്കി പുറത്തേക്കു വന്നു തുടങ്ങി. 2025 ഓഗസ്റ്റ് 20ന് നടി റിനി ആൻ ജോർജ് രാഹുൽ മാങ്കൂട്ടത്തിനെതിരെ പേരു പറയാതെ ആരോപണം ഉന്നയിച്ചതോടെ ഇമേജിന് ഇടിച്ചിൽ തുടങ്ങി. ഒന്നിനു പുറകെ ഒന്നായി ലൈംഗിക പീഡന ആരോപണങ്ങൾ രാഹുലിനെതിരേ ഉയർന്നു. ഓഗസ്റ്റ് 21ന് യുവതിയുമായുള്ള രാഹുലിന്‍റെ ഫോൺ സംഭാഷണങ്ങളും ചാറ്റും പുറത്തുവന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിനു പിന്നാലെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടു.

നവംബർ 27ന് രാഹുലിനെതിരേ പരാതിക്കാരി മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകിയതോടെ രാഹുൽ ഒളിവിൽ പോയി. രാഹുലിനെതിരെ വീണ്ടും മറ്റൊരു പെൺകുട്ടി കൂടി ആരോപണം ഉന്നയിച്ചതോടെ കാര്യങ്ങൾ കോൺഗ്രസിന്‍റെയും കൂടി കൈവിട്ടുപോവുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് ഒരു വർഷമായ ഇന്നു തന്നെ രാഹുലിന്‍റെ വീഴ്ചയെന്നതാണ് കോൺഗ്രസ് നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

എംഎൽഎയായി രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത് 2024 ഡിസംബർ 4 ഉച്ചയ്ക്ക് 12 മണിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വഞ്ചിയൂരിലെ ജില്ലാ കോടതിയിലെ ഹർജി തിരിച്ചടിയായതോടെ പാർട്ടി പുറത്താക്കി. കേസ് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളാണ് രാഹുല്‍ നടത്തിയിരുന്നത്. എന്നാല്‍, സുപ്രീം കോടതിയുടെ പ്രത്യേക പരാമര്‍ശം കാരണം അതിന് സാധിച്ചിരുന്നില്ല. ഹൈക്കോടതികൾ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ നേരിട്ട് പരിഗണിച്ച് ജാമ്യം അനുവദിക്കുന്നത് ശരിയല്ല എന്നായിരുന്നു നേരത്തെ സുപ്രീം കോടതി പരാമര്‍ശിച്ചത്. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ആദ്യം സെഷന്‍സ് കോടതികള്‍ പരിഗണക്കണം എന്ന് ഹൈക്കോടതി നിലപാടെടുത്തത്. ഈ സാചര്യത്തിലാണ് രാഹുലിന് മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കേണ്ടിവന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ. മുരളീധരൻ, മുതിർന്ന നേതാവ് വി.എം. സുധീരൻ എന്നിവരടക്കമുള്ള നേതാക്കള്‍ പരസ്യമായി രാഹുലിനെതിരെ നിലപാടെടുത്തിരുന്നു. ലൈംഗിക പീഡന ആരോപണം നേരിട്ട് ഒളിവിൽ കഴിയുന്ന രാഹുലിനെ പുറത്താക്കാൻ ഹൈക്കമാൻഡും ദേശീയ, സംസ്ഥാന നേതാക്കളും തീരുമാനിച്ചത് കെപിസിസി പ്രസിഡന്‍റും മുൻ പ്രസിഡന്‍റ് കെ. സുധാകരനും മറ്റ് ഒരു വിഭാഗം നേതാക്കളും അട്ടിമറിച്ചിരുന്നു.

എന്നാൽ, തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ബലാത്സംഗവും ഗർഭഛിദ്രവുമുള്ള കേസ‌് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും എത്രയും പെട്ടെന്നു രാഹുലിനെ ഒഴിവാക്കണമെന്നും എഐസിസിയിലുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ യോഗം കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ കോടതി കൂടി കൈവിട്ടതോടെ കെപിസിസി പ്രസിഡന്‍റിന് പുറത്താക്കലല്ലാതെ വേറെ വഴിയില്ലാതെ വന്നു.

അതേസമയം, രാഹുൽ എംഎല്‍എ സ്ഥാനത്തു നിന്ന് സ്വയം ഒഴിയാന്‍ തയാറായില്ലെങ്കില്‍ അദ്ദേഹം ഇനി തങ്ങളുടെ പാർട്ടിക്കാരനല്ലെന്നു കോണ്‍ഗ്രസ് നേതൃത്വം സ്പീക്കര്‍ക്ക് കത്തു നല്‍കും എന്നാണ് സൂചന. പക്ഷേ, എംഎൽഎ സ്ഥാനം ഒഴിയാൻ ആ വ്യക്തി നേരിട്ടെത്തി സ്പീക്കർക്കു കത്തു നൽകേണ്ടിവരും. ഈ നിയമസഭയുടെ കാലാവധി ഇനി ഏതാനും മാസങ്ങള‌േ ഉള്ളൂ എന്നതും പ്രശ്നമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com