കാട്ടാക്കടയെ ബ്രഹ്മോസ് അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കും

തിരുവനന്തപുരം കാട്ടാക്കട നെട്ടുകാൽത്തേരി തുറന്ന ജയിലിന്‍റെ ഭൂമി പ്രമുഖ കേന്ദ്ര സ്ഥാപനങ്ങൾക്ക് നൽകാൻ ഒടുവിൽ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരിക്കുകയാണ്
കാട്ടാക്കടയെ ബ്രഹ്മോസ് അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കും | Brahmos Thiruvananthapuram Kattakada

ബ്രഹ്മോസ് മിസൈൽ

File

Updated on

പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം കാട്ടാക്കട നെട്ടുകാൽത്തേരി തുറന്ന ജയിലിന്‍റെ ഭൂമി പ്രമുഖ കേന്ദ്ര സ്ഥാപനങ്ങൾക്ക് നൽകാൻ ഒടുവിൽ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരിക്കുകയാണ്. തദ്ദേശീയ ബ്രഹ്മോസ് മിസൈൽ നിർമാണം, തന്ത്രപ്രധാന ഹാർഡ്‌‌വെയർ നിർമാണം എന്നിവയ്ക്കും അതിർത്തി രക്ഷാ സേനയായ സശസ്ത്ര സീമാബൽ (എസ്എസ്ബി), ദേശീയ ഫൊറൻസിക് സർവകലാശാല എന്നിവയ്ക്കുമാണ് 257 ഏക്കർ ഭൂമി അനുവദിക്കുക. ആകെയുള്ള 457 ഏക്കറിൽ 200 ഏക്കർ ഭൂമി ജയിലിന്‍റെ ആവശ്യങ്ങൾക്കായി നിലനിർത്തും.

ബ്രഹ്മോസ് മിസൈൽ നിർമാണ കേന്ദ്രം കാട്ടാക്കടയെ അന്താരാഷ്‌ട്ര നിലവാരമുള്ള സാറ്റലൈറ്റ് നഗരമാക്കും. രാഷ്‌ട്രീയ ദുഷ്ടലാക്ക് വെടിഞ്ഞ് ഈ പദ്ധതിയുമായി സംസ്ഥാന സർക്കാർ സഹകരിക്കണം. ബ്രഹ്മോസ് എയ്റോസ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ കൊണ്ടുവരുന്ന നടപടികൾ കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കും.

വികസന കാര്യത്തിൽ കാലാകാലങ്ങളായി ഇടത്, വലത് സർക്കാരുകളിൽ നിന്ന് കാട്ടാക്കട അനുഭവിക്കുന്ന തൊട്ടുകൂടായ്മയ്ക്കു പരിഹാരമാണ് നിർദിഷ്ട കേന്ദ്ര സർക്കാർ പദ്ധതികൾ. കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് വിട്ടുനൽകാൻ തയാറായ സുപ്രീം കോടതിയോട് കാട്ടാക്കടയിലെ ജനങ്ങൾ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

പ്രതിരോധ ഗവേഷണ കേന്ദ്രത്തിന് (ഡിആർഡിഒ) ഭൂമി കൈമാറാൻ സുപ്രീം കോടതി നൽകിയ അനുമതിയുടെ അനുബന്ധ നടപടികൾ കേരള സർക്കാർ വേഗത്തിൽ പൂർത്തിയാക്കണം. നടപടികൾ സമയബന്ധിതമായി ഏകോപിപ്പിക്കാൻ അന്തർവകുപ്പുതല ഏകജാലക സംവിധാനത്തിന് സംസ്ഥാന സർക്കാർ രൂപം നൽകുകയാണു വേണ്ടത്. അന്തർ വകുപ്പുതല ഏകജാലക സംവിധാനത്തിന്‍റെ അധ്യക്ഷനായുള്ള ചീഫ് സെക്രട്ടറി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥനെയും നിയമിക്കണം.

നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമിയിൽ നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട് . ഒപ്പം സശസ്ത്ര സീമ ബൽ ബറ്റാലിയന്‍റെ ഹെഡ് ക്വാട്ടേഴ്‌സിന് 32 ഏക്കർ ഭൂമിയും വകയിരുത്തി. ഈ പദ്ധതികൾ ഏറ്റവും വേഗത്തിൽ നടപ്പിലാക്കുകയാണ് കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യം.

ബ്രഹ്മോസ് എയ്റോസ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്‍റെ വികസനത്തിന്‍റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഒ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നു. ഡിആർഡിഒയുടെ അത്യാധുനിക മിസൈൽ നിർമാണത്തിനും തന്ത്രപ്രധാനമായ ഹാർഡ്‌വെയർ നിർമാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുകയാണ് നിദ്ധിഷ്ട പദ്ധതി. ഓപ്പറേഷൻ സിന്ദൂറിനു ശേഷം നിലവിൽ ബ്രഹ്മോസ് മിസൈലുകൾക്കു ലോക രാജ്യങ്ങൾക്കിടയിൽ വലിയ ഡിമാൻഡാണ്.

സശസ്ത്ര സീമ ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് നിലവിൽ വരുന്നതോടെ കേരളത്തിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യമുണ്ടാകും. ഇത് ദേശസുരക്ഷ ശക്തമാക്കുമെന്ന നടപടികൾക്ക് ശക്തി നൽകും. നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും കേരളത്തെ സംബന്ധിച്ച് നിർണായകമാണ്. കേന്ദ്ര പദ്ധതികൾ വലിയ തോതിൽ അനുബന്ധ തൊഴിൽ അവസരങ്ങളാണ് കാട്ടാക്കടയ്ക്ക് നൽകുക. മേഖലയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ അടക്കം അനുബന്ധ സൗകര്യങ്ങൾ വേഗത്തിൽ സംസ്ഥാന സർക്കാർ ഒരുക്കണം.

(ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമാണ് ലേഖകൻ)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com