കോൺക്ലേവുകൾ ഇനിയും നടക്കട്ടെ

തിരുവനന്തപുരം കോവളത്ത് നടന്ന ബ്ലൂ ടൈഡ് കോൺക്ലേവ് വിജയകരവും ശ്രദ്ധാർഹവുമായി
blue tides conclave thiruvananthapuram

കോൺക്ലേവുകൾ ഇനിയും നടക്കട്ടെ

Updated on

ജ്യോത്സ്യൻ

ഈ മാസം 18, 19 തീയതികളിൽ തിരുവനന്തപുരം കോവളത്ത് നടന്ന ബ്ലൂ ടൈഡ് കോൺക്ലേവ് വിജയകരവും ശ്രദ്ധാർഹവുമായി. യൂറോപ്യൻ യൂണിയനിലെ 19 രാജ്യങ്ങളിലെ പ്രതിനിധികളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും പങ്കെടുത്ത് ഒരു നിക്ഷേപ കൂട്ടായ്മയായി ഇത് മാറുകയുണ്ടായി.

വിവിധ മേഖലകളിൽ 7,288 കോടി രൂപയുടെ നിക്ഷേപത്തിന് ഒപ്പിട്ടതു വലിയ നേട്ടമാണ്. "രണ്ട് തീരങ്ങൾ, ഒരേ കാഴ്ച' എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന ചർച്ചകൾ യൂറോപ്യൻ രാജ്യങ്ങളുമായുള്ള പുതിയ ബന്ധത്തിന് തുടക്കം കുറിച്ചു.

നൂറ്റാണ്ടുകൾക്ക് മുമ്പ് ഏഷ്യയും യൂറോപ്പും തമ്മിൽ കച്ചവട- സാംസ്കാരിക വിനിമയം സാധ്യമാക്കിയ സിൽക്ക് റൂട്ടിന് സമാനമായി പുതിയൊരു സമുദ്ര റൂട്ടിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചതു പോലെ ഇന്ത്യയും പ്രത്യേകിച്ച് കേരളവും യൂറോപ്യൻ യൂണിയനുകളിലെ രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന വ്യാപാര ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള അസുലഭ മുഹൂർത്തമായി ഈ കോൺക്ലേവ് എന്നതിൽ തർക്കമില്ല. യൂറോപ്യൻ യൂണിയൻ അംബാസിഡർ ഹെർവ് ഡെൽഫിൻ സൂചിപ്പിചതു പോലെ ആഗോള സമ്പദ് വ്യവസ്ഥയുമായി ഇന്ത്യ കൈകോർത്ത് പിടിക്കുന്ന സന്ദർഭമായി ഇതു മാറിയിരിക്കുന്നു.

കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ്, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് തുടങ്ങിയവർ കോൺക്ലേവിൽ പങ്കാളികളായി.

ഒരു കാലഘട്ടത്തിൽ കറുത്ത പൊന്ന് എന്നറിയപ്പെട്ടിരുന്ന കുരുമുളക് തേടി ഇന്ത്യയിലെത്തിയിരുന്ന പോർച്ചുഗീസ്, സ്പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ മറ്റൊരു സ്വർണഖനിയാണ് വിഴിഞ്ഞം തുറമുഖം പോലെയുള്ള ആധുനിക തുറമുഖങ്ങളുടെ അഭൂതപൂർവമായ വളർച്ച കാണുന്നത്. വിഴിഞ്ഞം അദാനി അന്താരാഷ്‌ട്ര കണ്ടെയ്നർ ടെർമിനൽ ലോകത്തിലെ പ്രത്യേകിച്ച് ഏഷ്യയിലെ വളർച്ചയുടെ പുതിയ കേന്ദ്രമായി മാറിയിരിക്കുന്നു. ഒരു വർഷം കൊണ്ട് വഴിഞ്ഞം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞതു ചെറിയ കാര്യമല്ല. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള കേരളത്തിലെ വളർച്ചയുടെ കേന്ദ്രങ്ങൾ സമ്മേളനത്തിൽ പങ്കെടുത്ത യൂറോപ്യൻ യൂണിയനിലെ പ്രതിനിധികൾ നേരിട്ട് കണ്ടു. കേരളത്തിന്‍റെ തനതു കലകളായ ചവിട്ടു നാടകം, കളരിപ്പയറ്റ്, മാജിക്ക് എന്നിവയെല്ലാം വിദേശിളെ ആകർഷിച്ചു. കേരളത്തിന്‍റെ തനതായ ഭക്ഷ്യവിഭവങ്ങളും വിദേശ പ്രതിനിധികളുടെ പ്രത്യേക ശ്രദ്ധയാകർഷിച്ചു.

മേളയോടനുബന്ധിച്ചു നടന്ന പ്രദർശനങ്ങൾ വളരുന്ന കേരളത്തിന്‍റെ പുതിയ മുഖമാണു ലോകത്തിനു മുന്നിൽ തുറന്നുകൊടുത്തത്. കേരളത്തിന്‍റെ അതിമനോഹരമായ കടൽത്തീരങ്ങളും കായൽ പരപ്പുകളും മലനിരകളും പുതിയൊരു വിനോദ സഞ്ചാരത്തിനുള്ള സാഹചര്യമൊരുക്കി. അതോടൊപ്പം നാല് എയർപോർട്ടുകൾ, റെയ്‌ൽ - റോഡ് ശൃംഖലകൾ, ഹോട്ടൽ സൗകര്യങ്ങൾ കേരളീയരുടെ ഹാർദമായ പെരുമാറ്റം ഇവയെല്ലാം യൂറോപ്യൻ യുവ പ്രതിനിധികളെ ആകർഷിച്ചു. ഇത്തരം വിവിധ കോൺക്ലേവുകൾ കേരളത്തിന്‍റെ തനതായ കലകളും പാരമ്പര്യ നേട്ടങ്ങളും സംസ്കാരവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും അവ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഇടയാക്കുമെന്നാണ് ജ്യോത്സ്യന്‍റെ അഭിപ്രായം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com