അധികാരത്തിന്‍റെ ഇടനാഴികളിലെ രണ്ടു ശല്യക്കാർ!

അധികാരത്തിന്‍റെ ഇടനാഴികളിൽ കാര്യമായ ചില കോളളിക്കങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതു രണ്ടു പേർക്കു മാത്രമാണ്- ഒന്ന് ഗവർണർക്ക്, രണ്ടാമത്തേത് ക്ലിഫ് ഹൗസിന്‍റെ മച്ചിലെ മരപ്പട്ടിക്കും.
Pinarayi Vijayan
Pinarayi Vijayanfile

അജയൻ

മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം മുതൽ വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയുടെ ഞെട്ടിക്കുന്ന മരണം വരെയുള്ള വിവാദ കൊടുങ്കാറ്റുകൾക്കിടയിലും മുഖ്യമന്ത്രി നിശബ്ദത പാലിച്ചപ്പോൾ, അധികാരത്തിന്‍റെ ഇടനാഴികളിൽ കാര്യമായ ചില കോളളിക്കങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതു രണ്ടു പേർക്കു മാത്രമാണ്- ഒന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനു തന്നെ, രണ്ടാമത്തേത് ക്ലിഫ് ഹൗസിന്‍റെ മച്ചിൽ വാസമുറപ്പിച്ച അജ്ഞാതനായൊരു മരപ്പട്ടിക്കും!

നിരവധി കാരണങ്ങളാൽ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ നേരിട്ടിട്ടും, വെറ്ററിനറി യൂണിവേഴ്സിറ്റി വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തിലേക്കു നയിച്ച ആൾക്കൂട്ട മർദനത്തിനെതിരേ സർക്കാരിൽ നിന്നു ശക്തമായ നടപടികളൊന്നുമുണ്ടായില്ല. വൈസ് ചാൻസലറെ പിരിച്ചുവിട്ടുകൊണ്ട് ഈ വിഷയത്തിൽ നിർണായക ഇടപെടലാണ് ഗവർണർ ഈ വിഷയത്തിൽ നടത്തിയത്.

സർക്കാരും സിപിഎമ്മും അതിന്‍റെ വക്താക്കളും സർവകലാശാലയിലെ സംഭവത്തെ നിസാരവത്കരിക്കാൻ ശ്രമിച്ചിട്ടും, സത്യം നഗ്നമായി തന്നെ തുടരുകയാണ്. ഗവർണറുടെ നേരിട്ടുള്ള ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ, വിഷയം സ്വാഭാവികമായി തേഞ്ഞുമാഞ്ഞു പോകാൻ സർക്കാർ അനുവദിക്കുമായിരുന്നു; ''ഒറ്റപ്പെട്ട സംഭവം'' എന്ന പതിവ് പല്ലവിയിൽ അത് അവസാനിക്കുമായിരുന്നു. സിപിഎമ്മിന്‍റെ വിദ്യാർഥി സംഘടനയായ എസ്എഫ്ഐയിൽ നിന്നുള്ളവരും ഉൾപ്പെട്ട കേസ് എന്നതു തന്നെയാണ് ഇതിനു കാരണം.

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം എടുത്തുകളയാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതി അംഗീകരിക്കാൻ വിസമ്മതിച്ചതാണ് ഗവർണറുടെ അധികാരത്തിനു കരുത്ത് പകരുന്നത്. ഗവർണർ ഒപ്പിടാൻ വിസമ്മതിച്ച ചുരുക്കം ബില്ലുകളിലൊന്നായിരുന്നു ഇത്. കോടതി ഇടപെടലിനെത്തുടർന്ന് തീരുമാനം രാഷ്‌ട്രപതിക്ക് വിട്ടെങ്കിലും ഫലമുണ്ടായില്ല.

എന്നിരുന്നാലും, ലോകായുക്ത ബില്ലിന്‍റെ പല്ല് കൊഴിക്കാനുള്ള ബില്ലിനു രാഷ്‌ട്രപതി അംഗീകാരം നൽകിയത് നിരാശാജനകവുമായി. 1995ൽ എൽഡിഎഫിന്‍റെ തന്നെ ഇ.കെ. നായനാർ സർക്കാർ അവതരിപ്പിച്ചപ്പോൾ നാഴികക്കല്ലായി വാഴ്ത്തപ്പെട്ട യഥാർഥ ലോകായുക്ത ബില്ലിൽ നിന്നു തികച്ചും വ്യത്യസ്‌തമാണ് ഇപ്പോഴത്തേത്. ഇതിന് അനുമതി നിഷേധിച്ച ഗവർണറുടെ തീരുമാനത്തിനു കാര്യമായ ജനപിന്തുണ ലഭിച്ചിരുന്നതുമാണ്.

അന്തരിച്ച ചില എംഎൽഎമാരുടെയും മറ്റു ചില നേതാക്കളുടെയും കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകുന്നത് സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ലോകായുക്തയുടെ നടപടിയിലേക്ക് നയിക്കുമെന്നും പിണറായി സർക്കാരിന് അറിയാമായിരുന്നു. ഇതു മറികടക്കാൻ, ചരിത്രപരമായ ബില്ലിൽ സർക്കാർ വെള്ളം ചേർക്കുകയും, പൊതുപ്രവർത്തകരെ അയോഗ്യരാക്കുന്ന ലോകായുക്ത തീരുമാനങ്ങൾ പുനപ്പരിശോധിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഭേദഗതി ഉൾപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം നിയമസഭയ്ക്ക് വിടാനും വ്യവസ്ഥയുണ്ടാക്കി. സ്വാഭാവികമായും ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ള നിയമസഭയ്ക്ക് മുഖ്യമന്ത്രിക്കെതിരായ ഏതു ലോകായുക്ത തീരുമാനത്തെയും വീറ്റോ ചെയ്യാം എന്നായി.

ഇവിടെ മുൻ കേരള ഉപ ലോകായുക്തയും ജസ്റ്റിസ് (റിട്ട) കെ.പി. ബാലചന്ദ്രന്‍റെ വാക്കുകൾ കൂടുതൽ പ്രസക്തമാകുന്നു. ''കൊല്ലാൻ എളുപ്പമാണ്, ജീവൻ നൽകാനാണ് ബുദ്ധിമുട്ട്. ഇത്തരത്തിൽ ഭേദഗതി വരുത്തുന്നിനെക്കാൾ നല്ലത്, ഖജനാവിനു പാഴ്‌ച്ചെലവുണ്ടാക്കാതെ ലോകായുക്ത എന്ന സ്ഥാപനം പിരിച്ചുവിടുന്നതായിരുന്നു''.

സർവകലാശാലയിലുണ്ടായ ദാരുണ സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നതാണ്. മണിപ്പൂരിലെ പ്രക്ഷുബ്ധാവസ്ഥയിൽ പ്രധാനമന്ത്രി നിശബ്ദത പാലിച്ചെന്നു വിമർശനം ഉന്നയിച്ച പാർട്ടിയും അതിന്‍റെ മുഖ്യമന്ത്രിയുമാണ് ഇവിടെ അധികാരത്തിലിരിക്കുന്നത് എന്നോർക്കണം.

അപ്പോഴും, ക്ലിഫ് ഹൗസിൽ ശ്രദ്ധാപൂർവം ഇസ്തിരിയിട്ടു വയ്ക്കുന്ന തന്‍റെ കുപ്പായത്തിൽ മൂത്രമൊഴിക്കാൻ ധൈര്യം കാണിച്ച മരപ്പട്ടിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശങ്ങളുണ്ടായി. കൗതുകകരമെന്നു പറയട്ടെ, ഇക്കാര്യത്തിൽ, തത്തുല്യമായ ഭീതി പങ്കുവയ്ക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തയാറായി.

വന്യമൃഗങ്ങൾ അക്രമാസക്തരാകുകയും ആനകൾ മനുഷ്യരെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന കാലത്താണ് മരപ്പട്ടി എന്ന മറ്റൊരു മൃഗത്തിലേക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധ തിരിയുന്നത്! അധികാരത്തിന്‍റെ ഇടനാഴികളിൽ സ്ഥിരം രാത്രം ശല്യം. കാട്ടാനകൾക്കോ കടുവകൾക്കോ കരടികൾക്കോ കാട്ടുപന്നികൾക്കോ സാധിക്കാത്തത് ഏതായാലും വംശനാശ ഭീഷണി നേരിടുന്ന മരപ്പട്ടിക്കു സാധിച്ചിരിക്കുന്നു- ഗവർണർക്കു പിന്നാലെ അവർക്കും അധികാരത്തിന്‍റെ ഇടനാഴികളെ പിടിച്ചുലയ്ക്കാൻ സാധിച്ചിരിക്കുന്നു!

Trending

No stories found.

Latest News

No stories found.