ഇനി ഈ ജനവിധിയെ മാനിക്കാം

നിയമസഭയിൽ ബിജെപി 3 സീറ്റുകളുമായി പ്രാതിനിധ്യം നേടിയത് കേരള രാഷ്‌ട്രീയത്തിലെ മറ്റൊരു ശ്രദ്ധേയമായ മാറ്റമായി
Now let's respect this people's verdict.

ഇനി ഈ ജനവിധിയെ മാനിക്കാം

Updated on

ജ്യോത്സ്യൻ|ഗ്രഹനില

കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആസാം, പശ്ചിമ ബംഗാൾ എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ രാജ്യത്തെ രാഷ്‌ട്രീയ ഭൂപടം വീണ്ടും പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു. ഒരു മിനി പാർലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ പ്രതീതി സൃഷ്ടിച്ച സംസ്ഥാന തെരഞ്ഞെടുപ്പുകൾ ദേശീയ രാഷ്‌ട്രീയത്തെ നിർണായകമായി സ്വാധീനിക്കുന്ന സാഹചര്യത്തിൽ, ഓരോ സംസ്ഥാന ഫലവും വലിയ ശ്രദ്ധയാണ് നേടുന്നത്. ഇതിൽ മലയാളികളെ ഏറ്റവും അധികം ആകർഷിച്ചത് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലങ്ങളാണ്.

2016 മുതൽ അധികാരത്തിലിരുന്ന പിണറായി വിജയൻ നേതൃത്വം നൽകിയ ഇടതുമുന്നണി സർക്കാർ, 2021ൽ തുടർഭരണം ഉറപ്പാക്കി കേരള രാഷ്‌ട്രീയത്തിൽ ശക്തമായ സ്ഥാനം നിലനിർത്തിയിരുന്നു. വികസന നേട്ടങ്ങളും ഭരണസ്ഥിരതയും അടയാളപ്പെടുത്തിയ ആ ഭരണകാലം, 2026ൽ വീണ്ടും തുടർഭരണത്തിലേക്ക് വഴിമാറുമെന്ന പ്രതീക്ഷ ഇടതുമുന്നണിക്ക് ശക്തമായിരുന്നു. എന്നാൽ ആ കണക്കുകൂട്ടലുകളെ മറികടന്ന്, ഈ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി നൂറിലധികം സീറ്റുകൾ നേടി വിജയശ്രീലാളിതരായി അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.

അതേസമയം, നിയമസഭയിൽ ബിജെപി 3 സീറ്റുകളുമായി പ്രാതിനിധ്യം നേടിയത് കേരള രാഷ്‌ട്രീയത്തിലെ മറ്റൊരു ശ്രദ്ധേയമായ മാറ്റമായി. ഇതുവരെ ശക്തമായ രണ്ടു പാർട്ടികളുടെ മത്സരമായി നിലനിന്നിരുന്ന കേരള രാഷ്‌ട്രീയത്തിൽ ഈ പ്രവേശനം പുതിയ രാഷ്‌ട്രീയ, മുന്നണി സമവാക്യങ്ങൾക്ക് തുടക്കമിടുന്നു.

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രാഷ്‌ട്രീയ ആഘാതം നേരിട്ടത് ഇടതുമുന്നണിക്കാണ്. ശക്തനായ ഭരണാധികാരിയും ദീർഘകാല നേതാവുമായ പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ തന്നെ കഷ്ടിച്ചാണ് വിജയിച്ചത് എന്നതും, മന്ത്രിസഭയിലെ മിക്ക പ്രമുഖരും പരാജയം നേരിട്ടതും ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി. ആലപ്പുഴ, കൊല്ലം തുടങ്ങിയ ഇടതു കോട്ടകളിൽ ഉണ്ടായ പരാജയം പാർട്ടിയ്ക്കകത്തെ ആഭ്യന്തര പ്രശ്നങ്ങളും പടലപ്പിണക്കങ്ങളും കൂടുതൽ പ്രകടമാക്കുന്നു.

കേരളത്തിലെ അധികാര രാഷ്‌ട്രീയത്തിൽ എന്നും പങ്ക് ചേർന്നിട്ടുള്ള കേരള കോൺഗ്രസിലെ മാണി ഗ്രൂപ്പ് ഇത്തവണ ഏതാണ്ട് ഇല്ലാതായി. പേരാവൂർ, തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിൽ ഉണ്ടായ അപ്രതീക്ഷിത തോൽവികൾ രാഷ്‌ട്രീയ നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തി.

അതേസമയം, മുൻ സഖാക്കളായ ജി. സുധാകരനും വി. കുഞ്ഞിക്കൃഷ്ണനും ടി.കെ. ഗോവിന്ദനും വിജയിച്ചത് സിപിഎമ്മിന്‍റെ സംഘടനാ ദൗർബല്യങ്ങളെയും പ്രാദേശിക രാഷ്‌ട്രീയ വ്യതിയാനങ്ങളെയും കുറിച്ച് പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നു. കോൺഗ്രസിലേക്കു പോയ കൊട്ടാരക്കരയിലെ ഐഷാ പോറ്റി, ബിജെപിയിലേക്കു പോയ ദേവികുളത്തെ എസ്. രാജേന്ദ്രൻ എന്നരുടെ പ്രകടനവും വലിയ ശ്രദ്ധ നേടുന്നു. കൂടാതെ, യുവ പ്രതിനിധികളുടെ വലിയ തോതിലുള്ള പ്രവേശനം കേരള നിയമസഭയുടെ ഭാവി രാഷ്‌ട്രീയ രൂപത്തെ കൂടുതൽ വൈവിധ്യമാർന്നതാക്കുന്നു.

ഈ സാഹചര്യത്തിൽ ഐക്യ ജനാധിപത്യ മുന്നണിയിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ നേടിയ ഈ മിന്നുന്ന വിജയം അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ കരുത്തായി വിലയിരുത്തപ്പെടുന്നു. പാർട്ടിക്കകത്തെ എതിർപ്പുകൾക്കിടയിലും മുന്നണിയെ ഏകോപിപ്പിച്ച് നൂറിലധികം സീറ്റുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞത് നിർണായകമായ നേട്ടമായി കാണപ്പെടുന്നു. പ്രധാന ഘടകകക്ഷികളുടെ പിന്തുണയും അദ്ദേഹത്തിനുള്ള അനുകൂലത വർധിപ്പിക്കുന്നു. കൂടാതെ ചില മാധ്യമങ്ങളുടെ പൂർണ പിന്തുണയുമുണ്ട്.

ദേശീയ തലത്തിൽ നോക്കുമ്പോൾ പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയ്ക്കുണ്ടായിട്ടുള്ള വൻ വിജയവും കാൽ നൂറ്റാണ്ടിലധികമായി തമിഴ്നാട് ഭരിക്കുന്ന ഡിഎംകെയുടെ പതനവും അവിടെ മുഖ്യമന്ത്രി സ്റ്റാലിന്‍റെ പരാജയവും രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിയെന്ന നിലയിൽ ബിജെപിയുടെ ഉത്തരവാദിത്വം കൂട്ടുകയാണ്.

ഈ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പു കാലത്തെ രാഷ്‌ട്രീയ വ്യത്യാസങ്ങൾ മറികടന്ന് ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തി സംസ്ഥാനങ്ങളെയും രാജ്യത്തെയും മുന്നോട്ട് നയിക്കേണ്ടത് അത്യാവശ്യമാണ്. ജനവിധിയെ മാനിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഭരണകൂടങ്ങൾ ജനക്ഷേമ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ജോത്സ്യന് പറയാനുള്ളത്.

logo
Metro Vaartha
www.metrovaartha.com