
ജോൺ കുര്യാക്കോസ് തന്‍റെ ജീവനക്കാർക്ക് നിർദേശങ്ങൾ നൽകുന്നു
file photo
റീന വർഗീസ് കണ്ണിമല
കാലം 1983. കൊച്ചു ജോണിന്‍റെ ജീവിതത്തിൽ ആദ്യമായി സന്തോഷത്തിന്‍റെ കതിരുകൾ വീശിയ കാലം. മൂവാറ്റുപുഴയിലുള്ള ഡോ. റെജി മാത്യുവിന്‍റെ ഡെന്‍റൽ ക്ലിനിക്കിൽ ജോലി കിട്ടിയതായിരുന്നു ആ പതിനഞ്ചുകാരന്‍റെ സന്തോഷത്തിനു കാരണം. ആദ്യം കിട്ടിയ 250 രൂപ ശമ്പളത്തിൽ കൊച്ചു ജോൺ വീട്ടിലൊരു സ്വർഗം തീർത്തു, ചാച്ചന് എച്ച്എംടി വാച്ചും മുണ്ടും, അമ്മയ്ക്ക് സാരിയും ബ്ലൗസും- കണ്ണീര് വെള്ളപ്പൊക്കം തീർത്ത ആ കൊച്ചുവീട് അന്നാദ്യമായി ഒരു കുഞ്ഞു സ്വർഗമായി.
രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ച് വരെയാണ് ജോലി സമയമെങ്കിലും ആറര മുതൽ അത്യുത്സാഹത്തോടെ ജോലിക്കെത്തിയ കൊച്ചുജോണിനെ ഡോ. റെജി മാത്യു കൃത്രിമപ്പല്ലുകൾ സ്ഥാപിക്കുന്നതിൽ സഹായിയായി നിർത്തി. മണിക്കൂറുകളെടുക്കുന്ന കഠിനമായ ഒരു ജോലിയായിരുന്നു അത്.
ഡോ. റെജിയുടെ ഡെന്‍റൽ അസിസ്റ്റന്‍റായി പ്രവർത്തിക്കവേ, ജോൺ ഒരു കാര്യം ശ്രദ്ധിച്ചു- ഡെന്‍റൽ പ്രോസ്തസസുകളുടെ ഗുണനിലവാരമില്ലായ്മ!
അതെക്കുറിച്ച് ജോൺ കുര്യാക്കോസ് പറയുന്നതിങ്ങനെ:
"രോഗിയുടെ അളവെടുത്തു നൽകിയിട്ടും പണിതു കിട്ടുന്ന ക്രൗണും ബ്രിഡ്ജും പലപ്പോഴും പൊട്ടിയതായിരിക്കും, അല്ലെങ്കിൽ രോഗിയുടെ പല്ലിനു തുല്യം അളവ് ആയിരിക്കില്ല. ഇതു കാരണം പല്ല് ഫിക്സ് ചെയ്യാൻ മണിക്കൂറുകളോളം രോഗികൾ വായ പൊളിച്ച് ഇരിക്കേണ്ടി വരുന്നതും ഡോക്റ്റർ റെജി മാത്യു ക്രൗണും ബ്രിഡ്ജും മറ്റും മണിക്കൂറുകൾ എടുത്ത് ലെയ്ത്തിൽ ഗ്രൈൻഡ് ചെയ്ത് മടുത്ത് ഇനി ഈ പണി ഞാൻ ചെയ്യുന്നില്ല എന്നു പറയുന്നതും ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.
ഓർക്കണം, ഒരു ഡോക്റ്ററാണ്, ഈ ലെയ്ത്ത് വർക്ക് ചെയ്യുന്നത്. ലെയ്ത്ത് വർക്ക് ചെയ്യുമ്പോൾ കൈ പൊള്ളും. അതു കൊണ്ട് മറ്റൊരു പാത്രത്തിൽ വെള്ളം വച്ചിരിക്കും. ഇടയ്ക്ക് ഡോക്ടർ ആവെള്ളത്തിൽ കൈ മുക്കി തണുപ്പിക്കും. ഈ അവസ്ഥ കണ്ടപ്പോൾ എനിക്കൊരു തോന്നൽ, ചിലതൊക്കെ നന്നാകുന്നുണ്ടല്ലോ, എങ്കിൽ പിന്നെ എന്തു കൊണ്ട് എല്ലാം നന്നായി ഉണ്ടാക്കി കൂടാ?'
അന്ന് രോഗികളുടെ വെപ്പുപല്ലിന് ഓർഡറുമായി പോകുന്നത് ജോൺ ആയിരുന്നു. അതു കൊണ്ട് ഒരിക്കൽ ഓർഡർ നൽകിയപ്പോൾ ആ ലാബുകാരോട് ആ കൊച്ചു പയ്യൻ പറഞ്ഞു-
"ഇത് ഒരു വിവിഐപിക്കു വേണ്ടിയാണ്. കൃത്യമായി ചെയ്തു തരണം. ഒരു പാകപ്പിഴയും വരാതെ ശ്രദ്ധിക്കണം."
"ആ ഓർഡർ കൃത്യമായി ചെയ്തു കിട്ടി. അപ്പോഴെനിക്കു മനസിലായി, ശ്രദ്ധിച്ചാൽ നമുക്ക് ഒരു കുറവുമില്ലാതെ ഡെന്‍റൽ പ്രോസ്തസസ് നിർമിക്കാം എന്ന്."
അതു പറഞ്ഞ് ജോൺ കുര്യാക്കോസ് പുഞ്ചിരിച്ചു.
പലപ്പോഴും മൾട്ടി യൂണിറ്റ് ബ്രിഡ്ജുകൾ കൃത്യമായി വയ്ക്കാൻ, ക്രൗണുകൾ കൃത്യമായി വയ്ക്കാൻ ഒക്കെ ഡോ. റെജിക്ക് മണിക്കൂറുകൾ എടുക്കേണ്ടി വന്നിരുന്നത് കണ്ട് അസ്വസ്ഥനായ ജോൺ എന്ന പയ്യൻ… ആ കൊച്ചു പയ്യന്‍റെ ആ അസ്വസ്ഥതയും നിരീക്ഷണ പാടവവുമാണ് ഇന്ന് ഏഷ്യയിലെ കുറ്റമറ്റ ഡെന്‍റൽ ലാബിനുടമയായി അദ്ദേഹത്തെ മാറ്റിയത്.
പക്ഷേ, ഇത് ജോൺ കുര്യാക്കോസിനോട് പറഞ്ഞാൽ അദ്ദേഹത്തിന്‍റെ വിനയം, ദൈവഭയം അത് അംഗീകരിക്കില്ല.
"നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ഇഷ്ടത്തിന് ആരെങ്കിലും തന്‍റെ ജീവിതം സമർപ്പിച്ചാൽ കർത്താവ് അവനെ അഭിവൃദ്ധിയിലേയ്ക്ക് ഉയർത്തും. ' എന്ന പ്രൊഫ.എം.വൈ.യോഹന്നാന്‍റെ വാക്കുകളാൽ നയിക്കപ്പെടുന്ന അദ്ദേഹത്തിന് സകലതും ക്രിസ്തുവാണ്, ക്രിസ്തുവിലൂടെയാണ്, ക്രിസ്തുവിനു വേണ്ടിയാണ്.
ഉറക്കം കെടുത്തിയ സ്വപ്നം:
“അക്കാലത്ത് ദൈവം എനിക്കൊരു സ്വപ്നം തന്നു, ഒരു ഡെന്‍റൽ ലാബ് തുടങ്ങാനുള്ള സ്വപ്നം. പ്രതിമാസം വെറും 250 രൂപ ശമ്പളമുള്ള ഞാൻ സ്വപ്നം കാണുകയാണ്, 20 ലക്ഷം രൂപയെങ്കിലും മുതൽമുടക്കുള്ള ഡെന്‍റൽ ലാബ് സ്ഥാപിക്കുന്നത്! അന്നു ദക്ഷിണേന്ത്യയിൽ ആകെ ഒരു ദന്തൽ ലാബ് മാത്രമേ ഉള്ളു. ഒരു ഡെന്‍റൽ ലാബ് സ്ഥാപിക്കണം…ദാഹമായി ആ സ്വപ്നം വളർന്നു.”
പിന്നൊന്നും ചിന്തിച്ചില്ല,വെപ്പു പല്ലുകൾ സെറ്റ് ചെയ്യുന്നതിൽ ഡോ.റെജിയിൽ നിന്നും പരിശീലനം ലഭിച്ച സ്ഥിരോത്സാഹിയായ കൊച്ചു ജോൺ രാത്രിയിൽ മൂവാറ്റു പുഴ മുതൽ മൂലമറ്റം വരെ വിവിധ ക്ലിനിക്കുകളിൽ ജോലിയെടുത്തു തുടങ്ങി, ഒരു ഡെഞ്ച്വർ സെറ്റ് ചെയ്യുന്നതിന് അക്കാലത്ത് അമ്പതു രൂപയായിരുന്നു ഫീസ്. റെജി ഡോക്റ്ററുടെ ക്ലിനിക്കിൽ നിന്ന് ഒരു മാസം കിട്ടുന്ന 250 രൂപ പല ദിവസങ്ങളിലും ഈ ഓവർ ഡ്യൂട്ടിയിലൂടെ കിട്ടിത്തുടങ്ങി. ഒന്ന് ഉറങ്ങാൻ പോലും കൊതിച്ച ആറു വർഷങ്ങൾ അങ്ങനെ കടന്നു പോയി- ഓരോ ദിവസവും ഉറങ്ങാൻ കിട്ടുന്നത് രണ്ടോ മൂന്നോ മണിക്കൂർ മാത്രം…എങ്കിലും തളർന്നില്ല കൊച്ചു ജോൺ.
“87-88 കാലഘട്ടമായിരുന്നു അത്. ഈ മേഖലയിൽ വിജയിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.4.75 ലക്ഷം രൂപ ഈ ആറു വർഷം കൊണ്ട് ഉറങ്ങാൻ പോലും മറന്ന് ഡെഞ്ച്വർ സെറ്റ് ചെയ്ത് ഞാൻ സമ്പാദിച്ചു. പോരാത്തതിൽ 15 ലക്ഷം രൂപ സൗത്ത് ഇന്ത്യൻ ബാങ്ക് എനിക്കു വായ്പ തന്നു. പിന്നെയും വേണമല്ലോ 25,000 കൂടി. അത് 36 ശതമാനം പലിശയ്ക്ക് ഒരു പണമിടപാടുകാരനിൽ നിന്ന് ഞാൻ വായ്പ എടുത്തു. “
“ഞാൻ ഡെന്‍റൽ ക്ലിനിക്കിൽ ജോലി ചെയ്യുമ്പോൾ ഡോക്റ്റർ എന്നെ കോട്ടയത്തുള്ള ഡെന്‍റൊൺ ഡെന്‍റൽ ഡിപ്പോയിൽ നിന്ന് മെറ്റീരിയൽ എടുക്കാൻ വിടുമായിരുന്നു. അങ്ങനെ പരിചയപ്പെട്ടതാണ് അവിടുത്തെ വിനോദ് ചേട്ടനെ.1988 കാലം. പുതിയ ഡെൽ ലാബ് തുടങ്ങണം. ഏറ്റവും നല്ല മെഷിനറി വേണം. അങ്ങനെ അന്വേഷണങ്ങൾക്ക് ഒടുവിൽ ഞാനെത്തിയത് ജർമനിയിലെ ദന്ത നിർമാണ മേഖലയെ കുറിച്ചുള്ള അറിവിലാണ്. ജർമനിയിലാണ് ദന്ത നിർമാണത്തിന്ഏറ്റവും നല്ല മെഷിനറി ഉള്ളത്. എന്‍റെ നാട്ടിൽ ലോകോത്തര നിലവാരമുള്ള ദന്തനിർമാണ യൂണിറ്റ് ഉണ്ടാക്കണം-അതായി പിന്നെ എന്‍റെ സ്വപ്നം.“
“ജർമൻ കാസ്റ്റിങ് മെഷീൻ വരുത്തി തരുന്നതിനെ കുറിച്ച് അറിയാൻ ഞാനും വിനോദ് ചേട്ടനും കൂടി ബംഗളൂരുവിലേയ്ക്ക്. അവിടെയെത്തിയപ്പോൾ ഒരു കമ്പനി ഞങ്ങളുടെ മുമ്പിൽ വച്ച ക്വട്ടേഷൻ പതിമൂന്നു ലക്ഷം രൂപ...ഏതായാലും അതെനിക്കു താങ്ങാനാകില്ല. ഞങ്ങൾ നേരെ മുംബൈയ്ക്കു വച്ചു പിടിച്ചു. അവിടെ എൻ.കെ. പട്ടേൽ ആൻഡ് കമ്പനി ഏഴു ലക്ഷത്തി തൊണ്ണൂറായിരം രൂപയ്ക്ക് ഞങ്ങൾക്ക് ജർമൻ കാസ്റ്റിങ് മെഷീന് ക്വട്ടേഷൻ തന്നു.'
"ആ കമ്പനിയിൽ നിന്നു കിട്ടിയ ക്വട്ടേഷന്‍റെ പെർഫോമയും ഇൻവോയിസുമായി ഞാൻ നേരെ മൂവാറ്റുപുഴയിൽ ഞാൻ ജോലി ചെയ്യുന്ന ക്ലിനിക്കിന് അടുത്തുള്ള സൌത്ത് ഇന്ത്യൻ ബാങ്കിൽ എത്തി. എന്നെ വ്യക്തിപരമായി പരിചയം ഉണ്ടായിരുന്ന ബാങ്ക് മാനെജർ മാത്യുസാർ ആ ലോണ് പാസാക്കി തന്നു. ലോണ് പാസായ ഉടൻ തന്നെ ബാങ്കിൽ നിന്ന് നേരെ ജർമനിയിലെ ബിഗോ എന്ന കമ്പനിയിലേയ്ക്ക് ഡിഡി അയച്ചു കൊടുത്തു."
“അങ്ങനെ ഇന്ത്യയിൽ ആദ്യമായി അത്യന്താധുനിക കാസ്റ്റിങ് മെഷീൻ കേരളത്തിന്‍റെ ഈ കൊച്ചു മൂവാറ്റുപുഴയിൽ ഈ തീഷ്ണമതിയായ മനുഷ്യൻ കൊണ്ടു വന്നു.അതു മാത്രം പോരല്ലോ,മൈക്രോമോട്ടോർസ്, ഗ്രൈൻഡിങ് എക്യുപ്മെന്‍റ്സ് എന്നിവയെല്ലാം വേണമല്ലോ.അങ്ങനെ കേരളത്തിൽ ആദ്യമായി 37 വർഷങ്ങൾക്കു മുമ്പ് 290 സ്ക്വയർ ഫീറ്റിൽ എല്ലാ സൌകര്യങ്ങളുമുള്ള ഒരു കൊച്ചു ഡെന്‍റൽ ലാബ് 1988ൽ പിറവിയെടുത്തു, ആറു തൊഴിലാളികളുമായി"
“അന്നു ഞാൻ ഡെന്‍റ് കെയർ തുടങ്ങിയ കാലത്ത് ആ മുറിക്ക് 500 രൂപയായിരുന്നു പ്രതിമാസം വാടക -‘ജോൺ കുര്യാക്കോസ് ഓർക്കുന്നു.
ആ കൊച്ചു ലാബാണ് ഇന്ന് അന്താരാഷ്ട്ര ഡെന്‍റൽ ലോകത്തെ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഡെന്‍റ് കെയർ... തുടങ്ങിയതു ദൈവമെങ്കിൽ വിജയവും വളർച്ചയും അതിന്‍റെ ഫലം...ജോൺ കുര്യാക്കോസ് തന്‍റെ എല്ലാ വിജയവും നേട്ടവും ദൈവത്തിനു സമർപ്പിക്കുന്നു. എന്നാൽ ആ വളർച്ച അത്ര സുഗമമായിരുന്നില്ല.
പ്രതിസന്ധികളെ ഹർഡിൽസ് പോലെ മറികടന്നു മുന്നേറിയ അക്കഥകൾ നാളെ.