നമ്മുടെ പഞ്ചവടിപ്പാലങ്ങൾ

ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്
bridges special story
നമ്മുടെ പഞ്ചവടിപ്പാലങ്ങൾ
Updated on

പാലങ്ങള്‍ ഒരു നാടിന്‍റെ വികസനത്തിന് ആവശ്യമാണ്. ഒരു നാടിന്‍റെ ഒറ്റപ്പെട്ട പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് പാലം. ഒരു പുഴയുടെ ഇരുകരകളിലുള്ളവരെ ബന്ധിപ്പിക്കുന്നതാണ് പാലം. രണ്ടു പ്രദേശങ്ങളെ തമ്മില്‍ കലാപരമായും സാംസ്‌കാരികപരമായും സാമ്പത്തികമായും ബന്ധിപ്പിക്കുന്ന പാലങ്ങള്‍ക്ക് കാലങ്ങളായി ലോകത്തെ എല്ലായിടത്തും വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ടുതന്നെ ഓരോ പാലങ്ങളും നിര്‍വഹിക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. വാണിജ്യ വ്യാപാര രംഗത്ത് കേരളത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് പാലങ്ങള്‍ പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പാലങ്ങളുടെ നല്ലതിനെ കുറച്ച് നമുക്ക് ആദ്യം ചിന്തിക്കാം. ബ്രിട്ടീഷുകാര്‍ നമ്മുടെ നാട്ടില്‍ നിര്‍മിച്ച പാലങ്ങള്‍ക്ക് ഒരു കുലുക്കവുമില്ല. ഗതാഗത രംഗം വികസിച്ചതിനെ ഉള്‍ക്കൊള്ളാന്‍ ഈ പാലങ്ങള്‍ക്ക് കഴിയുന്നില്ല എന്ന പോരായ്മ ഇപ്പോള്‍ ഉണ്ട്.

ആദ്യ കാലങ്ങളില്‍ പാലം അത്ഭുത നിര്‍മിതിയായിരുന്നു. പക്ഷേ ഇന്ന് എവിടേയും പാലങ്ങളാണ്. കോഴിക്കോട് കുറ്റിപ്പുറത്ത് പാലം വന്നപ്പോള്‍ 1954ല്‍ ഇടശേരി കുറ്റിപ്പുറം പാലം എന്ന കവിത എഴുതി. കുറ്റിപ്പുറം കടവ് കടന്നായിരുന്നു ഒരുകാലത്ത് ജനങ്ങള്‍ കോഴിക്കോട് പട്ടണത്തില്‍ എത്തിയിരുന്നത്. അങ്ങനെയിരിക്കുകയാണ് കുറ്റിപ്പുറം പാലം വരുന്നത്. ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലം നിര്‍മിക്കുന്നതിനു മുന്‍പും അതിനുശേഷം പുഴക്കു വന്നുചേര്‍ന്ന, വന്നുചേരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു ആ കവിത. വര്‍ഷങ്ങള്‍ക്കിപ്പുറം ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍ ഈ കവിത ഒരു പ്രവാചക സ്വഭാവമുള്ളതായി പറയേണ്ടിയിരിക്കുന്നു. പുതിയതായി പണിത പാലത്തില്‍ നിന്നുകൊണ്ട് കവി ചുറ്റും നോക്കുമ്പോഴുള്ള ചിന്തകളാണ് കവിതയുടെ ഉള്ളടക്കം. കവിത ഇങ്ങനെ തുടങ്ങുന്നു.

ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍

ചിലവാക്കി നിര്‍മിച്ച പാലത്തിന്മേല്‍

അഭിമാനപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാണ്

അടിയിലെ ശോഷിച്ച പേരാര്‍ നോക്കി...

പേമഴക്കാലത്ത് ആര്‍ത്തിരമ്പുന്ന, മനുഷ്യര്‍ മറുപുറം കടക്കാന്‍ പേടിച്ചിരുന്ന, മേലെ ഗരുഡന്‍ പോലും പറക്കാന്‍ ഭയന്നിരുന്ന നദിയെക്കുറിച്ചാണ്. എന്നാല്‍ അവളിപ്പോള്‍ പാലത്തിന്‍റെ കാലുകള്‍ക്കു ചുറ്റും അനുസരണയോടെ ഒഴുകുന്നു. ഇവിടെ പാലം മര്‍ത്ത്യ വിജയത്തിന്‍റെ ഒരു പ്രതീകമയി നിലകൊള്ളുന്നു. എന്നാലും, കവി തുടരുന്നു...

എങ്കിലും മര്‍ത്യ വിജയത്തിന്മേല്‍

എന്‍ കഴലൂന്നി നിവര്‍ന്നു നില്‍ക്കെ

ഉറവാര്‍ന്നിടുന്നുണ്ടെന്‍ ചേതസിങ്കല്‍

അറിയാത്ത വേദനയൊന്നുമില്ലെ...

കവിതയുടെ അവസാന വരികളെത്തുമ്പോഴേക്കും കവി പ്രവാചകനായി മാറുകയാണ്.

കളിയും ചിരിയും കരച്ചിലുമായ്

കഴിയും നരനൊരു യന്ത്രമായാല്‍

അമ്പ പേരാറെ നീ മാറിപ്പോമോ

ആകുലായാ! മൊരഴുക്കുചാലായ്

അമ്പ പേരാറെ നീ മാറിപ്പോമോ

ആകുലായാ! മൊരഴുക്കുചാലായ്

ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. മണലുവാരല്‍ വ്യാപകമായത് കൊണ്ട് പുഴ വരണ്ടു പുല്ലുകള്‍ വളര്‍ന്ന് കാടായി. ഇടശേരി തന്‍റെ ദീര്‍ഘദൃഷ്ടിയില്‍ കണ്ടപോലെ ഭാരതപ്പുഴ അഴുക്കു ചാലായി മാറിയിരിക്കുന്നു. കവി ആധുനികത കൊണ്ടുവരുന്ന പുരോഗതിയെ തള്ളിപ്പറയുകയല്ല. മാറ്റങ്ങള്‍ അനിവാര്യമാണെങ്കിലും അതില്‍ വിലപ്പെട്ട പലതും നഷ്ടപ്പെട്ടേക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ്. അഭിമാനത്തിന്‍റെയും നഷ്ടബോധത്തിന്‍റെയും സമ്മിശ്രഭാവമാണ് ഈ കവിതയുടെ അഴക്. പിന്നീട് പലരും പാലത്തെ കുറിച്ച് എഴുതി.

വേളൂര്‍ കൃഷ്ണന്‍കുട്ടി പാലം അപകടത്തില്‍ എന്ന നര്‍മകഥ 1981ല്‍ എഴുതി. ഈ നര്‍മ കഥ ഏറെ സ്വീകരിക്കപ്പെട്ടു. ഈ കഥയെ അടിസ്ഥാനമാക്കി കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ തിരക്കഥ എഴുതി കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം എന്ന സിനിമ 1984ല്‍ പുറത്തിറങ്ങി. ഒരു രാഷ്‌ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് പഞ്ചവടി പാലം. ഭരത് ഗോപി, നെടുമുടി വേണു, ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, സുകുമാരി, തിലകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള ചലച്ചിത്ര ചരിത്രത്തിലെ എക്കാലത്തെയും മികച്ച രാഷ്‌ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്.

പാലാരിവട്ടം മേല്‍പ്പാലം കുംഭകോണത്തിന് കേരളത്തിന്‍റെ പൊതുമണ്ഡലത്തില്‍ പഞ്ചവടി പാലവുമായി അടുത്ത താരതമ്യമുണ്ട്. കേരളത്തിലെ നിര്‍മാണ രംഗത്തെ അഴിമതിയെക്കുറിച്ചുള്ള സംസാരങ്ങളിലും, ചര്‍ച്ചകളിലും പഞ്ചവടിപ്പാലമെന്ന പ്രയോഗം തന്നെ ഉണ്ടാകാന്‍ ഈ ചിത്രം ഇടയാക്കിയിട്ടുണ്ട്. അടുത്ത കാലത്ത് പാലാരിവട്ടം പാലം പൊളിച്ചപ്പോഴും പഞ്ചവടിപ്പാലമെന്ന് മാധ്യമങ്ങളെഴുതി. കേരള ഹൈക്കോടതി ഈ സംഭവത്തെ പഞ്ചവടി പാലവുമായി താരതമ്യം ചെയ്തതു. ഈ സിനിമ കേരളത്തിലെ രാഷ്‌ട്രീയക്കാരുടെ അഴിമതി ചിത്രീകരിക്കുന്ന സിനിമയാണെങ്കിലും, പാലത്തിലെ വിള്ളലും മറ്റും മാത്രമേ കേരളത്തില്‍ വിവാദമായി മാറിയിട്ടുള്ളൂ. സിനിമയിലെ പോലെ പാലം തകര്‍ന്ന് വീഴുന്ന സംഭവം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രളയ സമയത്ത് പാലം തകര്‍ന്നതും, ഒലിച്ചു പോയതും, കാലപ്പഴക്കത്തില്‍ തകര്‍ന്നതും ഉണ്ടായിട്ടുണ്ട്.

പാലങ്ങളെ കുറിച്ച് ഇപ്പോള്‍ പറയുവാന്‍ കാരണം സമീപകാലത്ത് ബിഹാറില്‍ ചീട്ടുകൊട്ടാരും വീഴുന്നതു പോലെ ഉണ്ടായ പാലം തകര്‍ച്ചയുടെ പരമ്പരയാണ്. വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ നര്‍മകഥയെ ഓര്‍മിപ്പിക്കുന്നതാണ് ബിഹാറിലെ ഓരോ തകരുന്ന പാലവും. പഞ്ചവടി പാലം സിനിമയിലും ഇതിന്‍റെ ഹാസ്യാത്മകമായ രംഗങ്ങളും നമ്മള്‍ കണ്ടതാണല്ലോ. ഒരു ഡസനിലേറെ പാലങ്ങളാണ് ബീഹാറില്‍ രണ്ടാഴ്ചകൊണ്ട് തകര്‍ന്നുവീണത്. കേരളത്തില്‍ പാലങ്ങളിലെ വിള്ളലുകള്‍ പോലും വലിയ വിവാദമാകുന്നത് നമ്മള്‍ കണ്ടതാണ്. ബിഹാറിലെ എത്ര പാലങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട് എന്നതിനെ കുറിച്ച് ആരും പറഞ്ഞു കേട്ടില്ല. ഒരു റിപ്പോര്‍ട്ടും വന്ന് കണ്ടില്ല. രാജ്യത്തെ ഏറ്റവും ദരിദ്രമായ സംസ്ഥാനത്ത് പാലം പണിയിലൂടെ ഒഴുകിപ്പോയത് ആയിരക്കണക്കിന് കോടികളാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

പാലം പണിയില്‍ വലിയ അഴിമതി നടക്കും എന്ന് മുന്‍കൂട്ടി ഇപ്പോള്‍ ജനത്തിന് അറിയാം. പാലം പണി നടത്തിയാലേ അഴിമതി കൂടുതല്‍ നടത്തുവാന്‍ സാധിക്കൂ എന്ന് ഭരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ മനസിലാക്കി. അതാണ് ബിഹാറില്‍ സംഭവിച്ചത്. അതുകൊണ്ടുതന്നെ പാലത്തിന്‍റെ വീഴ്ച അഴിമതിയുടെ പ്രത്യാഘാതമാണെന്ന് ആദ്യമേ ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. ബിഹാര്‍ സര്‍ക്കാര്‍ രണ്ട് ഡസനിലേറെ എന്‍ജിനീയര്‍മാരെയും ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പാലം അപകടത്തില്‍ എന്ന കഥ കേരളത്തില്‍ ഒരു സാഹിത്യസൃഷ്ടിയും പഞ്ചവട മികച്ച ആക്ഷേപ ഹാസ്യ സിനിമയുമാണ്. എന്നാല്‍ പാലം ബിഹാറില്‍ അഴിമതിയുടെ ചിഹ്‌നമായി മാറിയിരിക്കുന്നു.

ബിഹാറില്‍ പാലങ്ങള്‍ തകരുന്നത് ആദ്യത്തെ വാര്‍ത്തയല്ല. കഴിഞ്ഞ 24 മാസത്തിനുള്ളില്‍ 8 മുതല്‍ 10 വരെ പാലങ്ങള്‍ ബിഹാറില്‍ തകര്‍ന്ന് വീണിട്ടുണ്ടെന്നാണ് കണക്ക്. ബീഹാറില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഒരു പ്രത്യേക നയം തന്നെ നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ നയമനുസരിച്ച് സംസ്ഥാനത്തെ എല്ലാ പാലങ്ങള്‍ക്കും സ്വന്തമായി ഒരു ഹെല്‍ത്ത് കാര്‍ഡ് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒരു പാലത്തിന്‍റെ എല്ലാ വിവരങ്ങളും ഈ ഹെല്‍ത്ത് കാര്‍ഡില്‍ ഉണ്ടാകും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പാലത്തിന്‍റെ ഘടനയുടെ വിശദാംശങ്ങളും അറ്റകുറ്റപ്പണി നടത്തേണ്ട സമയവും മറ്റും ഈ കാര്‍ഡില്‍ രേഖപ്പെടുത്തുമെന്നാണ് പറയുന്നത്. വേണ്ടപോലെ സിമന്‍റും കമ്പിയും ഉപയോഗിക്കുകയും ശാസ്ത്രീയമായി നിര്‍മിക്കുകയും ചെയ്താല്‍ പഞ്ചവടി പാലങ്ങള്‍ ഉണ്ടാകില്ല എന്ന ലളിതമായ പരിഹാരം നമുക്കും നിര്‍ദേശിക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com