ജന്മശതാബ്ദിയിൽ കേരളവര്‍മ്മയെ ഓര്‍ക്കുമ്പോള്‍...
വിജയ് ചൗക്ക്
സുധീര്‍നാഥ്
കാര്‍ട്ടൂണിസ്റ്റ് കേരളവര്‍മ്മയുടെ ജന്മശതാബ്ദിയാണ് ഇന്ന്. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ നിന്ന് തൃപ്പൂണിത്തുറ കൊട്ടാരത്തിലേയ്ക്ക് വേളി കഴിച്ച് വന്ന് ഡല്‍ഹിയില്‍ ശങ്കറിന്‍റെ ശിക്ഷണത്തില്‍ കാര്‍ട്ടൂണ്‍ രംഗത്ത് ശ്രദ്ധ നേടിയ വ്യക്തിയാണ് ഇദ്ദേഹം. കേരളവർമ്മ വലിയകോയിത്തമ്പുരാന്‍റേയും, എ.ആര്‍. രാജരാജവര്‍മ്മയുടേയും പിന്‍തലമുറക്കാരന്‍ കൂടിയാണ് കേരളവര്‍മ്മ. അദ്ദേഹം പക്ഷേ കാര്‍ട്ടൂണ്‍ രംഗത്താണ് തിളങ്ങിയത്. ഹരിപ്പാട് എം. വാസുദേവന്‍ നമ്പൂതിരിയുടെയും പൂയം നാള്‍ അംബാലികാ തമ്പുരാട്ടിയുടെയും മകനായി 1924 സെപ്റ്റംബര്‍ 22നാണ് കേരളവര്‍മ്മ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ ജനിച്ചത്.
മുംബൈയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച കേരളവര്‍മ്മയ്ക്ക് കാര്‍ട്ടൂണിനോടായിരുന്നു കൂടുതല്‍ താത്പര്യം. രണ്ട് വര്‍ഷം ബാങ്കില്‍ ജോലി ചെയ്തശേഷം അത് ഉപേക്ഷിച്ച് മുഴുവന്‍ സമയ കാര്‍ട്ടൂണിസ്റ്റായി. ഇടതുപക്ഷത്തോടായിരുന്നു കേരളവര്‍മ്മയ്ക്ക് കൂടുതല്‍ ആഭിമുഖ്യം. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചതോടെ എല്ലാ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളും വിലക്കപ്പെട്ടു. കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന കേരളവര്‍മ്മ സിപിഐ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയ ക്രോസ് റോഡില്‍ കാര്‍ട്ടൂണുകള്‍ വരച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനൗദ്യോഗിക മുഖപത്രമായി ക്രോസ് റോഡിനെ പരിഗണിച്ചിരുന്നു. പ്രശസ്തനായ റൊമേഷ് താപ്പറായിരുന്നു ക്രോസ് റോഡിന്‍റെ പത്രാധിപര്‍. മറ്റ് കമ്യൂണിസ്റ്റ് ആശയമുള്ള പ്രസിദ്ധീകരണങ്ങളിലും ഒട്ടേറെ കാര്‍ട്ടൂണുകള്‍ അദ്ദേഹം വരച്ചിട്ടുണ്ട്. കൂടാതെ മറ്റ് പ്രസിദ്ധീകരണങ്ങളിലും വരച്ചു.
മുംബൈയില്‍ ബ്ലിറ്റ്‌സിലും മറ്റും കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന കാര്‍ട്ടൂണിസ്റ്റ് കേരളവര്‍മ്മയെ 1953ല്‍ ശങ്കര്‍ ക്ഷണിച്ചു വരുത്തി ശങ്കേഴ്‌സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റാക്കി. മുംബൈയില്‍ നിന്ന് അങ്ങിനെ കേരളവര്‍മ്മ ഡല്‍ഹിയിലെത്തി. ശങ്കറിന്‍റെ കാര്‍ക്കശ്യം നിറഞ്ഞ അധ്യാപകനെ പോലെയുള്ള പെരുമാറ്റത്തില്‍ അതൃപ്തി തോന്നിയിട്ട് 1960ല്‍ ശങ്കേഴ്‌സ് വീക്കിലിയില്‍ നിന്ന് രാജിവച്ചു. പക്ഷെ ശങ്കറുമായുള്ള ഹൃദയ ബന്ധം പിന്നീടും തുടര്‍ന്നിരുന്നു.
1962ല്‍ ഇന്ത്യ - ചൈന യുദ്ധകാലത്ത് കേരളവര്‍മ്മ രണ്ട് കമ്യൂണിസ്റ്റ് ആശയങ്ങളുള്ള രാജ്യങ്ങള്‍ തമ്മിലുള്ള ആശയ സംഘര്‍ഷത്തില്‍ നിരാശനായി. ഈസ്റ്റേണ്‍ എക്കണോമിക്‌സില്‍ കാര്‍ട്ടൂണിസ്റ്റായി പോകുന്നത് ഈ സമയത്താണ്. കമ്യൂണിസ്റ്റ് വിരുദ്ധ കാര്‍ട്ടൂണുകള്‍ പോലും അന്ന് കേരളവര്‍മ്മ വരയ്ക്കുകയുണ്ടായി. ഈസ്റ്റേണ്‍ എക്കണോമിസ്റ്റില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നപ്പോഴാണ് കേരളവര്‍മ്മ എന്ന പേരില്‍നിന്ന് കേവി എന്ന ചുരുക്കപ്പേരിലേക്ക് അദ്ദേഹം മാറിയത്. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ഈസ്റ്റേണ്‍ എക്കണോമിക്‌സ്, ശങ്കേഴ്‌സ് വീക്കിലി തുടങ്ങി എത്രയോ പ്രസിദ്ധീകരണങ്ങളില്‍ കേരള വര്‍മ്മയുടെ രചനകള്‍ വന്നിരിക്കുന്നു. ഡല്‍ഹിയില്‍ നടന്ന പല സമരങ്ങളിലും കേരളവര്‍മ്മ തയ്യാറാക്കിയ കാര്‍ട്ടൂണ്‍ പോസ്റ്ററുകള്‍ പതിവായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഡല്‍ഹിയിലെ ചുവരുകളില്‍ ഒരു വിവാദ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഇന്ദിര ഗാന്ധിയുടെ ഭരണകാലം. പ്രൈം മിനിസ്റ്റര്‍ ഹാസ് പ്രോസ്റ്റിറ്റിയൂട്ടഡ് ഹേര്‍സെല്‍ഫ് ആൻഡ് ദി നേഷന്‍ എന്നായിരുന്നു പോസ്റ്ററിലെ വരികള്‍. കാര്‍ട്ടൂണോ, ചിത്രമോ പോസ്റ്ററില്‍ ഉണ്ടായിരുന്നില്ല. ഇത് സംഭവിക്കുന്ന കാലത്ത് തന്നെ കേരളവര്‍മ്മ, ഡാങ്കേയെയും മറ്റും കളിയാക്കി പോസ്റ്റര്‍ തയ്യാക്കിയിരുന്നു. കാര്‍ട്ടൂണുകളോടെ വരച്ച പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും കേരളവര്‍മ്മ നോട്ടപ്പുള്ളിയാകുകയും ചെയ്തു. വിവാദ പോസ്റ്റര്‍ കേരളവര്‍മ്മയാണെ് തയാറാക്കിയത് എന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലാക്കി. പൊലീസ്, അറസ്റ്റ്, ജയില്‍ എന്നീ കാര്യങ്ങള്‍ കേരളവര്‍മ്മയെ ഭയപ്പെടുത്തുന്നതായിരുന്നു. എന്തായാലും കാര്‍ട്ടൂണിസ്റ്റ് രജീന്ദര്‍ പുരി അടക്കമുള്ള പത്രപ്രവര്‍ത്തകര്‍ കേരളവര്‍മ്മ നിരപരാധിയാണെന്ന് തെളിയിച്ച് ജയില്‍ മോചിതനാക്കി. പക്ഷെ മൂന്ന് ദിവസം ജയിലില്‍ കഴിയേണ്ടി വന്നു.
അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ഡി. വിജയമോഹനും കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിയും പങ്കുവച്ച മറ്റൊരു സംഭവംഓര്‍ക്കുകയാണ്. ഡല്‍ഹി ഗ്രീന്‍ പാര്‍ക്കില്‍ എന്‍ ബ്ലോക്കില്‍ ഒരു കെട്ടിടത്തിലായിരുന്നു കേരളവര്‍മ്മയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. അതേ കെട്ടിടത്തില്‍ തന്നെയാണ് കാര്‍ട്ടൂണിസ്റ്റ് കൂടിയായ സാഹിത്യകാരൻ ഒ.വി. വിജയനും കുടുംബവും വാടകയ്ക്ക് താമസിച്ചത്. അമെരിക്കയില്‍ ജോലി ചെയ്തിരുന്ന ഒരു വടക്കേ ഇന്ത്യക്കാരന്‍റേതായിരുന്നു കെട്ടിടം. ഒരിക്കല്‍ അയാള്‍ അവധിക്കു വന്നപ്പോള്‍ തന്‍റെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്നവരെയെല്ലം വിളിച്ചുവരുത്തി പറഞ്ഞു. ഓരോരുത്തര്‍ക്കും കഴിവുനനുസരിച്ച് മാന്യമായ പണം തരുകയാണെങ്കില്‍ നിങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റുകള്‍ എഴുതി നല്‍കാം. ഒ.വി. വിജയന്‍ ഒഴിഞ്ഞുമാറി. കേരളവര്‍മ്മ തന്നാല്‍ കഴിയുന്ന രീതിയില്‍ ഒരു തുക ഏല്‍പ്പിച്ച് ഡല്‍ഹിയില്‍ സ്വന്തമായ ഒരു താമസസ്ഥലം സ്വന്തമാക്കി.
അടിയന്തിരാവസ്ഥക്കാലത്തെ അനുഭവങ്ങളും രാഷ്‌ട്രീയത്തിലെ വിഷയങ്ങളും മടുത്ത അദ്ദേഹം രാഷ്‌ട്രീയ കാര്‍ട്ടൂണ്‍ രചന പൂര്‍ണമായി ഉപേക്ഷിച്ചു. സാമൂഹ്യ കാര്‍ട്ടൂണുകളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തി. ഒടുവില്‍ കാര്‍ട്ടൂണ്‍ രചന തന്നെ പൂര്‍ണമായി ഉപേക്ഷിച്ചാണ് തൃപ്പൂണിത്തുറയില്‍ അദ്ദേഹം എത്തിയതെന്ന് പറഞ്ഞിരുന്നു. പക്ഷേ, പലപ്പോഴും അദ്ദേഹം കാര്‍ട്ടൂണുകള്‍ വരച്ച് തന്നത് ഓര്‍ക്കുന്നു. പ്രൊഫസര്‍ കെ.വി. തോമസുമായി ചേര്‍ന്ന് "എന്‍റെ ലീഡര്‍' എന്ന പുസ്തകം തയ്യാറാക്കിയപ്പോള്‍ അദ്ദേഹം കെ. കരുണാകരനെ കഥാപാത്രമാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ച് അയച്ചുതന്നു. ഒപ്പം വച്ച കുറിപ്പില്‍ ഇങ്ങനെ എഴുതി. "വര നിര്‍ത്തിയിട്ട് കാലം കുറേ ആയിരിക്കുന്നു. ശരിയായോ എന്നറിയില്ല. പ്രസിദ്ധീകരിക്കാന്‍ പറ്റിയതാണെങ്കില്‍ മാത്രം ഇത് ഉപയോഗിക്കൂ...'
വിനയമായിരുന്നു കേരളവര്‍മ്മ സാറിന്‍റെ മുഖമുദ്ര. വാക്കിലും, പ്രവൃത്തിയിലും, വരയിലും...
ഡല്‍ഹിയിലെ കാര്‍ട്ടൂണ്‍ രംഗം വിട്ട് കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ വിശ്രമ ജീവിതം നയിക്കുന്ന സമയത്താണ് 1989ല്‍ ആദ്യമായി ലേഖകന്‍ കാണുന്നത്. കാര്‍ട്ടൂണ്‍ വിട്ട് കഥകളി സംഗീത പഠനം തുടങ്ങിയ അദ്ദേഹം പകര്‍ന്നു തന്ന കാര്‍ട്ടൂണ്‍ അനുഭവങ്ങള്‍ ഈ രംഗത്തെ പാഠങ്ങളായിരുന്നു. കാര്‍ട്ടൂണ്‍ വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട എത്രയോ കാര്യങ്ങള്‍ അദ്ദേഹം പകര്‍ന്നു തന്നു. പഴയ തന്‍റെ കാര്‍ട്ടൂണ്‍ അനുഭവങ്ങള്‍ എത്രയോ പങ്കുവച്ചിരിക്കുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയ കാര്‍ട്ടൂണ്‍ രംഗത്ത് നെഹ്‌റുവിന്‍റെയും, ഇന്ദിര ഗാന്ധിയുടെയും കാലഘട്ടത്തില്‍ കാര്‍ട്ടൂണ്‍ രംഗത്ത് തിളങ്ങി നിന്ന മലയാളി കാര്‍ട്ടൂണിസ്റ്റായിരുന്നു കേരളവര്‍മ്മ. അവരോടൊക്കെ വ്യക്തി ബന്ധം പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ശക്തമായ കാര്‍ട്ടൂണുകളിലൂടെ ഒട്ടേറെ വിവാദങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ കാരണമായിട്ടുണ്ട്.
കലാമണ്ഡലം ഗോപാലകൃഷ്ണന്‍റെ കീഴിലായിരുന്നു കേരളവര്‍മ്മ കഥകളി സംഗീതം അഭ്യസിച്ചിരുന്നത്. എഴുപതാം വയസില്‍ കല്യാണസൗഗന്ധികം കഥകളിക്ക് വേണ്ടി പദം പാടി അരങ്ങേറ്റവും നടത്തി. അന്ന് വനിതാ കഥകളി സംഘത്തിലെ ഗീതാ വര്‍മ്മ ആയിരുന്നു ഭീമനായി രംഗത്തുണ്ടായിരുന്നത്. ഫാക്ട് പത്മനാഭന്‍ ഹനുമാനുമായും വേഷമിട്ടിരുന്നു. സാധാരണ തുടക്കക്കാര്‍ക്ക് ആലപിക്കാന്‍ ബുദ്ധിമുട്ടുള്ള കല്യാണ സൗഗന്ധികത്തിലെ വരികള്‍ അതിമനോഹരമായി കേരളവര്‍മ്മ അവതരിപ്പിച്ചത് അത്ഭുതത്തോടെ കൂടിയാണ് അന്ന് ഭീമന്‍റെ വേഷം കിട്ടിയ ഗീത വര്‍മ്മ ഓര്‍ക്കുന്നത്.
ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നെങ്കിലും, കാര്‍ട്ടൂണ്‍ കൂട്ടായ്മയില്‍ അദ്ദേഹം സ്ഥിരമായി എത്തുമായിരുന്നു. തൃപ്പൂണിത്തുറയില്‍ നിന്ന് ടാക്‌സി പിടിച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി വേദിയിൽ എത്തുന്ന കേരളവര്‍മ്മയുമായി എത്രയോ നേരം സംസാരിച്ചിരുന്നിട്ടുണ്ട്. പ്രായമായപ്പോള്‍ വര നിര്‍ത്തി. തൃപ്പൂണിത്തുറ പത്മാലയത്തില്‍ ഭാര്യ പത്മാവതി തമ്പുരാന്‍റെ കൂടെ വിശ്രമ ജീവിതം നയിക്കവെ 2010 ജൂലൈ 23ന് അദ്ദേഹം അന്തരിച്ചു.