
സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴും ഓർക്കേണ്ടത്...
freepik.com
ജനാധിപത്യ പ്രക്രിയയിൽ സുതാര്യവും സത്യസന്ധവുമായ തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു വളരെ പ്രാധാന്യമുണ്ട്. സ്വതന്ത്രമായ കേന്ദ്ര ഇലക്‌ഷൻ കമ്മിഷനും അതിനു താഴെ സംസ്ഥാന ഇലക്‌ഷൻ കമ്മിഷനുകളുമുണ്ട്. പക്ഷേ, പ്രതിപക്ഷത്തിന്‍റെ ആരോപണം നീതിപൂർവമായ തെരഞ്ഞെടുപ്പു നടക്കുന്നില്ല എന്നതാണ്. വോട്ടേഴ്സ് ലിസ്റ്റ് മുതൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം വരെ ഇപ്പോൾ സംശയദൃഷ്ടിയിലാണ്.
ഗ്രഹനില | ജ്യോത്സ്യൻ
79ാം സ്വാതന്ത്ര്യദിനം ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന തലസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും രാജ്യത്തിനു പുറത്ത് നമ്മുടെ എംബസികളിലും ഹൈക്കമ്മിഷനുകളിലും കോൺസുലേറ്റുകളിലും നയതന്ത്ര പ്രതിനിധികളും ത്രിവർണ പതാക ഉയർത്തിക്കൊണ്ട് ആഘോഷപൂർവം നടത്തുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ, നിതാന്ത ജാഗ്രതയാണു സ്വാതന്ത്ര്യത്തിനു നൽകേണ്ട വില എന്ന കാര്യവും മറക്കരുത്.
78 വർഷങ്ങൾക്ക് മുമ്പ് നാം സ്വാതന്ത്ര്യം നേടുമ്പോൾ രാജ്യത്തു 40 കോടി ജനങ്ങളാണുണ്ടായിരുന്നത്. അവർക്കാവശ്യമായ ഭക്ഷണസാധനങ്ങളും മരുന്നും വസ്ത്രങ്ങളും മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടിയിരുന്നു. 'കപ്പലിൽ നിന്ന് അടുക്കളയിലേക്ക് ' എന്നാണ് അന്നു പറഞ്ഞിരുന്നത്. ഇന്ന് ജനസംഖ്യ 140 കോടിയായി ഉയരുകയും വെല്ലുവിളികൾ രൂക്ഷമാകുകയും ചെയ്തിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമം, എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും വിദ്യാഭ്യാസം, സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണം തുടങ്ങി അഭിമാനകരമായ പല കാര്യങ്ങളും നാം ഇതിനകം ചെയ്തു കഴിഞ്ഞു. ലോകത്തെ കരുത്തുള്ള ഒരു സൈനിക ശക്തിയായി ഇന്ത്യ മാറി. പ്രധാനമന്ത്രി ചെങ്കോട്ടയിൽ പ്രസംഗിച്ചതുപോലെ ബഹിരാകാശത്തു പ്രത്യേക നിലയം സ്ഥാപിക്കാനുള്ള തരത്തിൽ നാം വളർന്നിരിക്കുന്നു.
നമ്മുടെ നീതിന്യായ കോടതികൾ മുഖം നോക്കാതെ തീരുമാനങ്ങളെടുക്കുന്ന വിധത്തിൽ ശക്തി പ്രാപിച്ചിട്ടുണ്ട്. സുപ്രീം കോടതി മുതൽ താഴേത്തട്ടിലുള്ള കോടതികൾ വരെ ജനവിശ്വാസം നേടിയവയാണ്. സാധാരണക്കാർക്കു നീതിന്യായ പീഠങ്ങളെ സമീപിക്കാൻ സംവിധാനമുണ്ട്.
അതേ സന്ദർഭത്തിൽ തന്നെ നാം നേരിടുന്ന ധാരാളം പ്രശ്നങ്ങളുമുണ്ട്. ശക്തവും സ്വതന്ത്രവുമായ മാധ്യമങ്ങളാണ് ഇന്ത്യയിലുള്ളത്. ഒരു ഭാഗത്ത് എന്തിനും ഏതിനും കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിക്കുന്ന പ്രതിപക്ഷവും, മറുഭാഗത്ത് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ അവഗണിക്കുന്ന സർക്കാരും.
ജനാധിപത്യ പ്രക്രിയയിൽ സുതാര്യവും സത്യസന്ധവുമായ തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു വളരെ പ്രാധാന്യമുണ്ട്. സ്വതന്ത്രമായ കേന്ദ്ര ഇലക്‌ഷൻ കമ്മിഷനും അതിനു താഴെ സംസ്ഥാന ഇലക്‌ഷൻ കമ്മിഷനുകളുമുണ്ട്. പക്ഷേ, പ്രതിപക്ഷത്തിന്‍റെ ആരോപണം നീതിപൂർവമായ തെരഞ്ഞെടുപ്പു നടക്കുന്നില്ല എന്നതാണ്. വോട്ടേഴ്സ് ലിസ്റ്റ് മുതൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം വരെ ഇപ്പോൾ സംശയദൃഷ്ടിയിലാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾക്കു തുടക്കം കുറിച്ചു കഴിഞ്ഞു. സുതാര്യമായ ഇലക്‌ഷൻ സംവിധാനത്തിനായി പ്രതിപക്ഷം ശബ്ദമുയർത്തുക തന്നെ വേണം. എന്നാൽ യാഥാർഥ്യത്തിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ് എന്ന ആക്ഷേപവുമുണ്ട്. രാജ്യം നേരിടുന്ന പ്രശ്നം ബലഹീനമായ തെരഞ്ഞെടുപ്പു മാത്രമല്ല എന്ന് ആലോചിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.
2014ൽ അധികാരത്തിലേറിയ ബിജെപി സർക്കാർ രാജ്യത്തിന്‍റെ സുപ്രധാന പല മേഖലകളിലും പരാജയപ്പെട്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനുള്ള നടപടികൾക്ക് മുൻതൂക്കം നൽകും എന്നു പറഞ്ഞെങ്കിലും ധാരാളം ചെറുപ്പക്കാർ നമ്മുടെ രാജ്യത്തു നിന്നും യുക്രെയ്‌ൻ, റഷ്യ പോലെയുള്ള രാജ്യങ്ങളിലെ യുദ്ധമുഖത്തേക്കു പട്ടാളക്കാരായി പോകുന്നു എന്നതു ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. അന്തിയുറങ്ങാൻ കിടപ്പാടമില്ലാത്ത അനേകായിരം ആളുകൾ ഇപ്പോഴുമുണ്ട്. ആതുര ശുശ്രൂഷാ രംഗത്ത് യൂറോപ്യൻ രാജ്യങ്ങളോടൊപ്പം നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും കേരളത്തിൽ പോലും സാധാരണക്കാർക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ കിട്ടുന്നില്ലെന്ന പരാതിയുണ്ട്. ആഗോള പട്ടിണി സൂചികയിൽ 127 രാജ്യങ്ങളിൽ ഇന്ത്യ 105ാം സ്ഥാനത്തു നിൽക്കുന്നത് അത്യന്തം ദുഃഖകരമാണ്. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാൻമർ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളേക്കാൾ ദാരിദ്ര്യ നിലവാരം നമുക്ക് കൂടുതലാണ്.
അസമയത്തുള്ള തെറ്റായ സാമ്പത്തിക തീരുമാനങ്ങൾ രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ താറുമാറാക്കിയിരിക്കുന്നു. 2016ലെ നോട്ട് റദ്ദാക്കൽ വേണ്ട തയാറെടുപ്പോടെ ആയിരുന്നില്ല എന്നതിന്‍റെ പേരിൽ പ്രധാനമന്ത്രിയെ പാർലമെന്‍റിനു മുന്നിൽ ചോദ്യം ചെയ്യണമെന്നും 2017ൽ നടത്തിയ നാലു തട്ടിലുള്ള ജിഎസ്‌ടി പ്രഖ്യാപനം വേണ്ട മുന്നൊരുക്കങ്ങളോടെ അല്ലായിരുന്നു എന്നും അന്നത്തെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ പ്രൊഫ. കെ.വി. തോമസ് പറഞ്ഞതിന്‍റെ പ്രസക്തി പ്രധാനമന്ത്രിയുടെ ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രസംഗം ശരിവയ്ക്കുന്നു.
നോട്ട് നിരോധിച്ച സന്ദർഭത്തിൽ എത്ര രൂപ തിരിച്ചുവരാതിരിക്കും എന്നതിനെപ്പറ്റി സർക്കാരിനു കൃത്യമായ കണക്കുണ്ടായിരുന്നില്ല. ഇന്നും നിരോധിച്ച പല നോട്ടുകളും സ്വീകരിക്കാമെന്ന പരസ്യങ്ങൾ നടക്കുന്നുണ്ട്. നിരോധിച്ച നോട്ടുകൾക്ക് ബദലായി ഇറക്കിയ 2,000 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി പിൻമാറ്റേണ്ടിവന്നതും ആ തീരുമാനത്തിന്‍റെ പിഴവാണു കാണിക്കുന്നത്.
2017ൽ ജിഎസ്‌ടി നികുതി ഘടന ആവശ്യമായ ചർച്ചയ്ക്കും പഠനത്തിനും ശേഷമായിരുന്നില്ല പാർലമെന്‍റിൽ പ്രഖ്യാപിച്ചത്. ആദ്യം 5/ 8/ 12/ 20 എന്നീ നാല് സ്ലാബുകളിലായിരുന്നു നടപ്പാക്കിയത്. എന്നാൽ, ഈ ഒക്റ്റോബർ മാസത്തോടെ 5/ 10 ശതമാനം എന്നീ രണ്ടു സ്ലാബുകൾ മാത്രം വരുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന് മനസിലാകുന്നത്. ജിഎസ്‌ടി കൊണ്ട് സംസ്ഥാനങ്ങൾക്കു ഗുണമുണ്ടായില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു.
പാർലമെന്‍റാണ് ജനാധിപത്യത്തിന്‍റെ ശ്രീകോവിൽ. എല്ലാ വിഷയങ്ങളും അവിടെ ചർച്ച ചെയ്യണം. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വലിയൊരു ബലഹീനത ആര് പ്രതിപക്ഷത്തിരുന്നാലും ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കി സഭയുടെ പ്രവർത്തനം നിർത്തിവയ്പിയ്ക്കും എന്നതാണ്. ഭരണപക്ഷമാകട്ടെ പ്രതിപക്ഷവുമായി ചർച്ച ചെയ്ത് പാർലമെന്‍റ് പ്രവർത്തനം സുഗമമാക്കുവാൻ വഴിയൊരുക്കുന്നതുമില്ല. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്തും പ്രതിപക്ഷത്തിരുന്ന ബിജെപിയുമായി ചർച്ചയ്ക്കു സന്ദർഭം ഒരുക്കിയിരുന്നില്ല. ഒരു മിനിറ്റ് നേരത്തെ പാർലമെന്‍റ് സമ്മേളനത്തിന് ചെലവാകുന്ന തുക 2.5 ലക്ഷം രൂപയോളമാണെന്നാണ് അറിയുന്നത്. ചെലവാക്കുന്ന തുകയ്ക്കുള്ള ചോദ്യോത്തരങ്ങളും ചർച്ചകളും നടക്കുന്നില്ല എന്നത് ഭരണ, പ്രതിപക്ഷ പാർട്ടികൾക്ക് ലജ്ജാകരം തന്നെയാണ്.
പ്രധാന നിയമങ്ങൾ ഗില്ലറ്റ് ചെയ്ത് പാസാക്കിയെടുക്കുകായണിപ്പോൾ സർക്കാർ ചെയ്യുന്നത്. അതിന്‍റെ ഫലമായി പലപ്പോഴും കോടതികളിൽ ഈ നിയമനിർമാണങ്ങൾ ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്.
കേന്ദ്ര, സംസ്ഥാന ബജറ്റുകൾ വളരെ പ്രധാനപ്പെട്ടതാണ്. വരവും ചെലവും വളരെ കൃത്യതയോടെയാണ് നാം കണക്കാക്കേണ്ടത്. എന്നാൽ എല്ലാ വരവും ചെലവും ബജറ്റിന്‍റെ ഫ്രെയിംവർക്കിൽ ഒതുങ്ങുന്നില്ല എന്നതാണ് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രത്യേക റിലീഫ് ഫണ്ടുകളിലൂടെ നാം അറിയുന്നത്. കേന്ദ്ര, സംസ്ഥാനങ്ങളുടെ വരവുചെലവു കണക്കുകൾ പരിശോധിച്ച് കൃത്യമായ റിപ്പോർട്ടുകൾ നൽകുന്നത് അക്കൗണ്ടന്‍റ് ജനറലാണ്. എന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ പ്രത്യേക ദുരിതാശ്വാസ അക്കൗണ്ടുകൾ അത്തരം ഓഡിറ്റിങ്ങിന് വിധേയമല്ല.
മാധ്യമങ്ങൾക്കു പൂർണ സ്വാതന്ത്ര്യം നൽകേണ്ടതിനു പകരം കൂച്ചുവിലങ്ങിടുന്ന നടപടികളാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എടുക്കുന്നത് എന്നതും ദൗർഭാഗ്യകരമാണ്.
സ്വതന്ത്രമായിരിക്കേണ്ട ജുഡീഷ്യറി സംവിധാനത്തിന് അടുത്ത കാലത്ത് വളരെയേറെ കോട്ടങ്ങൾ സംഭവിച്ചിരിക്കുന്നു. ജുഡീഷ്യറിക്കു ചേരാത്ത ജഡ്ജ്മെന്‍റുകളുണ്ടാകുന്നു, ജഡ്ജിമാരുടെ നിയമനങ്ങളും നടക്കുന്നു. ഉന്നതങ്ങളിൽ സ്വാധീനമുള്ളവർ ജഡ്ജിമാരാകുന്നു എന്ന പരാതിയുമുണ്ട്. നീതിന്യായ കോടതികളിൽ വിചാരണയ്ക്കും വിധി പ്രഖ്യാപിക്കലിനും ഉണ്ടാകുന്ന കാലതാമസം നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാണ്.
സ്വാതന്ത്ര്യത്തിന്‍റെ 78ാം വാർഷികത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ആരോഗ്യകരമായ വളർച്ചയ്ക്കു വെല്ലുവിളിയാകുന്ന ഇത്തരം കാര്യങ്ങൾ ഇല്ലാതാക്കണമെന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.