ചരൺ സിങ്: പാർലമെന്‍റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി ചരൺ സിങ് അധികാരത്തിലിരുന്നത് 1979 ജൂലൈ 28 മുതൽ തൊട്ടടുത്ത മാസം 20 വരെയുള്ള 23 ദിവസം മാത്രമായിരുന്നു
Chaudhary Charan Singh
Chaudhary Charan Singh

പ്രത്യേക ലേഖകൻ

എ.ബി. വാജ്പേയി 13 ദിവസം കൊണ്ട് പ്രധാനമന്ത്രിപദം രാജിവച്ചൊഴിയുമ്പോൾ, ചൗധരി ചരൺ സിങ്ങിൽ നിന്ന് എടുത്തുമാറ്റപ്പെട്ട ഒരു റെക്കോഡുണ്ട്- ഏറ്റവും ചുരുങ്ങിയ കാലം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നതിന്‍റെ റെക്കോഡ്. ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി ചരൺ സിങ് അധികാരത്തിലിരുന്നത് 1979 ജൂലൈ 28 മുതൽ തൊട്ടടുത്ത മാസം 20 വരെയുള്ള 23 ദിവസമായിരുന്നു.

എന്നാൽ, വാജ്പേയി സ്ഥാനമൊഴിയുമ്പോഴും മറ്റൊരു റെക്കോഡ് ചരൺ സിങ്ങിന്‍റെ പേരിൽ ഭദ്രമായിരുന്നു. ഒരിക്കൽപ്പോലും പാർലമെന്‍റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരേയൊരു ഇന്ത്യൻ പ്രധാനമന്ത്രി എന്ന റെക്കോഡ്. അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരത്തിലേറിയ മൊറാർജി ദേശായി സർക്കാർ ജനതാ പാർട്ടിയിലെ വിഭാഗീയതയെത്തുടർന്ന് രാജിവച്ചതോടെയാണ് ചൗധരി ചരൺ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

മൊറാർജി ദേശായിയുടെ കീഴിൽ ആഭ്യന്തര മന്ത്രിയായും പിന്നീട് ഉപപ്രധാനമന്ത്രായുമെല്ലാം ഇരിക്കുന്ന കാലത്ത് കോൺഗ്രസും അതിന്‍റെ നേതാക്കളായ ഇന്ദിര ഗാന്ധിയും മകൻ സ‍ഞ്ജയ് ഗാന്ധിയും എല്ലമായിരുന്നു ജനതാ പാർട്ടിയുടെയും ചരൺ സിങ്ങിന്‍റെയും പ്രധാന രാഷ്‌ട്രീയ ശത്രുക്കൾ. അടിയന്തരാവസ്ഥകാലത്ത് അനുഭവിച്ച പീഡനങ്ങളും ജയിൽവാസവുമൊക്കെ ആ ശത്രുതയുടെ തീവ്രത വർധിച്ചതേയുള്ളൂ. ഇന്ദിരയ്ക്കും സ‍ഞ്ജയ്ക്കും മേൽ കേസുകൾ കൂമ്പാരമായി.

അതിനു ശേഷം ഇതേ ഇന്ദിരയെയും കോൺഗ്രസിനെയും വിശ്വസിച്ചാണ് ചരൺ സിങ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത് എന്നതാണ് രാഷ്‌ട്രീയ ഇന്ത്യയിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്ന്. ചരൺ സിങ് സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കാം എന്നതായിരുന്നു ഇന്ദിരയുടെ വാഗ്ദാനം. എന്നാൽ, ആ വാഗ്ദാനത്തിന് ചില ഉപാധികളുണ്ടായിരുന്നു- ഇന്ദിരയ്ക്കും സഞ്ജയ്ക്കും എതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള ഗുരുതരമായ കേസുകളെല്ലാം പിൻവലിക്കണം എന്നതായിരുന്നു അതിൽ പ്രധാനം!

കേസുകളിൽ പിൻവലിക്കാൻ ചരൺ സിങ് വിസമ്മതിച്ചതോടെ ഇന്ദ‌ിരയും കോൺഗ്രസ് പാർട്ടിയും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. അപ്പോൾ ചരൺ സിങ് സർക്കാർ പാർലമെന്‍റിൽ വിശ്വാസ വോട്ടെടുപ്പിനെ നേരിട്ടിട്ടില്ല. കോൺഗ്രസ് പിന്തുണ നഷ്ടപ്പെട്ട ശേഷം അങ്ങനെയൊരു പാഴ് ശ്രമം നടത്താതെ, ലോക്‌സഭ പിരിച്ചുവിടാൻ രാഷ്‌ട്രപതി നീലം സഞ്ജീവ റെഡ്ഡിയോടു ശുപാർശ ചെയ്യുകയായിരുന്നു ചരൺ സിങ്. സർക്കാരിനു പിന്തുണ ആർജിക്കാൻ സമയം തേടാമെന്നും, ലോക്‌സഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യരുതെന്നുമുള്ള ജനതാ പാർട്ടി നേതാവ് ജഗ്‌ജീവൻ റാമിന്‍റെ ഉപദേശം ചരൺ സിങ് ചെവിക്കൊണ്ടില്ല. അങ്ങനെ, പ്രധാനമന്ത്രി എന്ന നിലയിൽ പാർലമെന്‍റിനെ അഭിമുഖീകരിക്കാതെ ചരൺ സിങ്ങിന്‍റെ കാലാവധി അവസാനിച്ചു. അടുത്ത മന്ത്രിസഭ വരുന്നതു വരെ നാലു മാസം കൂടി അദ്ദേഹം കാവൽ പ്രധാനമന്ത്രിയായി തുടരുകയും ചെയ്തു.

മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിൽ ആകൃ‌ഷ്ടനായി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലൂടെയാണ് ചരൺ സിങ് രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നത്. പല തവണയായി വർഷങ്ങളോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധി സർക്കാരും അദ്ദേഹത്തെ ജയിലിലടച്ചു.

രാഷ്‌ട്രീയ ജീവിതത്തിൽ ഏറെയും കോൺഗ്രസ് അംഗമായി തുടർന്ന അദ്ദേഹം പിൽക്കാലത്ത് ഭാരതീയ ക്രാന്തി ദൾ, ലോക്‌ദൾ എന്നീ രാഷ്‌ട്രീയ പാർട്ടികൾ രൂപീകരിച്ചീരുന്നു. ഇന്ത്യൻ കർഷക പ്രസ്ഥാനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ചരൺ സിങ്ങിനെ പ്രസക്തനാക്കിയത്. ഇപ്പോൾ ഭാരത രത്നയ്ക്കു പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളും ജാട്ട് സമുദായത്തെ മുൻനിർത്തിയുള്ള കാർഷിക പ്രവർത്തനങ്ങൾ തന്നെ. വിവാദമായ കാർഷിക ബില്ലിലൂടെ നഷ്ടമായ ജാട്ട് - കർഷക സമൂഹത്തിന്‍റെ പിന്തുണ ഇതിലൂടെ ഒരു പരിധി വരെ തിരിച്ചുപിടിക്കാമെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നുണ്ടാവണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com