ആദ്യം വീട് നേരെയാക്കട്ടെ!

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്ത്രീകളുടെ അക്കൗണ്ടിൽ 10,000 രൂപ എത്തിച്ച പദ്ധതിയും പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും നിരന്തരമായ പ്രചാരണങ്ങളും എൻഡിഎയ്ക്ക് അനുകൂലമായി
bihar bjp win assembly election

ആദ്യം വീട് നേരെയാക്കട്ടെ!

Updated on

നടൻ കമൽഹാസൻ ബിഹാർ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പറഞ്ഞ വാക്കുകൾക്ക് പ്രത്യേക പ്രസക്തിയുണ്ട്. വിജയിച്ചവർ ആഘോഷിക്കണം പക്ഷെ, വിജയം നീതിപൂർവമാണോയെന്ന് പരിശോധിക്കണം.

ബിഹാർ എൻഡിഎ തൂത്തുവാരിയപ്പോൾ കോൺഗ്രസും "ഇന്ത്യ'മുന്നണിയും തകർന്നടിഞ്ഞു. എൻഡിഎയുടെ വിജയവും മഹാസഖ്യത്തിന്‍റെ തകർച്ചയും യാഥാർഥ്യബോധത്തോടെയാണ് നാം വിശകലനം ചെയ്യേണ്ടത്.

243 ൽ 202 സീറ്റിലും വിജയക്കൊടി പാറിച്ചുകൊണ്ട് സ്വപ്നതുല്യ വിജയം എൻഡിഎ നേടിയപ്പോൾ "ഇന്ത്യ' മുന്നണിക്ക് കിട്ടിയത് വെറും 35 സീറ്റാണ്. ഈ വിജയത്തെ ബിജെപിക്കും അവരുടെ സദ്ഭരണത്തിനും രാജ്യത്തെ ജനങ്ങളും ബിഹാറുകാരും നൽകിയ അംഗീകാരമായിട്ടാണ് പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ കാണുന്നതെങ്കിലും കോൺഗ്രസും "ഇന്ത്യ' മുന്നണിയും ഇലക്ഷൻ കമ്മിഷനെയും കേന്ദ്രസർക്കാരിനെയുമാണ് കുറ്റപ്പെടുത്തുന്നത്.

എസ്ഐആറിന്‍റെ പേരിലുള്ള വിവാദങ്ങളും മറ്റ് സംസ്ഥാനങ്ങളിലെ വോട്ട് കൊള്ളയുടെ പേരിൽ "ഇന്ത്യ' മുന്നണി നടത്തിയ ആരോപണങ്ങളും അൽപ്പം പോലും ഏറ്റില്ലെന്നതാണ് തെരഞ്ഞടുപ്പ് ഫലം സൂചിപ്പിക്കുന്നത്. നിതീഷ് കുമാറിന്‍റെ അനാരോഗ്യം ആർജെഡി നേതാവ് തേജസ്വി യാദവ് ഒരു ആയുധമാക്കിയെങ്കിലും അതും ഏശിയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്ത്രീകളുടെ അക്കൗണ്ടിൽ 10,000 രൂപ എത്തിച്ച പദ്ധതിയും പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും നിരന്തരമായ പ്രചാരണങ്ങളും എൻഡിഎയ്ക്ക് അനുകൂലമായി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സീറ്റുകൾ കുറെ വാങ്ങിക്കൂട്ടിയെങ്കിലും ജയിച്ചത് ആറ് നിയമസഭ സീറ്റുകളിൽ മാത്രമാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പു തന്നെ രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ബിഹാറിൽ വലിയ പ്രചാരണം നടത്തിയെങ്കിലും ആവശ്യത്തിന് സമയമുണ്ടായിട്ടും സ്ഥാനാർഥി നിർണയവും സീറ്റ് വിഭജനവും സമയോചിതമായി തീരുമാനിക്കാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് ഒറ്റ ജീപ്പിൽ സഞ്ചരിച്ച രാഹുൽഗാന്ധിയും തേജസ്വിയും സീറ്റ് വിഭജനം തർക്കമറ്റതാക്കുന്നതിൽ പരാജയപ്പെട്ടു.

ബിഹാറിനെ പിടിച്ചു കെട്ടാൻ വേണ്ടി ആർജെഡി നേതാവ് തേജസ്വി നടത്തിയ വാഗ്ദാനപ്പെരുമഴ പിന്നീട് ബാധ്യതയായി മാറി. എല്ലാ വീടുകളിലും ഒരാൾക്ക് സർക്കാർ ജോലി അപ്രയോഗികമാണെന്ന് ജനങ്ങൾക്ക് പെട്ടെന്ന് തന്നെ ബോധ്യപ്പെട്ടു. മഹാസഖ്യം അധികാരത്തിൽ വന്നാൽ വഖഫ് നിയമം നടപ്പാക്കില്ലെന്ന തേജസ്വിയുടെ പ്രഖ്യാപനവും, വഖഫ് ബില്ലിനെ എതിർത്ത് ലാലു പ്രസാദ് നടത്തിയ പ്രസംഗവും പരസ്പരവിരുദ്ധങ്ങളായി മാറി. തെരഞ്ഞെടുപ്പിന് ലാലു പ്രസാദ് യാദവ് സജീവമായി വന്നതും ഇന്ത്യമുന്നണിക്ക് തലവേദനയായി. അദ്ദേഹത്തിന്‍റെ ഭരണകാലത്തെ ക്രമസമാധാന തകർച്ചയും അഴിമതിയും ബിജെപി ആയുധമാക്കി. ഇന്ത്യമുന്നണിയിലെ കക്ഷികൾ പരസ്പരം ഏറ്റുമുട്ടിയതും വിനയായി. ഏതു വിഷയം കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തണമെന്ന് പോലും "ഇന്ത്യ' മുന്നണിക്ക് ധാരണയുണ്ടായില്ല. രാഹുൽ ഗാന്ധി വോട്ട് കൊള്ളയ്ക്ക് പ്രാധാന്യം കൊടുത്തപ്പോൾ തേജസ്വി യാദവ് തൊഴിലില്ലായ്മയ്ക്കും കുടിയേറ്റത്തിനും മുൻഗണന നൽകി.

ബിഹാറിൽ കോൺഗ്രസ് പാർട്ടിക്ക് ഓഫിസുകളോ പ്രചരണ സംവിധാനങ്ങളോ ഇല്ലാതിരുന്നതും "ഇന്ത്യ'മുന്നണിയുടെ തകർച്ചയ്ക്ക് കാരണമായി. ഇതൊന്നും കാണാതെ ഇലക്ഷൻ കമ്മിഷനെതിരെയും വോട്ടർ പട്ടികയിലെ അപാകതകൾ ചൂണ്ടിക്കാണിച്ചും കോൺഗ്രസ് അടക്കമുള്ള "ഇന്ത്യ' മുന്നണി നടത്തിയ പ്രചാരണങ്ങൾ ജനങ്ങളിൽ ഏശിയില്ല.

ജനങ്ങളെ സ്വാധീനിക്കാൻ സ്ത്രീകളുടെ അക്കൌണ്ടിൽ പതിനായിരം രൂപ നിക്ഷേപിച്ച നിതീഷ് കുമാറിന്‍റെ തന്ത്രം തടയാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇവിടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ‘സൈലന്‍റ് ’ ആയി എന്ന ഗൗരവമേറിയ കുറ്റം ചൂണ്ടിക്കാണിക്കാൻ പോലും "ഇന്ത്യ'മുന്നണിക്ക് കഴിഞ്ഞില്ല. ബിഹാറിലെ "ഇന്ത്യ'മുന്നണിയുടെ പരാജയത്തിന്‍റെ തുടക്കമായിരുന്നു ഈ വീഴ്ച.

കഴിഞ്ഞ 25 വർഷങ്ങളായി മെംബർഷിപ്പ് വിതരണം ചെയ്ത് പാർട്ടി തെരഞ്ഞെടുപ്പ് നടത്തി സംഘടന ശക്തിപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. രാജ്യം ഭരിക്കാൻ തയാറായി നിൽക്കുന്ന പാർട്ടിക്ക്, സംഘടനാ തെരഞ്ഞെടുപ്പ് പോലും സമയബന്ധിതമായി ജനാധിപത്യരീതിയിൽ നടത്താൻ കഴിഞ്ഞിട്ടില്ലെന്നത് വിസ്മരിക്കരുത്. സ്വന്തം വീട്ടിലെ തകർച്ച തുടച്ചു മാറ്റിയിട്ട് വേണം കോൺഗ്രസ് മറ്റ് വീടുകളിലെ തകർച്ച ചൂണ്ടിക്കാണിക്കേണ്ടത്.

ബിഹാർ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ നയിക്കുന്ന കോൺഗ്രസിന് ജനങ്ങൾ നൽകുന്ന വലിയ താക്കീത് സംഘടനയെ ശക്തിപ്പെടുത്താൻ ഇനിയെങ്കിലും ശ്രമിക്കണമെന്നും തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യരംഗത്തെ തകർച്ച തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകണം എന്നുമാണ്. എല്ലാ സാഹചര്യങ്ങളും ഒത്തു വന്നിട്ട് പോലും ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ച് അധികാര കസേരയിൽ ഇരിക്കാൻ "ഇന്ത്യ' മുന്നണിക്ക് കഴിയാഞ്ഞത് കോൺഗ്രസിന്‍റെ കണ്ണ് തുറപ്പിക്കണം.

ഏതാനും മാസങ്ങൾ കഴിഞ്ഞാൽ 2026 ൽ രാജ്യത്തെ പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. അതിൽ കേരളവുമുണ്ട്. മൂന്നാമതും പിണറായി വിജയൻ നയിക്കുന്ന ഇടതു മുന്നണി കേരളത്തിൽ അധികാരമേറ്റാൽ കോൺഗ്രസ് തൂത്തെറിയപ്പെടുകയും ബിജെപി കൂടുതൽ ശക്തിയോടെ കടന്നു വരികയും ചെയ്യും. മറിച്ച് കോൺഗ്രസ്സ് നയിക്കുന്ന യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വന്നാൽ കോൺഗ്രസിന്‍റെയും "ഇന്ത്യ' മുന്നണിയുടെയും ഇന്ത്യയിലെ ഉയിർത്തെഴുന്നേൽപ്പായി മാറും എന്നാണ് ജോത്സ്യന് പറയാനുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com