Blind women cricket team kerala special article

ബ്ലൈൻഡ് വനിതാ ക്രിക്കറ്റ് കേരളാ ടീം

കാണാക്രിക്കറ്റിലെ പെൺ‌വസന്തം...

കൂട്ടത്തിലുള്ള രണ്ടു പേർ ഇന്ത്യൻ ടീമിന്‍റെ സെലക്ഷൻ ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് കേരള ടീമംഗങ്ങൾ.

നീതു ചന്ദ്രൻ

പാഞ്ഞടുക്കുന്ന വെളുത്ത പന്തിനുള്ളിലെ കിലുക്കം കേട്ടറിഞ്ഞ് കണക്കു കൂട്ടിയുള്ള ഷോട്ട്... ബൗണ്ടറിയിലേക്ക് പായുന്ന പന്തിനെ മെയ്‌വഴക്കത്തോടെ കൈപ്പിടിയിലൊതുക്കി വിക്കറ്റുകൾ തെറിപ്പിക്കുന്ന പിഴവില്ലാത്ത ഫീൽഡിങ്... ക്രീസിലായാലും ഫീൽഡിലായാലും സകലതും മറന്ന് പോരാടുന്ന, കാതുകൊണ്ടും മനക്കണ്ണു കൊണ്ടും ക്രിക്കറ്റിനെ മനപ്പാഠമാക്കിയ കേരളത്തിന്‍റെ ബ്ലൈൻഡ് വനിതാ ക്രിക്കറ്റ് ടീം... കാഴ്ചയുടെ ലോകം അന്യമാകുമ്പോഴും മൈതാനങ്ങളിലെ‌ ചടുലമായ നീക്കങ്ങളിലൂടെ ക്രിക്കറ്റ് ലോകത്ത് കേരളത്തിന്‍റെ പേര് ഒരിക്കൽക്കൂടി എഴുതിച്ചേർക്കുകയാണീ വ്യത്യസ്തരായ പെൺതാരങ്ങൾ.

ആലുവയിലെ ടൂർണമെന്‍റിന്‍റെ ഹാങ്ങോവർ വിട്ടു മാറും മുൻപേ, കൂട്ടത്തിലുള്ള രണ്ടു പേർ ഇന്ത്യൻ ടീമിന്‍റെ സെലക്ഷൻ ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് കേരള ടീമംഗങ്ങൾ. കേരളത്തിൽ നിന്നുള്ള ജംഷീലയും അദ്വൈതയുമാണ് ഇത്തവണ ഇന്ത്യൻ ടീമിൽ കളിക്കാൻ തയാറെടുക്കുന്നത്. 26 പേരുൾപ്പെടുന്ന ക്യാംപ് ബംഗളൂരുവിൽ മാർച്ച് 24ന് ആരംഭിക്കും.

1. അഞ്ചാം ക്ലാസുകാരി മുതൽ...

ഗ്രൗണ്ടിലിറങ്ങിയാൽ പിന്നെ ചുറ്റുമുള്ള യാതൊന്നിലേക്കും ശ്രദ്ധ പോകില്ല, പരുക്കേറ്റാൽ പോലും കാര്യമാക്കില്ല; ജയിക്കണം എന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടാകാറുള്ളൂ എന്ന് കേരള ടീം ക്യാപ്റ്റൻ സാന്ദ്ര ഡേവീസ് കെ. 2019ൽ കേരളം ടീം രൂപീകരിച്ച കാലം മുതൽ ടീമിനൊപ്പമുണ്ട് സാന്ദ്ര. 2023 മുതൽ ഇന്ത്യൻ ടീമംഗം. കേരള ടീം രൂപീകരിച്ച് ആദ്യ വർഷം നിരവധി തോൽവികൾ ഏറ്റു വാങ്ങേണ്ടി വന്നു. പക്ഷേ, ഇപ്പോഴതൊക്കെ മാറി. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന നിരവധി പേരാണ് ഇപ്പോൾ കേരളത്തിന്‍റെ കരുത്തെന്ന് പിജി വിദ്യാർഥി കൂടിയായ സാന്ദ്ര പറയുന്നു.

അഞ്ചാം ക്ലാസുകാരിയായ ഭദ്ര മുതൽ പല തവണ ഇന്ത്യൻ ബ്ലൈൻഡ് വനിതാ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ചവർ കേരളത്തിന്‍റെ വനിതാ ടീമിലുണ്ട്. വിദ്യാർഥികളും അധ്യാപകരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരുമെല്ലാമടങ്ങുന്ന വൈവിധ്യമാർന്ന ഒരു കൂട്ടം. ക്യാപുകളിലും ടൂർണമെന്‍റുകളിലുമെല്ലാം ചിട്ടയോടെ പരിശീലനം നടത്തി, പരസ്പരം പിഴവുകൾ ചൂണ്ടിക്കാട്ടി തെറ്റുകൾ തിരുത്തി പ്രോത്സാഹിപ്പിക്കുന്നവരാണ് എല്ലാവരുമെന്ന് ടീമിന്‍റെ പരിശീലകയും മുൻ കേരള ടീമംഗവും എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ (EDCA) പാനൽ അംപയറുമായ സോണിയ ബാബു പറയുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളർച്ചയുടെ ദശയിലാണ്. എങ്കിലും കുട്ടികൾ മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ച വയ്ക്കുന്നതെന്ന് സോണിയ.

മറ്റു സംസ്ഥാനങ്ങളിൽ ആയിരക്കണക്കിനു പേരിൽ നിന്നാണ് പ്ലേയേഴ്സിനെ തെരഞ്ഞെടുക്കുന്നതു പോലും. ആലുവ കീഴ്മാട് ബ്ലൈൻഡ് സ്കൂൾ ഗ്രൗണ്ടിൽ കാഴ്ചപരിമിതരായ വനിതകൾക്കായി നടത്തിയ പെട്രോനെറ്റ് ഇൻഫിനിറ്റി ക്രിക്കറ്റ്‌ സീരീസിൽ കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ ടീമുകളാണ് പങ്കെടുത്തത്. സീരിസിൽ മികച്ച പ്രകടനമാണ് സീരീസിൽ കേരളം കാഴ്ചവച്ചത്.

ജംഷീല

ജംഷീല

അദ്വൈത

2. ആകസ്മികമായി ക്രിക്കറ്റിലേക്ക്

തികച്ചും അപ്രതീക്ഷിതമായാണ് ക്രിക്കറ്റിലേക്ക് എത്തിയതെന്ന് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജംഷീല പറയുന്നു. കോട്ടപ്പുറം ബ്ലൈൻഡ് സ്കൂളിൽ ടീച്ചറായിരുന്നപ്പോൾ ഒരു വിദ്യാർഥിയെ സഹായിക്കാനാണ് മൈതാനത്തെത്തിയത്. അങ്ങനെയാണ് ക്രിക്കറ്റിനോട് താത്പര്യം വന്നതും. ഇപ്പോൾ കേരളത്തിന്‍റെ ഓപ്പണിങ് ബാറ്ററാണ് ജംഷീല. അദ്വൈതയാണ് ഓപ്പണിങ് പാർട്ണർ. തുടക്കത്തിൽ വലിയ മാനസിക സമ്മർദവും സംഘർഷവുമായിരുന്നു. പക്ഷേ, 2023ന്‍റെ തുടക്കത്തോടെ അതെല്ലാം മാറി. ആത്മവിശ്വാസത്തോടെ ക്രീസിലെത്താൻ തുടങ്ങിയെന്ന് ജംഷീല. പ്രത്യേകമായി ഡിസൈൻ ചെയ്ത 1360 ഗ്രാം ഭാരമുള്ള ബാറ്റാണ് ജംഷീല മാച്ചുകളിൽ ഉപയോഗിക്കുന്നത്. കാഴ്ചപരിമിതിയുള്ളവർക്കു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത ബാറ്റുകൾ വിപണിയിൽ ലഭ്യമല്ല. കൈകളിലേക്കുള്ള ഷോക്ക് കുറയ്ക്കുന്ന വിധത്തിലാണ് തന്‍റെ ബാറ്റ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും ജംഷീല പറയുന്നു. സച്ചിൻ ടെൻഡുൽക്കറാണ് ഈ പാലക്കാട്ടുകാരിയുടെ റോൾ മോഡൽ.

ക്രിക്കറ്റ് കൂടാതെ പാരാ അത്‌ലറ്റിക്സിലും നീന്തലിലും ജംഷീല സജീവമാണ്. പാരാ അത്‌ലറ്റിക്സിൽ സംസ്ഥാന തലത്തിൽ മൂന്ന് സ്വർണ മെഡലുകളും നേടിയിട്ടുണ്ട്. പക്ഷേ, ദേശീയ തലത്തിൽ ഇത്തവണ മത്സരിക്കാനായില്ല.

വിചാരിച്ചാൽ നടക്കാത്തതായി യാതൊന്നുമില്ലെന്ന് തുടക്കകാലം മുതലേ ടീമിലുള്ള അസ്ന പറയുന്നു. ബി വൺ കാറ്റഗറിയിലുള്ള അസ്ന പിജി വിദ്യാർഥിയാണ്. ക്രിക്കറ്റ് ലോകത്തേക്കെത്തുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. സെലക്ഷനു വേണ്ടി എത്തിയപ്പോഴാണ് ബാറ്റും ബോളുമായി പരിചയപ്പെടുന്നതു പോലും. അക്കാലത്ത് വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നെ പതിയെ പ്രശ്നങ്ങളെയെല്ലാം അതിജീവിച്ചു. ബോളിനുള്ളിൽ നിന്നുള്ള കിലുക്കം കേട്ട് ബാറ്റ് ചെയ്ത് റൺസ് സ്വന്തമാക്കാൻ അസ്ന മിടുക്കിയാണ്. എങ്കിലും കൃത്യമായി ബോൾ ചെയ്ത് വിക്കറ്റിൽ കൊള്ളിക്കുമ്പോഴാണ് ശരിക്കും സന്തോഷം തോന്നാറുള്ളത് അസ്ന. ക്യാംപില്ലാത്ത സമയത്ത് വീട്ടിൽ സഹോദരനാണ് അസ്നയ്ക്ക് പ്രാക്റ്റീസിന് സഹായിക്കാറുള്ളത്. ഇന്ത്യൻ ടീമിൽ സെലക്റ്റ് ആകണമെന്നാണ് ആഗ്രഹമെന്നും തിരുവനന്തപുരംകാരിയായ അസ്ന കൂട്ടിച്ചേർക്കുന്നു.

3. ഇരട്ട ശാക്തീകരണത്തിന്‍റെ ക്രിക്കറ്റ് മാതൃക

രജനീഷ് ഹെൻറി

രജനീഷ് ഹെൻറി

പൂർണമായും സർക്കാരിതര സംഘടനയായ നാഷണൽ ക്രിക്കറ്റ് ഫൊർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ കീഴിലാണ് 2019ൽ ആദ്യമായി കേരളം വനിതാ ടീം രൂപീകരിച്ചത്. കാഴ്ചപരിമിതിയുള്ള സ്ത്രീകളുടെ ടീം രൂപീകരിച്ചതിലൂടെ ഇരട്ട ശാക്തീകരണമാണ് ഉദ്ദേശിച്ചതെന്ന് വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറി ജനറലും, ഇന്ത്യ കമ്മിറ്റി ചെയർമാനുമായ രജനീഷ് ഹെൻറി പറയുന്നു. ആദ്യമെല്ലാം ടീമിലേക്ക് കുട്ടികൾ എത്തുന്നത് കുറവായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. സെലക്ഷനു വേണ്ടി നിരവധി പേർ വരുന്നുണ്ടെന്ന് രജനീഷ്. പലയിടങ്ങളിൽ ജോലി ചെയ്യുന്നവരും, താത്കാലിക ജീവനക്കാരും, വിവിധ കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥികളുമെല്ലാമാണ് ക്രിക്കറ്റ് ടീമിലുള്ളത്. ക്യാംപുകൾക്കും സെലക്ഷനും ടൂർണമെന്‍റിനുമെല്ലാമായി ദീർഘമായ സമയം തന്നെ ഇവർ മാറ്റി വയ്ക്കുന്നുണ്ട്. എന്നാൽ, അതിനു തക്ക ഗ്രേസ് മാർക്കോ, സ്ഥിരം ജോലി സാധ്യതയോ, ജോലി ചെയ്യുന്നവർക്ക് പ്രത്യേകം അവധിയോ ഉറപ്പു നൽകാൻ സാധിക്കില്ലെന്നതാണ് നിലവിൽ നേരിടുന്ന വലിയ പ്രതിസന്ധി. അതിൽ മാറ്റമുണ്ടായാൽ നിരവധി പേർ ക്രിക്കറ്റിലേക്ക് കടന്നു വരുമെന്നാണ് പ്രതീക്ഷയെന്നും രജനീഷ്.

4. ആശങ്കകൾ‌ ഒഴിയട്ടെ

ഹരിശ്രീ

ഹരിശ്രീ

ക്രിക്കറ്റിലേക്കു വരാൻ തനിക്ക് ഏറ്റവുമധികം പിന്തുണയായത് കുടുംബമായിരുന്നു എന്ന് സാന്ദ്ര. പക്ഷേ, ഇപ്പോഴും ഭയവും ആശങ്കയും മൂലം പുറംലോകത്തേക്കു വരാതെ ഉൾവലിയുന്ന കാഴ്ചപരിമിതരുണ്ട്. ക്രിക്കറ്റിലേക്കും അത്‌ലറ്റിക്സിലേക്കുമെല്ലാം അവരെ എത്തിക്കണമെന്നാണ് സ്മൃതി മന്ഥനയുടെയും എം.എസ്. ധോണിയുടെയും ഹർമൻ പ്രീത് കൗറിന്‍റെയുമെല്ലാം ആരാധികയായ സാന്ദ്ര പറയുന്നത്. ഐബിഎസ്എ വേൾഡ് ഗെയിംസിൽ ഇന്ത്യക്കു വേണ്ടി ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ കളിക്കാൻ കഴിഞ്ഞതാണ് സാന്ദ്രയുടെ ഏറ്റവും മനോഹരമായ ഓർമകളിലൊന്ന്. ആ മാച്ചിൽ ഓസ്ട്രേലിയക്കെതിരേ വിക്കറ്റെടുക്കാനും സാധിച്ചിരുന്നുവെന്ന് സാന്ദ്ര.

ഒരു തവണ ക്രിക്കറ്റിന്‍റെ ലോകത്തേക്കെത്തിയാൽ പിന്നെ ആശങ്കകളെല്ലാം ഒഴിയുമെന്ന് വൈസ് ക്യാപ്റ്റനായ ഹരിശ്രീയും കൂട്ടിച്ചേർക്കുന്നു. ഗ്രൗണ്ടിലേക്കിറങ്ങിയാൽ പിന്നെ ആരാണ്, എന്താണ് എന്നൊന്നും ചിന്തിക്കാറില്ല. മാച്ച് തുടങ്ങിയാൽ പിന്നെ പരുക്കുണ്ടായാൽപ്പോലും കാര്യമാക്കാറില്ലെന്ന് ചേർത്തല കേരള ഗ്രാമീൺ ബാങ്ക് ക്ലെർക്കായ ഹരിശ്രീ. 2019 മുതലേ ഹരിശ്രീയും കേരള ടീമിനൊപ്പമുണ്ട്. സ്പെഷ്യൽ സ്കൂളുകളിൽ ആൺ‌കുട്ടികൾക്കു ക്രിക്കറ്റ് പരിശീലന സൗകര്യമുണ്ട്. പക്ഷേ, പെൺകുട്ടികൾക്ക് സാധാരണ ചെറിയ ഗെയിമുകളും മറ്റുമാണ് നൽകാറുള്ളത്. ക്രിക്കറ്റ് സെലക്ഷനെക്കുറിച്ച് അറിഞ്ഞപ്പോൾ സുഹൃത്തുക്കൾക്കൊപ്പമാണ് എത്തിയത്. അന്നാദ്യമായാണ് ബാറ്റും ബോളും തൊടുന്നതു തന്നെ. പക്ഷേ, നല്ല പരിശീലനം ലഭിച്ചതോടെ മികച്ച പ്രകടനം നടത്താൻ കഴിയാറുണ്ടെന്ന് ഹരിശ്രീ. ബംഗളൂരുവിൽ നടത്തിയ ടൂർണമെന്‍റിൽ ഹരിശ്രീ മികച്ച പ്രകടനം കാഴ്ച വച്ചു.. ക്രിക്കറ്റ് അസോസിയേഷൻ ബ്ലൈൻഡ് ഇൻ കേരള അംഗവും ഗേൾസ് ടീം കോഓർഡിനേറ്ററും കൂടിയാണ് ഹരിശ്രീ.

5. ടീം അംഗങ്ങൾ

സാന്ദ്ര ഡേവീസ് കെ.

സാന്ദ്ര ഡേവീസ് കെ.

• സാന്ദ്ര ഡേവീസ് കെ. (ക്യാപ്റ്റൻ), തൃശൂർ, ഓൾറൗണ്ടർ, B2

• ഹരിശ്രീ കെ.എസ്. (വൈസ് ക്യാപ്റ്റൻ) ആലപ്പുഴ, ഓൾറൗണ്ടർ, B2

• ജംഷീല കെ. പാലക്കാട്, ഓൾറൗണ്ടർ, B2

• തനൂജ സി. ജോർജ്, എറണാകുളം‌ ഓൾറൗണ്ടർ, B3

• അസ്ന എ.ബി. തിരുവനന്തപുരം, ഓൾറൗണ്ടർ, B1

• ആനി എ.പി. മലപ്പുറം, ഓൾറൗണ്ടർ, B1

• ഭദ്ര വി.എസ്., തൃശൂർ, ബൗളർ, B1

• ശ്രുതിമോൾ ഷൈജു, ഇടുക്കി, ബൗളർ, B1

• അഭിനയ, പാലക്കാട്, ഓൾറൗണ്ടർ B1

• അദ്വൈത സന്തോഷ്, കോട്ടയം, ഓൾറൗണ്ടർ, B3

• നിവേദിത എച്ച്. പാലക്കാട്, വിക്കറ്റ് കീപ്പർ, B3

• അതുല്യ ടി.വി., മലപ്പുറം, ഓൾ റൗണ്ടർ, B3

• ജെസ്സി സി., പാലക്കാട്, ഓൾ റൗണ്ടർ, B2

• നന്ദന, വയനാട്, ബൗളർ, B3

6. ബ്ലൈൻഡ് ക്രിക്കറ്റ് നിയമങ്ങൾ

സാധാരണ ക്രിക്കറ്റിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് ബ്ലൈൻഡ് ക്രിക്കറ്റ് മാച്ചുകൾ നടക്കാറുള്ളത്. പിച്ചിന്‍റെ ദൈർഘ്യം 22 വാര തന്നെ. എന്നാൽ, 11 വാര ദൂരത്തിൽ മാർക്ക് ചെയ്ത്, അതിനുള്ളിൽ പിച്ച് ചെയ്യുന്ന വിധത്തിൽ പന്തെറിയണമെന്നാണ് ചട്ടം. അതിൽ കൂടുതൽ ലെങ്തിൽ പിച്ച് ചെയ്താൽ നോ ബോൾ ആയിരിക്കും. അണ്ടർ ആം ബോളിങ് മാത്രമാണ് അനുവദിക്കുക. സ്റ്റംപിൽ രണ്ട് മാർക്കുകൾ ഉണ്ടായിരിക്കും. അതിനു താഴെ കൊണ്ടാൽ മാത്രമാണ് ഔട്ട്. ലെഗ് സൈഡ് വൈഡ് ഇല്ല.

നിലവിൽ ടി20 ഫോർമാറ്റിൽ മാത്രമാണ് മത്സരങ്ങൾ. ബി1, ബി2, ബി3 എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലാണ് കളിക്കാരെ ഉൾപ്പെടുത്താറുള്ളത്. പൂർണമായി കാഴ്ച ശക്തി ഇല്ലാത്തവരാണ് ബി1 കാറ്റഗറി, 2 മീറ്റർ വരെ കാണാൻ കഴിയുന്നവരാണ് ബി2, ആറ് മീറ്റർ ദൂരത്തിൽ കാണാവുന്നവരെയാണ് ബി3 യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബി1 കാറ്റഗറിയിൽപ്പെട്ട 4 പേരും ബി2 കാറ്റഗറിയിൽപ്പെട്ട 4 പേരും ബി3യിൽപ്പെട്ട 3 പേരും ഉൾപ്പെടുന്നതായിരിക്കണം ടീം ഘടന. 8 ഓവർ പവർ പ്ലേയിൽ 2 ഫീൽഡർമാർ സർക്കിളിനു പുറത്തായിരിക്കും. ബാക്കി 12 ഓവറിൽ 5 ഫീൽഡർമാർക്ക് ഔട്ട്ഫീൽഡിൽ നിൽക്കാം. ബി1 കാറ്റഗറിയിൽ നിന്നുള്ളവർ 8 ഓവറുകൾ പന്തെറിഞ്ഞിരിക്കണമെന്നും നിബന്ധനയുണ്ട്. ക്രീസിലുള്ള ബാറ്റർ തയാറാണ് എന്ന് പറഞ്ഞതിനു ശേഷമേ ബോളർ പന്ത് എറിയുകയുള്ളൂ

അതു പോലെ ബി2, ബി3 കാറ്റഗറിയിൽ നിന്നുള്ളവരായിരിക്കണം ഓപ്പണർമാർ. . ഇതിൽ ആര് പുറത്തായാലും വൺ ഡൗണായി ഇറങ്ങേണ്ടത് ബി1 കാറ്റഗറിയിൽ നിന്നുള്ള ബാറ്ററാണ്. സ്കോറിങ്ങിലുമുണ്ട് ചില വ്യത്യാസങ്ങൾ. പൂർണമായും കാഴ്ച ശക്തിയില്ലാത്ത ബി1 കാറ്റഗറിയിലുള്ളവർ 2 റൺസ് നേടിയാൽ അത് 4 റൺസായാണ് കണക്കാക്കുക. ഇവർ 2 റൺസ് നേടിയാൽ 4 റൺസായും 4 റൺസ് നേടിയാൽ 8 റൺസായും 6 റൺസ് നേടിയാൽ 12 റൺസായും കണക്കാക്കും. ബി1 കാറ്റഗറിയിൽ നിന്നുള്ളവർ ബാറ്റ് ചെയ്യുമ്പോൾ, താരതമ്യേന കൂടുതൽ കാഴ്ചശക്തിയുള്ള മറ്റ് കാറ്റഗറിയിൽ നിന്നുള്ളവരാണ് റൺസ് നേടുന്നതിനായി ഓടുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com