മുഖ്യമന്ത്രിയുടെ ഓഫിസിൽ അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണം സസ്പെൻഷനിലുള്ള ഐജി ഗുഗുലോത്ത് ലക്ഷ്മണൻ ഉന്നയിച്ചത് കേരള ഹൈക്കോടതിയിലാണ്. മോൻസൻ മാവുങ്കൽ കേസിൽ പ്രതിയാക്കിയത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ആരോപണം . മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാപദവികളൊന്നും ഇല്ലാത്തയാൾ സംസ്ഥാനത്ത് സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നു, ഹൈക്കോടതി വിവിധ ആർബിട്രേറ്റർമാർക്ക് കൈമാറിയ തർക്കവിഷയങ്ങളിൽപോലും ഈ അദൃശ്യകരം ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കിയിട്ടുണ്ട് എന്നൊക്കെയായിരുന്നു ആരോപണം. ഇത് വിവാദമായപ്പോൾ തന്‍റെ അറിവോടെയല്ല ആരോപണമെന്നും അഭിഭാഷകനാണിത് ഉന്നയിച്ചതെന്നും ഐജി നിലപാടെടുത്തു.അഭിഭാഷകനെതിരേ ബാർ കൗൺസിലിൽപോലും പരാതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഐജിക്ക് 10,000 രൂപ പിഴ ചുമത്തിയതോടെ ആ വിഷയം അവസാനിച്ചു.
ഗുഗുലോത്ത് ലക്ഷ്മണന്‍റെ ആദ്യ സസ്പെൻഷനായിരുന്നില്ല ഇപ്പോഴത്തേത്. ആദ്യ സസ്പെൻഷൻ തിരുവനന്തപുരം റൂറൽ എസ്പി ആയിരുന്നപ്പോൾ പണം വാങ്ങി അഴിമതി നടത്തിയതിനെ തുടർന്നായിരുന്നു. അത്തരമൊരു അഴിമതി നടത്തിയതിന് സസ്പെൻഷനിലായത് ഐപിഎസിൽ അദ്ദേഹത്തിന്‍റെ തുടർ സ്ഥാനക്കയറ്റങ്ങൾക്കൊന്നും ഒരു പ്രശ്നവുമുണ്ടാക്കിയില്ല! ആന്ധ്ര മുന്‍ ഡിജിപി ഡോ. ഡി.ടി. നായിക്കിന്‍റെ മകള്‍ ഡോ. കവിതയാണു ഭാര്യ. അതുകൊണ്ടുതന്നെ അദ്ദേഹം തെലങ്കാനയിൽ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
അതിനിടെ,ഗുഗുലോത്ത് ലക്ഷ്മണൻ തെലുങ്കാന രാഷ്ട്രീയത്തിൽ ഇടപെട്ടതിന്‍റെ തെളിവുകൾ അവിടുത്തെ സർക്കാർ കേരളത്തിന് അയച്ചു കൊടുത്തു. ഇതോടെ അന്വേഷണം നടത്താൻ നിർബന്ധിതരായി.അന്വേഷണത്തിൽ ഐജിക്കെതിരായിരുന്നു റിപ്പോർട്ട്. പതിവുപോലെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരായ റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കപ്പെടേണ്ടതാണെന്ന ധാരണയിൽ സർക്കാർ അത് പൂഴ്ത്തി അതിനുമേൽ അടയിരിക്കുകയാണ്!മുൻ മന്ത്രിയും തൃശൂർ ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥിയുമായ വി.എസ് സുനിൽകുമാർ പറഞ്ഞതുപോലെ തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച പൊലീസ് റിപ്പോർട്ട് മാത്രമല്ല പൂഴ്ത്തിയത്. ആ ഐജി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന 'ഭരണഘടനാപദവികളൊന്നും ഇല്ലാത്ത അദൃശ്യകരം' ഇടപെട്ടുവെന്ന് ഹൈക്കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്ന് ആർക്കും തോന്നിയില്ല. 'അഗ്നിശുദ്ധി'യൊക്കെ പുരാണങ്ങളിൽ മതി!
മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്റ്ററുമായിരുന്ന ജേക്കബ് തോമസ് ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി നിയമിതനായപ്പോൾ പറഞ്ഞ കാര്യം ഓർമ വരുന്നു:'എനിക്കെതിരായ ആരോപണത്തിന്‍റെ പിന്നില്‍ ഐഎഎസ്സിലും ഐപിഎസ്സിലുമുള്ള ചിലരാണ് . കാരണം അവരുടെ അഴിമതി, അവരുടെ ചില കസേരകള്‍ എന്നുള്ളതൊക്കെ ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ പുറത്ത് നിൽക്കേണ്ടത് പലരുടെയും ആവശ്യമാണ്. ഞാന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ആയിരുന്നപ്പോള്‍ പാഴായി പോയ കോടികളെപ്പറ്റി എല്ലാ ജില്ലകളിലും പഠനം നടത്തി. പാലാരിവട്ടം പാലം അതില്‍ ഒരുദാഹരണമാണ്. അതുപോലെ പല പദ്ധതികളും കേരളത്തില്‍ അങ്ങോളമിങ്ങോളം കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെയുണ്ട്. അപ്പോള്‍ ഈ പാഴായി പോയ കോടികളുടെ തുടക്കം ഒന്നുകില്‍ ഒരുദ്യോഗസ്ഥനോ, അല്ലെങ്കില്‍ രാഷ്ട്രീയ നേതാവോ ആണ്. അവരാണ് പദ്ധതി തുടങ്ങുന്നത്. പക്ഷേ തുടങ്ങി കഴിഞ്ഞാല്‍ അതില്‍ ഭാഗഭാക്കാവുന്നത് തുടങ്ങിയവര്‍ മാത്രമല്ല. കുറേയധികം ആളുകളുണ്ടാവും. ഞാനതിനെ അഴിമതി ശൃംഖലയെന്ന് പറയും. ഈ അഴിമതി ശൃംഖല വളരെ ശക്തമാണ്. അതിനകത്ത് പൊളിറ്റിക്കല്‍ ലെവലില്‍ ഉള്ള ആളുകളുണ്ടാവും, ഉദ്യോഗസ്ഥതലത്തിലുള്ളവരാണ് വളരെയധികം. പിന്നെ ബിസിനസ് കോണ്‍ട്രാക്റ്റേഴ്‌സ് അങ്ങനെ പല ആളുകളുണ്ട്. ഈ അഴിമതി ശൃംഖലയാണ് കേരളത്തിലെ ശക്തമായ ഒരു പവര്‍ സെന്‍റര്‍. എനിക്കെതിരേ ഐഎഎസ് അസോസിയേഷന്‍ സമരം നടത്തി. അന്നത്തെ ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്‍റായ ചീഫ് സെക്രട്ടറിക്കെതിരേ രണ്ടു അഴിമതി കേസെടുത്തതിനാണ്.'
കേരളത്തിൽ അമ്പതോളം ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ കേസുകൾ വിവിധ ഘട്ടങ്ങളിലാണ്.ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ ഇപ്പോൾ മുൻ ഉദ്യോഗസ്ഥരായ ടി.ഒ സൂരജ്, ടോമിൻ തച്ചങ്കരി എന്നിവർക്കെതിരെയായിരുന്നു. മലമ്പുഴ ചെമ്പന വില്ലെജിലെ ആദിവാസി ഭൂമിയും വനഭൂമിയും സ്വകാര്യ വ്യക്തിക്ക് മറിച്ച് നല്‍കിയതിന് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിട്ട ആൾ പട്ടികജാതി പട്ടികവർഗ വകുപ്പിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത് ഈ സർക്കാരിന്‍റെ കാലത്താണ്. അപ്പോൾ, അദ്ദേഹത്തിനെതിരായ കേസിലെ തെളിവുകൾക്ക് എന്തു സംഭവിക്കുമെന്ന് പ്രത്യേകം പറയണോ?
ചീഫ് സെക്രട്ടറിയാവുമെന്നുറപ്പുള്ള ഒരാളുടെ അനധികൃത സ്വത്ത് സമ്പാദനവും ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് ത്വരിത പരിശോധനകള്‍ നടത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിലപാടിലെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയുടെയും ബിസിനസ് പങ്കാളിയുടെയും വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കണ്ടെടുത്തതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിലപാട് അന്നത്തെ ചീഫ് സെക്രട്ടറി കൈക്കൊണ്ടതോടെ അന്വേഷണവും കണ്ടെത്തിയ തെളിവും ആവിയായി ! രാഷ്ട്രീയ നേതൃത്വം ആ അഴിമതിക്കൊക്കെ ഒത്താശ ചെയ്ത് കൈയും കെട്ടി കാഴ്ചക്കാരായി!
മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സ്ഥലം മാറ്റം, ഓഫിസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, റോഡ് സുരക്ഷാ ഫണ്ടിന്‍റെ അനധികൃത വിനിയോഗം, ഔദ്യോഗിക വാഹന ദുരുപയോഗം, വകുപ്പിന് വേണ്ടി വാഹനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്, വിദേശ യാത്രകളിലെ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ക്രമക്കേടുകളിൽ അന്വേഷണം വേണമെന്ന് ഐപിഎസ് ഓഫിസർക്കെതിരേ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി. അതിനും ഒന്നും സംഭവിച്ചില്ല. ഇരുവരും അവരവർക്ക് കിട്ടേണ്ട സ്ഥാനക്കയറ്റങ്ങൾ നേടി വിരമിക്കുകയും ചെയ്തു. ആക്ഷേപങ്ങളിൽ കുടുങ്ങിയവരിൽ പലർക്കും വിരമിച്ചതിനുശേഷവും സർക്കാർ പദവികൾ വെള്ളിത്താലത്തിൽവച്ച് നൽകിയത് ഈ നാട്ടുകാർ കണ്ടതാണ്.അധികാരത്തിന്‍റെ അന്ധത പുതിയ കാര്യമല്ല.
പക്ഷെ, ഇവരാരും തൃശൂര്‍പൂരം കലക്കിയതു മുതല്‍ സ്വര്‍ണം പൊട്ടിക്കല്‍വരെയുള്ള ആരോപണം നേരിട്ടിട്ടില്ല.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊലപാതകം ചെയ്യിച്ചുവെന്നതുൾപ്പെടെയാണ് പൊലീസ് ഉന്നതർക്കെതിരെയുള്ള ആരോപണം. എഡിജിപി എം ആർ അജിത് കുമാറിനും പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനും എതിരെ ഇവ പരസ്യമായി ഉന്നയിച്ചത് സിപിഎം സഹയാത്രികനായ എംഎൽഎ പി.വി അൻവറാണ് . നേരത്തെ, സസ്പെൻഷനിലുള്ള ഐജി ഗുഗുലോത്ത് ലക്ഷ്മണൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരേ ഹൈക്കോടതിയിൽ ഉന്നയിച്ചതിനെക്കാൾ ഗുരുതര ആരോപണം ഒരു വർഷത്തിനുശേഷം ഭരണപക്ഷ എംഎൽഎയിലൂടെ കേരളം കേൾക്കുന്നു.അതിൻമേൽ പ്രഖ്യാപിച്ച അന്വേഷണസംഘം ശരിയായ വിധത്തിലല്ലെന്ന് മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും കണ്ടശേഷം ആ ഭരണകക്ഷി എംഎൽഎ പറയുമ്പോൾ അത് സംസ്ഥാനത്തിന്‍റെ പൊതുവികാരമെന്ന് ചെങ്കോലും കിരീടവുമണിഞ്ഞവർക്ക് എന്നാണ് മനസ്സിലാവുക?അധികാരം കാതുകൾ കൊട്ടിയടപ്പിക്കുന്നതിനും കണ്ണുകൾ കെട്ടപ്പെടുന്നതിനും ഒരുപാട് ഉദാഹരണങ്ങൾ ഈ നാട്ടിൽതന്നെയുണ്ട്. അവരെ ജനങ്ങൾ നേരിട്ടത് എല്ലാക്കാലത്തും മാതൃകാപരമായിട്ടായിരുന്നുവെന്നും തിരിച്ചറിയണം!