
ബോയിങ്ങിന്‍റെ വിമാന നിർമാണത്തിലെ സുരക്ഷാ പിഴവുകൾ ചർച്ചയാകുന്നു.
Ahmedabad plane crash
പ്രത്യേക ലേഖകൻ
യുഎസിലെ സൗത്ത് കരോലിനയിലുള്ള ബോയിങ് 787 ഡ്രീംലൈനർ വിമാന നിർമാണ പ്ലാന്‍റിലെ ഉദ്യോഗസ്ഥ സിന്തിയ കിച്ചെൻസ് ഒരു ദിവസം തന്‍റെ മാനെജരോടു ചോദിച്ചു: ''താങ്കളുടെ മക്കളെ ഈ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കുമോ?''
അദ്ദേഹത്തിന്‍റെ മറുപടി ലളിതമായിരുന്നു: ''സിൻഡി, ഈ വിമാനങ്ങളൊന്നും അമെരിക്കയിൽ ഉപയോഗിക്കാനുള്ളതല്ല, എല്ലാം മറ്റു രാജ്യങ്ങൾക്കു വിൽക്കാനുള്ളതാണ്.''
ബോയിങ്ങിന്‍റെ ചാൾസ്ടൺ പ്ലാന്‍റിലെ ഉദ്യോഗസ്ഥയായിരുന്ന സിന്തിയ, അവിടെ നിർമിച്ച 11 ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷയിൽ തോന്നിയ സംശയം തീർക്കാനാണ് മാനെജരോട് ആ ചോദ്യം ചോദിച്ചത്. 2014ന്‍റെ തുടക്കത്തിലായിരുന്നു ഈ സംഭാഷണമെന്ന് സിന്തിയ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. അഹമ്മദാബാദിൽ കഴിഞ്ഞ മാസം തകർന്നു വീണ ഡ്രീലൈനർ വിമാനം എയർ ഇന്ത്യക്കു ബോയിങ് കൈമാറിയതും അതേ വർഷമായിരുന്നു!
അഹമ്മദാബാദ് വിമാന ദുരന്തത്തിനു പൈലറ്റുമാരെ കുറ്റപ്പെടുത്തുകയും ബോയിങ്ങിനെ വെള്ള പൂശുകയും ചെയ്യുന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നെറ്റ്ഫ്ളിക്സിന്‍റെ 'ഡൗൺഫോൾ: ദ കേസ് എഗെയ്ൻസ്റ്റ് ബോയിങ്' എന്ന ഡോക്യുമെന്‍ററി വീണ്ടും ചർച്ചകളിൽ നിറയുകയാണ്. വിവിധ ജീവനക്കാർ ഉന്നയിച്ച സുരക്ഷാ ആശങ്കകൾ വർഷങ്ങളായി ബോയിങ് അവഗണിക്കുന്നു എന്നാണ് 2022ൽ പുറത്തുവന്ന ഡോക്യുമെന്‍ററിയിൽ ചൂണ്ടിക്കാട്ടുന്നത്.
2018, 2019 വർഷങ്ങളിൽ രണ്ട് 737 മാക്സ് വിമാനങ്ങൾ തകർന്ന് 346 പേർ മരിച്ചതിനു പിന്നാലെയാണ് ബോയിങ് വിമാനങ്ങളുടെ സുരക്ഷ കാര്യമായി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത്. എന്നാൽ, ഈ അപകടങ്ങൾക്കും വർഷങ്ങൾ മുൻപ് തന്നെ എൻജിനീയർമാരും മാനെജർമാരും ബോയിങ് വിമാനങ്ങളുടെ സുരക്ഷയിൽ പിഴവുകൾ കണ്ടെത്തി മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ഡോക്യുമെന്‍ററിയിലെ കണ്ടെത്തൽ. ഗുരുതരമായ ഡിസൈൻ പിഴവുകൾ കമ്പനി മറച്ചുവച്ചു. പൈലറ്റുമാർക്ക് വീണ്ടും പരിശീലനം നൽകാനുള്ള ചെലവ് ഒഴിവാക്കാനായിരുന്നത്രെ ഇത്!
737 മാക്സ് വിമാനങ്ങൾ രണ്ടിന്‍റെയും തകർച്ചയ്ക്കു കാരണമായത് ഇവയിൽ ഉപയോഗിച്ചിരുന്ന എംസിഎഎസ് എന്ന സോഫ്റ്റ്‌വെയറിന്‍റെ തകരാറായിരുന്നു. പൈലറ്റുമാർക്ക് ഇതിൽ കൃത്യമായ പരിശീലനം നൽകിയിരുന്നില്ലെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. സോഫ്റ്റ്‌വെയർ പ്രശ്നമുണ്ടായി പത്ത് സെക്കൻഡിനുള്ളിൽ പൈലറ്റുമാർ പ്രതികരിച്ചില്ലെങ്കിൽ ഫലം ഗുരുതരമായിരിക്കും. എന്നാൽ, മുൻപ് ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വെയറിൽനിന്ന് വ്യത്യാസമൊന്നുമില്ലാത്തതാണ് എംസിഎഎസ് എന്ന മട്ടിൽ മുന്നോട്ടുപോകാനായിരുന്നു ബോയിങ്ങിന്‍റെ ശ്രമം.
മക്ഡോണൽ ഡഗ്ലസ് എന്ന കമ്പനിയുമായുള്ള ലയനത്തിനു ശേഷമാണ് ബോയിങ് സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തു തുടങ്ങിയതെന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ലയനത്തിനു ശേഷം, വിമാനങ്ങളുടെ നിലവാരത്തെക്കാളും സുരക്ഷയെക്കാളും പ്രാധാന്യം പ്രൊഡക്ഷൻ വർധിപ്പിക്കുന്നതിലായെന്ന് റെന്‍റണിലെ ബോയിങ് 737 ഫാക്റ്ററിയിൽ സീനിയർ മാനെജറായിരുന്ന എഡ്വേർഡ് പിയേഴ്സൺ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, നിശ്ചിത എണ്ണം ബോയിങ് വിമാനങ്ങൾ വാങ്ങുന്ന എയർലൈനുകൾക്കു മാത്രമേ യുഎസിലേക്ക് നേരിട്ട് വിമാന സർവീസുകൾ അനുവദിക്കൂ എന്ന നിബന്ധന കൂടി വന്നതോടെ ബോയിങ്ങിന് ആവശ്യക്കാർ കൂടി. സ്വാഭാവികമായും ഓർഡറുകൾ വർധിക്കുകയും, ഡെഡ്‌ലൈനുകൾ കഠിനമാകുകയും ചെയ്തു. സുപ്രധാന സുരക്ഷാ മാനദണ്ഡങ്ങൾ പലതിലും വെള്ളം ചേർത്തുകൊണ്ടാണ് 2018ൽ ബോയിങ് വിമാന നിർമാണം കുത്തനെ വർധിപ്പിക്കുന്നത്. അത്യധ്വാനം ചെയ്യുന്ന ജീവനക്കാരിൽനിന്ന് മാനുഷിക പിഴവുകളും വർധിച്ചു. പരിശോധനകൾ ചടങ്ങുപോലെയായി.
ഒരുകാലത്ത് സുരക്ഷയുടെ പര്യായമായിരുന്ന ബോയിങ്ങിന്, അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ കോക്ക്പിറ്റിനു പുറത്തേക്കു പോകാതിരിക്കാൻ തക്ക സ്വാധീനം ഇപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ യാത്രക്കാരുടെ ജീവൻ പണയം വച്ച് അവരുടെ വിമാനങ്ങൾ ഇപ്പോഴും പറന്നുനടക്കുന്നു....