ബജറ്റും കാർഷിക മേഖലയും

ഈ ബജറ്റ് പരിഗണിക്കുന്ന ഒരു പ്രധാന ആശങ്ക ഭക്ഷ്യ വിലക്കയറ്റമാണ്
Budget and the agricultural sector
ബജറ്റും കാർഷിക മേഖലയും
Updated on

നവീൻ പി. സിങ്,

എസ്.കെ. ശ്രീവാസ്തവ

ഘടനാപരമായ, സുപ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലൂടെയും ലക്ഷ്യവേധിയായ പരിഷ്‌കാരങ്ങൾ നിർബാധം നടപ്പാക്കുന്നതിലൂടെയും കാർഷിക മേഖലയെയും അനുബന്ധ മേഖലകളെയും പുനരുജ്ജീവിപ്പിക്കുന്നതിലും വികസിത ഭാരതം എന്ന അഭിലാഷം സാക്ഷാത്ക്കരിക്കുന്നതിലുമാണ് 2025-26 കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സുഗമമവും അധികഭാരം അടിച്ചേൽപ്പിക്കാത്തതുമായ വായ്പാ ലഭ്യത വർധിപ്പിക്കുക, വിള ഇൻഷ്വറൻസ് വിപുലീകരിക്കുക, കാർഷിക മൂല്യ ശൃംഖലകൾ പ്രോത്സാഹിപ്പിക്കുക, സന്തുലിതമായ പ്രാദേശിക വികസനം സാധ്യമാക്കുക എന്നീ കാര്യങ്ങൾക്കാണ് 1.52 ട്രില്യൺ ഡോളർ വകയിരുത്തി ബജറ്റ് മുൻഗണന നൽകുന്നത്.

സബ്സിഡിയോടെയുള്ള കാർഷിക വായ്പകളുടെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തി എന്നതാണ് ബജറ്റിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്ന്. കർഷക കുടുംബങ്ങളെ പിന്തുണയ്ക്കുക, സാമ്പത്തിക ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടുള്ള നീക്കം. ഒപ്പം, 2030ഓടെ പയറുവർഗങ്ങളുടെ ഉത്പാദനത്തിൽ ആത്മനിർഭരത (സ്വയം പര്യാപ്തത) കൈവരിക്കുക എന്ന ലക്ഷ്യവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. മൂല്യവർധന ലക്ഷ്യമിട്ടുള്ള ഭക്ഷ്യ സംസ്കരണത്തിനായി 109 ബില്യൺ ഡോളറിന്‍റെ പ്രോത്സാഹന പദ്ധതികളും വിഭാവനം ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങളും ഉത്പാദനക്ഷമതയും വർധിപ്പിക്കുന്നതിനുള്ള 9 ബില്യൺ ഡോളറിന്‍റെ 5 വർഷത്തെ നിക്ഷേപ പദ്ധതിയിലൂടെ മത്സ്യബന്ധന മേഖലയ്ക്കും ഉത്തേജനം ലഭിച്ചു.

കാർഷിക ഗവേഷണത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും നിർണായക പങ്ക് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷം കാർഷിക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ബജറ്റ് വിഹിതം ₹10,466.39 കോടിയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 3.05%ത്തിന്‍റെ വർധനവ്. ഈ വർധനവ് കുറവല്ലെങ്കിലും, ആധുനിക കാർഷിക ഗവേഷണങ്ങളിലെ വർധിച്ചുവരുന്ന സങ്കീർണതയും മൂലധന ആവശ്യകതയും കണക്കിലെടുക്കുമ്പോൾ പൂർണമായും പര്യാപ്തമാണെന്ന് പറയാനാകില്ല.

ഈ ബജറ്റ് പരിഗണിക്കുന്ന ഒരു പ്രധാന ആശങ്ക ഭക്ഷ്യ വിലക്കയറ്റമാണ്. ഇത് സ്ഥിരമായി ഉയർന്ന തോതിൽ തുടരുകയും 2024ൽ ഉടനീളം 10% കവിയുകയും ചെയ്തു. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ പയറുവർഗങ്ങളുടെ തീരുവ രഹിത ഇറക്കുമതി ലളിതമാക്കുകയും വില സ്ഥിരത ഉറപ്പാക്കാൻ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും, കുറഞ്ഞ താങ്ങുവില (എംഎസ്പി) നടപ്പിലാക്കുന്നതിലൂടെയും സംഭരണത്തിലൂടെയും പയറുവർഗങ്ങളുടെ കൃഷിയിൽ ഗുണപ്രദമായ ഒരു സംതുലിതാവസ്ഥ സൃഷ്ടിക്കുക എന്നത് അനിവാര്യമാണ്.

രണ്ടാമതായി, ക്രമരഹിതമായ കാലാവസ്ഥയും ശോഷിക്കുന്ന ജലസ്രോതസുകളും ഉൾപ്പെടെ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടസാധ്യതകൾ, അതിജീവന ശേഷിയുള്ള കൃഷിയിൽ കൂടുതൽ നിക്ഷേപം നടത്തേണ്ടതിന്‍റെ ആവശ്യകത അടിവരയിടുന്നു. സുസ്ഥിരവും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കാത്തതുമായ കൃഷിരീതികൾക്കുള്ള വർധിച്ചു വരുന്ന അംഗീകാരമാണ് ഈ ഇടപെടലുകൾ പ്രതിഫലിപ്പിക്കുന്നത്. എന്നിരുന്നാലും, പ്രകൃതിവിഭവ മാനെജ്മെന്‍റിനും പ്രത്യേകിച്ച് കാർഷിക മേഖലയിലെ ഘടനാപരമായ പരിഷ്കാരങ്ങളിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ വരൾച്ച ലഘൂകരിക്കുന്നതിനും മറ്റും കൂടുതൽ ബജറ്റ് വിഹിതം നീക്കി വയ്ക്കാമായിരുന്നു.

ജൈവകൃഷി അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്ക് ബജറ്റ് വിഹിതത്തിന്‍റെ 50 ശതമാനത്തോളം ചെലവഴിക്കപ്പെടും എന്നതിനാൽ, ജൈവകൃഷി മുഖേന ഏതൊക്കെ വിളകൾ വിജയകരമായി കൃഷി ചെയ്യാനാകുമെന്ന കാര്യത്തിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകളും പരസ്പര ആശയവിനിമയും ആവശ്യമാണ്.

മൂന്നാമതായി, കൃഷിയെയും അനുബന്ധ മേഖലകളെയും പരിവർത്തനം ചെയ്യുന്നതിൽ ഫെഡറൽ സംവിധാനത്തിന്‍റെ പ്രാധാന്യം ബജറ്റ് ഊന്നിപ്പറയുന്നു. സംസ്ഥാനങ്ങളുമായി ചേർന്നുള്ള പരിശ്രമങ്ങളില്ലാതെ കാർഷിക പരിഷ്കാരങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ സാധ്യമല്ല. ഈ വെല്ലുവിളികളെ കൂട്ടായി നേരിടാൻ ഒരു ഇടപെടൽ ആവശ്യമായിരുന്നു, ഇത് കുറഞ്ഞ ഉത്പാദനക്ഷമത, വിളയും ഭൂവിസ്തൃതിയും തമ്മിലുള്ള അനുപാതം സൂചിപ്പിക്കുന്ന വിള തീവ്രതയിലെ പരിമിതികൾ, ശരാശരിയിൽ താഴെയുള്ള വായ്പാ മാനദണ്ഡങ്ങളുമുള്ള 100 ജില്ലകളെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ധന്യ കൃഷി യോജന (പിഎംഡിഡികെവൈ) അവതരിപ്പിക്കുന്നതിലേക്ക് നയിച്ചു. എല്ലാ ഘടകങ്ങളും പരിഗണിച്ചുള്ള സമഗ്ര സമീപനമായിരിക്കും ഈ പദ്ധതി സ്വീകരിക്കുക. 1.67 കോടിയിലധികം കർഷകർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. അവികസിത പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൊത്തം കാർഷിക മുന്നേറ്റത്തിൽ ശക്തമായ സ്വാധീനം ചെലുത്തും.

വിള സംഭരണത്തിലൂടെ വിളവെടുപ്പനന്തര നഷ്ടം കുറയ്ക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരിക്കും ഈ നിർണായക ഇടപെടലിന്‍റെ ഒരു വശം. ലോജിസ്റ്റിക് പരിമിതികൾ പരിഹരിക്കുന്നതിലൂടെയും സംഭരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും വിളകൾ പാഴാകുന്നത് കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഈ ഇടപെടലിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.

നാലാമതായി, ജനസംഖ്യയുടെ ഏകദേശം 65% പേർ വസിക്കുന്ന ഇന്ത്യയിലെ ഗ്രാമങ്ങളുടെ സമ്പദ്‌വ്യവസ്ഥ കാർഷിക മേഖലയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നാൽ, ആവശ്യമായതിലും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നതും, ആളുകൾ അവരുടെ ശേഷി കുറച്ച് മാത്രം വിനിയോഗിക്കുന്നതുമായ നിയന്ത്രിത തൊഴിലില്ലായ്മ 25-30% ആണെന്ന് കണക്കാക്കപ്പെടുന്നു. കുറഞ്ഞ ഉത്പാദനക്ഷമത, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ പ്രേരിതമായ ദുർബലതകൾ എന്നിവയുൾപ്പെടെ ഈ മേഖല ഗണ്യമായ വെല്ലുവിളികൾ നേരിടുന്നു. നിതി ആയോഗിന്‍റെ കണക്കനുസരിച്ച്, ഏകദേശം 40% കർഷകരും സാമ്പത്തിക പ്രതിസന്ധി കാരണം കൃഷി ഉപേക്ഷിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നു. ഗ്രാമീണ വേതനത്തിന്‍റെ വളർച്ചയാകട്ടെ പ്രതിവർഷം 2-3% നിരക്കിൽ മന്ദഗതിയിലാണ്. ഇന്ത്യയിലെ കാർഷിക ഉത്പാദനക്ഷമത ആഗോള മാനദണ്ഡങ്ങളേക്കാൾ 30-50% താഴെയാണ്. ഈ വെല്ലുവിളികൾ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള വൻ തോതിലുള്ള കുടിയേറ്റത്തിന് കാരണമാകുന്നു, മെച്ചപ്പെട്ട ഉപജീവനമാർഗങ്ങൾ തേടി പ്രതിവർഷം 9 ദശലക്ഷത്തിലധികം ആളുകൾ കുടിയേറുന്നു.

ഈ അടിയന്തിര പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ബഹുമേഖലാടിസ്ഥാനത്തിൽ "ഗ്രാമീണ സമൃദ്ധിയും നൈസർഗിക പരിവർത്തനവും' എന്ന പേരിൽ സമഗ്ര സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ സുസ്ഥിരമായ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നൈപുണ്യം, നിക്ഷേപം, സാങ്കേതിക സംയോജനം എന്നിവയിൽ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കും.

അഞ്ചാമതായി, ഏതൊരു സംരംഭവും ഫലപ്രദമായി നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള പങ്കാളിത്തം നിർണായകമാണ്. പ്രാദേശിക മുൻഗണനകൾ തിരിച്ചറിയുന്നതിലും വിഭവങ്ങൾ സമാഹരിക്കുന്നതിലും അവസാന വ്യക്തിയിലും സേവനങ്ങളെത്തിക്കുന്നതിലും സംസ്ഥാനങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ഗ്രാമീണ ഭൂമികയെ പരിവർത്തനം ചെയ്യുന്നതിനും സാമ്പത്തിക ശേഷി മെച്ചപ്പെടുത്തുന്നതിനും കോടിക്കണക്കിന് ആളുകളുടെ സമൃദ്ധമായ ഭാവി ഉറപ്പാക്കുന്നതിനും ഈ സഹകരണം നിർണായകമാകും. കേന്ദ്ര- സംസ്ഥാന സഹകരണവും തദ്വാരാ ഗ്രാമീണ, കാർഷിക സമ്പദ്‌വ്യവസ്ഥയുടെ ശാക്തീകരണവും സാധ്യമാക്കുന്നതിൽ പിഎംഡിഡികെവൈ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആറാമതായി, കാർഷിക ഉത്പാദനക്ഷമത, മൂല്യവർധനവ്, സ്ഥാപനങ്ങൾ, ലക്ഷ്യവേധിയായ സംരംഭങ്ങൾ, വിപണി പ്രവേശനം എന്നിവ വർധിപ്പിക്കുന്നതിനുള്ള പ്രധാന ഇടപെടലുകൾ ബജറ്റ് വിശദീകരിക്കുന്നു. പരുത്തി, പയറുവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഹൈബ്രിഡ് വിത്തുകൾ എന്നിവയ്ക്കായി ദൗത്യം ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഈ മേഖലയിൽ നിർണായക നാണ്യവിളയായ മഖാനയുടെ ഉത്പാദനത്തിനും കയറ്റുമതിക്കും ബിഹാറിൽ മഖാന ബോർഡ് രൂപീകരിക്കും. അതുപോലെ, അസമിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന പുതിയ യൂറിയ പ്ലാന്‍റ് ആഭ്യന്തര വള ഉത്പാദനം വർധിപ്പിക്കുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ചെയ്യും. വളങ്ങളിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോട് അനുപൂരകമാണ് ഇത് .

ശീതീകൃത സംഭരണ സംവിധാനം, സംസ്ക്കരണ സൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പച്ചക്കറികൾക്കും പഴങ്ങൾക്കും വേണ്ടിയുള്ള ഒരു സമഗ്ര പദ്ധതി ആരംഭിച്ചിട്ടുണ്ട്. കാർഷിക ഉത്പാദനത്തിൽ, ആവശ്യകത അടിസ്ഥാനമാക്കിയുള്ള നയങ്ങളുടെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. വിത്ത് പുനഃസ്ഥാപന നിരക്ക് മെച്ചപ്പെടുത്തുന്നതിനും ജനിതക വിള സാധ്യത മെച്ചപ്പെടുത്തുന്നതിനും പ്രധാന വിളകളിലെ ഉത്പാദന അന്തരം പരിഹരിക്കുന്നതിനും നാഷണൽ മിഷൻ ഓൺ ഹൈ യീൽഡിങ് സീഡ്സ് ലക്ഷ്യമിടുന്നു. പരുത്തി ഉത്പാദനത്തിലെ മാന്ദ്യം തിരിച്ചറിഞ്ഞ്, ഉയർന്ന സാന്ദ്രതയുള്ള നടീൽ, മെച്ചപ്പെട്ട കാർഷിക രീതികൾ, ഗുണനിലവാരമുള്ള വിത്തുകൾ എന്നിവയിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനായി മിഷൻ ഓൺ കോട്ടൺ പ്രൊഡക്റ്റിവിറ്റി അവതരിപ്പിച്ചു.

അവസാനമായി, ആഭ്യന്തര ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം, 2030 ആകുമ്പോഴേക്കും കാർഷിക കയറ്റുമതി 80 ബില്യൺ ഡോളറായി ഉയർത്തുക എന്നത് കൂടിയാണ് ഇന്ത്യയുടെ വിശാലമായ ലക്ഷ്യം. ഇത് കൈവരിക്കുന്നതിന്, മത്സരശേഷി വർധിപ്പിക്കുന്നതിനും വ്യാപാര തടസങ്ങൾ കുറയ്ക്കുന്നതിനും കാർഷിക- സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നു. ലോജിസ്റ്റിക്സ്, ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങൾ, ആഗോള വിപണി ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നത് കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.

വിഗഹ വീക്ഷണത്തിൽ, കാർഷിക മേഖലയിലെ പരിവർത്തനാത്മക മാറ്റങ്ങളിലേക്കുള്ള പക്വവും ദർശനാത്മകവുമായ ചുവടുവയ്പ്പാണ് 2025ലെ ബജറ്റ്. വർധിച്ച ബജറ്റ് വിഹിതം പരമ്പരാഗതമായ കാർഷിക വെല്ലുവിളികൾ പരിഹരിക്കുന്നതിനും സാമ്പത്തികശേഷി മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രാഥമിക എൻജിനായി കൃഷി തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ട് സുസ്ഥിര കാർഷിക വികസനത്തിന് ഈ ബജറ്റ് ദിശാബോധം പകരുന്നു.

(ന്യൂഡൽഹിയിലെ ഐസിഎആർ എൻഐഎപിയിലെ പ്രിൻസിപ്പൽ സയന്‍റിസ്റ്റാണ് നവീൻ പി. സിങ്. ഐസിഎആർ എൻഐഎപിയിലെ സീനിയർ സയന്‍റിസ്റ്റാണ് ശിവേന്ദ്ര കെ. ശ്രീവാസ്തവ. അഭിപ്രായങ്ങൾ വ്യക്തിപരം).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com