ഭിക്ഷക്കാർ ബിസിനസുകാരായി: ബെഗ്ഗേഴ്സ് കോർപ്പറേഷന്‍റെ കഥ

അവരിപ്പോൾ ബെഗ്ഗേഴ്സല്ല. ഭിക്ഷാടനജീവിതത്തിൽ നിന്നും ബിസിനസുകാരായി മാറിയവരാണ്. വാരണാസയിൽ ഭിക്ഷക്കാർ ബിസിനസുകാരായി മാറുന്ന മനോഹരജീവിതകഥ ഒഴുകിവരുന്നുണ്ട്
ഭിക്ഷക്കാർ ബിസിനസുകാരായി: ബെഗ്ഗേഴ്സ് കോർപ്പറേഷന്‍റെ കഥ

വാട്ട് ഡിഡ് യു സേ... ബെഗ്ഗേഴ്സ്. അങ്ങാടി സിനിമയിൽ ആവേശം ജനിപ്പിച്ചു കൊണ്ടു നടൻ ജയൻ ഉരുവിട്ട ഈ ഡയലോഗ് ഇപ്പോൾ വാരണാസിയിലും മുഴങ്ങുന്നുണ്ട്. ഭിക്ഷക്കാരെന്നു വിളിച്ചാൽ ഉറപ്പായും ഈ മറുചോദ്യം ഉയർന്നേക്കാം. കാരണം അവരിപ്പോൾ ബെഗ്ഗേഴ്സല്ല. ഭിക്ഷാടനജീവിതത്തിൽ നിന്നും ബിസിനസുകാരായി മാറിയവരാണ്. വാരണാസയിൽ ഭിക്ഷക്കാർ ബിസിനസുകാരായി മാറുന്ന മനോഹരജീവിതകഥ ഒഴുകിവരുന്നുണ്ട്.

ഒഡീഷയിലെ സാമൂഹിക പ്രവർത്തകനായ ചന്ദ്ര മിശ്രയുടെ തലയിലാണു ഭിക്ഷക്കാരുടെ ജീവിതത്തെ അടിമുടി മാറ്റുന്ന ആശയം പിറവിയെടുത്തത്. അതു പ്രാവർത്തികമാക്കാൻ തെരഞ്ഞെടുത്ത സ്ഥലം വാരണാസിയും. ഭിക്ഷക്കാർക്കു ജീവിക്കാനൊരു മാർഗം ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു ആശയം. എന്നാൽ ആദ്യഘട്ടത്തിൽ ആരും സഹകരിച്ചില്ല‌. പിന്നീടൊരു എൻജിഒയുമായി ചേർന്നു ആശയത്തെ വിപുലമാക്കി.

ചന്ദ്ര മിശ്ര
ചന്ദ്ര മിശ്ര

എന്തെങ്കിലുമൊക്കെ ചീയുമ്പോൾ മറ്റൊന്നിനു വളമാകുമെന്നാണല്ലോ ചൊല്ല്. മഹാമാരിയിൽ ലോകം മുഴുവൻ ദുരിതത്തിലായ സമയത്ത് ചന്ദ്ര മിശ്രയുടെ ആശയത്തിനു വേരുകിളിർത്തു. ജീവിക്കാൻ എന്തെങ്കിലും മാർഗം കണ്ടെത്തി തരണമെന്ന ആവശ്യവുമായി ഭിക്ഷക്കാർ സമീപിച്ചു. സ്വന്തം കുഞ്ഞുമൊത്ത് ഭിക്ഷാടനം നടത്തിയിരുന്ന ഒരു സ്ത്രീയായിരുന്നു ഈ ക്യാംപെയ്നിലേക്ക് ആദ്യം എത്തിച്ചേർന്നത്.

അവർക്കു ബാഗുകൾ നിർമിക്കാനുള്ള പരിശീലനം നൽകി. അതു മാർക്കറ്റ് ചെയ്യാനുള്ള മാർഗവുമൊരുക്കി. ഒരു വലിയ കോൺഫറൻസിൽ ഈ ബാഗുകളെ പരിചയപ്പെടുത്തിയതോടെ അനുകൂല പ്രതികരണവും ലഭിച്ചു. ഇതോടെ കൂടുതൽ ഭിക്ഷക്കാർ എത്തിത്തുടങ്ങി. അങ്ങനെ ബെഗ്ഗേഴ്സ് കോർപ്പറേഷൻ രൂപപ്പെട്ടു. ഇപ്പോൾ പതിനാലോളം ഭിക്ഷക്കാർ ബിസിനസുകാരായി മാറിക്കഴിഞ്ഞു. ബാഗുകളുടെ നിർമാണം മാത്രമല്ല, പൂക്കച്ചവടം, ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂജാസാധനങ്ങളുടെ കച്ചവടം തുടങ്ങിയവയൊക്കെ ആരംഭിച്ചു.

ഇത്തരമൊരു സംരംഭത്തിലേക്കുള്ള നിക്ഷേപസാധ്യതയും ചന്ദ്ര മിശ്ര പ്രയോജനപ്പെടുത്തുന്നുണ്ട്. പത്തു രൂപ മുതൽ പതിനായിരം രൂപ വരെ നിക്ഷേപിക്കാം. ഈ പണം ബിസിനസിനായി മുതൽമുടക്കുകയും, ലാഭത്തിൽ നിന്നും കൃത്യമായി പലിശയടക്കം നിക്ഷേപകനു തിരിച്ചു നൽകുകയും ചെയ്യും. ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു എൻജിനിയറാണ് ഈ ആശയത്തിലേക്ക് ആദ്യമായി നിക്ഷേപം നടത്തിയത്. ഇത്തരത്തിൽ അറുപതോളം പേർ ഇപ്പോൾ നിക്ഷേപം നടത്തി ഭിക്ഷക്കാർക്കു ജീവിക്കാനുള്ള മാർഗമൊരുക്കി നൽകിയിട്ടുണ്ട്. സംഭാവനയോ, ഭിക്ഷയോ അല്ല വേണ്ടത്, നിക്ഷേപമാണു വേണ്ടതെന്നു ചന്ദ്ര മിശ്ര ഉറപ്പിച്ചു പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com