ഡോ. എം.എസ്. സ്വാമിനാഥൻ: ഹരിതവിപ്ലവത്തിന്‍റെ നായകൻ

ശാസ്ത്രത്തെ ജനോപകാരപ്രദമാക്കിയ ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ കാർഷിക ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ ആദ്യത്തെ ഡോ. എം.എസ്. സ്വാമിനാഥന്‍റേതായിരിക്കും
ഡോ. എം.എസ്. സ്വാമിനാഥൻ
ഡോ. എം.എസ്. സ്വാമിനാഥൻ

പ്രത്യേക ലേഖകൻ

ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ നായകൻ എന്നതിലുപരി, ഹരിത വിപ്ലവത്തിന്‍റെ ആഗോള നേതൃത്വത്തിലെ തന്നെ പ്രമുഖ സാന്നിധ്യമായിരുന്നു ഡോ. എം.എസ്. സ്വാമിനാഥൻ. ശാസ്ത്രത്തെ ജനോപകാരപ്രദമാക്കിയ ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ കാർഷിക ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ ആദ്യത്തെ പേര് അദ്ദേഹത്തിന്‍റേതു തന്നെയായിരിക്കും. ആ നിലയ്ക്കാണ് ഈ വർഷം പ്രഖ്യാപിക്കപ്പെട്ട ഭാരത രത്ന പുരസ്കാരങ്ങളിൽ ഏറ്റവും സ്വീകാര്യത ഡോ. എം.എസ്. സ്വാമിനാഥൻ എന്ന പേരിനാകുന്നത്.

ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായ രീതിയിൽ അത്യുത്പാദന ശേഷിയുള്ള അരിയുടെയും ഗോതമ്പിന്‍റെയും ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനു നേതൃത്വം നൽകിയതാണ് ഇന്ത്യൻ കാർഷിക - സാമ്പത്തിക മേഖലയിൽ അദ്ദേഹത്തിന്‍റെ ഏറ്റവും മഹത്തായ സംഭാവനയായി എണ്ണപ്പെടുന്നത്. 1960കളിൽ ഇന്ത്യയും പാക്കിസ്ഥാനും കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്കു വീഴുന്ന സാഹചര്യം ഒഴിവാക്കിയത് യുഎസ് ശാസ്ത്രജ്ഞൻ നോർമൻ ബോർലോഗുമായി സഹകരിച്ച് എം.എസ്. സ്വാമിനാഥൻ നടത്തിയ ശാസ്ത്രീയ പ്രയത്നങ്ങളാണ്.

ഫിലിപ്പീൻസ് ആസ്ഥാനമായ ഇന്‍റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്റ്റർ ജനറാലിയിരിക്കുമ്പോൾ നടത്തിയ പ്രവർത്തനങ്ങളാണ് വേൾഡ് ഫുഡ് പ്രൈസിന് 1987ൽ അദ്ദേഹത്തെ അർങനാക്കിയത്. കാർഷിക മേഖലയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ പുരസ്കാരമാണിത്.

ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഏഷ്യൻ വ്യക്തിത്വങ്ങളായി ടൈം മാഗസിൻ തെരഞ്ഞെടുത്ത മൂന്ന് ഇന്ത്യക്കാരിൽ ഒരാൾ ഡോ. എം.എസ്. സ്വാമിനാഥനായിരുന്നു- മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ് ടഗോറുമായിരുന്നു മറ്റു രണ്ടു പേർ. 2007 മുതൽ 2013 വരെ രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായും പ്രവർത്തിച്ചു.

ഭക്ഷ്യോത്പാദനത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള സർക്കാർ പരിശ്രമങ്ങളിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞൻ എന്നാണ് ആധുനിക ഇന്ത്യയുടെ ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക. വികസ്വര രാജ്യങ്ങളിൽ കാർഷിക ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് കാർഷിക ഗവേഷണവും സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുന്നതായിരുന്നു ബോർലോഗ് ആരംഭിച്ച ഹരിത വിപ്ലവ ശ്രമം. അതിനൊപ്പമാണ് സ്വാമിനാഥന്‍റെ നേതൃത്വത്തിൽ ഇന്ത്യയിലും ഇതിനുള്ള പരിശ്രമങ്ങൾ നടക്കുന്നത്.

ഇന്ത്യൻ കാർഷിക മേഖലയെ വ്യാവസായിക സമ്പ്രദായത്തിലേക്കു കൊണ്ടുവരുന്നതിന് അറുപതുകളുടെ രണ്ടാം പകുതിയിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ശ്രമങ്ങൾ വിജയമായി. അത്യുത്പാദനശേഷിയുള്ള വിത്തുകൾ, യന്ത്രവത്കൃത കാർഷിക ഉപകരണങ്ങൾ, ജലസേചന സൗകര്യങ്ങൾ, കീടനാശിനികൾ തുടങ്ങിയവ കർഷകർക്കു ലഭ്യമാക്കാൻ കഴിഞ്ഞു. ഭക്ഷ്യോത്പാദനത്തിൽ വലിയ വർധനയുണ്ടാക്കാൻ അതു സഹായിച്ചു. ജനങ്ങളുടെ ദാരിദ്ര്യം അകറ്റുന്നതിലും ‍അങ്ങനെ നിർണായക പങ്കു വഹിച്ചു. ഗോതമ്പ് ഉത്പാദനത്തിലെ വർധന ഇന്ത്യയുടെ ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്ക് ഊർജം പകർന്നു.

മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ‌ സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റംവരുത്തി പഞ്ചാബിലെ പാടശേഖരങ്ങളിൽ പരീക്ഷിച്ചതാണ് അമ്പരപ്പിക്കുന്ന വിജയമായി മാറിയത്.

വിശപ്പ് നിർമാർജനം ചെയ്യുന്നതിനായി ജീവിതം അർപ്പിക്കുന്നത് എതു നിലയ്ക്കു നോക്കിയാലും മഹത്തായ സേവനമാണ്. ആയിരക്കണക്കിനു കുടുംബങ്ങൾക്ക് വരുമാനമാർഗമായി കൃഷിയെ വികസിപ്പിക്കുന്നതും അതുപോലെ തന്നെ. കർഷകർക്ക് മികച്ച താങ്ങുവില ലഭ്യമാക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള അദ്ദേഹത്തിന്‍റെ ഈ പ്രവർത്തനങ്ങൾ തന്നെയാണ് രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അദ്ദേഹത്തെ അർഹനാക്കുന്നതും.

Trending

No stories found.

Latest News

No stories found.