നവോത്ഥാന മലയാളിക്കൂടോത്രം..!

ചേർക്കാൻ പാടില്ലാത്ത വസ്തുക്കൾ ചേർത്ത് മന്ത്രവാദം ചെയ്ത് ശത്രുവിനെ നശിപ്പിക്കുക എന്നതാണ് കൂടോത്രത്തിന്‍റെ ഗുട്ടൻസ്
നവോത്ഥാന മലയാളിക്കൂടോത്രം..!| black magic
നവോത്ഥാന മലയാളിക്കൂടോത്രം..!

"എന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിച്ച മഹാൻ ശിരസു പിളർന്ന് അന്തരിക്കണമേ..!'

ഈ വിധം പ്രാർഥിച്ചത് "മിഥുനം' എന്ന മോഹൻലാൽ ചിത്രത്തിലെ ജഗതി ശ്രീകുമാറിന്‍റെ കഥാപാത്രമായിരുന്നു. ഇപ്പോൾ ഇങ്ങനെ പ്രാർഥിക്കുന്നത് നമ്മുടെ ചില രാഷ്‌ട്രീയ നേതാക്കളാണ്! അതേസമയം കൂടോത്രം എന്ന വില്ലനാകട്ടെ, പാർട്ടി ഓഫിസുകളിലും നേതാക്കളുടെ വീടുകളിലെ കന്നിമൂലയിലും എന്തിന്, നേതാക്കളുടെ കസേരയുടെ കീഴിൽപ്പോലും മറഞ്ഞിരുന്ന്, കുട്ടിച്ചാത്തനെപ്പോലെ ചിരിക്കുകയും ചെയ്യുന്നു! ഇത് ഭ്രമയുഗമാണ്. എന്തും സംഭവിക്കാം!

മലയാള ഗൂഢ യന്ത്രം

തനി മലയാളിത്തം നിറഞ്ഞ പേരാണ് കൂടോത്രം. ശത്രുസംഹാരത്തിനായി തകിടിലും ഇലയിലും ഗൂഢമന്ത്രങ്ങളെഴുതി യന്ത്രരൂപത്തിൽ സ്ഥാപിക്കുന്നത് ആളുകൾക്ക് പ്രിയങ്കരമായ ആഭിചാര കർമമാണ്. തിരുവനന്തപുരത്തും കണ്ണൂരും മോസ്കോയിലും വാഷിങ്ടണിലും ഈ സൂത്രം ഫലിക്കും. ലെനിൻ സെന്‍ററിലായാലും ഇന്ദിര ഭവനിലായാലും ഗോർക്കി ഭവനിലായാലും ഇഫക്റ്റ് പോകില്ല. വിഡ്ഢിയുടെയും ബുദ്ധിജീവിയുടെയും രാഷ്‌ട്രീയക്കാരന്‍റെയും പുരോഹിതന്‍റെയും വ്യാപാരിയുടെയും സംന്യാസിയുടെയും വൈരാഗിയുടെയും തലയിൽ അത് ഇടിത്തീയായി പെയ്തിറങ്ങും.

കൂടോത്രത്തിന്‍റെ ഗുട്ടൻസ്

ചേർക്കാൻ പാടില്ലാത്ത വസ്തുക്കൾ ചേർത്ത് മന്ത്രവാദം ചെയ്ത് ശത്രുവിനെ നശിപ്പിക്കുക എന്നതാണ് കൂടോത്രത്തിന്‍റെ ഗുട്ടൻസ്. വേണ്ടിവന്നാൽ നവോത്ഥാന ശക്തികളുടെ ഉയിരെടുക്കാൻ വരെ ശക്തിയുള്ള ഭരണഘടനാ വിരുദ്ധ ഫാസിസ്റ്റ് സംവിധാനമാണിത്. അപ്പോൾ, നവേത്ഥാനമാണോ കൂടോത്രമാണോ വലുത് എന്ന ദാർശനിക ചോദ്യത്തിന് സാധ്യതയുണ്ട്. ""ഭരണഘടന കുന്തവും കുടച്ചക്രവുമല്ലെന്ന് '' നേരത്തേ ഒരു കമ്യൂണിസ്റ്റ് മന്ത്രിയിലൂടെത്തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ടല്ലോ..!

സിസിടിവി ക്യാമറയും പൊലീസ് കാവലുമുള്ള മന്ദിരങ്ങളുടെ മുറ്റത്തും കാരണവരുടെ കസേരയുടെ താഴെയും കൂടോത്രം ഫിറ്റു ചെയ്യാൻ തക്കവണ്ണം നമ്മുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വളർന്നുകഴിഞ്ഞു. കൂടോത്രവും നൂതന സാങ്കേതികവിദ്യകളും സമ്മേളിക്കുന്ന സോഷ്യലിസ്റ്റ് മതേതര സമൂഹമാണ് ഇവിടെ നിലനിൽക്കുന്നതെന്നും നമ്മളോർക്കണം. ദാസനായാലും വിജയനായാലും കരുണാകരനായാലും സുധാകരനായാലും കൂടോത്രത്തിൽ വീണാൽ വട്ടംചുറ്റിപ്പോകും.

മന്ത്രവാദികളായ കാരണവന്മാർ

ദുർമന്ത്രവാദത്തിലെ ആറു കർമങ്ങൾ ഉച്ചാടനം, ദ്വേഷണം, മാരണം, വശ്യം, ശാന്തി, സ്തംഭനം എന്നിവയത്രെ.

പഴയ തറവാടുകളിൽ ഒരു കാരണവരെങ്കിലും പണ്ടു മന്ത്രവാദിയായി ചാർജെടുത്ത് ഇത്തരം കർമങ്ങൾ നടത്തിയിരുന്നു. ഇദ്ദേഹത്തിനായിരുന്നു തറവാട്ടിലെ ആഭ്യന്തര വകുപ്പിന്‍റെ ചുമതല. ഇന്നത്തെ വിവിധ രാഷ്‌ട്രീയ കക്ഷികൾക്ക് പ്രയോഗിക്കാൻ മികച്ച സാധ്യതകൾ തുറന്നിടുന്ന ഒട്ടേറെ പ്രയോഗങ്ങൾ ഇവർ അനുഷ്ഠിച്ചിരുന്നു.

മരത്തിൽ പടർന്നു കയറിയ ഇത്തിൾക്കണ്ണി അരച്ചുകലക്കി പ്രത്യേക മന്ത്രവിധികളോടെ പ്രയോഗിക്കുന്ന "ഇത്തിൾ പ്രയോഗം' ഉദാഹരണം. ശത്രുവിനു രോഗം വരുത്തുന്നത് ഒരു മാരണപ്രക്രിയയാണിത്. അടുക്കളയിലും മറ്റും തകിടെഴുതി കുഴിച്ചിടുന്നതും ശത്രുസംഹാര പദ്ധതിയിൽപ്പെടും. വീട്ടുമുറ്റത്തും പറമ്പിലും ചെമ്പുതകിടുകളും രൂപങ്ങളും കുഴിച്ചിടുന്നത് മറ്റൊരു സൈക്കോളജിക്കൽ സർജിക്കൽ സ്ട്രൈക്കാകുന്നു. തറവാട്ടു കാരണവർക്കെതിരേ മറ്റു കുടുംബാംഗങ്ങൾ ചേർന്നു പലപ്പോഴും മന്ത്രവാദ പരിപാടികൾ നടത്താറുണ്ടായിരുന്നു എന്നത് ഇപ്പോൾ പ്രത്യേകം പറയേണ്ടതില്ല താനും!

മലയാളി എന്നാൽ മന്ത്രവാദി!

തമിഴന്മാർക്കും തെലുങ്കർക്കും തുളുനാട്ടുകാർക്കും ഹിന്ദിക്കാരായ ഗോസായിമാർക്കുമൊക്കെ മലയാളികളായ മന്ത്രവാദികളെ പണ്ടും വലിയ പേടിയായിരുന്നു. ഒരുകാലത്ത് മലയാളികളൊന്നടങ്കം മന്ത്രവാദികളാണെന്നാണു മറുനാട്ടുകാർ കരുതിയിരുന്നത്.

വിശ്രുത ചിന്തകനും എഴുത്തുകാരനുമായിരുന്ന പവനൻ അദ്ദേഹത്തിന്‍റെ ചെറുപ്പകാലത്ത് മദ്രാസിൽ തൊഴിലന്വേഷിച്ചു താമസിച്ചിരുന്നപ്പോൾ മന്ത്രവാദിയുടെ വേഷം കെട്ടിയതായി "അനുഭവങ്ങളുടെ സംഗീതം' എന്ന ആത്മകഥയിൽ പറയുന്നുണ്ട്. പ്രസിദ്ധ യുക്തിവാദിയായിരുന്ന എ.ടി. കോവൂർ ഒരിക്കൽ ശ്രീലങ്കയിലൂടെ യാത്ര ചെയ്യവേ, രണ്ടു മലയാളി മന്ത്രവാദികൾ വള്ളത്തോളിന്‍റെ കവിത മന്ത്രം പോലെ ഉരുക്കഴിച്ച് അവിടെയുള്ളവരെ കബളിപ്പിക്കുന്നത് നേരിട്ട് കാണുകയുണ്ടായി.

തോപ്പിൽ ഭാസിയുടെ "അശ്വമേധം' നാടകത്തിലെ മന്ത്രവാദിയായ കഥാപാത്രം വീരസ്യം പറയുന്നത് തന്‍റെ അച്ഛനായ മന്ത്രവാദി ചുട്ടകോഴിയെ പറപ്പിച്ചിട്ടുണ്ടെന്നാണ്!

പുറകോട്ടു വളരാം!

നവോത്ഥാന രാഷ്‌ട്രീയ നഭോമണ്ഡലത്തിൽ സയന്‍റിഫിക്ക് ടെംപറോടെ കൂടോത്ര നക്ഷത്രം ഉദിച്ചുയർന്നു കഴിഞ്ഞു. "അവനവൻ തന്നെയാണ് ഈശ്വരൻ' എന്ന സന്ദേശം പകരുന്ന കണ്ണാടിപ്രതിഷ്ഠയുള്ള നാടായിരുന്നു ഇത്. പക്ഷെ, അത്ര വലിയ വളർച്ചയിൽ നമുക്കിപ്പോൾ താത്പര്യമില്ല. വളർച്ച മുറ്റിക്കഴിഞ്ഞാൽ പിന്നെ പുറകോട്ടാവും പ്രയാണം! ഇത് ഭ്രമയുഗമാണല്ലോ!

നക്ഷത്രം, തിഥി, ഏഴരശ്ശനി, കണ്ടകശനി, ദശാകാലം, സൂര്യദശ, ചന്ദ്രദശ, കുജദശ, രാഹുദശ, വ്യാഴദശ, ശനിദശ, ബുധദശ തുടങ്ങിയവയൊക്കെ നോക്കി പത്രസമ്മേളനം, യോഗം, പ്ലീനം എന്നിവയൊക്കെ വിളിച്ചുകൂട്ടുന്ന കാലം ഇനി വരികയാണ്! പിന്നെ, ഗൗളിശാസ്ത്ര പ്രകാരം പല്ലി ചിലയ്ക്കുന്ന ദിക്കു കൂടി നോക്കും. പക്ഷിശാസ്ത്രവും ഉപേക്ഷിക്കില്ല.

സാരമില്ല, എല്ലാം നല്ലതിനെന്ന് കരുതിയാൽ മതി. വിശ്വാസം! അതത്രെ ഏറ്റവും വലിയ ആശ്വാസം!

ജോത്സ്യന്മാരും ജ്യോതിഷന്മാരും പല്ലിയും കാക്കയും തത്തയും കോഴിയുമൊക്കെ പറയുന്നതനുസരിച്ച് ഷെഡ്യൂൾ ചിട്ടപ്പെടുത്തി സമാധാനത്തോടെ സസുഖം ഭോഗസുഖങ്ങളെല്ലാം അനുഭവിച്ച് ആചന്ദ്രതാരം വാഴാൻ എല്ലാ പാർട്ടികൾക്കും നേതാക്കൾക്കും ബുദ്ധിജീവികൾക്കും ഇടവരട്ടെ!

ലോകാഃ സമസ്താഃ

സുഖിനോ ഭവന്തുഃ

(ലേഖകന്‍റെ ഫോൺ: 9447809631)

Trending

No stories found.

Latest News

No stories found.